എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എസ്. മഞ്ജുളാദേവി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മുന്നിലെ എം, ടി എന്ന അക്ഷരങ്ങൾ മാടത്ത് തെക്കേപാട്ട് എന്ന സ്വന്തം തറവാടിന്റെ പേരാണ്.
ജന്മദേശമായ കൂടല്ലൂർ എംടി പേരിനൊപ്പം ചേർത്തിട്ടില്ല. എന്നാൽവാസുദേവൻ നായരുടെ കഥകളിലും നോവലുകളിലും അറിയാതെ അറിയാതെ എന്നോ ചേർന്നുപോയി പൊന്നാനി താലൂക്കിലെ കൂടല്ലൂർ എന്നപഴയ ഗ്രാമം.
മാടത്ത് തെക്കേപാട്ട് തറവാട്ടിലെ മച്ചിലെ കൊടിക്കുന്നത്ത് ഭഗവതിയെ പോലെ, അമ്മയെ പോലെ, ചെറിയമ്മയെപോലെ, വല്യമ്മാമ്മയെപോലെ കൂടല്ലൂരും എംടിയുടെ ആത്മാവിന്റെ ഭാഗമായി.
ഗുരുതിപ്പറന്പും സ്വർണവർണമണിഞ്ഞ കന്നിയിലെയും മകരത്തിലെയും നെൽപ്പാടങ്ങളും സർപ്പങ്ങൾ ഫണം വിടർത്തി ആടുന്നകൈതക്കാടുകളും കണ്ണാന്തളി പൂക്കളും എല്ലാം എംടി കഥകളിൽനിറഞ്ഞു. കൂടല്ലൂരിലെപ്രകൃതി മാത്രമല്ല മനുഷ്യരെയും അവരുടെ വാസു ഹൃദയത്തോട് ചേർത്തങ്ങ് പിടിച്ചു.
കവുങ്ങൻ വളപ്പിലെ പാറുക്കുട്ട്യേടത്തിയുടെസഹോദരി ‘കുട്ട്യേടത്തി’ആയതും തെക്കേപാട്ട് കുടുംബത്തിലെ ഒരു കാരണവരായ ഗോപിയേട്ടൻ അസുരവിത്തിലെ ഗോവിന്ദൻകുട്ടിയായതും എംടിയുടെ ബന്ധുവായ വേലായുധേട്ടൻ ഇരുട്ടിന്റെ ആത്മാവിലെ വേലായുധൻ ആകുന്നതും ഇങ്ങനെയാണ്.
‘നാലുകെട്ടി’ലെ യൂസുപ്പ് മുതലാളി, കൂടല്ലൂരിലെതന്നെ പീടികമുതലാളിയും എംടി ’യൂസഫിക്ക’എന്ന് സ്നേഹപൂർവം വിളിക്കുന്നതുമായ യൂസഫ് പുളിക്കൽ ആണ്. 94വയസുള്ള യൂസഫ് പുളിക്കൽ ഇന്ന് കൂടല്ലൂരിൽ ജീവിച്ചിരിക്കുന്ന എംടിയുടെ ഏക പ്രധാന കഥാപാത്രവുമാണ്.
തറവാട്ടിലെ പത്തായപ്പുരയുടെ താഴെയുള്ള പടിപ്പുര തോട്ടത്തിൽ നിറയെ കവുങ്ങുകളായിരുന്നു. വൃശ്ചിക കാറ്റടിക്കുന്പോൾ കവുങ്ങിൻതലപ്പുകളിൽ നിന്നും കുന്പാളകൾ താഴെ വീഴും. കൂന്പാളകൾപൊളിക്കുന്പോൾ കാണുന്ന പൂക്കുലകൾക്കു ഒരു പ്രത്യേകതരം സുഗന്ധമുണ്ട്.
കൂന്പാളയ്ക്കുള്ളിലെ ഈ ഗന്ധവും സ്നിഗ്ദ്ധതയുമാണ് അമ്മിണിയേടത്തിക്കു (നാലുകെട്ട്) എംടി ചാർത്തിക്കൊടുത്തത്! സർപ്പക്കളത്തിൽ കവുങ്ങിൻ പൂക്കുലയുമേന്തി തുള്ളുന്ന അമ്മിണിയേടത്തിക്ക് സർപ്പത്തിന്റെ ഭംഗിയാണെന്ന് അപ്പുണ്ണിയിലൂടെ എംടി പറയുന്നു.
കരിപോലെ കറുത്ത, കൈത്ത ഉണങ്ങിയ വിറകുകൊള്ളി പോലെഇരിക്കുന്ന, ഇടത്തേ കാതിൽ അറപ്പുളവാക്കുന്ന ഒരു കഷണം മാംസമുള്ള(മണി) കുട്ട്യേടത്തിയെ വർണിച്ച ശേഷം എംടി പറയുന്ന ഒരു വാക്ക്- ‘എന്നാലും കുട്ട്യേടത്തിയെ എനിക്കിഷ്ടമായിരുന്നു’കുട്ട്യേടത്തിയെ എപ്പോഴും ശകാരിക്കുന്ന വല്യമ്മ പറയും.
‘വാസ്വോ, നീയൊരാങ്കുട്ട്യാ.... നീയ്യിപ്പെണ്ണിന്റെ വാല്ന്പ്ത്തൂങ്ങിനടക്കരുത്’എങ്കിലും’വാ,ബാസ്വോ’എന്ന്പറഞ്ഞ് വാസുവിന്റെ കൈയും പിടിച്ച് നടന്ന താന്തോന്നിയായ കുട്ട്യേടത്തിയെ ലോകമെങ്ങുമുള്ള മലയാളികൾ സ്നേഹിച്ചു.
ഒടുവിൽ നടപ്പുരയുടെ ഉത്തരത്തിൽ ഒരു കയറിൻ തുന്പത്ത് കുട്ട്യേടത്തീടെ ശരീരം ആടുന്നത് കണ്ട് മലയാളം ഒന്നാകെ പൊട്ടിക്കരയുകയും ചെയ്തു.
അഹമ്മതി കാട്ടുന്നതിനു വേലായുധനെ അച്ചുതൻ നായർ തല്ലി ചതയ്ക്കുന്പോൾ, സുകൃതക്ഷയം എന്ന് പറഞ്ഞ് മുത്തശി കണ്ണുനീർ തുടയ്ക്കുന്പോഴും വായനക്കാരുടെ നെഞ്ച് പിടഞ്ഞു.
എംടിയുടെ ചെറിയമ്മയുടെ മകനും എഴുത്തുകാരനുമായ എം.ടി. രവീന്ദ്രൻ എഴുതിയ "എം.ടിയും കൂടല്ലൂരും’എന്ന പുസ്തകത്തിലെ ചില വരികൾ ഇങ്ങനെ- വല്യമ്മയുടെ മനസും അമ്മയുടെ മനസും എന്നും ശുദ്ധമായിരുന്നു.
ജ്യേഷ്ഠത്തിയുടെ മനസും ശുദ്ധതയുമാണ് വാസുവിനും കിട്ടിയിരിക്കുന്നതെന്ന് അമ്മ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. കുടുംബക്കാരോടും അതിരറ്റ സ്നേഹം എന്നുമുണ്ട് എംടിക്കും. ഇതേ സ്നേഹം തന്നെ തന്റെ ദേശത്തോടും എംടിക്കുണ്ട്.
ഗൗരവമൂടുപടത്തിനുള്ളിൽ എംടി ഒളിപ്പിക്കുന്ന ഈ സ്നേഹത്തുടിപ്പ് നിറഞ്ഞൊഴുകുന്നത് എം.ടി. വാസുദേവൻ നായരുടെ രചനകളിലാണെന്ന് പറയാം. ആരോടുംതുറന്നു പറയാത്ത സ്നേഹം മുഴുവൻ എംടി തന്റെ അക്ഷരങ്ങളിൽ വാരിനിറച്ചു.
ഒരു ഓണക്കാലത്തെ ഉത്രാടം നാളിൽ മദ്യപിച്ച് ബോധമില്ലാതെ വഴിവക്കിൽകിടന്നു മരിച്ച പദ്മനാഭേട്ടൻ എംടിക്കു കുട്ടിനാരായണനായി. കൂടല്ലൂരിലെ കിഴക്കുംമുറിയിൽ ഒറ്റയാനെപോലെ ജീവിച്ച പദ്മനാഭേട്ടനെ എംടി ആരുമറിയാതെ സ്നേഹിച്ചിരുന്നു.
വടക്കുംമുറിയിൽ കോളറയും വസൂരിയും വന്ന് ആളുകൾ നരകയാതന അനുഭവിക്കുകയും മരിക്കുകയും ചെയ്ത കാലത്ത് ദൈവദൂതനെപോലെനിന്ന് സഹായിച്ച പദ്മനാഭേട്ടനെ എംടി എങ്ങനെ മറക്കുവാനാണ്.
മറന്നില്ലെന്നു മാത്രമല്ല മുട്ടിപ്പാലത്തിന്റെ അരഭിത്തിയിൽ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് തനിയെ കിടന്ന് മരിച്ച പദ്മനാഭേട്ടനെ തന്റെ "ആൾക്കൂട്ടത്തിൽ തനിയെ' എന്ന രചനയിലൂടെ അനശ്വരമാക്കുകയും ചെയ്തു.
എംടിയുടെ നെഞ്ച് നീറ്റിയ പരമേശ്വരൻ മാഷ് ആൾക്കൂട്ടത്തിൽ തനിയെയിലെ മാധവൻ മാഷായി. (ബാലൻ കെ. നായർ അവിസ്മരണീയമാക്കിയ കഥാപാത്രം) കൂടല്ലൂരിലെ വീടുകൾ തോറും നടന്ന് ഒരു വീട്ടിലെവിശേഷം അടുത്ത സ്ഥലത്തെത്തിക്കുന്ന കൊട്ടിലിലെ മുത്താച്ചിയെയും എംടി മറന്നില്ല. ‘നാലുകെട്ടിൽ’മുത്താച്ചിയും തെളിഞ്ഞു നില്ക്കുന്നു.
വർഷങ്ങളായിവായനക്കാരും മാധ്യമ പ്രവർത്തകരും കൂടല്ലൂരിൽ എത്തുകയാണ്.അപ്പുണ്ണിയെ തേടി, പാറുക്കുട്ടിയെ തേടി, ഗോവിന്ദൻ കുട്ടിയെയുംകുട്ട്യേടത്തിയേയും തേടി. ഏറെക്കാലമായി കോഴിക്കോട് സ്ഥിരതാമസമാക്കിയ എം.ടി. വാസുദേവൻ നായർ ഇപ്പോ കൂടല്ലൂരിൽ എത്തിയിട്ട് കുറച്ചായി.
എങ്കിലും ഈ നവതിയിലും എംടിക്കു വേണ്ടി ജന്മദിനം ആശംസിക്കുകയാണ് ജന്മഗ്രാമമായ കൂടല്ലൂരും.കൂടല്ലൂരിനെ ലോകസാഹിത്യ ഭൂമികയിൽ പ്രതിഷ്ഠിച്ച തങ്ങളുടെസ്വന്തം വാസുവിന്റെ ആയൂരാരോഗ്യത്തിനായി പ്രാർഥിക്കുകയാണ് കൂടല്ലൂർ...