യുലിൻ ലിച്ചി & ഡോഗ് മീറ്റ് ഫെസ്റ്റിവൽ! നായ്ക്കളെ കൊന്നൊടുക്കി തിന്നുന്ന ഉത്സവം
Saturday, July 1, 2023 11:16 AM IST
ചൈനക്കാരുടെ ഭക്ഷണരീതി പലപ്പോഴും പ്രാകൃതമാണെന്ന് തോന്നാറുണ്ട്. അതൊരു തോന്നലല്ല ശരിയാണെന്ന് പറയുന്നവരും ഏറെയാണ്. തെരുവുനായ ശല്യം അതിരൂക്ഷമായ കേരളത്തിൽ അവയെ ദയാവധം ചെയ്യുന്നതിന്റെ കാര്യങ്ങൾ വളരെ ഗൗരവത്തോടെ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.
കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന കേരളത്തിൽ നായ്ക്കളുടെ ദയാവധത്തെക്കുറിച്ച് ആലോചിക്കുമ്പോൾ കമ്മ്യൂണിസത്തിന്റെ കളിത്തൊട്ടിലായ ചൈനയിൽ യാതൊരു ദയാ ദാക്ഷിണ്യവും ഇല്ലാതെ നായ്ക്കളെ കൊന്നൊടുക്കി തിന്നുന്ന ഒരു ഫെസ്റ്റിവൽ ആഘോഷപൂർവം കൊണ്ടാടിക്കൊണ്ടിരിക്കുകയാണ്.
യുലിൻ ലിച്ചി ആൻഡ് ഡോഗ് മീറ്റ് ഫെസ്റ്റിവൽ എന്നാണ് നായ്ക്കളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഭക്ഷിക്കുന്ന ചൈനയിലെ പ്രാകൃത ഉത്സവത്തിന്റെ പേര്. ഒന്നും രണ്ടുമല്ല ഡസൻ കണക്കിന് നായ്ക്കളെയാണ് ഈ ഉത്സവത്തിനായി കൊന്നൊടുക്കുക.
അതിക്രൂരമായി മർദിച്ചും പീഡിപ്പിച്ചുമാണ് നായ്ക്കളെ കൊല്ലുക. ഇങ്ങനെ നായ്ക്കളെ കൊല്ലുന്നതിന് ഒരു രഹസ്യ കാരണമുണ്ട്. പുരുഷന്റെ ലൈംഗിക ശേഷി വർധിക്കാൻ സഹായകമാകുന്ന അഡ്രിനാലിൻ അളവ് കൂടാനാണ് ഭക്ഷിക്കുന്നതിനുമുമ്പ് വളർത്തുമൃഗങ്ങളെ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതത്രേ.
വേദന കാരണം നായ്ക്കളിൽ പുറത്തുവിടുന്ന ഉയർന്ന അഡ്രിനാലിൻ മാംസത്തിന്റെ ഗുണമേന്മ വർധിപ്പിക്കുമെന്ന വിശ്വാസമാണ് നായ്ക്കളെ കൊല്ലുന്നതിന് മുമ്പ് പറഞ്ഞറിയിക്കാനാവാത്ത രീതിയിൽ പീഡിപ്പിക്കാൻ കാരണമെന്ന് പറയപ്പെടുന്നു.
ഇത്തരത്തിൽ നായ്ക്കളുടെ മാംസം പുരുഷന്മാരുടെ ലൈംഗികശേഷി വർധിപ്പിക്കുമെന്നും രോഗങ്ങളെ അകറ്റിനിർത്തുമെന്നും ഭാഗ്യം കൈവരുമെന്നും ഉത്സവം നടത്തുന്നവർ വിശ്വസിക്കുന്നു.
നായ്ക്കളെ കത്തിക്കുകയും തല്ലുകയും ജീവനോടെ വേവിക്കുകയും ജീവനോടെ തൊലിയുരിക്കപ്പെടുകയുമൊക്കെ ചെയ്യുന്ന ഏറ്റവും പ്രാകൃതമായ രീതിയാണ് ഇവിടെ നടക്കുന്നത്.
തെക്കൻ ചൈനയിൽ ആഘോഷമായി കൊണ്ടാടുന്ന 10 ദിവസത്തെ യുലിൻ ലിച്ചി ആൻഡ് ഡോഗ് മീറ്റ് ഫെസ്റ്റിവലിലേക്ക് പതിനായിരക്കണക്കിന് നായ്ക്കളെയാണ് എത്തിക്കുന്നത് എന്നാണ് കണക്ക്.
എന്നുവച്ചാൽ പത്തു ദിവസം കൊണ്ട് പതിനായിരത്തോളം നായ്ക്കളെ തിന്നുന്നു എന്നർത്ഥം. തെരുവിൽ അലഞ്ഞുതിരിയുന്നതോ വളർത്തുമൃഗങ്ങളോ ആയ ആയിരക്കണക്കിന് നായ്ക്കളെയാണ് ഉത്സവത്തിനായി എത്തിക്കുന്നത്.
തെരുവിൽ നിന്ന് പിടികൂടുന്നതിനു പുറമെ വീടുകളിൽനിന്ന് മോഷ്ടിക്കപ്പെടുന്ന വളർത്തുമൃഗമങ്ങളുമുണ്ട്. തുടർന്ന് ചെറിയ കമ്പിക്കൂടുകളിലാക്കിയാണ് ഉത്സവത്തിനുള്ള തയാറെടുപ്പിനായി യുലിനിലേക്ക് കൊണ്ടുപോകുന്നത്.
തികച്ചും പ്രാകൃതമായ ഈ ഫെസ്റ്റിവൽ അവസാനിപ്പിക്കുന്നതിനും നായ്ക്കളെ രക്ഷിക്കുന്നതിനുമായി ലോകമെമ്പാടുമുള്ള മൃഗസ്നേഹികൾ ഒറ്റക്കെട്ടായി രംഗത്തുണ്ടെങ്കിലും ഇത് അവസാനിപ്പിക്കാൻ ഇതുവരെ ആയിട്ടില്ല.
മാത്രമല്ല ഓരോ വർഷം കൂടുന്തോറും ഇവിടെയൊക്കെ ആളുകൾ കൂടുതലായി എത്തിക്കൊണ്ടിരിക്കുകയുമാണ്.