പോലീസ് കര്ഷകന്
Wednesday, June 14, 2023 1:31 PM IST
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് തൊടുപുഴ ക്രൈംബ്രാഞ്ചിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ മുഹമ്മദ്.
കോതമംഗലം മടിയൂരിലുള്ള മുഹമ്മദിന്റെ പുരയിടത്തിലെത്തിയാല്‍ ആരുമൊന്ന് അത്ഭുതപ്പെട്ടുപോകും. റംബൂട്ടാനും വാഴയും പ്ലാവും തുടങ്ങി മീനും തേനീച്ചകളും വരെ ഇവിടെയുണ്ട്.
കൃഷിയെ പാഷനായി കാണുന്ന മുഹമ്മദിന്റെ ഒഴിവു സമയത്തെ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം.
14ാം വയസില്‍ തുടങ്ങിയ കൃഷി
കോതമംഗലം മടിയൂര്‍ കളപ്പുരയില്‍ പരേതനായ ഇബ്രാഹിം-നബീസ ദമ്പതികളുടെ ഏകമകനായ മുഹമ്മദിന് കുട്ടിക്കാലം മുതല്‍ കൃഷിയില്‍ കമ്പമുണ്ടായിരുന്നു.
ഗള്‍ഫിലായിരുന്ന അമ്മാവന് അലിയാരുടെ ഒരേക്കര്‍ സ്ഥലത്ത് പതിനാലാം വയസില്‍ പൈനാപ്പിള്‍ കൃഷി ചെയ്തായിരുന്നു തുടക്കം.
തുടക്കം പിഴച്ചില്ല. പിന്നീട് അവിടെ നെല്‍കൃഷി ചെയ്തു. അതും വിജയമായിരുന്നു. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളെല്ലാം മുഹമ്മദ് സ്വന്തമായി തന്നെ ഉത്പാദിപ്പിച്ചിരുന്നു.
16-ാം വയസില്‍ മികച്ച യുവ കര്‍ഷകനുളള പല്ലാരിമംഗലം പഞ്ചായത്തിന്റെ പുരസ്കാരം മുഹമ്മദിനെ തേടിയെത്തി. ഇത് കൃഷിയില്‍ തുടരാന്‍ അദേഹത്തിന് കരുത്തേകി.
23ാം വയസില്‍ പോലീസിലേക്ക്
23ാം വയസില്‍ പോലീസ് സേനയില്‍ ജോലി കിട്ടുമ്പോള്‍ ഇദ്ദേഹം വാനില കൃഷി ചെയ്തിരുന്നു. ട്രെയിനിംഗിന്റെ ഭാഗമായി വീട്ടില്‍നിന്ന് മാറിയപ്പോള്‍ കൃഷിയുടെ താളം തെറ്റി.
ഒരു പരിചയക്കാരനെ കൃഷി ഏല്‍പ്പിച്ചെങ്കിലും വിളവ് നന്നേ പരാജയമായിരുന്നു. തുടര്‍ന്ന് അവിടെ കൊക്കോ കൃഷി ചെയ്തു.
അതും ഫലം കണ്ടില്ല. മൂന്നു വര്‍ഷം മലപ്പുറത്ത് ജോലി ചെയത് ശേഷം 2006 ല്‍ മുഹമ്മദ് എറണാകുളത്തേക്ക് മടങ്ങിയെത്തി.
വീണ്ടും കൃഷിയിലേക്ക്
അന്ന് എറണാകുളത്ത് ഐജിയായിരുന്ന ആര്. ശ്രീലേഖയുടെ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചതോടെ മുഹമ്മദിന് കൃഷിയില്‍ കൂടുതല്‍ സമയം കണ്ടെത്താനായി.
ശ്രീലേഖയുടെ ഭാഗത്തുനിന്നും നല്ല രീതിയില്‍ പ്രോത്സാഹനം ലഭിച്ചിരുന്നുവെന്ന് മുഹമ്മദ് പറയുന്നു.
സ്വന്തം ആവശ്യത്തിനായി ചീര, പയര്‍, പൊട്ടുവെള്ളരി, തക്കാളി, വാഴ, ചേന, കപ്പ എന്നിവയെല്ലാം മുഹമ്മദ് കൃഷി ചെയ്തു. ഇവയില്‍ നിന്നെല്ലാം നല്ല ഫലം ലഭിച്ചു. തുടര്‍ന്ന് 300 ഏത്തവാഴ വച്ചു.
ഇതിന് ഇടവിളയായി ചേന, ചേമ്പ്, കപ്പ, പാവല്‍, പടവലം എന്നിവയും കൃഷി ചെയ്തു. പല്ലാരിമംഗലത്ത് സ്വന്തമായുള്ള 50 സെന്റ് സ്ഥലംകൂടാതെ കുടുംബസ്വത്തായുള്ള ഒരേക്കറിലും കൂടിയാണ് മുഹമ്മദിന്റെ കൃഷി.
മൂന്നു വര്‍ഷം മുന്‍പ് കാഞ്ഞിരപ്പള്ളിയില്‍നിന്ന് വാങ്ങിയ 100 വിയറ്റ്നാം സൂപ്പര്‍ ഏര്‍ളി പ്ലാവുകളാണ് മറ്റൊരു ആകര്‍ഷണം. 30 സെന്റിലായി വളരുന്ന എല്ലാ പ്ലാവുകളും വിളവ് നല്‍കിത്തുടങ്ങി.
പക്ഷേ, ചക്കയുടെ സീസണ് ആയിട്ടും മുഹമ്മദ് അത് വിറ്റില്ല. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ അവ നല്‍കുകയാണ് ചെയ്തത്.
അരയേക്കറിലെ റംബൂട്ടാന് കൃഷി
അരയേക്കറില്‍ 25 റംബൂട്ടാനും അതിന് ഇടവിളയായി 50 തെങ്ങും വച്ചിട്ടുണ്ട്. നാലു വയസു പിന്നിട്ട റംബുട്ടാന് മരങ്ങള്‍ മികച്ച വിളവാണ് നല്‍കുന്നത്.
സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നല്കിയതു കൂടാതെ 60,000 രൂപയുടെ റംബുട്ടാന് പഴങ്ങള്‍ കഴിഞ്ഞ സീസണില്‍ വില്ക്കാന് കഴിഞ്ഞുവെന്ന് മുഹമ്മദ് പറഞ്ഞു. ചാണകമാണ് വളമായി ഇടുന്നത്.
ഗൗരാമിയാണ് താരം
വീട്ടുമുറ്റത്തെ ആറു കുളങ്ങളിലായി മുഹമ്മദിന് മത്സ്യകൃഷിയുമുണ്ട്. ബ്ലാക്ക്, പിങ്ക്, റെഡ് എന്നിങ്ങനെ മൂന്നിനങ്ങളിലുള്ള മത്സ്യങ്ങളാണ് മുഹമ്മദിന്റെ കൈവശമുള്ളത്.
ഇവ ബ്രീഡ് ഇനങ്ങളായി കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നുമുണ്ട്. രണ്ടിഞ്ച് വലുപ്പമുള്ള ബ്ലാക്ക് ഗൗരാമി ഒന്നിന് 30 രൂപയും പിങ്കിന് 100 രൂപയും റെഡ് ഐയ്ക്ക് 150 രൂപയുമാണ് വില.
അധികം പരിചരണം ആവശ്യമില്ലാത്ത ഇവയ്ക്ക് തൊടിയില്‍നിന്നുള്ള ഇലകളാണ് ഭക്ഷണമായി നല്‍കുന്നത്. ഇവയുടെ കാഷ്ഠമടങ്ങിയ വെള്ളം പച്ചക്കറികള്‍ നനയ്ക്കാനും ഉപയോഗിക്കുന്നു.
നൂറുമേനി വിളവെടുത്ത് തേനീച്ചക്കൃഷി
ഏഴുവര്‍ഷം മുമ്പ് പാലായില്‍നിന്ന് കൊണ്ടുവന്ന ഒരു പെട്ടി തേനീച്ചയില്നിന്നാണ് മുഹമ്മദ് കൃഷി തുടങ്ങിയത്. ഇപ്പോള്‍ 60 പെട്ടി വന്തേനീച്ചയും 30 പെട്ടി ചെറു തേനീച്ചയുമുണ്ട്.
തേനീച്ച എന്നും അത്ഭുതമാണെന്നാണ് മുഹമ്മദിന്റെ അഭിപ്രായം. കഴിഞ്ഞ വര്‍ഷം തേനീച്ചക്കൃഷിയില്‍ ഇദ്ദേഹം നൂറുമേനി വിജയം കൊയ്തു.
അന്ന് 50 പെട്ടികളില്നിന്നായി 500 കിലോയിലധികം തേന്‍ ലഭിച്ചു. 50 കിലോഗ്രാമിന്റെ ജാറില്‍ തേന്‍ നിറച്ച് വായു കടക്കാത്ത വിധത്തില്‍ അടച്ചാണ് സൂക്ഷിക്കുക.
ഒരു ജാര് തുറന്നാല്‍ ഒരു കിലോ, രണ്ടു കിലോ തോതില്‍ കുപ്പികളില്‍ തേന്‍ നിറയ്ക്കും. ഇത് വിറ്റു തീര്‍ന്നതിനുശേഷമേ അടുത്ത ജാര് തുറക്കൂ. അതുകൊണ്ടുതന്നെ കേടായിപ്പോകില്ല.
തേനടയിലെ തേനറകള്‍ പൂര്‍ണമായും സീല്‍ ചെയ്തതിനുശേഷം മാത്രമാണ് തേന്‍ ശേഖരിക്കുക. അതുകൊണ്ടുതന്നെ ജലാംശം തേനില്‍ കുറവായിരിക്കും. ഇത് കൂടുതല്‍ കാലം കേടാവാതെ സൂക്ഷിക്കാനാകും.
തേന്‍ കിലോ 350 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഔഷധ ഗുണമുള്ള ചെറുതേന്‍ കിലോയ്ക്ക് 2,500 രൂപ വരും. തേനീച്ചകളെ വില്‍ക്കുന്നത് കൂട് ഉൾപ്പെടെ 500 രൂപയ്ക്കാണ്.
വൈറലായ കുറിപ്പ്
ഏതാനും മാസം മുമ്പ് ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി എം.ആര്. അജിത് കുമാര്‍ ഫേസ്ബുക്കില്‍ മുഹമ്മദിനെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു. വൈറലായ ആ പോസ്റ്റ് ഇങ്ങനെയായിരുന്നു.
"എറണാകുളം റൂറല്‍, ഊന്നുകല്‍ പോലീസ് സ്റ്റേഷനിലെ ശ്രീ. മുഹമ്മദ് മടിയൂര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന് കൃഷിയോടും കാര്‍ഷികരംഗത്തോടും കാണിക്കുന്ന അഭിനിവേശം മാതൃകാപരമാണ്.
സ്റ്റേഷനിലെ തിരക്കുകള്‍ക്കിടയിലും ഒഴിവുസമയം കണ്ടെത്തി മുഹമ്മദ് മടിയൂര്‍ തന്റെ കൃഷിത്തോട്ടത്തിലെ റംബൂട്ടാന്, പച്ചക്കറികള്‍ എന്നിവയോടൊപ്പം തേനീച്ച വളര്‍ത്തലും മത്സ്യകൃഷിയും നടത്തി നൂറുമേനി വിളയിച്ചിരിക്കുകയാണ്.
ഭാര്യ ആന്‍സിയും മക്കളായ അംന, അമാന്‍, അസ്ലഹ എന്നിവരും മുഹമ്മദിന്റെ ഈ നേട്ടത്തില്‍ പങ്കാളികളാണ്.'
കുടുംബത്തിന്റെ പിന്തുണ
വീട്ടമ്മയായ ഭാര്യ അന്‍സിയും വിദ്യാര്‍ഥികളായ മക്കള്‍ അംന, അമാന്‍, അസ്ലഹ എന്നിവരും മുഹമ്മദിനു കരുത്തായി എപ്പോഴും കൂടെയുണ്ട്.