ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കാം
Tuesday, May 23, 2023 3:52 PM IST
ടൈപ്പ് 2 പ്രമേഹത്തിന് അമിതവണ്ണം കാരണമാകുമെന്നത് വളരെ വ്യക്തമാണ്. എന്നാല്‍, അമിതഭാരമുള്ളവര്‍ക്കും വണ്ണമുളളവര്‍ക്കും ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നതു തടയാനോ അതിന്റെ സാധ്യത നീട്ടിവയ്ക്കാനോ സാധിക്കുമെന്നത് ഇക്കാലത്ത് വലിയ സന്തോഷ വാര്‍ത്തയാണ്.
ഭാരം കുറയ്ക്കാം
ജീവിതശൈലി മാറ്റിയും ശരീരഭാരം കുറച്ചും പോഷകഗുണമുളള ആഹാരം പഥ്യമാക്കിയും നിരന്തരം വ്യായാമം ചെയ്തും ടൈപ്പ് 2 പ്രമേഹം നേരിടാനാകും.
അല്‍പ്പം ഭാരം കുറച്ച് ടൈപ്പ് 2 പ്രമേഹം കുറച്ചുകൊണ്ടുവരാന്‍ സാധിക്കും. 5 -7 ശതമാനം ഭാരം കുറച്ച് 58 ശതമാനം പ്രമേഹരോഗികള്‍ ടൈപ്പ് 2 പ്രമേഹരോഗത്തില്‍ നിന്നു മുക്തി പ്രാപിച്ചിട്ടുണ്ടെന്നാണു പഠനങ്ങള്‍ പറയുന്നത്.
അമിതവണ്ണവും പ്രമേഹവും എങ്ങനെ തടയാം?
ജീവിതശൈലി ചെറുതായി മാറ്റി അമിതവണ്ണവും പ്രമേഹവും തടയാം.
1.ഡോക്ടർ സഹായിക്കും
ഒരാളില്‍ ശരിക്കും ഉണ്ടാകേണ്ട ആരോഗ്യകരമായ ശരീരഭാരം വ്യക്തിയുടെ ശരീരപ്രകൃതം മനസിലാക്കി തിട്ടപ്പെടുത്തി എത്രത്തോളം ഭാരം കുറയ്ക്കാമെന്നു ഡോക്ടര്‍ക്ക് വ്യക്തമാക്കി തരാന്‍ സാധിക്കും. ഭാരം കുറയ്ക്കാനുള്ള മാര്‍ഗനിര്‍ദേശവും ഡോക്ടര്‍ക്ക് നല്കാന് സാധിക്കും.
2.കുറഞ്ഞ കലോറിയുളള ആഹാരം നിലനിര്‍ത്തുക
കുറഞ്ഞ കലോറിയുളള ആഹാരം കഴിച്ചു ശീലിക്കുകയാണ് ശരീരഭാരം കുറയ്ക്കുന്നതിനുളള മുഖ്യമാര്‍ഗം. ദിനംപ്രതി ശരീരം ഉപയോഗിച്ചു കളയുന്ന കലോറിയേക്കാള്‍ കുറഞ്ഞ കലോറിയുളള ആഹാരം മാത്രം കഴിക്കുന്നത് ശീലിക്കുക.
കൂടുതല്‍ പച്ചക്കറിയും പഴവര്‍ഗങ്ങളും കൊഴുപ്പില്ലാത്ത പ്രോട്ടീനും എല്ലാത്തരത്തിലുളള ധാന്യങ്ങളും കഴിക്കുകയെന്ന വഴി മാത്രമേ കലോറി നിയന്ത്രിക്കാനായി ഉളളൂ.
ഉയര്‍ന്ന കലോറിയടങ്ങിയ ഭക്ഷണങ്ങൾ, ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍, മധുരപാനീയങ്ങള്‍, മദ്യം എന്നിവ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതും കലോറി നിയന്ത്രണത്തെ സഹായിക്കുന്നു.
ഡോ. അഖിൽ കൃഷ്ണ
എംബിബിഎസ്, എംഡി (ഇന്റേണൽ മെഡിസിൻ), ഡിഎൻബി (ഇന്റേണൽ മെഡിസിൻ), ഡിഎം (എൻഡോക്രൈനോളജി), എസ് സി ഇ (എൻഡോക്രൈനോളജി ആർസിപി, യുകെ). അസോസിയേറ്റ് കൺസൽട്ടന്റ് ഇൻ എൻഡോക്രൈനോളജി, കിംസ് ഹെൽത്ത്, തിരുവനന്തപുരം.