ടൈപ്പ് 2 പ്രമേഹത്തിനു പിന്നിൽ
Saturday, May 20, 2023 3:49 PM IST
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ പാന്‍ക്രിയാസ് പരാജയപ്പെടുമ്പോള്‍ ഉണ്ടാകുന്ന തീരാവ്യാധിയാണ് പ്രമേഹം.
ഇത് ക്രമേണ പ്രധാനപ്പെട്ട അവയവങ്ങളെയൊ ന്നൊന്നായി ബാധിച്ചുകൊണ്ടിരിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമാകുമ്പോള്‍ വൃക്കകൾ, കണ്ണുകള്‍, ഹൃദയം എന്നീ അവയവങ്ങളെയാണ് ബാധിക്കുക.
പ്രമേഹം - ടൈപ്പ് 1, ടൈപ്പ് 2
സാധാരണയായി ടൈപ്പ് 1, ടൈപ്പ് 2 എന്നീ രണ്ടു തരം പ്രമേഹമാണ് കണ്ടുവരുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനു സഹായിക്കുന്നത് ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ആണ്. ശരീരം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍ ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നു.
ശരീരം മതിയായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതിരിക്കുകയോ ഇന്‍സുലിന്‍ ഫലപ്രദമായി ഉപയോഗിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ ഒരാളില്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നു. വളരെ വ്യാപകമായതും അമിതവണ്ണമുളളവരില്‍ കൂടുതല്‍ കണ്ടുവരുന്നതും ടൈപ്പ് 2 പ്രമേഹരോഗമാണ്.
അമിതവണ്ണവും പ്രമേഹവും തമ്മിൽ
അമിതഭാരമോ അമിതവണ്ണമോ ഉളളവരുടെ ശരീരം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ആയ ഇന്‍സുലിനോട് നന്നായി പ്രതികരിക്കില്ല. അതായത്, അത്തരക്കാരുടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് കൂടുതല്‍ ഇന്‍സുലിന്‍ ശരീരം ഉത്പാദിപ്പിക്കേണ്ടിവരും.
കാലക്രമേണ അത്തരം ആളുകളുടെ ശരീരത്തിന് അവശ്യം വേണ്ട ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരും. ഈ അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹത്തിനു കാരണമാകുന്നത്.
ധാരാളം പഠനങ്ങളില്‍ പ്രമേഹവും അമിതവണ്ണവും തമ്മിലുളള ബന്ധത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അമിതവണ്ണമോ അമിതഭാരമോ ഉള്ളവരാണ് ടൈപ്പ് 2 പ്രമേഹരോഗികളില്‍ 90 ശതമാനവുമെന്നാണ് സെന്റേഴ്സ് ഫോര്‍ ഡിസീസ് ആൻഡ് പ്രിവന്‍ഷന്‍ (സിഡിസി) വ്യക്തമാക്കിയത്.
ഡോ.അഖിൽ കൃഷ്ണ
എംബിബിഎസ്, എംഡി (ഇന്റേണൽ മെഡിസിൻ), ഡിഎൻബി (ഇന്റേണൽ മെഡിസിൻ), ഡിഎം (എൻഡോക്രൈനോളജി), എസ്സിഇ (എൻഡോക്രൈനോളജി ആർസിപി, യുകെ). അസോസിയേറ്റ് കൺസൽട്ടന്റ് ഇൻ എൻഡോക്രൈനോളജി, കിംസ് ഹെൽത്ത്, തിരുവനന്തപുരം.