രാവിലെ ഉണരുന്പോൾ നടുവേദന
Wednesday, May 10, 2023 3:02 PM IST
ദീർഘനാളത്തെ നടുവേദന അവഗണിക്കരുത്. അത് അങ്ക്യലോസിംഗ് സ്പോൺഡിലൈറ്റിസ് ആകാം. പ്രധാനമായും നട്ടെല്ലിനെയും ഇടിപ്പെല്ലിനെയും വസ്തി പ്രദേശത്തെ എല്ലുകളെയും ബാധിക്കുന്ന വാതരോഗമാണ് അങ്ക്യലോസിംഗ് സ്പോൺഡിലൈറ്റിസ്. ഇത് ബാധിച്ചാൽ ക്രമേണ നട്ടെല്ലിനു വൈകല്യങ്ങൾ സംഭവിക്കുകയും ക്രമേണ നട്ടെല്ലും കഴുത്തും വളയ്ക്കാനും തിരിക്കാനും കഴിയാതെ വരികയും ചെയ്യാം.
ചികിത്സ വൈകുന്നത്
ലോകത്തിലാകമാനം 1 -2 % ആളുകൾ ഈ രോഗബാധിതരാണ്. എന്നാൽ, ഇവരിൽ 70% പേരും തെറ്റായ രോഗനിർണയത്തിൽപ്പെട്ടു ചികിത്സ ലഭിക്കാൻ വളരെയധികം കാലതാമസം നേരിടുന്നവരുമാണ്. ഈ രോഗത്തെക്കുറിച്ചുള്ള ശരിയായ അവബോധമില്ലായ്മയും രോഗനിർണയത്തിലെ സങ്കീർണതയുമാണ് ഇതിനു കാരണം.
ജനിതക കാരണവും
ഈ രോഗം 15 - 45 വയസിലുള്ള പുരുഷന്മാരിലാണ് അധികവും കാണുന്നത്. എന്നാൽ, കുട്ടികളിലും സ്ത്രീകളിലും ഇത് തീരെ വിരളമല്ല. പുതിയ കണക്കുപ്രകാരം 17 ലക്ഷത്തോളം ഇന്ത്യക്കാർ ഈ അസുഖബാധിതരാണ്. ജനിതക കാരണങ്ങളും HLA - 327 എന്ന ജീനും രോഗം ഉണ്ടാക്കുന്നതിൽ പ്രധാന കാരണമാണ്.
പ്രധാന ലക്ഷണങ്ങൾ
നടുവേദന തന്നെയാണ് ഇതിന്റെ പ്രധാനവും സാധാരണയായി കാണുന്നതുമായ ലക്ഷണം. ഈ വേദന മറ്റു നടുവേദനയിൽ നിന്നു വ്യത്യസ്തമാകുന്നത്, നടുവേദന കൂടുതലായി അനുഭവപ്പെടുന്നത് രാവിലെ ഉറക്കം ഉണരുമ്പോഴാണ് എന്നതാണ്. വേദനയോടൊപ്പം നട്ടെല്ലിന് 30 മിനിറ്റോളം നിൽക്കുന്ന മുറുക്കവും അനുഭവപ്പെടുകയും ചെയ്യും. ശരീരം ചലിച്ചു തുടങ്ങുമ്പോൾ ലക്ഷണങ്ങൾ കുറെ ശമിച്ചു തുടങ്ങും (resting pain).
ചിലപ്പോൾ അങ്ക്യലോസിംഗ് സ്പോൺഡിലൈറ്റിസ് സന്ധികളിലെ നീർക്കെട്ടും വേദനയുമായും (Arthritis) ടെൻഡൻ ലിഗമെന്റ് (tendon ligament) മുതലായവയുടെ വേദനയായും കണ്ണുകളുടെ വേദന, ചുവപ്പ്(Uveitis) എന്നതായും അനുഭവപ്പെടാം. വിരളമായി ശ്വാസകോശത്തെയും ഹൃദയത്തിന്റെ വാൽവുകളെയും ഇത് ബാധിക്കാം. സോറിയാസിസ്, ഉദരരോഗങ്ങൾ ആയ അൾസറേറ്റീവ് കൊളൈറ്റിസ് (Ulcerative colitis), ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് Inflammatory bowel disease (IBD) മുതലായവ ഉള്ള രോഗികളിലും അങ്ക്യലോസിംഗ് സ്പോൺഡിലൈറ്റിസ് സാധ്യതയുണ്ട്.
ഡോ.ഗ്ലാക്സൺ അലക്സ്
കൺസൾട്ടന്റ് റൂമറ്റോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.