ആന്റിമൈക്രോബിയൽ മരുന്നുകൾ കഴിക്കുന്പോൾ
Saturday, May 6, 2023 1:02 PM IST
ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ എന്നിവയാണ് ആന്റി മൈക്രോബിയൽ മരുന്നുകൾ എന്നറിയപ്പെടുന്നത്.
ആന്റിബയോട്ടിക് പ്രതിരോധം
ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകളുടെ എണ്ണം കൂടിവരുന്നതിനേയാണ് ആന്റിബയോട്ടിക് പ്രതിരോധം എന്ന് പറയുന്നത്. ഇതൊരു ആഗോള പ്രശ്നമാണ്. ഒരു വര്‍ഷം ലോകത്ത് 7 ലക്ഷം പേരോളം ആന്റിബയോട്ടിക് പ്രതിരോധിക്കുന്ന ബാക്ടീരിയകളുടെ അണുബാധ കാരണം മരണമടയുന്നു എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിപ്പോഴേ പ്രതിരോധിച്ചില്ലെങ്കില്‍ ഭാവിയില്‍ വളരെ വലുതാകുമെന്നാണ് കണക്കാക്കുന്നത്.
രോഗാണുക്കൾ പ്രതിരോധശേഷി നേടിയാൽ
വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് തുടങ്ങിയ സൂക്ഷ്മജീവികൾക്കെതിരേ ഉപയോഗിക്കുന്ന മരുന്നുകളെ യഥാക്രമം ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ എന്നിങ്ങനെ വിളിക്കുന്നു.
ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ എന്നിവയ്ക്കതിരെ ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ, പാരസൈറ്റുകൾ എന്നിവ പ്രതിരോധശേഷി ആർജിക്കുന്നത് രോഗങ്ങൾക്കെതിരെയുള്ള ചികിത്സ സങ്കീർണമാക്കും. ആശുപത്രിയിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടി വരികയും ചികിത്സാ ചെലവുകൾ വർധിക്കുകയും ചെയ്യും.
എന്തൊക്കെ ശ്രദ്ധിക്കണം
ആന്റി മൈക്രോബിയൽ മരുന്നുകൾ തന്നിഷ്ടം പോലെ കഴിക്കാനുള്ളതല്ല. അത്തരം മരുന്നുകൾ ഉപയോഗിക്കുന്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
* ഡോക്ടറുടെ കുറിപ്പടിയോടെ മാത്രമേ ആന്റിമൈക്രോബിയൽ മരുന്നുകൾ കഴിക്കാന്‍ പാടുള്ളൂ,
* ഡോക്ടര്‍ പറഞ്ഞ കാലയളവിൽ കൃത്യമായി മുടക്കം കൂടാതെ മരുന്നുകൾ കഴിക്കണം.
* ഒരാൾക്ക് ഡോക്ടർ കുറിച്ച് തരുന്ന മരുന്നുകൾ മറ്റാരുമായും പങ്കുവയ്ക്കരുത്.
* മരുന്നുകൾ ഡോക്ടർ നിർദ്ദേശിക്കുന്ന കാലയളവിൽ പൂർണമായി കഴിക്കണം.
* ഉപയോഗിച്ചു ബാക്കിവന്ന മരുന്നുകൾ പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത്ത് സർവീസസ്