മരുന്ന് ഇടയ്ക്ക് നിർത്തരുത്
Friday, May 5, 2023 1:18 PM IST
പാർക്കിൻസൺസ് രോഗം പൂർണമായും ഭേദമാക്കാനാവില്ല. എന്നാൽ, നേരത്തേതന്നെ മരുന്നുകൾ ഉപയോഗിച്ചു തുടങ്ങിയാൽ അസുഖത്തിന്റെ തീവ്രത കൂടുന്നത് വലിയൊരളവുവരെ നമുക്ക് നിയന്ത്രിക്കാനാവും. ഒപ്പം രോഗിക്ക് പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ നോക്കാനുമാവും.
കൃത്യമായ ചികിത്സയില്ലെങ്കിൽ 7 -10 വർഷങ്ങൾ രോഗി കിടപ്പിലാകുകയും മരണത്തിലേക്ക് എത്തപ്പെടുകയും ചെയ്യും. എന്നാൽ, നല്ല ചികിത്സ ലഭിക്കുകയാണെങ്കിൽ 25-30 വർഷം വരെ ആയുർദൈർഘ്യമുണ്ടാകും.
മരുന്നുകൾ
തുടക്കത്തിൽ ചെറിയ ഡോസിലുള്ള മരുന്നുകളോടുതന്നെ നല്ലപോലെ പ്രതികരിക്കുമെങ്കിലും വർഷം കൂടുന്നതനുസരിച്ചു മരുന്നിന്റെ ഡോസ് വർധിപ്പിക്കേണ്ടിവരും. അങ്ങനെ വരുമ്പോൾ ചിലപ്പോൾ മരുന്നിന്റെ പാർശ്വഫലങ്ങളും രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കാം.
അപ്പോൾ മരുന്ന് നിർത്തുകയല്ല വേണ്ടത്, മറിച്ചു ഡോക്ടറുടെ നിർദേശാനുസരണം ഓരോ സമയത്തുമുള്ള ഡോസ് കുറച്ചു പല നേരമായി മരുന്ന് കഴിക്കണം.
മരുന്നുകൾ കൊണ്ട് ലക്ഷണങ്ങൾ
നിയന്ത്രിക്കാൻ പറ്റിയില്ലെങ്കിൽ തലച്ചോറിനുള്ളിൽ പേസ്മേക്കർ പോലുള്ള ഇലക്്ട്രോഡുകൾ വച്ച് തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്ന ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (deep brain stimulation ) പോലുള്ള ചികിത്സാരീതികളും ഇന്ന് ലഭ്യമാണ്.
വ്യായാമം
മരുന്നുകളോടൊപ്പം തന്നെ പ്രധാനമാണ് ദിവസേനയുള്ള വ്യായാമം. ഇത് പേശികളുടെ ദൃഢത കുറച്ചു ശരീരവേദനയും ക്ഷീണവും മാറ്റി നടത്തം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. സൈക്ലിംഗ് ആണ് പാർക്കിൻസൺസ് രോഗികൾക്ക് ഏറെ അഭികാമ്യമായ വ്യായാമം.
രോഗാവസ്ഥയുടെ അവസാനഘട്ടത്തിൽ ഭക്ഷണം കഴിക്കുന്നത് വളരെയധികം കുറയുകയും പെട്ടെന്നു ന്യൂമോണിയ പോലുള്ള അണുബാധ ഉണ്ടാവുകയും ചെയ്യുന്നു.
ഇതാണ് സാധാരണയായി മരണത്തിനു കാരണമാകുന്നത്. നേരത്തേതന്നെ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞു ചികിത്സ ആരംഭിച്ചാൽ വലിയൊരളവുവരെ ഇതിന്റെ വൈഷമ്യതകൾ കുറച്ചു രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാവും.
ഡോ.സുശാന്ത് എം.ജെ.MD.DM,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888