പാർക്കിൻസൺസ് രോഗം; കൈയക്ഷരത്തിലും പ്രകടമായ മാറ്റം..!
വിറയൽ, ബാലൻസ് തെറ്റുക തുടങ്ങിയ സാധാരണ ലക്ഷണങ്ങൾ കൂടാതെ മറ്റു ചില കാര്യങ്ങളിലും മാറ്റങ്ങൾ പ്രകടമാകാം. കൈയക്ഷരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് അതിലൊന്ന്. എഴുതുമ്പോൾ അക്ഷരങ്ങളുടെ വലിപ്പം കുറഞ്ഞു കുറഞ്ഞുവരികയും പിന്നീട് തീരെ എഴുതാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകാം.
ഭാവമാറ്റമില്ലാതെ
മുഖത്തെ പേശികളുടെ ദൃഢത കാരണം മുഖത്ത് ഭാവമാറ്റങ്ങൾ കൊണ്ടുവരാൻ രോഗിക്ക് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടുതന്നെ ദുഃഖമായാലും സന്തോഷമായാലും മുഖത്ത് ഒരേ ഭാവം ആയിരിക്കും. സാധാരണയായി നമ്മൾ കൈകൾ വീശിയാണ് നടക്കുന്നത്. എന്നാൽ പാർക്കിൻസൺസ് രോഗികൾക്കു നടക്കുമ്പോൾ കൈകൾ വീശാൻ സാധിക്കുകയില്ല. അവരുടെ സംസാരം വളരെ പതിഞ്ഞതും ഒരേ ടോണിൽ ഉള്ളതുമായിരിക്കും. അവരുടെ ആമാശയത്തിന്റെ ചലനങ്ങളും പതുക്കെ ആയതിനാൽ മലബന്ധം ഇത്തരം രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്.
ഉറക്കമില്ലായ്മ
ശരീരം മൊത്തത്തിലുള്ള വേദന, പ്രത്യേകിച്ചു തോളുകളുടെ വേദന കൂടുതലായിരിക്കും. ഉറക്കമില്ലായ്മയും ഇവരെ അലട്ടുന്ന പ്രശ്നമാണ്. പാർക്കിൻസൺസ് രോഗികളിൽ വിഷാദരോഗസാധ്യത വളരെ കൂടുതലാണ്.
രോഗനിർണയം
പ്രധാനമായും ലക്ഷണങ്ങൾ അപഗ്രഥിച്ചും ന്യൂറോളജിസ്റ്റിന്റെ സഹായത്തോടെ ക്ലിനിക്കൽ പരിശോധനകൾ നടത്തിയുമാണ് പാർക്കിൻ സൺസ് രോഗം തന്നെയെന്ന് ഉറപ്പി ക്കുന്നത്. കാലുകളുടെ ചലനത്തെ മാത്രമാണ് കൂടുതലായി ബാധിക്കുന്നതെങ്കിൽ അത് ചിലപ്പോൾ തലച്ചോറിലെ ചെറു രക്തധമനികളുടെ അടവ് മൂലമോ (വാസ്കുലാർ പാർക്കിൻസോണിസം) അല്ലെങ്കിൽ തലച്ചോറിനുള്ളിലെ ഫ്ലൂയിഡിന്റെ അളവ് കൂടുന്നതു മൂലമോ (normal pressure hydrocephalus ) ആകാം. ഇതിനായി തലച്ചോറിന്റെ സ്കാനിംഗ് ആവശ്യമായി വരാം.
പ്രവർത്തികളിൽ മന്ദത ഉണ്ടാകുന്ന മറ്റു രോഗങ്ങൾ ഉണ്ടോ എന്നറിയാൻ ചില രക്തപരിശോധനകളും നടത്തേണ്ടി വരും.
ഡോ.സുശാന്ത് എം.ജെ.MD.DM,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888