ന്യൂമോണിയ യഥാസമയം ചികിത്സിച്ചില്ലെങ്കിൽ
Saturday, April 29, 2023 4:18 PM IST
പലപ്പോഴും താമസിച്ചു ചികിത്സ തേടുന്നതാണ് ന്യൂമോണിയ മരണങ്ങള്‍ക്ക് കാരണമാകുന്നത്. അതിനാല്‍ തന്നെ എത്രയും നേരത്തെ ചികിത്സ തേടേണ്ടതാണ്.
അണുബാധ
അണുബാധ കാരണം ഏറ്റവുമധികം പേരെ മരണത്തിലേക്ക് നയിക്കുന്ന രോഗമാണ് ന്യൂമോണിയ. കൂട്ടികളേയും പ്രായമായവരേയുമാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. ന്യൂമോണിയ തടയാനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നത്.
കുട്ടികളിലെ ന്യൂമോകോക്കല്‍ ന്യൂമോണിയ തടയാന്‍ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന് നല്കി വരുന്നു. ഇപ്പോള്‍ ഈ വാക്സിന് എല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ട്.
എന്താണ് ന്യൂമോണിയ?
അണുബാധ നിമിത്തം ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടാകുകയും അത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ന്യൂമോണിയ. ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതെയോ ഗുരുതരമല്ലാത്ത ലക്ഷണങ്ങളോടു കൂടിയോ ന്യൂമോണിയ പ്രത്യക്ഷപ്പെടാം. വിവിധ തരത്തിലുള്ള ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മാണുക്കളാണ് ന്യൂമോണിയക്ക് കാരണമാകുന്നത്.
ആര്‍ക്കൊക്ക?
ആര്‍ക്കു വേണമെങ്കിലും ന്യൂമോണിയ വരാമെങ്കിലും 5 വയസിന് താഴെയുള്ള കുട്ടികളെയും പ്രായമായവരെയും സി.ഒ.പി.ഡി, പ്രമേഹം, ഹൃദ്രോഗം, മറ്റ് ഗുരുതര രോഗങ്ങള്‍ ഉള്ളവരേയും പ്രതിരോധശേഷി കുറഞ്ഞവരേയുമാണ് കൂടുതലും ബാധിക്കുന്നത്.
പ്രധാന കാരണം
ന്യൂമോണിയ വരുന്നതിനുള്ള ഒരു പ്രധാന കാരണമാണ് വായു മലിനീകരണം. 5 വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ ജനനസമയത്തെ ഭാരക്കുറവും, മാസം തികയാതെയുള്ള ജനനവും ന്യൂമോണിയയ്ക്കും അതു മൂലമുള്ള മരണത്തിനും സാധ്യത ഉണ്ടാക്കുന്നു.
രോഗലക്ഷണങ്ങള്‍
ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട്, നെഞ്ചുവേദന, കഫത്തോടുകൂടിയ ചുമ, പനി, വിയര്‍ക്കല്‍, വിറയല്‍, ക്ഷീണവും സ്ഥലകാലബോധമില്ലായ്മയും (പ്രത്യേകിച്ച് പ്രായമായവരില്‍) എന്നിവയാണ് ന്യൂമോണിയയുടെ പ്രധാന ലക്ഷണങ്ങള്‍.
കുഞ്ഞിന് ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈദ്യസഹായം തേടുക...
1. വേഗതയേറിയ
ബുദ്ധിമുട്ടുള്ള ശ്വസനം
2. ക്ഷീണം, ആശയക്കുഴപ്പം
3.ശ്വാസമെടുക്കുന്പോൾ
നെഞ്ച് ഉള്ളിലേക്കു വലിയുക
4.ചുണ്ടും നാക്കും നീലനിറമാവുക
ശ്വാസകോശത്തെ മാത്രമല്ല
ന്യൂമോണിയ ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത്. അത് രക്തത്തില്‍ അണുബാധയുണ്ടാകാനും ശ്വസന പ്രശ്നങ്ങള്‍ക്കും ശ്വാസകോശാവരണത്തിലെ നീര്‍ക്കെട്ടിനും ഹൃദ്രോഗത്തിനും കാരണമാകുന്നു.
ന്യൂമോണിയ ബാധിച്ച് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചേക്കാം. അതിനാല്‍ തന്നെ ആരംഭത്തിലെ വിദഗ്ധ ചികിത്സ ലഭ്യമാക്കിയാല്‍ ജീവന് രക്ഷിക്കാന്‍ സാധിക്കും.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത്ത് സർവീസസ്