തടി വച്ചത് അവരുടെ കുറ്റമല്ല..!
Thursday, April 20, 2023 3:48 PM IST
നന്നായി തടിച്ചിട്ടുണ്ടല്ലോ? എവിടുന്നാ റേഷൻ വാങ്ങുന്നെ? ഈ പരിഹാസം തടിയുള്ളവർ പലകുറി കേട്ടിട്ടുണ്ടാകും. പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിക്കാനോ അംഗീകരിക്കാനോ കഴിയാത്ത ബോഡിഷെയ്മിംഗിന്റെ ഒരു ഉദാഹരണമാണിത്. ഉന്നത വിദ്യാഭ്യാസമുള്ളവർപോലും അറിഞ്ഞോ അറിയാതെയോ ഇത്തരം ബോഡിഷെയ്മിംഗിന്റെ വക്താക്കളായി മാറുന്നു.
സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ പ്രസക്തമാകുന്നു. "കരിങ്കുന്നം എൽപി സ്കൂളിലെ കുട്ടികൾ എന്റെയൊപ്പം സെൽഫി എടുക്കുന്ന ചിത്രം ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെ ഒരു വ്യക്തി "വയറ് സ്വൽപം കുറയ്ക്കണം കേട്ടോ’ എന്ന് കമന്റ് ഇട്ടിരുന്നു.
ബോഡി ഷെയ്മിംഗ് ആധുനികകാലത്ത് ഹീനമായ കൃത്യമാണെന്നു ചൂണ്ടിക്കാട്ടി ഞാൻ മറുപടിയും കൊടുത്തു. എന്തൊക്കെ വ്യാഖ്യാനം കൊടുത്താലും ബോഡിഷെയ്മിംഗ് പ്രയോഗങ്ങൾ ഏറ്റവും മോശംതന്നെ. സ്നേഹത്തോടെ എന്ന മട്ടിൽ ആണത് പറയുക. നമ്മുടെ സമൂഹത്തിൽ നിരവധി തലങ്ങളിൽ ഇത് നടക്കുന്നുണ്ട്. ബോഡിഷെയ്മിംഗിന് ഇരയായി മാനസികനില പോലും തകർന്ന നിരവധിപ്പേർ നമ്മുടെ ഇടയിലുണ്ട്’. ബോഡിഷെയിമിംഗ് നമ്മൾ അവസാനിപ്പിക്കണം എന്ന ആഹ്വാനത്തോടെയാണ് മന്ത്രി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ബോഡിഷെയ്മിംഗ് ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നാണക്കേടും പരിഹാസവും അനുഭവിക്കുമെന്ന ഭയത്തിൽ പലപ്പോഴും അവർ ആധികാരിക സ്വഭാവം പ്രകടിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുകയും സ്വന്തം ആത്മാഭിമാനത്തെ സംശയിക്കാൻ തുടങ്ങുകയും ചെയ്യും. വിഷാദംപോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ, ഭക്ഷണ ക്രമക്കേടുകൾ തുടങ്ങിയവയും ഇവർക്കു സംഭവിക്കാം.
ഒരാൾ തടിച്ചിരിക്കുന്നതും മെലിഞ്ഞിരിക്കുന്നതും ഉയരംകൂടിയും കുറഞ്ഞുമിരിക്കുന്നതും അവരവരുടെ ശാരീരിക പ്രത്യേകതകൾകൊണ്ടാണ്. ഓരോ വ്യക്തിയും വ്യത്യസ്തരാണ് എന്ന സനാതന സത്യത്തെ അംഗീകരിക്കുകയാണു പരമപ്രധാനം. അവനവന്റെ ശാരീരിക പരിമിതികളിൽ അസ്വസ്ഥപ്പെടാതെയും അപരനെ നോക്കി കളിയാക്കാതെയും മുന്നോട്ടു നീങ്ങണം.
ഡോ. സെമിച്ചൻ ജോസഫ്
അസി. പ്രഫസർ
സാമൂഹ്യപ്രവർത്തന വിഭാഗം
ഡീപോൾ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
ടെക്നോളജി അങ്കമാലി.
ഫോൺ: 9947438515