സന്ധികളിൽ ഓക്സലേറ്റ് ക്രിസ്റ്റൽ അടിഞ്ഞുകൂടുന്പോൾ...
ഡോ.എം.പി. മണി
സ്ഥിരമായി ഉറപ്പിച്ച സന്ധികൾക്ക് ചലിക്കേണ്ട ആവശ്യം ഇല്ലാത്തതിനാൽ അവയിൽ വേദനയും ഉണ്ടാകുകയില്ല. ചലനമുള്ള സന്ധികളിൽ മാത്രമേ വേദന ഉണ്ടാവുകയുള്ളു. തലയോട്ടിയിലെ അസ്ഥിസന്ധികൾ സ്ഥിരമായി ഉറപ്പിച്ചവയാണ്.
ചലിക്കുന്ന സന്ധികളിൽ ചലനം സുഖകരമാകുന്നതിനും അസ്ഥികൾ തമ്മിൽ കൂട്ടിയുരുമ്മി തേയ്മാനം സംഭവിക്കാതിരിക്കുന്നതിനും തരുണാസ്ഥികൾ സഹായിക്കുന്നു. വെളുത്തതും ഇലാസ്റ്റിക്കിന്റെ പ്രവർത്തനം ഉള്ളതുമായ ഒരു സംവിധാനമാണിത്.
സൈനോവിയൽ ഫ്ളൂയിഡ്
ഇതിനുപുറമേ പേശികളും പേശികളെയും അസ്ഥികളെയും ബന്ധിപ്പിക്കുന്ന സംയോജക നാരുകളും കോശങ്ങളും ചുറ്റിനും ഉള്ളതുകൊണ്ട് സന്ധികളിൽ അസ്ഥികൾ സ്ഥാനഭ്രംശം സംഭവിക്കാതെ സുരക്ഷിതമായിരിക്കുന്നു.
സന്ധികളെ പൊതിഞ്ഞിരിക്കുന്ന ഒരു പാടയുണ്ട്. ഇതിന് സൈനോവിയൽ മെംബ്രേയ്ൻ എന്ന് പറയുന്നു. ഈ പാടയിൽ നിന്നു സ്രവിക്കുന്ന സൈനോവിയൽ ഫ്ളൂയിഡ് എന്ന വഴുവഴുപ്പുള്ള ദ്രാവകം സന്ധികളിൽ ചലനങ്ങൾ ഉണ്ടാകുന്ന അവസരങ്ങളിൽ സന്ധികൾക്കു സുരക്ഷിതത്വം പ്രദാനം ചെയ്യുന്നു.
കോശങ്ങളുടെ നാശവും വേദനയും തമ്മിൽ
കോശങ്ങളിൽ അനുഭവപ്പെടുന്ന അപസ്വരങ്ങളുടെ ഫലമായി ഉണ്ടാകുന്ന വേദനയ്ക്ക് ഏറ്റവും നല്ല ഉദാഹരണമാണ് ചുമലിൽ ഉണ്ടാകുന്ന വേദന. ചുമലിലെ പേശികളിലും സ്നായുക്കളിലും പരിക്കുകൾ കാരണമായോ അല്ലാതെയോ നീർക്കെട്ട് ഉണ്ടാകുമ്പോൾ വേദന മൂലം ചുമലിലെ സന്ധികളിൽ ചലനങ്ങൾ പ്രയാസം ഉള്ളതാകുന്നു.
ഇവിടെ യഥാർഥത്തിൽ സന്ധിയിലല്ല പ്രശ്നം. വേദനയ്ക്ക് കാരണമാകുന്നത് അവിടുത്തെ കോശങ്ങളിൽ സംഭവിക്കുന്ന നാശമാണ്.
യൂറിക് ആസിഡ് നില ഉയരുന്പോൾ
മനുഷ്യനെ ഏറ്റവും അധികം ദുരിതത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന ഒരു സന്ധിവാത രോഗമാണ് ഗൗട്ട്. രക്തത്തിൽ യൂറിക് ആസിഡിന്റെ നില ഉയരുകയും സന്ധികളിൽ കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റലുകൾ അടിഞ്ഞുകൂടുന്നതുമാണ് രോഗത്തിന്റെ അടിസ്ഥാന കാരണം.
സന്ധികളിൽ ഉണ്ടാകുന്ന വേദന അസഹനീയമായിരിക്കും. ശരിയായ രീതിയിൽ ചികിത്സ കൈകാര്യം ചെയ്യാതിരുന്നാൽ ഭാവിയിൽ വൃക്കകളിൽ പ്രശ്നങ്ങൾ ഉണ്ടാൻ സാധ്യതയുണ്ട്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393