തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
Tuesday, April 18, 2023 3:12 PM IST
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട് എന്ന് കവി പറയുന്പോൾ മാത്രമാണ് ജനം അറിയുന്നത്. കാഴ്ചയ്ക്ക് ചെറിയ പ്രശ്നങ്ങളുണ്ട്, പഴയപോലെ നടക്കാനും കഴിയുന്നില്ല. പക്ഷെ കവിത മനസിനെ വല്ലാതങ്ങ് ബാധിച്ചിരിക്കുകയാണ്. കാൽപനിക കവിതകളും ബാലകവിതകളും മാറിമാറി എഴുതിക്കൊണ്ടേയിരിക്കുന്നു.
""ഒരു കാൽപനിക കവിത എഴുതിക്കഴിഞ്ഞാൽ, പിന്നെ ഒരു ബാലകവിത എഴുതും അതാണെന്റെ രീതി. 15 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവിൽ എഴുതിയ രണ്ട് പുസ്തകങ്ങളുടെ ഡിടിപി ജോലി നടന്നുകൊണ്ടിരിക്കുന്നു.
പതിനേഴാമത്തെ പുസ്തകമായ "ആയിരം കാന്താരി പൂത്തിറങ്ങി' തെരഞ്ഞെടുത്ത നൂറിൽപ്പരം ബാലകവിതകൾ ഉൾച്ചേർത്തതാണ്. പ്ലസ് വൺ വരെയുള്ള കുട്ടികളെ മനസിൽ കണ്ടാണ് എഴുതുന്നത്. ഇന്നത്തെ കാലത്ത് കുട്ടികളെ നല്ല കാഴ്ചകളിലേക്ക് അടുപ്പിക്കുന്നത് അത്യാവശ്യമല്ലേ''-ഭരതന്നൂർ പറയുന്നു.
"അറിയുമോ സഖി പറയുമോ', "കിണ്ണം നിറയെ തേനമൃതം' തുടങ്ങിയവ പ്രധാനകൃതികളിൽ ഉൾപ്പെടും. ഭരതന്നൂർ ശിവരാജന്റെ കവിതകളെക്കുറിച്ചുള്ള അവലോകനത്തിൽ ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടിവായ ശ്രീകുമാർ മുഖത്തല പറയുന്നത് ശ്രദ്ധേയമാണ്.
ശിവരാജൻ ജനിച്ചുവളർന്ന തിരുവനന്തപുരം ജില്ലയിലെ ഭരതന്നൂർ മുൻകാലത്ത് തനി ഗ്രാമപ്രദേശമായിരുന്നു. അന്നത്തെ ആ ഗ്രാമത്തിന്റെ തനിമയും ഗ്രാമീണതയും ശിവരാജന്റെ കവിതകളിലുണ്ട്. ഇന്ന് ഏതാണ്ട് വിസ്മൃതിയിലായ "നണ്ണി' പോലെയുള്ള ധാരാളം മലയാളപദങ്ങളും കവിതകളിൽ കാണാം.
1996ൽ "ഗ്രന്ഥശേഖരം ആസ്വാദനവേദി' എന്ന ഒരു സംഘടനയ്ക്ക് ഭരതന്നൂർ ശിവരാജൻ രൂപം നൽകിയിരുന്നു. ഈ സംഘടന നടത്തിയ അഭിവന്ദനം എന്ന സാംസ്കാരിക ദൗത്യം ഇന്ത്യയിൽത്തന്നെ മറ്റു സംഘടനകൾക്ക് നടത്താൻ കഴിഞ്ഞിട്ടുണ്ടാകില്ല. സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ 300 പ്രമുഖരെ അവരുടെ വീടുകളിലെത്തി ശിവരാജനും സംഘവും ആദരിച്ചിരുന്നു.
പ്രമുഖരുടെ ആത്മമിത്രങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അഭിനന്ദനം. വൈക്കം ചന്ദ്രശേഖരൻ നായർ, പ്രഫ.വി.ആനന്ദക്കുട്ടൻ, മഹാകവി എം.പി.അപ്പൻ, പ്രഫ.എസ്.ഗുപ്തൻ നായർ, ഡോ.ജോർജ് ഓണക്കൂർ, പ്രഫ.വിഷ്ണു നാരായണൻ നന്പൂതിരി തുടങ്ങിയവർ ഇതിലുൾപ്പെടും.
അതുപോലെ ചലച്ചിത്ര താരങ്ങളായ മധു, മുരളി, ഗായകരായ കെ.പി.ഉദയഭാനു, കൃഷ്ണചന്ദ്രൻ അങ്ങനെ നീളുന്നു പട്ടിക. രാഷ്ട്രീയ കേരളത്തിന്റെ അഭിമാനമായ കെ.ആർ. ഗൗരിയമ്മയുടെ വസതിയിലെത്തിയ നിമിഷങ്ങളും ചരിത്രമാണ്. ഭർത്താവും മുൻമന്ത്രിയുമായ ടി.വി.തോമസുമായി അകന്ന് ജീവിച്ചിരുന്നപ്പോഴും തങ്ങളുടെ ഹൃദയങ്ങൾ അകന്നിരുന്നില്ല എന്ന് ഗൗരിയമ്മ തുറന്നു പറഞ്ഞത് അന്നാണ്.
ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമയെ ആദരിക്കുവാൻ ഒരു വൈകുന്നേരമാണ് തിരുവനന്തപുരം നഗരത്തിലെ പട്ടം കൊട്ടാരത്തിലെത്തിയത്. തിരുവിതാംകൂറിന്റെ അവസാന നാടുവാഴിയും തന്റെ പ്രിയപ്പെട്ട ജ്യേഷ്ഠനുമായ ചിത്തിരതിരുനാൾ മഹാരാജാവിനെക്കുറിച്ചും മറ്റും ഉത്രാടം തിരുനാൾ അന്ന് സംസാരിച്ചു. ഭരതന്നൂർ ശിവരാജൻ ഉൾപ്പെടെയുള്ള അതിഥികളെ ഉത്രാടം തിരുനാൾ തന്നെയാണ് സൽക്കരിച്ചത്. ഭരതന്നൂരിന്റെ ഓർമയിൽ എന്നും തങ്ങി നിൽക്കുന്ന ഒരു മുഹൂർത്തമാണിത്.
അഭിവന്ദനം നൽകിയ ഗാനരചയിതാവ് ബിച്ചു തിരുമലയുമായും നല്ല ഹൃദയബന്ധമുണ്ടായിരുന്നു ഭരതന്നൂരിന്. 1985ൽ ഒരു ഭക്തി കാസറ്റിനു വേണ്ടി പത്ത് ദേവീസ്തുതി ഗീതങ്ങൾ എഴുതുവാൻ ബിച്ചുവിന് അവസരം കിട്ടി. അന്ന് മദ്രാസിൽ നല്ല തിരക്കിലായിരുന്നു അദ്ദേഹം. തനിക്കു കിട്ടിയ ഈ ഓഫർ ബിച്ചു തിരുമല ഭരതന്നൂരിന് നൽകി. ഇതിനു മുന്പ് ഗാനങ്ങൾ എഴുതിയിട്ടില്ല എന്ന് പറഞ്ഞപ്പോൾ ""ദേവിയെക്കുറിച്ച് കവിതകൾ എഴുതിയാൽ മതി''എന്നായി ബിച്ചു.
"ഭഗവതിസേവ' എന്ന കാസറ്റ് വൻഹിറ്റാവുകയും ചെയ്തു. ഭക്തിഗാനങ്ങൾ കേട്ട ബിച്ചു തിരുമല ഭരതന്നൂരിനോട് ചോദിച്ചത്-""ക്ഷേത്രങ്ങളിൽ പോകുന്ന പതിവില്ലാത്ത ശിവരാജൻ എങ്ങനെ ഇത്ര ഭക്തിസാന്ദ്രമായി എഴുതി എന്നാണ്''.
ബിച്ചുവിനെപ്പോലെ സ്വന്തം ഹൃദയത്തോട് ചേർന്നു നിന്നവരെ മാത്രമല്ല മലയാളം വിസ്മരിച്ചു തുടങ്ങിയ പല പ്രതിഭകളേയും ഭരതന്നൂർ ആദരിച്ചു എന്നതാണ് സവിശേഷത. പ്രഫ.ജി.എൻ.പണിക്കർ, ഇ.വാസു, വിതുര ബേബി, പ്രഫ.വട്ടപ്പറന്പിൽ ഗോപിനാഥപിള്ള, പ്രഫ.രാംദാസ്, പ്രഫ.എം.എ.കരീം, വിശ്വമംഗലം സുന്ദരേശൻ തുടങ്ങിയവരുടെ പിന്തുണ ചടങ്ങിനെ വിജയിപ്പിച്ചിരുന്നു.
1962 മുതൽ 1986 വരെ നീണ്ടകാലം കെഎസ്ആർടിസിയിൽ ആയിരുന്നു ഭരതന്നൂർ ശിവരാജന്റെ പ്രവർത്തനം. ഇതിൽ 18 വർഷം കെഎസ്ആർടിസിയുടെ മുഖപത്രമായ ട്രാൻസ്പോർട്ട് റിവ്യൂവിന്റെ എഡിറ്ററും പബ്ലീഷറുമായിരുന്നു. തന്റെ സാഹിത്യജീവിതത്തിനു ഈ പദവി വലിയൊരു മുതൽക്കൂട്ടായി മാറി എന്ന് ഭരതന്നൂർ പറയുന്നുണ്ട്.