രക്തദാഹികളായ വൃക്കകൾ...!
ഡോ. മനോജ് വെള്ളനാട്
Tuesday, April 11, 2023 2:27 PM IST
വൃക്കകളുടെ യഥാർഥസ്വഭാവവും അവയുടെ ചില ആശങ്കകളും ഇവിടെ പങ്കുവയ്ക്കാം.
1. വൃക്ക ഒരു രക്തദാഹികളായ അവയവമാണ്. ഹൃദയത്തിൽനിന്നു പമ്പ് ചെയ്യുന്ന രക്തത്തിന്റെ 25 ശതമാനവും രണ്ടു വൃക്കകളും കൂടിയാണ് അടിച്ചു മാറ്റുന്നത്.
2. നമ്മുടെ ആകെ ശരീരഭാരത്തിന്റെ അരശതമാനംപോലുമില്ലാത്ത ഇത്തിരി കുഞ്ഞന്മാരാണീ പരാക്രമമൊക്കെ കാണിക്കുന്നത്.
3. പയർമണിയുടെ ആകൃതിയും വെറുമൊരു കംപ്യൂട്ടർ മൗസിന്റെ മാത്രം വലിപ്പവുമാണൊരു വൃക്കയ്ക്കുളളത്.
4. വൃക്കയ്ക്കുള്ളിൽ 10 ലക്ഷം നെഫ്രോണുകളുണ്ട്്. ഈ നെഫ്രോണുകളാണ് കിഡ്നിയിലെ ശരിക്കുമുള്ള ജോലിക്കാർ.
5. ഈ നെഫ്രോണുകൾ വൃക്കയിലെത്തുന്ന രക്തത്തിൽനിന്ന് ഒരു മിനിറ്റിൽ 125ml അരിച്ചെടുക്കും. ഒരു ദിവസം 180 ലിറ്റർ. (125x 60 x 24 = 1,80,000). 150 ഗ്രാം വീതമുള്ള രണ്ടണ്ണന്മാരും കൂടി ഒരുദിവസം അരിച്ചെടുക്കുന്നതിന്റെ അളവാണിതെന്ന് ഓർക്കുക!
6. നിരന്തരം, അക്ഷീണം പരിശ്രമിക്കുന്ന രണ്ടു വൃക്കക്കുട്ടന്മാരും കൂടി ഓരോ 30 മിനിറ്റിലും നമ്മുടെ രക്തം പൂർണമായും ശുദ്ധീകരിച്ചു തിരികെ തരുന്നു.
7. അങ്ങനെ ഒരുദിവസം 50 പ്രാവശ്യമാണ് വൃക്കകൾ രക്തശുദ്ധീകർമം നിർവഹിക്കുന്നത്. എന്നുവച്ചാൽ ഓരോ തുള്ളി രക്തവും ദിവസവും 50 പ്രാവശ്യം വൃക്കസന്ദർശനം നടത്തുന്നുണ്ട്.
8. ഒരു ദിവസം ഒരാൾ എത്ര ലിറ്റർ മൂത്രമൊഴിക്കും? കൂടിപ്പോയാൽ ഒന്നര, അല്ലെങ്കിൽ രണ്ടു ലിറ്റർ. എന്നു വച്ചാൽ ഈ അരിച്ചെടുത്ത 180 ലിറ്ററീന്ന് 178 ലിറ്ററും വൃക്കകൾ തിരിച്ച് വലിച്ചുകേറ്റും. നമ്മുടെ വീട്ടിലെ പമ്പുസെറ്റിനുണ്ടോ മാഷേ ഇത്രേം കപ്പാസിറ്റി!
9. ഒരാളുടെ ശരീരത്തിലെ നെഫ്രോണുകളെ നിവർത്തി, ഒന്നിനു പിറകെ ഒന്നായി ചേർത്തുവച്ചാൽ എത്ര നീളം വരുമെന്നറിയാമോ? ഏതാണ്ട് 16 കിലോമീറ്റർ! ഒരറ്റത്തൂന്ന് ഓട്ടോ പിടിച്ച് മറ്റേ അറ്റത്തെത്താൻ മിനിമം 500 രൂപ കൊടുക്കണം.
12. കിഡ്നിക്ക് മൂത്രമുണ്ടാക്കല് മാത്രമല്ല കേട്ടോ പണി. രക്തത്തിലെ ഹീമോഗ്ലോബിനുണ്ടാവാൻ സഹായിക്കുന്ന എറിത്രോപോയെട്ടിൻ ഉണ്ടാക്കണം, രക്തസമ്മർദം കൃത്യമാണോന്നു ചെക്ക് ചെയ്ത് വ്യത്യാസമുണ്ടെങ്കിൽ അതിനനുസരിച്ച് കറക്റ്റ് ചെയ്യണം, വൈറ്റമിൻ ഡി-യെ കർമോത്സുകനാക്കണം, ശരീരത്തിലെ ആസിഡ്- ബേസ് സന്തുലിതാവസ്ഥ നിലനിർത്തണം, രക്തത്തിലെ സോഡിയം, പൊട്ടാസ്യം, കാത്സ്യം, ഫോസ്ഫറസ് തുടങ്ങി പിരിയോഡിക് ടേബിളിലുള്ള സകലവന്മാരെയും വരുതിക്കു നിർത്തണം... ഇനിയുമൊണ്ട് കുറേ...
ഇത്രയൊക്കെ ചെയ്താലും മൂത്രോണ്ടാക്കുന്നവനെന്ന ആ വിളിയാ ബാക്കി!