അപൂർവ സുന്ദര സ്വാതി ചിത്രം
Saturday, February 25, 2023 4:31 PM IST
തിരുവനന്തപുരത്തെ ശ്രീ സ്വാതി തിരുനാൾ സംഗീതകോളജിൽ കഴിഞ്ഞ ദിവസം പ്രശസ്ത ശിൽപ്പിയും ചിത്രകാരനുമായ കെ.എസ്.സിദ്ധൻ വരച്ച സ്വാതി തിരുനാൾ മഹാരാജാവിന്റെ അർധകായ എണ്ണഛായാചിത്രം അനാഛാദനം ചെയ്യപ്പെട്ടു. സംഗീതസംവിധായകനും സ്വാതി തിരുനാൾ കോളജിലെ പൂർവവിദ്യാർഥിയുമായ സതീഷ് രാമചന്ദ്രൻ കലാലയത്തിനു സമർപ്പിച്ചതാണ് ഈ മനോഹര ചിത്രം.
സംഗീതം എന്ന പുണ്യം തനിക്കു നൽകിയ ശ്രീസ്വാതി തിരുനാൾ സംഗീത കോളജിനു സംഗീത ചക്രവർത്തി സ്വാതി തിരുനാളിന്റെ ചിത്രം നൽകിയപ്പോൾ അതൊരു സമർപ്പണമായി സതീഷ് രാമചന്ദ്രന്. ശിൽപ്പി കെ.എസ്.സിദ്ധനാകട്ടെ ഈ അർധകായ ചിത്രം തന്റെ കലാജീവിതത്തിന്റെ മറ്റൊരു അനർഘ നേട്ടവും.
ഏതോ ഒരു നിയോഗം പോലെ സ്വാതി ചിത്രത്തിലേക്ക് എത്തിയതാണ് സതീഷ് രാമചന്ദ്രൻ. മഹാരഥന്മാരായ സംഗീതജ്ഞർ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ശ്രീ സ്വാതി തിരുനാൾ സംഗീത കോളജിൽ സംഗീതം പഠിക്കുവാൻ സാധിച്ചത് ദൈവാനുഗ്രഹമായി കാണുന്നു ഇദ്ദേഹം.
ഇന്നും സംഗീത കോളജിനു മുന്നിലൂടെ യാത്ര ചെയ്യുന്പോൾ അവിടെയിറങ്ങി മുന്നിൽ നിന്നും നമസ്കരിച്ചിട്ടു മാത്രമേ യാത്ര തുടരാറുള്ളൂ. കൊല്ലത്തെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന തനിക്ക് ചരിത്രപ്രസിദ്ധമായ കലാലയത്തിൽ ഗാനഭൂഷണവും ഗാനപ്രവീണയും പഠിക്കുവാനായത് വലിയ സുകൃതമെന്ന് ഇദ്ദേഹം പറയുന്നു.
ഗാനപ്രവീണ അവസാന വർഷ വിദ്യാർഥിയായിരുന്ന കാലത്ത് സീനിയർ വിദ്യാർഥികൾ ചേർന്ന് കാന്പസിൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ പ്രിൻസിപ്പലിന് നിവേദനം നൽകിയിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും അത് നടന്നില്ല. 24 വർഷങ്ങൾക്കു ശേഷമാണ് പ്രതിമാ നിർമാണം സാധ്യമാകുവാനുള്ള വഴി തുറക്കുന്നത്. പഴയ നിവേദനത്തിന്റെ കഥകൾ അറിയുന്ന അന്നത്തെ പ്രിൻസിപ്പൽ ആർ.ഹരികൃഷ്ണൻ ആണ് ഇതിനു മുൻകൈ എടുക്കുന്നത്.
സംഗീത കോളജിലെ ചില കെട്ടിടങ്ങളുടെ പുനർനിർമാണം നടക്കുന്ന സമയത്ത് സ്വാതി തിരുനാളിന്റെ പ്രതിമാ സ്ഥാപനം കൂടി കണക്കിലെടുക്കുകയായിരുന്നു. ശിൽപ്പ നിർമാണത്തിനു ക്വട്ടേഷൻ ക്ഷണിച്ചപ്പോൾ വളരെ വലിയ തുകയാണ് പല ശിൽപ്പികളും ആവശ്യപ്പെട്ടത്. ഈ അവസരത്തിലാണ് ശിൽപി കെ.എസ്.സിദ്ധനുമായി അടുപ്പമുണ്ടായിരുന്ന സതീഷിനെ പ്രിൻസിപ്പൽ ഹരികൃഷ്ണൻ കോളജിലേക്ക് ക്ഷണിക്കുന്നതും സംസാരിക്കുന്നതും.
തലസ്ഥാനത്ത് വയലാറിന്റെയും ദേവരാജൻ മാസ്റ്ററിന്റെയും കെ.കരുണാകരന്റെയും ഉൾപ്പെടെയുള്ള മനോഹര ശിൽപ്പങ്ങൾ തീർത്ത ശിൽപ്പിയാണ് കെ.എസ്.സിദ്ധൻ. സ്വാതി ശിൽപ്പവുമായി ബന്ധപ്പെട്ടവരുടെ മനസറിഞ്ഞ കെ.എസ്.സിദ്ധൻ എട്ടുലക്ഷം രൂപയ്ക്കു പ്രതിമ നിർമിക്കാമെന്ന ധാരണയിൽ ഒപ്പു വയ്ക്കുകയായിരുന്നു.
എട്ടു ലക്ഷം രൂപയിൽ അഞ്ച് ലക്ഷം ചലച്ചിത്ര നടൻ സുരേഷ് ഗോപിയുടെ നേതൃത്വത്തിലുള്ള സംഘടന നൽകിയതാണ്. അധ്യാപകരും മറ്റും നൽകിയ തുകയും കൂടി ചേർന്നപ്പോൾ ആണ് എട്ടുലക്ഷം വകയിരുത്തിയത്.
കൊറോണ കാലത്ത് നടന്ന പ്രതിമാ നിർമാണത്തിന്റെ ഓരോ ഘട്ടവും കാണുവാനുള്ള അവസരവും പൂർവവിദ്യാർഥിയെന്ന നിലയിൽ തനിക്കുണ്ടായിരുന്നുവെന്നും ലോകത്തിലെ തന്നെ ഇത്രയും വലുപ്പത്തിലുള്ള സ്വാതി തിരുനാളിന്റെ അർധകായ വെങ്കല പ്രതിമ വേറെ ഉണ്ടോയെന്നും സംശയമാണെന്നും സതീഷ് രാമചന്ദ്രൻ.
പ്രിൻസിപ്പൽ ഹരികൃഷ്ണന്റെ പൂർണപിന്തുണയും മനസുമാണ് സ്വാതി മഹാരാജാവിന്റെ ശിൽപ്പം സത്യമാകുന്നതിനു പിന്നിലെ പ്രധാന ശക്തി. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യമാണ് ഈ സ്വപ്ന പദ്ധതിയെ സാക്ഷാത്കരിച്ചതെന്നും സതീഷ് രാമചന്ദ്രന്റെ വാക്കുകൾ.
സ്വാതി ചിത്രം
ശിൽപ നിർമാണ സമയത്ത് കെ.എസ്.സിദ്ധൻ ഇന്ന് നിലവിലുള്ള സ്വാതി ചിത്രങ്ങളുടെ ചില പോരായ്മകൾ ചൂണ്ടിക്കാട്ടിയിരുന്നു. സ്വാതി തിരുനാളിന്റെ കുട്ടിക്കാലത്തെ പെയിന്റിംഗ് മാത്രമാണ് ഒറിജിനൽ ചിത്രമായിട്ടുള്ളത്. മുപ്പത്തിമൂന്നാമത്തെ വയസിൽ നാടുനീങ്ങിയ മഹാരാജാവാണ് സ്വാതി തിരുനാൾ. അപ്പോൾ യൗവനത്തിന്റെ എല്ലാ ഊർജവും ആ മുഖത്തുണ്ടാകും. എന്നാൽ നന്നായി പുഞ്ചിരിക്കുന്ന ഒരു സ്വാതി തിരുനാൾ ചിത്രവും നിലവിലില്ല.
ഇന്നു കാണുന്ന ചിത്രങ്ങൾ പല കാലത്തും പല ചിത്രകാരന്മാരും അവരുടെ ഭാവന അനുസരിച്ച് വരച്ചതാണ്. അതിൽ നിന്നും വ്യത്യസ്തമായി സ്വാതി തിരുനാൾ മഹാരാജാവിന്റെ യഥാർഥ രൂപത്തോട് സാദൃശ്യമുള്ള പെയിന്റിംഗ് തന്നെ വേണം എന്ന ചിന്തയാണ് ഈ പെയിന്റിംഗിനു പിന്നിൽ. പ്രതിമാ നിർമാണത്തിനൊപ്പം തന്നെ കെ.എസ്.സിദ്ധൻ ചിത്രം വരയ്ക്കുവാനും തുടങ്ങിയിരുന്നു.
നാടുവാണ മഹാരാജാക്കന്മാരുടെ പെയിന്റിംഗ് തീർക്കുന്നതിന് ചില നിയമങ്ങളൊക്കെ ഉണ്ട്. സാധാരണ പെയിന്റിംഗുകളേക്കാൾ വളരെ ചെലവ് വരും. മൂന്നരയടി ഉയരവും മൂന്ന് അടി വീതിയുമുള്ള ചിത്രത്തിന്റെ ചെലവ് അന്പതിനായിരം രൂപയിൽ താഴെയായിരുന്നു. വലിയൊരു ഗവേഷണവും ഈ എണ്ണഛായാചിത്രത്തിനു പിന്നിലുണ്ട്.
സ്വാതി തിരുനാളിന്റെ രാജകീയ വേഷം, ആഭരണങ്ങൾ അങ്ങനെ എല്ലാം വരയ്ക്കുന്നത് നന്നായി പഠിച്ച ശേഷമാണ്. ചിത്രം അനാഛാദനം ചെയ്ത തിരുവിതാംകൂർ രാജകുടുംബാംഗവും പ്രശസ്ത കർണാടക സംഗീതജ്ഞനുമായ പ്രിൻസ് അശ്വതി തിരുനാൾ രാമവർമ പറഞ്ഞത്- ""ധ്യാനാത്മകമായ കണ്ണുകളാണ് സ്വാതി തിരുനാൾ മഹാരാജാവിന്റേതെന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. ചിത്രത്തിൽ അതേ കണ്ണുകൾ കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു ''എന്നാണ്.
ശ്രീ സ്വാതി തിരുനാൾ സംഗീത കോളജിൽ ഈ വർഷം തന്നെ സ്വാതി തിരുനാൾ മഹാരാജാവിന്റെ ശിൽപ്പത്തിനൊപ്പം തന്റെ സമർപ്പണം കൂടി നൽകുവാനായത് തന്റെ സംഗീത ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണെന്ന് സതീഷ് രാമചന്ദ്രൻ പറയുന്നു.