അടച്ചിട്ട മുറികളിൽ നടക്കുന്നത്..!
Thursday, February 16, 2023 5:35 PM IST
ഭക്ഷണം കഴിക്കാനായി നവ്യയുമായി നിഥിന് നഗരത്തിലൂടെ കറങ്ങി. ഇടപ്പള്ളിയില്‍നിന്ന് മറൈന്‍ഡ്രൈവ് വരെ ആ വാഹനം സഞ്ചരിച്ചു. ഇതിനിടയില്‍ ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണവും കഴിച്ചു. ഹോട്ടല്‍ ബില്ല് താന്‍തന്നെയാണ് കൊടുത്തതെന്ന് നവ്യ പറഞ്ഞു.
ഭക്ഷണം കഴിച്ചശേഷം മടങ്ങുമ്പോള്‍ നിഥിന് നവ്യയോട് പറഞ്ഞു: ‘നാളെ ഇന്റര്‍വ്യൂവിനായി മൂന്നു പെണ്‍കുട്ടികള്‍ വരുന്നുണ്ട്. അവരുടെ കാര്യങ്ങളൊക്കെ നീയാണ് നോക്കേണ്ടത്’. അവര്‍ക്ക് വേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് നവ്യ തിരിച്ചു ചോദിച്ചപ്പോള്‍ അവരുടെ ശമ്പളക്കാര്യങ്ങളൊക്കെ പറഞ്ഞുകൊടുക്കണമെന്നായിരുന്നു അയാള്‍ പറഞ്ഞത്. ബയോഡാറ്റ വാങ്ങിവയ്ക്കണം. നീ അവര്‍ക്ക് ട്രെയിനിംഗ് കൊടുക്കണമെന്നും നിഥിന് പറഞ്ഞു.
മസാജ് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് അവര്‍ക്ക് പറഞ്ഞുകൊടുക്കണമെന്നായി അയാളുടെ സംസാരം. താന്‍ ഈ ഫീല്‍ഡില്‍ ആദ്യമായിട്ടാണ്. ഇതിനെക്കുറിച്ചൊന്നും അറിയില്ല. മസാജിംഗ് നിങ്ങളാരെങ്കിലും പഠിപ്പിക്കൂ, അവരുടെ ബയോഡാറ്റയും കാര്യങ്ങളുമൊക്കെ താന്‍ വാങ്ങിവയ്ക്കാമെന്ന് യുവതി അയാളോടു പറഞ്ഞു. പക്ഷേ ഈ സ്ഥാപനത്തില്‍ പേഴ്സണല്‍ സെക്രട്ടറിയായി ജോലി ചെയ്യുമ്പോള്‍ ഇവിടത്തെ കാര്യങ്ങളൊക്കെ നിങ്ങള്‍ അറിയേണ്ടതല്ലെയെന്നായിരുന്നു നിഥിന്റെ മറുചോദ്യം.
ട്രെയിനിംഗിന് ആരെ വേണം?
ട്രെയിനിംഗിന് പുരുഷനെ വേണോ സ്ത്രീയെ വേണോയെന്ന് നിനക്ക് തീരുമാനിക്കാമെന്ന് അയാള്‍ യുവതിയോടു പറഞ്ഞു. നമ്മള് തമ്മില്‍ ഇത്രയും സൗഹൃദത്തിലായ സ്ഥിതിക്ക് നീ എന്നെത്തന്നെ സെലക്ട് ചെയ്യുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു. ഭയചകിതയായ യുവതി ഒന്നും മിണ്ടാതെ ഇതെല്ലാം കേട്ടുനിന്നു.
സ്പായിലെത്തിയശേഷം യുവതിയെ നിഥിന് ഒരു മുറിക്കുള്ളിലിരുത്തി. തുടർന്നു ലൈറ്റ് ഓഫാക്കി. ട്രെയിനിംഗിനായി നീ എന്നെയെ സെലക്ടു ചെയ്യൂവെന്ന് അറിയാമെന്ന് അയാൾ വീണ്ടും പറഞ്ഞു. തനിക്ക് ഇതിനോടൊന്നും താല്പര്യമില്ലെന്നു പറഞ്ഞ് മുറിക്കുള്ളിൽനിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
ഷാംപൂവും സോപ്പും ടവലും നല്‍കിയശേഷം കുളിച്ചിട്ടുവരാന് അയാള്‍ പറഞ്ഞു. സ്വകാര്യ ഭാഗങ്ങള്‍ ആ ടവലുകൊണ്ട് മറയ്ക്കണമെങ്കില്‍ ആകാമെന്നും അയാള്‍ പറഞ്ഞു. നിങ്ങള്‍ ഉദേശിക്കുന്ന പെണ്ണല്ലെന്നും ഇതിന് താല്പര്യമില്ലെന്നും ആ യുവതി അയാളോടു ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. പക്ഷേ അയാള്‍ പിൻമാറിയില്ല.
ഒടുവില്‍ ഇപ്പോള്‍ വരാമെന്നു പറഞ്ഞ് അയാള്‍ അടുത്ത മുറിയിലേക്കുപോയ സമയത്ത് നവ്യ അവിടത്തെ ലൊക്കേഷന്‍ ബന്ധുക്കള്‍ക്ക് വാട്സാപ്പിലൂടെ കൈമാറി. എങ്ങനെയെങ്കിലും വന്ന് രക്ഷിക്കണമെന്നു യുവതി ബന്ധുക്കളോട് പറഞ്ഞു.
അതിനിടെ മുറിയിലേക്കു വീണ്ടും വന്ന നിഥിൻ മേല്‍വസ്ത്രം ഇട്ടശേഷം മറ്റു വസ്ത്രങ്ങള്‍ മാറ്റിവരാന്‍ നവ്യ യോട് ആവശ്യപ്പെട്ടു. അര്‍ധനഗ്നയായി അയാള്‍ക്ക് മസാജ് ചെയ്തുകൊടുക്കാനും നിർദേശിച്ചു.
ആളുകളെ കണ്ട് ഇറങ്ങിയോടി
ഈസമയം നവ്യയുടെ ബന്ധുക്കള്‍ അവിടെ എത്തി. സ്പായിലെ റിസപ്ഷനില്‍ ഇരുന്ന മൂന്നു സ്ത്രീകളോട് നവ്യ എവിടെ എന്ന് ബന്ധുക്കള്‍ ചോദിച്ചെങ്കിലും അവര്‍ വ്യക്തമായ മറുപടി പറഞ്ഞില്ല.
ആ സമയത്ത് അവിടെ മസാജിംഗിനായി എത്തിയ കസ്റ്റമര്‍മാരും ഉണ്ടായിരുന്നു. യുവതിയുടെ ബന്ധുക്കള്‍ പ്രധാന കവാടത്തിന് അടുത്തായി അടഞ്ഞുകിടന്ന ചെറിയ മുറിക്ക് മുന്നിലെത്തി ശക്തമായി തട്ടിയപ്പോള്‍ വാതില്‍ തുറന്നു. അവര്‍ അകത്തു ചെന്നപ്പോള്‍ കണ്ടത് ഇരുട്ടുമുറിയിലെ സോഫയില്‍ ഒരു മൂലയിലായി പേടിച്ചിരിക്കുന്ന നവ്യയെയാണ്. അതിനടുത്തായി നിഥിന് മേശയ്ക്കുമേല്‍ ഒരു കാല് കയറ്റിവച്ച് ഇരിപ്പുണ്ടായിരുന്നു.
ഇവിടെ എന്താണ് നടക്കുന്നതെന്ന് യുവതിയുടെ ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ മസാജിനെക്കുറിച്ച് പറഞ്ഞുകൊടുക്കുകയാണെന്നു പറഞ്ഞ് രക്ഷപ്പെടാനായി ശ്രമം. യുവതിയുടെ ബന്ധുവിന്റെ സുഹൃത്തുക്കള്‍ കൂടി എത്തിയതോടെ അവിടെ ഉണ്ടായിരുന്ന സ്ത്രീകള്‍ ഇറങ്ങിയോടി. കസ്റ്റമേഴ്സും അവിടെനിന്നും രക്ഷപ്പെട്ടു. പക്ഷേ നിഥിനെ ബന്ധുക്കള്‍ അവിടെ പിടിച്ചുവച്ചു.
അതിനിടെ അവിടെ എത്തിയ മറ്റൊരു മാനേജര്‍ ഇക്കാര്യം പോലീസില്‍ അറിയിക്കരുതെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടു. പക്ഷേ, യുവതിയുടെ ബന്ധുക്കള്‍ പാലാരിവട്ടം പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി തൃപ്രയാര്‍ സ്വദേശിയായ നിഥിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
സ്പായുടെ സഹ ഉടമ നിലവില്‍ ഒളിവിലാണ്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചതായി പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ ജോസഫ് സാജന് പറഞ്ഞു. ഒളിവില്‍ പോയ സഹ ഉടമ മുമ്പ് സ്പായില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതായും വിവരമുണ്ട്.
അമിത മേക്കപ്പ്, അല്പ വസ്ത്രം
ഉണിച്ചിറയിലെ ഇയാളുടെ മറ്റൊരു സ്പായില്‍ കണ്ട കാഴ്ചകളും നവ്യ വിശദീകരിച്ചു. ഇരുട്ടു നിറഞ്ഞ ചെറിയ മുറിയില്നിന്നുയരുന്ന പൊട്ടിച്ചിരികള്‍... മസാജ് ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിക്ക് വാതിലിനടിയിലൂടെ ഗര്‍ഭനിരോധന ഉറകള്‍ എത്തിച്ചുകൊടുക്കുന്ന ജീവനക്കാരികള്‍... ടെലികോളറുമാരായ യുവതികളുടെ ഫോണിലേക്ക് മസാജിംഗ് മുറിയില്‍നിന്ന് തുടര്‍ച്ചയായി എത്തുന്ന ഫോണുകള്‍...
20 മുതല്‍ 28 വയസുവരെയുള്ള വിവാഹിതകളും അവിവാഹിതകളുമായ യുവതികളാണ് തെറാപ്പിസ്റ്റുകളുടെ റോളില്‍ ഉണ്ടായിരുന്നത്. പഞ്ചാബിയും ഫിലിപ്പീന്സുകാരിയുമൊക്കെ കൂട്ടത്തിലുണ്ട്.
അമിത മേക്കപ്പും അല്പ വസ്ത്രധാരണവും ചെയ്തു നില്ക്കുന്ന യുവതികളെ കസ്റ്റമറിനു മുന്നില്‍ രണ്ടു മിനിറ്റു നേരം നിറുത്തി ഇഷ്ടമുള്ളവരെ തെരഞ്ഞെടുക്കാനുള്ള സൗകര്യവും സ്പാകളിൽ ഒരുക്കിയിരുന്നതായി നവ്യ പറയുന്നു.
പ്രതികളുടെ വിവിധ സ്പാകളിലായി 30 ലധികം പെണ്‍കുട്ടികള്‍ തെറാപ്പിസ്റ്റായും ടെലി കോളറായും ജോലി ചെയ്യുന്നുണ്ടെന്നും നവ്യ വെളിപ്പെടുത്തി. (തുടരും)