കവിയുടെ കൈ പിടിച്ച്....
Wednesday, February 8, 2023 4:16 PM IST
ചെന്നൈയിലെ പി.ഭാസ്കരന്റെ വീട്ടിൽ അച്ഛൻ ആഗസ്റ്റിൻ ജോസഫിനൊപ്പം വന്ന് താമസിച്ചിരുന്ന നീണ്ട് മെലിഞ്ഞ പയ്യനെക്കുറിച്ച് ഇന്ദിരാ ഭാസ്കരൻ പറയുമായിരുന്നു- ""ഭാസ്കരൻ മാസ്റ്ററും അഗസ്റ്റിൻ ജോസഫും സ്റ്റുഡിയോയിലൊക്കെ പോകുംനേരം മുറിയിൽ ഒറ്റയ്ക്കിരുന്നു സാധകം ചെയ്യുമായിരുന്നു കൗമാരക്കാരനായ ഗായകൻ. അധികം സംസാരമൊന്നുമില്ല.
എപ്പോഴും പാടിക്കൊണ്ടിരിക്കും.'' കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെ കാലമായി തന്റെ മന്ത്രനാദം കൊണ്ട് അമ്മാനമാടുന്ന സാക്ഷാൽ കെ.ജെ.യേശുദാസിനെക്കുറിച്ചുള്ള ഇന്ദിരാ ഭാസ്കരന്റെ ഓർമകളായിരുന്നു ഇത്. യേശുദാസിന്റെ ഗാനജീവിതത്തിന്റെ തുടക്കകാലത്ത് ചെന്നൈയിലെത്തുന്പോൾ ഏറ്റവും വലിയ ആശ്വാസം പി.ഭാസ്കരൻ മാസ്റ്റർ ആയിരുന്നു. ആ കുടുംബത്തിലെ അംഗങ്ങളെപ്പോലെ തന്നെയാണ് ഗൃഹനാഥയായ ഇന്ദിര അഗസ്റ്റിൻ ജോസഫിനേയും മകനേയും കണ്ടിരുന്നതും.
ഇതുപോലെ എത്രയോ പ്രതിഭകളുടെ കലാജീവിതത്തിന്റെ ഉയർച്ചയുടെ വഴികളിൽ സാക്ഷിയായിട്ടുണ്ട് ഇന്ദിരാ ഭാസ്കരൻ. പി.ഭാസ്കരൻ എന്ന അനശ്വര കവിയുടെ, ഗാനരചയിതാവിന്റെ, സംവിധായകന്റെ തണലിൽ ശാന്തയായി വലിയ കാലം ജീവിച്ചു ഇന്ദിര. ഭർത്താവിനു ലഭിച്ച പദവികളിലും അംഗീകാരങ്ങളിലും സന്തോഷിക്കുന്പോൾ തന്നെ ആ പ്രശസ്തിയുടെ പങ്ക് പറ്റാതെ ഗൃഹനാഥയായി ഒതുങ്ങിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ കഴിഞ്ഞ ദിവസം വേർപിരിഞ്ഞു പോകുന്പോഴും വലിയ വാർത്തകളും ലേഖനങ്ങളും ഒന്നും വന്നില്ല.
പി.ഭാസ്കരന്റെ ജീവിതത്തിലെ ഈ സൗമ്യ സാന്നിധ്യം കവിയുടെ കരുത്തായിരുന്നു എന്നും അധികം പേരും അറിഞ്ഞതുമില്ല. പതിനെട്ടാമത്തെ വയസിൽ പി.ഭാസ്കരന്റെ ജീവിതത്തിലേക്കു എത്തിയ കാലം മുതൽ ഭാസ്കരൻ മാസ്റ്റർ വേർപെടും വരെ ഒരു നിഴൽ പോലെ ഇന്ദിരയും ഉണ്ടായിരുന്നു.
കവിയുടെ ഓർമകൾക്കു മങ്ങലേറ്റ അവസാന കുറേ വർഷങ്ങളിൽ യഥാർത്ഥത്തിൽ താങ്ങും തണലുമായി മാറി ഇന്ദിരാ ഭാസ്കരൻ. അധികം ആരും അറിയാത്ത കയറ്റിയിറക്കങ്ങളുടെ കാലങ്ങളും കവിയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഉയർച്ചയുടേയും അടിപതറലിന്റെയും കാലത്തെല്ലാം ഇന്ദിര ഒപ്പമുണ്ടായിരുന്നു.
1978-79 കാലഘട്ടത്തിൽ മദ്രാസിൽ നിന്നും കേരളത്തിലേക്ക് പി.ഭാസ്കരൻ ചേക്കേറുന്നത് നഷ്ടസ്വപ്നങ്ങളുമായിട്ടായിരുന്നു. സിനിമാ നിർമാണവും മറ്റുമായി ബന്ധപ്പെട്ട് കടബാധ്യതകൾ കാരണം വീടും സ്ഥലവും വിറ്റിട്ടാണ് തിരുവനന്തപുരത്തെത്തുന്നത്. ജവഹർ നഗറിലെ പല വാടക വീടുകളിലും മാറിമാറി താമസിച്ച കാലം ഇന്ദിര മറന്നിട്ടില്ല.
കവി പെരുന്പുഴ ഗോപാലകൃഷ്ണന്റെ "പി.ഭാസ്കരൻ-ഉറങ്ങാത്ത തംബുരു' എന്ന ജീവചരിത്ര ഗ്രന്ഥത്തിൽ ഇങ്ങനെ വായിക്കാം- "മദ്രാസ് വിടുന്പോൾ സഹധർമിണിയും സർഗാത്മകതയുടെ മനസും മാത്രമായിരുന്നു കൈമുതൽ.' ഈ വാക്കുകൾക്കുള്ളിൽ തന്നെ എന്തായിരുന്നു പി.ഭാസ്കരന്റെ ജീവിതത്തിൽ ഇന്ദിര ഭാസ്കരൻ എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്.
പി.ഭാസ്കരന്റെ സഹധർമിണി എന്ന നിലയിൽ ദൃശ്യമാധ്യമങ്ങളിലും പൊതുവേദിയിലും എപ്പോഴും പ്രത്യക്ഷപ്പെടുമായിരുന്നില്ല ഇന്ദിര ഭാസ്കരൻ. ചുരുക്കം അഭിമുഖങ്ങളേ ഉണ്ടായിട്ടുള്ളൂ. എങ്കിലും പല ഗാനങ്ങളുടേയും പിറവി നിമിഷങ്ങളെക്കുറിച്ച് അടുപ്പമുള്ളവരോട് പറഞ്ഞിരുന്നു.
"കായലരികത്ത് വലയെറിഞ്ഞപ്പം..., ഇന്നലെ മയങ്ങുന്പോൾ..., കരിമുകിൽ കാട്ടിലെ..., ഒരു പുഷ്പം മാത്രമെൻ...' അങ്ങനെ ധാരാളം അനശ്വരഗാനങ്ങൾ നമുക്കു സമ്മാനിച്ച ഭാസ്കരൻ മാസ്റ്ററിന്റെ പാട്ടെഴുത്തു രീതികളെക്കുറിച്ചും ഇന്ദിര പറഞ്ഞിരുന്നു. പ്രത്യേകിച്ചൊരു സമയം, സ്ഥലം, അന്തരീക്ഷം അങ്ങനെയൊന്നും മാസ്റ്ററിനു ഉണ്ടായിരുന്നില്ല.
ആവശ്യമുള്ളപ്പോൾ എല്ലാം പേപ്പറും പേനയുമെടുത്ത് എഴുതും. പാട്ടെഴുത്തിന് പ്രതിഫലം നൽകാതെ നിർമാതാക്കൾ മറയുന്പോൾ ആ വേദനയും നിരാശയും പറഞ്ഞുകൊണ്ട് ഉമ്മറത്തിരുന്ന് വീണ്ടും പാട്ടെഴുതിയിരുന്ന പി.ഭാസ്കരന്റെ ചിത്രവും ആ മനസിൽ തെളിമയോടെ എന്നും ഉണ്ടായിരുന്നു.
പി.ഭാസ്കരൻ-ഇന്ദിരാദേവിയുടെ വിവാഹത്തെക്കുറിച്ച് പെരുന്പുഴ തന്റെ ജീവചരിത്രഗ്രന്ഥത്തിൽ വിശദമായി കുറിച്ചിട്ടുണ്ട്. മേടമാസത്തിലെ ആയില്യം, കുംഭമാസത്തിലെ തിരുവോണം നല്ല പൊരുത്തമുള്ള നാളുകളാണ് എന്ന് വീട്ടിലെല്ലാവരും പറയുന്നത് ഇന്ദിര കേൾക്കുന്നത് കൊടുങ്ങല്ലൂർ ഗേൾസ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്പോഴാണ്.
പി.ഭാസ്കരൻ അന്ന് കവിയായും ഗാനരചയിതാവായും പേരെടുത്ത് കഴിഞ്ഞിരുന്നു. പാലക്കാട് ആലത്തൂർ തെക്കെ അണുവങ്കോട് വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മയാണ് ഇന്ദിരാദേവിയുടെ അമ്മ. അച്ഛൻ കൊടുങ്ങല്ലൂരിലെ പ്രശസ്തനായ ഡോക്ടർ ഒ.പി.ആർ.മേനോൻ. ഇന്ദിരയുടെ പത്താമത്തെ വയസിലാണ് കുടുംബം കൊടുങ്ങല്ലൂരിലേക്ക് താമസം മാറ്റിയത്.
സ്കൂളിൽ പി.ഭാസ്കരന്റെ സഹോദരിമാരുടെ മക്കളുടെ സഹപാഠിയായിരുന്നു ഇന്ദിര. പി.ഭാസ്കരന്റെ സഹോദരി കനകമ്മയുടെ ഭർത്താവ് എം.എൻ.മേനോൻ വഴിയാണ് വിവാഹാലോചന വന്നത്. മുപ്പത് വയസുള്ള വരനും പതിനെട്ടുകാരി വധുവും തമ്മിലുള്ള വിവാഹ ചടങ്ങ് 1955 മേയ് 18നു ആലുവയിലെ ഒരു സ്കൂൾ ഹാളിൽ വച്ചാണ് നടന്നത്. വൈകിട്ടായിരുന്നു മുഹൂർത്തം.
പ്രമുഖ കോൺഗ്രസ് പ്രവർത്തകനായിരുന്നു പി.ഭാസ്കരന്റെ അച്ഛൻ നന്ദ്യേലത്ത് പദ്മനാഭ മേനോൻ. പദ്മവിലാസത്തിലേക്ക് ഇന്ദിരാദേവി എത്തുന്പോൾ തറവാട്ടിൽ അമ്മ, ആറു സഹോദരിമാർ, രണ്ട് സഹോദരൻമാർ, ചെറിയമ്മമാർ, അമ്മാവൻമാർ, മരുമക്കൾ എന്നിവർ ഉണ്ടായിരുന്നു. അവരിലൊരാളായി ഇന്ദിര പി.ഭാസ്കരന്റെ ജീവിതത്തിലേക്കും.
എസ്.മഞ്ജുളാദേവി