സേവനം ഹൃദയവാക്യം...
Tuesday, January 31, 2023 10:46 PM IST
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കടുത്ത കാല് വേദനയുമായി എത്തിയതാണ് നിഷാദ്(പേര് യഥാർത്ഥമല്ല). കാറ്ററിംഗ് നടത്തുന്നതായിരുന്നു ആ ചെറുപ്പക്കാരന്റെ തൊഴിൽ. പരിശോധനയിൽ നിഷാദിന്റെ കാലിൽ അർബുദം ബാധിച്ചിരിക്കുകയാണെന്നും കാൽ മുറിച്ചു മാറ്റിയാലേ ജീവൻ രക്ഷിക്കാൻ കഴിയുകയുള്ളൂവെന്നും ഡോക്ടർമാർ വിധിയെഴുതി.
നിർധന കുടുംബാംഗമായ നിഷാദ് ഇതു കേട്ട് തകർന്നുപോയി. ആരോടും പറയാതെ സ്വന്തം നാടായ എറണാകുളത്തേക്ക് പോവുകയും ചെയ്തു. എന്നാൽ കാലിന്റെ വേദന സഹിക്കുവാൻ കഴിയുന്നതിലും അപ്പുറമായപ്പോൾ ആർസിസിയിലേക്കു തന്നെ മടങ്ങിയെത്തി.
കാൽ മുറിച്ചു മാറ്റുന്ന സർജറിക്കു ശേഷം കീമോ തെറാപ്പി കൂടി വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. 1997ലാണ് സംഭവം. ആശ്രയ എന്ന സ്ത്രീകളുടെ സന്നദ്ധ സംഘടന ആർസിസിയിൽ തുടക്കം കുറിച്ചിട്ട് ഒരു വർഷമാകുന്ന കാലമാണ്.
നിഷാദിനെ ചികിത്സിക്കുന്ന ഡോക്ടർ ആശ്രയയുടെ പ്രസിഡന്റായ ശാന്താ ജോസിനോട് നിഷാദിന്റെ കീമോതെറാപ്പിയുടെ കാര്യം പറഞ്ഞു. ആശ്രയയിലെ അംഗങ്ങളുടെ കൈയിൽ നിന്നും സുഹൃത്തുക്കളിൽ നിന്ന് സമാഹരിച്ചതുമായ പണം നിഷാദിന് നൽകുവാൻ തുടങ്ങി. അങ്ങനെ ഓരോ കീമോതെറാപ്പിക്കും ആശ്രയ പണം നൽകി.
കീമോതെറാപ്പി കഴിഞ്ഞ് നിഷാദ് മടങ്ങി. ഏതാണ്ട് ഒരു വർഷം കഴിഞ്ഞ് കൃത്രിമ കാൽ വച്ച് നിഷാദ് ആർസിസിയിൽ എത്തി. അതേപ്പറ്റി ശാന്താ ജോസ് ഇങ്ങനെ പറയുന്നു- ""ടീഷർട്ടൊക്കെ ഇട്ട് എന്റെ മുന്നിൽ പുഞ്ചിരിയോടെ വന്നു നിന്ന നിഷാദിനെ കണ്ട് ഞാൻ അത്ഭുതപ്പെട്ട് പോയി. ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. ''
1996 ജൂണിൽ ആരംഭിച്ച ആശ്രയയുടെ രജത ജൂബിലി ആഘോഷം കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് നടത്തിയിരുന്നു. ആശ്രയ തുടക്കം കുറിച്ചിട്ട് 27 വർഷം പൂർത്തിയാവുകയാണ്. കൊറോണ പ്രതിസന്ധി കാരണം നീട്ടിവച്ച രജത ജൂബിലി ആഘോഷമാണ് ഇപ്പോൾ നടന്നത്.
തുടക്കകാലത്ത് ആർസിസിയിൽ എത്തുന്ന സാധാരണക്കാരായ രോഗികൾക്ക് മാർഗനിർദേശം നൽകുക എന്നതായിരുന്നു ശാന്താ ജോസിന്റെ ഉദ്ദേശം. എന്നാൽ നിഷാദിന്റെ അവസ്ഥയാണ് ആശ്വാസ വാക്ക് മാത്രം പോര, പാവപ്പെട്ട രോഗികൾക്ക് ചികിത്സയ്ക്ക് പണം സമാഹരിച്ച് നൽകണം എന്ന ചിന്തയിലേക്ക് ആശ്രയ ഭാരവാഹികളെ എത്തിക്കുന്നത്.
ഒരേ വീട്ടിലെ നാല് അംഗങ്ങൾക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം കൊളോസ്റ്റമി ബാഗ് ആവശ്യം വന്നപ്പോൾ അവരെ ചികിത്സിക്കുന്ന ഡോക്ടർ ആശ്രയയോട് സഹായം ചോദിച്ചു. അപ്പോഴും മനുഷ്യസ്നേഹികളായ സുഹൃത്തുക്കളും മറ്റും മുന്നോട്ടു വന്ന് സാന്പത്തികമായി സഹായിക്കുകയായിരുന്നു. ബാങ്ക് ബാലൻസ് ഒന്നുമില്ലാതെയായിരുന്നു തുടക്കം.
പിന്നീട് നല്ല മനസുകളുടെ സഹായത്താൽ ആശ്രയ വളരുകയും സഹായധനം വർധിച്ചുവരികയും ചെയ്തു. കഴിഞ്ഞ കുറച്ച് വർഷങ്ങൾ മുതൽ വർഷം ഒരു കോടി വരെ സഹായധനമായി ലഭിക്കുകയും അത്രയും തുക ചെലവഴിക്കുകയും ചെയ്യുന്നു. (കൊറോണക്കാലത്ത് സംഭാവനകൾ കുറവായിരുന്നു).
സാന്പത്തിക ദുരിതം അനുഭവിക്കുന്ന ഒട്ടേറെപ്പേർ വിദൂരജില്ലകളിൽ നിന്നും എത്താറുണ്ട്. കാൻസർ ബാധിച്ച കുഞ്ഞുങ്ങൾക്കായി നീണ്ട യാത്രകൾ ചെയ്ത് തിരുവനന്തപുരത്തെത്തുന്നവരും ധാരാളം. സ്വന്തം നാട് വിടുന്നതോടെ ഉണ്ടായിരുന്ന തൊഴിലും ഇവർക്ക് നഷ്ടമാവുന്നു. കാൻസർ രോഗികൾക്ക് ചികിത്സയ്ക്കുള്ള സാന്പത്തിക സഹായം നൽകുന്നതോടൊപ്പം അവരുടെ കുടുംബത്തെ സഹായിക്കുന്ന പല പദ്ധതികളും ആശ്രയ നടപ്പിലാക്കി വരുന്നു.
രോഗവിമുക്തർക്കു വേണ്ടിയുള്ള പുനരധിവാസ പ്രവർത്തനങ്ങൾ, കാൻസർ രോഗികളുടെ മക്കളുടെ വിദ്യാഭ്യാസം, വിവാഹം, തൊഴിൽ കണ്ടെത്തൽ എന്നിവയ്ക്കും സാന്പത്തിക സഹായം നൽകുന്നുണ്ട്.
കാൻസർ രോഗികളുടെ അതിജീവനത്തിന്റെ നൂറു കഥകൾ പറയാനുണ്ട് ശാന്താ ജോസിന്. സേവനം ഹൃദയവാക്യമായ ഒരുകൂട്ടം സ്ത്രീകളുടെ ആത്മാർപ്പണമാണ് ആശ്രയയെ മുന്നോട്ട് നയിക്കുന്നത്. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജെ.ലളിതാംബികയാണ് രക്ഷാധികാരി. ആശ്രയയിൽ ഇന്ന് നാനൂറോളം വൊളണ്ടിയർമാരുണ്ട്.
ആശ്രയയുടെ പ്രവർത്തനം തിരിച്ചറിയുന്ന വ്യക്തികൾ, സംഘടനകൾ അങ്ങനെ പലരുടേയും സഹായമാണ് ആശ്രയയുടെ ശക്തി. 1996 മുതൽ ആർസിസിയിലെ ഡയറക്ടർമാരും ഡോക്ടർമാരും മറ്റ് ജീവനക്കാരും നൽകി വന്ന പിന്തുണയും പ്രധാനപ്പെട്ടതാണ്.
- എസ്. മഞ്ജുളാദേവി