നിയമപാലകന്റെ കസ്റ്റഡിയിൽ കഥകളും
Wednesday, January 25, 2023 4:34 PM IST
ഔദ്യോഗിക ജീവിതത്തിന്റെ അകത്തും പുറത്തും ദിനവും കാണുന്ന ജീവിത യാഥാർഥ്യങ്ങളെ തൂലിക തുന്പിലൂടെ മനോഹരമായ സൃഷ്ടികളാക്കി മാറ്റുകയാണ് സുരേന്ദ്രൻ മങ്ങാട്ട് എന്ന പോലീസ് ഓഫീസർ. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായ ഇദ്ദേഹത്തിന്റെ തൂലികത്തുന്പിൽനിന്ന് പിറവിയെടുത്തത് ഏഴ് നോവലുകളും നാല് ചെറുകഥാ സമാഹാരങ്ങളുമാണ്. കുറ്റാന്വേഷകന്റെ അനുഭവങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ ഓരോ കൃതികളും വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നത്.
ഡ്യൂട്ടിക്കൊപ്പം എഴുത്തും
കുട്ടിക്കാലം മുതൽ വായനയും എഴുത്തും സുരേന്ദ്രന് ഏറെ പ്രിയപ്പെട്ടതായിരുന്നു. കോളജ് പഠനകാലത്ത് നിരവധി ചെറുകഥകളും ഏകാംഗ നാടകങ്ങളും ഇദേഹത്തിന്റെ തൂലിക തുന്പിൽ പിറവിയെടുത്തു. പോലീസ് സർവീസിൽ പ്രവേശിച്ചപ്പോഴും എഴുത്തും വായനയും ഇദ്ദേഹം കൂടെ കൂട്ടി.
പോലീസ് ഉദ്യോഗസ്ഥന്റെ ജോലി കൃത്യതയോടെ ചെയ്യുന്പോഴും ഒഴിവു കിട്ടുന്ന സമയങ്ങളിലെല്ലാം അദ്ദേഹം എഴുതുമായിരുന്നു. സബ് ഇൻസ്പെക്ടറായി നിയമിതനായി നാലു വർഷത്തിനുശേഷം, 2007 ൽ ആദ്യ നോവലായ കർമം ക്രിയ പ്രസിദ്ധീകരിച്ചു. കേരളത്തിലെ കാർഷികവൃത്തിയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു അതിലെ ഇതിവൃത്തം.
അണികളിൽ ഒരാൾ, മണൽ വീടുകൾ, മണ്ണും മരങ്ങളും പറഞ്ഞത്, എരിഞ്ഞടങ്ങാത്ത പകൽ എന്നിവയാണ് സുരേന്ദ്രന്റെ ചെറുകഥാ സമാഹാരങ്ങൾ. കാലത്തിന്റെ തലേ വരകൾ, സർവം കാലകൃതം, കാളമന ചെപ്പേടുകൾ, ദൈവത്തിന്റെ നോക്കെത്താ ദൂരങ്ങൾ, ബലരാമൻ, രാജമുദ്ര കേസ് ഡയറി എന്നിവയാണ് സുരേന്ദ്രന്റെ മറ്റു നോവലുകൾ. മധ്യകേരളത്തിന്റെ 200 വർഷം പഴക്കമുള്ള ചരിത്രത്തിലൂടെ വായനക്കാരെ കൈപിടിച്ചു കൊണ്ടുപോകുന്നതാണ് കാളമന ചെപ്പേടുകൾ.
രാജമുദ്ര കേസ് ഡയറിയിൽ കുറ്റകൃത്യത്തെക്കുറിച്ചുള്ള കൃത്യവും സൂക്ഷ്മവുമായ നിരീക്ഷണങ്ങളും കുറ്റാന്വേഷണത്തിലെ ശാസ്ത്രീയമായ സമീപനങ്ങളുമാണ് അക്ഷരങ്ങളിലൂടെ ആവാഹിച്ചിരിക്കുന്നത്. കുടുംബബന്ധങ്ങളിലെ ശൈഥില്യം മുതൽ അപകടകരമായ തീവ്രവാദം വരെ ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. നാലുമാസത്തിനുള്ളിൽ ക്രൈം ഫിക്ഷൻ വിഭാഗത്തിൽപ്പെട്ട രാജമുദ്രയുടെ രണ്ടാം പതിപ്പും പ്രസാധകർ പുറത്തിറക്കി.
ഭീഷ്മ പിതാമഹനെ അവലംബിച്ച എഴുതിയ "സർവം കാല കൃത’വും ബലരാമനെ നായക സ്ഥാനത്ത് നിർത്തിക്കൊണ്ട് എഴുതിയ’ ബലരാമൻ’ എന്ന നോവലും ജനശ്രദ്ധ നേടിയതാണ്. അറുപതിലധികം ചെറുകഥകളും ഇദ്ദേഹത്തിന്റെ തൂലികയിലൂടെ പിറവിയെടുത്തിട്ടുണ്ട്. 2014ൽ കാലത്തിന്റെ തലേവരകൾക്ക് എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് ഫോറം ഓഫ് ഇന്ത്യയുടെ മികച്ച നോവലിനുള്ള പുരസ്കാരം ലഭിച്ചു. സർവം കാലകൃതം എന്ന നോവലിന് മഹാകവി കുമാരനാശാൻ സ്മാരക പുരസ്കാരവും ലഭിക്കുകയുണ്ടായി.
കഥാപാത്രങ്ങളെ തേടുന്നത് രാത്രിയിൽ
ഡ്യൂട്ടിയെ ബാധിക്കാത്ത തരത്തിൽ താൻ എഴുത്തിനും വായനയ്ക്കുമായി രാത്രി സമയമാണ് വിനിയോഗിക്കാറുള്ളതെന്ന് ഡിവൈഎസ്പി സുരേന്ദ്രൻ മങ്ങാട്ട് പറഞ്ഞു. പുസ്തക രചനയുടെ ഭാഗമായി ഇതുവരെ നീണ്ട അവധി എടുത്തിട്ടില്ലെന്നും അദേഹം പറഞ്ഞു.
ഡയൽ 1091
2013ൽ കേരള പോലീസ് അവതരിപ്പിച്ച മുഴുനീള ചലച്ചിത്രമായ ’ഡയൽ 1091’ എന്ന സിനിമയുടെ കഥയും തിരക്കഥയും സുരേന്ദ്രൻ മങ്ങാട്ടിന്റേ താണ്. പോലീസ് വകുപ്പിന് വേണ്ടി നിരവധി ഷോർട്ട് ഫിലിമുകൾക്കു തിരക്കഥ എഴുതിയിട്ടുണ്ട്. അഴിമതിക്കെതിരായ ബ്രേക്ക് ദി സൈലൻസ് ക്യാന്പയിന്റെ ഭാഗമായി വിജിലൻസ് വകുപ്പിനായി "നിശബ്ദരാകരുത് ’ എന്ന ഷോർട്ട് ഫിലിമിന്റെ രചനയും സംവിധാനവും നിർവഹിച്ചത് സുരേന്ദ്രനായിരുന്നു.
2012 ൽ മയക്കുമരുന്ന് ഉപയോഗത്തിനെതിരേ രാഹുൽ 15 വയസ് എന്ന പേരിൽ നിർമിച്ച ചിത്രത്തിന് കുട്ടികളുടെ ചലച്ചിത്ര മേളയിൽ മികച്ച ചലച്ചിത്രത്തിനുള്ള അവാർഡ് ലഭിച്ചു. മുതിർന്ന പൗരൻമാർക്കായി തുടങ്ങിയ കെയർ പദ്ധതി സുരേന്ദ്രൻ തൃശൂർ ജില്ലയിൽ നടപ്പാക്കിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു.
മാളയിൽ സംഘടിപ്പിച്ച അമ്മയ്ക്കൊരു കൂട്ട് പദ്ധതിയിലൂടെ ഒറ്റപ്പെട്ടു ജീവിക്കുന്ന 93 അമ്മമാരുടെ കൂട്ടായ്മയിലൂടെ അവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിക്കാൻ സുരേന്ദ്രനും കഴിഞ്ഞു.
സർവീസ് ജീവിതം
1998ൽ പോലീസിൽ കോണ്സ്റ്റബിൾ ആയി ജോലിയിൽ പ്രവേശിച്ച സുരേന്ദ്രൻ 2003ൽ സബ് ഇൻസ്പെക്ടറായി നേരിട്ട് നിയമിതനായി. തുടർന്നു വലപ്പാട്, കൊടുങ്ങല്ലൂർ, മാള, വടക്കേക്കാട്, എറണാകുളം കല്ലൂർക്കാട് എന്നീ സർക്കിളുകളിൽ പോലീസ് ഇൻസ്പെക്ടറായി ജോലി ചെയ്തു. നാലു വർഷം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ ഇൻസ്പെക്ടറായും പ്രവർത്തിച്ചു. വിജിലൻസിലെ കുറ്റാന്വേഷണ മികവിന് 2018ൽ മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതിയും ലഭിച്ചു.
2021 ൽ ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. തൃശൂർ അരിന്പൂർ പഞ്ചായത്തിലെ എറവ് സ്വദേശിയായ സുരേന്ദ്രൻ നിലവിൽ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടാണ്. ഭാര്യ: സ്മിത. മക്കൾ: ശ്രദ്ധ, ജീത്ത്.