സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
എസ്.മഞ്ജുളാദേവി
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരിച്ചറിഞ്ഞുവെന്ന് വരില്ല. എന്നാൽ സൂര്യ കൃഷ്ണമൂർത്തിയെ ലോകമെന്പാടുമുള്ള മലയാളികൾ അറിയും. ഇതേക്കുറിച്ച് ഒരിക്കൽ സൂര്യ കൃഷ്ണമൂർത്തിയോടുതന്നെ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.
""എന്റെ പേരിന്റെയും വ്യക്തിത്വത്തിന്റെയും ഭാഗമായി സൂര്യ മാറിക്കഴിഞ്ഞു. സൂര്യ ഇല്ലെങ്കിൽ ഞാനില്ല എന്നു പറയാം.''
ലോകത്തിലെ ഏറ്റവും വലിയ കലാസംഘടനയായും ലോകത്ത് ഏറ്റവും ദൈർഘ്യമേറിയ കലാമേള നടത്തുന്ന സംഘടനയായും ലിംക ബുക്ക് ഓഫ് റിക്കോർഡ്സ് രേഖപ്പെടുത്തിയ സൂര്യയുടെ അമരക്കാരൻ അന്നും ഇന്നും പറയും- ""ഇതെന്റെ മാത്രം വിജയമല്ല, സൂര്യയുടെ വിജയത്തിനു പിന്നിൽ കലയെ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്ന നിരവധിപ്പേരുടെ പ്രയത്നമുണ്ട്. കഴിഞ്ഞ 45 വർഷമായി എന്റൊപ്പംനിന്ന് പ്രവർത്തിക്കുന്നവരുടെ മനസാണ് സൂര്യയുടെ വിജയത്തിനു പിന്നിൽ.''
സ്വന്തമായി ഒരു ഓഫീസ് പോലുമില്ലാത്ത സൂര്യ എന്ന മഹാസംഘടനയുടെ പ്രവർത്തകർ ഒരു രൂപ പോലും പ്രതിഫലം വാങ്ങുന്നവരല്ല. സൂര്യ വേദിയിലെത്തുന്ന ലോകപ്രശസ്തരായ കലാകാരന്മാർക്കും അണിയറ പ്രവർത്തകർക്കും സൂര്യ സ്വന്തം ഇടമാണ്. നീണ്ട നാലു പതിറ്റാണ്ടുകൾ ഇതിഹാസ നർത്തകി പദ്മ സുബ്രഹ്മണ്യം സൂര്യയ്ക്കായി ചിലങ്ക കെട്ടിയിട്ടുണ്ട്- സൂര്യയുടെ തുടക്കകാലം മുതൽ.
ഒക്ടോബർ ഒന്നിന് സംഗീത-നൃത്തോത്സവം ആരംഭിക്കുന്നത് ഡോ.കെ.ജെ.യേശുദാസിന്റെ കർണാടക സംഗീതക്കച്ചേരിയോടെയാണ്. സൂര്യയുടെ അരങ്ങിലെത്തിയാൽ യേശുദാസിന് സ്വന്തം തറവാട്ടിലെത്തിയ അനുഭവമാണ്.
കച്ചേരിക്കിടയിൽ തമാശ പറയും, ചിരിക്കും, പഴയ കഥകൾ ഓർമിക്കും. എല്ലാ ഒക്ടോബർ പത്തിനും ഭരതനാട്യം അവതരിപ്പിക്കാൻ വരുന്ന ചലച്ചിത്രതാരം ശോഭനയും സൂര്യവേദിയിൽ വാചാലയാകാറുണ്ട്. താരനർത്തകിമാരായ മഞ്ജു വാര്യർ, നവ്യ നായർ, ദിവ്യ ഉണ്ണി, പദ്മപ്രിയ, ആശാ ശരത്ത് എന്നിവരും വ്യത്യസ്തരല്ല.
മാളവിക സാരുക്കയിയുടെയും രാജേന്ദ്ര ഗഗാനിയുടെയും അഭൗമ നൃത്തവും ഉസ്താദ് അംജദ് അലി ഖാന്റെ വിസ്മയ താളവും മലയാളികൾക്ക് കാണുവാൻ സാധിച്ചത്, ഇന്നും സാധിക്കുന്നത് സൂര്യ ഉള്ളതുകൊണ്ടാണ്. സത്യജിത്റേ, എം.എസ്.സുബ്ബലക്ഷ്മി തുടങ്ങിയ വിശ്വപ്രസിദ്ധരായ വ്യക്തിത്വങ്ങളെ മലയാളത്തിലേക്ക് കൊണ്ടു വന്നു എന്നത് മാത്രമല്ല സൂര്യയുടെ മേന്മ. ആരുമറിയാതെ നമുക്കിടയിൽ ജീവിച്ച, ദാരിദ്ര്യവും അവശതയും അനുഭവിച്ച ഒട്ടേറെ കലാകാരന്മാരെ ഗുരുപൂജ നൽകി ആദരിക്കുവാനും സൂര്യയ്ക്ക് സാധിച്ചു.
വാർധക്യത്തിന്റെ അവശതയിലും രോഗപീഡയിലും പെട്ട് വിഷമിച്ചിരുന്ന അർജുനനൃത്ത കലാകാരൻ കുറിച്ചി പി.എസ്.കുമാരനെ സൂര്യയുടെ വേദിയിൽ വച്ച് ഗുരുപൂജ നൽകി ആദരിച്ചിരുന്നു. 101 താളങ്ങൾ സ്വായത്തമായിരുന്ന കേരളത്തിന്റെ മഹാചാര്യനെ ഭരണാധികാരികളും കലാലോകവും മറന്നിരുന്ന കാലത്ത് സൂര്യ നൽകിയ ആദരവും സാന്പത്തിക സഹായവും മറക്കുക വയ്യ.
ഇതുപോലെ ആദ്യ മലയാള ശബ്ദസിനിമയായ ബാലനിലെ നായിക എം.കെ.കമലം, കോഴിക്കോട് ശാന്താദേവി തുടങ്ങിയ എത്രയോ കലാപ്രവർത്തകർക്ക് അവസാന നാളുകളിൽ സാന്ത്വനമേകാൻ സൂര്യയ്ക്ക് കഴിഞ്ഞു. സൂര്യ ചാരിറ്റീസ് ഇന്നും നൽകിവരുന്ന സഹായങ്ങൾ എണ്ണിപ്പറയുവാൻ കഴിയുന്നതല്ല.
തിരുവനന്തപുരം നഗരത്തിലെ തൈക്കാടുള്ള സൂര്യ കൃഷ്ണമൂർത്തിയുടെ വസതിയായ സൂര്യ ചൈതന്യ സൂര്യയുടെ അരങ്ങാണ്. വീടിനോട് ചേർന്നാണ് ഇപ്പോൾ "ഗണേശം' എന്ന സൂര്യാ വേദിയും. ഗണപതിയുടെ പരമഭക്തനായ കൃഷ്ണമൂർത്തിയുടെ വീട്ടിൽ ആയിരത്തിൽപ്പരം ഗണപതി വിഗ്രഹങ്ങളുണ്ട്.
കലയുടെ അംബാസഡർ എന്നു പലരും വിശേഷിപ്പിക്കുന്ന കൃഷ്ണമൂർത്തിയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനം കലാപ്രവർത്തനം തന്നെ. അദ്ദേഹം പറയുന്നു- ""സാധാരണ കുടുംബങ്ങളിൽ കാണുന്നതുപോലെ വൈകുന്നേരങ്ങളിലുള്ള ഔട്ടിംഗുകൾ, ബന്ധുഭവന സന്ദർശനങ്ങൾ, ഉല്ലാസ യാത്രകൾ അങ്ങനെയൊന്നും എന്റെ ജീവിതത്തിൽ ഇല്ല.''
ലോകത്തിലെതന്നെ ഏറ്റവും മികച്ച കലാപ്രവർത്തകരിൽ ഒരാളായ സൂര്യ കൃഷ്ണമൂർത്തി എങ്ങനെ സൂര്യയിൽ എത്തി എന്നത് ഏറെ കൗതുകകരമാണ്. അദ്ദേഹം പറയുന്നത് കേൾക്കാം- ""കലയോടുള്ള അഭിനിവേശം ഓർമവച്ച നാൾ മുതലേ ഉണ്ട്. സ്കൂളിലും കോളജിലും പഠിക്കുന്ന കാലം മുതൽക്കേ സംഗീതക്കച്ചേരികൾ കേൾക്കുന്നതും നൃത്തപരിപാടികൾ കാണുന്നതും പതിവായിരുന്നു.
എൻജിനീയറിംഗ് കോളജിൽ പഠിക്കുന്പോൾ നാടകങ്ങളും കലാപരിപാടികളും സംഘടിപ്പിക്കുന്നതിൽ താൽപ്പര്യം ഏറി വന്നു. ഇക്കാരണം കൊണ്ട് വീട്ടുകാർ എന്നെ ഹോസ്റ്റലിലാക്കി. പഠനത്തിലുള്ള ശ്രദ്ധ കുറയുന്നുവെന്നതായിരുന്നു കാരണം. അങ്ങനെ തിരുവനന്തപുരത്ത് വീടുണ്ടായിരുന്നിട്ടും ഹോസ്റ്റലിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. പഠനമൊക്കെ കഴിഞ്ഞ് ഐഎസ്ആർഒയിൽ സീനിയർ സയന്റിസ്റ്റും എൻജിനീയറുമായി ജോലി നോക്കുന്പോഴും കലയോടുള്ള സ്നേഹം തുടർന്ന് കൊണ്ടിരുന്നു.
അച്ഛനും അമ്മയും എന്തിൽനിന്നാണോ എന്നെ നിയന്ത്രിക്കുവാൻ ആഗ്രഹിച്ചത് അത് തന്നെ സംഭവിച്ചു. കലയോടുള്ള അഭിനിവേശം അടക്കുവാൻ കഴിയാതെ വന്നപ്പോൾ ജോലി രാജിവച്ച് സൂര്യയിലേക്ക് ജീവിതം മാറ്റി വയ്ക്കുകയായിരുന്നു. ആദ്യകാലത്ത് എന്നെ നിശിതമായി എതിർത്തവർ സൂര്യയുടെ പേരിൽ പിന്നീട് അഭിനന്ദിച്ചപ്പോൾ സന്തോഷവും അഭിമാനവും തോന്നി. സൂര്യയുടെ എല്ലാ ഉയർച്ചയ്ക്കുമൊപ്പം എന്റെ തണലായി അച്ഛനും അമ്മയും ഉണ്ടായിരുന്നു.
സൂര്യമേളയിൽ പങ്കെടുക്കാൻ മണിപ്പൂരി, ഒഡീസി നർത്തകർ ഉത്സാഹത്തോടെ എത്തുന്നത് വലിയ സന്തോഷമാണ്.
കേരളം അവർക്ക് സ്വന്തം നാടുപോലെ എന്ന് കാണുന്പോൾ എന്റെ സ്വപ്നം സഫലമായി എന്ന് തോന്നാറുണ്ട്. അതുപോലെ വിദേശത്ത് ജോലി ചെയ്യുന്ന നഴ്സുമാരും ഡോക്ടർമാരും ഓവർടൈം ജോലി ചെയ്ത് പണമുണ്ടാക്കി സൂര്യ ചാപ്റ്ററിനു സംഭാവന നൽകുന്നുണ്ട്. അറിയപ്പെടാത്ത ഇതുപോലുള്ള മനുഷ്യരാണ്, മനസുകളാണ് സൂര്യയുടെ ശക്തി.''
നൂറിൽപ്പരം സ്റ്റേജ് ഷോകൾക്ക് ജീവൻ നൽകിയിട്ടുള്ള സൂര്യ കൃഷ്ണമൂർത്തി സംവിധാനം നിർവഹിച്ച നാടകങ്ങൾ അയ്യായിരം വേദികൾ കീഴടക്കിയിട്ടുണ്ട്. നല്ലൊരു എഴുത്തുകാരനും വാഗ്മിയുമാണ് സൂര്യ കൃഷ്ണമൂർത്തി.