പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
Thursday, December 15, 2022 3:46 PM IST
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്കു വ്യത്യസ്ത അനുഭവം പകരുന്ന ഇടമാണ് അഗസ്ത്യാര്കൂടത്തിനു താഴെ, പേപ്പാറ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുന്ന പാണ്ടിപ്പത്ത്.
പുലികളും കാട്ടുപോത്തും ആനക്കൂട്ടങ്ങളും സിംഹവാലന്‍ കുരങ്ങുകളും കരടികളുമെല്ലാം വിഹരിക്കുന്ന പ്രദേശം കൂടിയാണ് പാണ്ടിപ്പത്ത് എന്നോര്‍ക്കുക! ജാഗ്രതയോടെ വേണം മല കയറാന്‍. പാണ്ടിപ്പത്ത് അതിരു പങ്കിടുന്നത് തമിഴ്നാടിന്റെ മുണ്ടന്‍തുറൈ കടുവാ സംരക്ഷണകേന്ദ്രവുമായാണ്.
തിരുവനന്തപുരത്തുനിന്ന് ബോണക്കാട് എത്തുക. അവിടെനിന്ന് പതിനഞ്ചു കിലോമീറ്റർ സഞ്ചരിച്ചു വേണം പാണ്ടിപ്പത്ത് എത്താന്‍. കുത്തനെയുള്ള കയറ്റവുമിറക്കവുമെല്ലാം കഴിഞ്ഞാല്‍ മനോഹരമായ പുല്‍മേടുകള്‍ നിറഞ്ഞ പ്രദേശം കാണാം. തലസ്ഥാനഗരിയുടെ കുടിവെള്ള സ്രോതസായ കരമനയാറിന്റെ തുടക്കം കാണാം. ഉച്ചകഴിഞ്ഞാല്‍ മഞ്ഞുമൂടി കിടക്കുന്ന പ്രദേശമാണ് പാണ്ടിപ്പത്ത്.
പാണ്ടിപ്പത്തിലേക്കു സഞ്ചാരികള്‍ക്കു നേരേ പ്രവേശിക്കാന്‍ കഴിയില്ല. വനംവകുപ്പിന്റെ അനുമതിയോടെയാണ് പാണ്ടിപ്പത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുക. വനം വകുപ്പ് പ്രത്യേക ടൂര്‍ പാക്കേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത്, നിശ്ചിത ഫീസും അടയ്ക്കണം. വനം വകുപ്പിന്റെ വാച്ചര്‍മാര്‍ ആയിരിക്കും ഗൈഡുകളായി കൂടെയുണ്ടാകുക.
രാജഭരണകാലത്ത് കേരളവും തമിഴ്നാടുമായി ബന്ധിക്കുന്ന പാത പാണ്ടിപ്പത്തിലൂടെ ഉണ്ടായിരുന്നു. ബോണക്കാട്ട്നിന്നു തുടങ്ങി മധുര ജില്ലയില്‍ അവസാനിക്കുന്നതായിരുന്നു പാത. പാണ്ടിപ്പത്തിലേക്ക് തിരുവനന്തപുരത്തുനിന്ന് അറുപതു കിലോമീറ്റർ ദൂരമുണ്ട്.
വിതുര-ബോണക്കാട് വഴിയാണ് യാത്ര. ബോണക്കാടും നിരവധി കാഴ്ചകളുണ്ട്. ബോണക്കാട്ടെ പ്രേതബംഗ്ലാവും ഇതിനോടൊപ്പം കാണാം. സാഹസികത ഇഷ്ടപ്പെടുന്നവരാണോ, എങ്കില്‍ വരൂ, പാണ്ടിപ്പത്തിന്റെ വശ്യസൗന്ദര്യം ആവോളം ആസ്വദിക്കാം...
പേര് വന്ന വഴി
പാണ്ടി എന്നാല്‍ പാണ്ടിനാട് അഥവാ തമിഴ്നാട് എന്നര്‍ഥം. പത്ത് എന്നാല്‍ പത്ത്. അതായത്, കല്ലാര്‍ മേഖലയില്‍നിന്ന് പത്ത് മൈല്‍ ദൂരമാണ് പണ്ടിപ്പത്തിലേക്കുള്ളത്. അങ്ങനെയാണ് ഈ സ്ഥലത്തിന് പാണ്ടിപ്പത്ത് എന്നു പേരുവരാന്‍ കാരണമെന്നു പറയപ്പെടുന്നു.