എന്ത് പറയാനാകും വിളിച്ചത്....
Thursday, December 15, 2022 3:34 PM IST
"ഗണേശിനും വിശ്വനും പ്രിയപ്പെട്ട കുടുംബാംഗങ്ങൾക്കും സ്നേഹത്തോടെ സതീഷ് ബാബു'
15-3-2022
ഈ വർഷം മാർച്ച് മൂന്നിന് സതീഷ് ബാബു പയ്യന്നൂർ ഒപ്പിട്ട് "എന്റെ ഗ്രാമകഥകൾ' എന്ന കഥാസമാഹാരം നൽകിയത് മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ഗണേശിനും വിശ്വനും കുടുംബത്തിനുമാണ്. തിരുവനന്തപുരത്ത് വഞ്ചിയൂരിൽ സതീഷ് ബാബു താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നും അധികം അകലം ഇല്ലാത്ത പ്രദേശത്ത് അച്ചൂസ് പ്രൊവിഷൻ സ്റ്റോർ നടത്തുന്ന ഗണേശിനാണ് പുസ്തകം നൽകിയത്.
ഗണേശിന്റെ സ്റ്റോറിൽ നിന്നാണ് സതീഷ്ബാബു വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങിയിരുന്നത്. രവീന്ദ്രനാഥ് എന്നാണ് ഗണേശിന്റെ യഥാർത്ഥ നാമം. പാളയത്തെ എകെജി സെന്ററിനു എതിർവശം ഗണേശിന്റെ മൂത്ത സഹോദരൻ ഹരീന്ദ്രനാഥുമായി ചേർന്ന് ഗണേശ് കട നടത്തിയ കാലം മുതൽ തുടങ്ങിയതാണ് ഇരുവരുടേയും ബന്ധം. ഹരീന്ദ്രനാഥ് ഗണേശ് എന്ന് വിളിക്കുന്നതു കേട്ട് സതീഷ്ബാബുവും രവീന്ദ്രനാഥിനെ ഗണേശ് എന്നു തന്നെ വിളിച്ചു.
എല്ലാവരോടും വളരെ വേഗം സൗഹൃദം സൃഷ്ടിക്കുന്ന പ്രകൃതമായിരുന്നു സതീഷ്ബാബു പയ്യന്നൂരിന്റേത്. അറിയപ്പെടുന്ന എഴുത്തുകാരൻ എന്ന പരിവേഷം ഒന്നുമില്ലാതെയാണ് ഇടപെടുന്നതും. "ഗ്രാമകഥകൾ' ഒപ്പിട്ട് നൽകുന്പോൾ പ്രത്യേകം ചേർത്തിരിക്കുന്ന വിശ്വൻ ഗണേശിന്റെ മകനാണ്.
ബിഎസ്സി ഇലക്ട്രിക്കൽ വിദ്യാർഥിയായ വിശ്വനാഥിനോട് വളരെ സ്നേഹക്കൂടുതൽ ഉണ്ടായിരുന്നു സതീഷ് ബാബുവിന്. സതീഷ് ബാബു ആവശ്യപ്പെടുന്പോൾ പലചരക്ക് സാധനങ്ങൾ വിശ്വനാഥ് കഥാകാരന്റെ ഫ്ലാറ്റിൽ എത്തിക്കുന്ന പതിവുമുണ്ടായിരുന്നു.
ഇക്കഴിഞ്ഞ നവംബർ 14ന് സാധനങ്ങളുമായി അപ്പാർട്ട്മെന്റിൽ എത്തിയപ്പോൾ സതീഷ്ബാബു വിശ്വനെ അടുത്ത് വിളിച്ചു പറഞ്ഞു- ""പത്തു ദിവസം ഞാൻ ഇവിടെ കാണില്ല. മമ്മൂട്ടി നായകനാകുന്ന ഒരു സിനിമയുടെ തിരക്കഥ എഴുതി പൂർത്തിയാക്കിയിട്ടുണ്ട്. മൂകാംബിക ക്ഷേത്രത്തിൽ കൊണ്ടു തിരക്കഥ പൂജിക്കണം.'' പിന്നീട് കാറിന്റെ താക്കോൽ വിശ്വനാഥിനെ ഏൽപ്പിച്ചിട്ട് ഇടയ്ക്കു വന്ന് കാർ സ്റ്റാർട്ടാക്കി ഇടണേ എന്നും പറഞ്ഞു.
ഒരു തിങ്കളാഴ്ചയാണ് ഈ സംഭവം നടക്കുന്നത്. "ഗണേശിനും കുടുംബത്തിനും സ്നേഹപൂർവം സന്തോഷത്തോടെ..' എന്ന് എഴുതി "കമൽഹാസൻ അഭിനയിക്കാതെ പോയ ഒരു സിനിമ' എന്ന തന്റെ ഏറ്റവും ഒടുവിലത്തെ പുസ്തകവും അന്ന് നൽകി. പുസ്തകം കൊടുത്തിട്ട് അച്ഛനോട് പുസ്തകം വായിക്കുവാൻ പറയൂ എന്ന് പുഞ്ചിരിയോടെ വിശ്വനാഥിനെ ഓർമിപ്പിക്കുകയും ചെയ്തു. എന്നാൽ പിറ്റേന്ന് വിശ്വനാഥിനെ വിളിച്ച് തന്റെ മൂകാംബിക യാത്ര കാൻസലായി എന്ന് പറഞ്ഞു. കാറിന്റെ താക്കോൽ വിശ്വനാഥ് മടക്കി ഏൽപ്പിക്കുകയും ചെയ്തു.
ശനിയാഴ്ച വിശ്വനാഥ് ശബരിമലയ്ക്ക് പോയിരുന്നു. ഞായറാഴ്ച യാത്രയുടെ ക്ഷീണത്തിൽ ഉറങ്ങിക്കിടന്ന നേരത്ത് മൊബൈൽ ഫോൺ ശബ്ദിച്ചു കൊണ്ടേയിരുന്നു. സതീഷ്ബാബു പയ്യന്നൂരിന്റെ ഫോൺകോൾ ആയിരുന്നു അത്. തിങ്കളാഴ്ച കോളജ് തിരക്ക് തുടങ്ങിയതോടെ സതീഷ് ബാബുവിനെ മടക്കി വിളിക്കുവാൻ വിശ്വൻ വിട്ടുപോവുകയും ചെയ്തു.
വ്യാഴാഴ്ച കഥാകാരന്റെ ആകസ്മികമായ വേർപാടിന്റെ വാർത്ത അറിഞ്ഞ് ഗണേശും കുടുംബവും അക്ഷരാർത്ഥത്തിൽ നടുങ്ങിപ്പോയി. എന്തു പറയാനാകും ഞായറാഴ്ച സതീഷ്ബാബു വിശ്വനെ വിളിച്ചത് എന്ന വേദനയിലാണ് ഗണേശും കുടുംബവും. മഴയെ സ്നേഹിച്ച കഥാകാരൻ യാത്രയായി ദിവസങ്ങൾ കഴിയുന്പോഴും ആ ചോദ്യം ഉടക്കി നിൽക്കുന്നു.