ഈ തുള്ളൽ ലഹരിക്കെതിരേ
Wednesday, November 30, 2022 4:09 PM IST
കൊച്ചി: ജീവിതത്തിന്റെ സുവർണകാലം മദ്യത്തിനും മയക്കുമരുന്നിനുമായി ഹോമിക്കുന്ന യുവതലമുറയ്ക്കു മുന്നിൽ, ജീവിതമാണ് യഥാർഥ ലഹരിയെന്നു ഓട്ടൻതുള്ളലിലൂടെ ബോധവത്കരിക്കുകയാണ് തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസറായ വി. ജയരാജ്.
ലഹരിക്കെതിരേയുള്ള ബോധവത്കരണവുമായി ഇദ്ദേഹം സംസ്ഥാനത്തുടനീളം 265 വേദികളിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചുകഴിഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ഓട്ടൻ തുള്ളലിലൂടെ ഒരു ബോധവത്കരണ പരിപാടി കേരളത്തിൽ ആദ്യമാണ്.
11 ദിവസംകൊണ്ടു പഠനം
കലാപരമായ പ്രവർത്തനങ്ങളിൽ അത്രയ്ക്ക് സജീവമല്ലാത്ത ജയരാജ് ലഹരിവിരുദ്ധ ബോധവത്കരണത്തിനായി 2018 ലാണ് ഓട്ടൻതുള്ളൽ പഠിച്ചത്. അതിനു പ്രചോദനമായത് സുഹൃത്തും എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ കെ.കെ. രമേശനായിരുന്നു. അദ്ദേഹത്തിന്റെ ഉപദേശത്തെ തുടർന്ന് ജോലി കഴിഞ്ഞുള്ള വൈകുന്നേരങ്ങളിൽ സമയം കണ്ടെത്തി വയലാർ സന്തോഷിന്റെ ശിക്ഷണത്തിൽ 11 ദിവസംകൊണ്ടാണ് ജയരാജ് ഓട്ടൻതുള്ളൽ പഠിച്ചത്.
എക്സൈസ് വകുപ്പും സംസ്ഥാന വിമുക്തി മിഷനും സംയുക്തമായി 2018 ജൂലൈ 16ന് ഇടപ്പള്ളി ലുലുമാളിൽ നടത്തിയ ലഹരിവിരുദ്ധ പരിപാടിയിലാണ് ജയരാജ് ആദ്യമായി ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്. 20 മിനിറ്റ് ഓട്ടൻതുള്ളലും 40 മിനിറ്റ് ലഹരി ബോധവത്കരണ ക്ലാസുമാണ് നടത്തുന്നത്. ആദ്യ പരിപാടിതന്നെ വൻ വിജയമായിരുന്നു. തുടർന്ന് സംസ്ഥാനത്തൊട്ടാകെ ലഹരിക്കെതിരേ ഓട്ടൻതുള്ളൽ നടത്തുകയാണ് ഇദ്ദേഹം. രചനയും ജയരാജ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
265 വേദികൾ
265 വേദികൾ പിന്നിടുന്പോൾ തനിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ജയരാജ് പറയുന്നു. സ്കൂളുകൾ, കോളജുകൾ, ക്ഷേത്രങ്ങൾ, ക്രിസ്ത്യൻ- മുസ് ലിം പള്ളികൾ, കുടുംബശ്രീകൾ, റസിന്റ്സ് അസോസിയേഷനുകൾ, ക്ലബുകൾ ഇവിടെയെല്ലാമാണ് ഇദ്ദേഹം ഓട്ടൻതുള്ളളിലൂടെ ലഹരിക്കെതിരെ ബോധവത്കരണം നടത്തുന്നത്.

20 വർഷമായി സർവീസിലുള്ള ഇദ്ദേഹം ലഹരി ഉപയോഗത്തെ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നതിനൊപ്പം ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസും നടത്തുന്നു. പത്തനംതിട്ട മുതൽ പാലക്കാടുവരെ നിലവിൽ ലഹരിക്കെതിരെ ഓട്ടൻതുള്ളൽ ഇദ്ദേഹം നടത്തിക്കഴിഞ്ഞു. തികച്ചും സൗജന്യമായിട്ടാണ് പരിപാടി അവതരിപ്പിക്കുന്നത്.
പ്രോത്സാഹനം വകുപ്പ് വക
എക്സൈസ് വകുപ്പിൽനിന്ന് നല്ല രീതിയിൽ പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്ന് ജയരാജ് പറഞ്ഞു. മേക്കപ്പിനും വസ്ത്രം ധരിപ്പിക്കാനുമൊക്കെയായി സിവിൽ എക്സൈസ് ഓഫീസർമാരായ ജി. ജ്യോതിഷ്, ശരത് മോൻ എന്നിവർ ജയരാജിനൊപ്പം ഉണ്ടാകും. ഓട്ടൻതുള്ളൽ അവതരിപ്പിച്ച രണ്ടാം വേദിയിൽവച്ച് അന്നത്തെ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് നേരിട്ടെത്തി അഭിനന്ദിക്കുകയുണ്ടായി.
കൊറോണയും വിഷയം
കൊറോണയുടെ ആരംഭത്തിൽതന്നെ ആരോഗ്യ വകുപ്പിന് വേണ്ടി കോവിഡ് 19 എന്നൊരു ഓട്ടൻതുള്ളൽ വീഡിയോയും ഇദ്ദേഹം ചെയ്തിരുന്നു. ഒരു ഭക്തിഗാനവും രണ്ട് കവിതകളും എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത ഗാനവും ജയരാജിന്റെ രചനയിൽ പുറത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിൽ ഇലക്ഷൻ കമ്മീഷനുവേണ്ടി മൂന്നര മിനിറ്റ ദൈർഘ്യമുള്ള വോട്ടൻ തുള്ളൽ എന്ന പേരിലും ഇദ്ദേഹം ഓട്ടൻതുള്ളൽ അവതരിപ്പിക്കുകയുണ്ടായി.
ചേർത്തല കഞ്ഞിക്കുഴി നികർത്ത് വെളിയിൽ വിജയൻ-തങ്കമ്മ ദന്പതികളുടെ മകനാണ് ജയരാജ്. ഭാര്യ വിദ്യ ആലപ്പുഴയിൽ ഫാർമസിസ്റ്റാണ്. മകൻ ഗോകുൽ രാജ് കൊല്ലം ടികഐം കോളജിൽ എൻജിനീയറിംഗ് വിദ്യാർഥിയാണ്. മകൾ ജാനകി രാജ് അഞ്ചാം ക്ലാസിൽ പഠിക്കുന്നു.