നടുറോഡില്‍ പൊലിഞ്ഞ പോലീസുകാരി
Wednesday, November 23, 2022 4:07 PM IST
മാവേലിക്കര വള്ളിക്കുന്നത്ത് പോലീസ് സ്റ്റേഷനിലെ സിപിഒ സൗമ്യ പുഷ്കരൻ (31) മൂന്ന് കുട്ടികളുടെ അമ്മ കൂടിയായിരുന്നു. ഭര്‍ത്താവിന് വിദേശത്തായിരുന്നു ജോലി. പ്രണയാഭ്യർഥന നിരസിച്ചതിന്റെ പകയിൽ സൗമ്യയെ ആലുവ റൂറലിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ അജാസ് (33) നടുറോഡില്‍ വെട്ടിവീഴ്ത്തി പെട്രോളൊഴിച്ച് ചുട്ടുകൊന്നു. 2019 ജൂണിലായിരുന്നു സംഭവം.
സൗമ്യ ജോലി കഴിഞ്ഞ് യൂണിഫോമില്‍ വീട്ടിലേക്ക് പോകും വഴിയായിരുന്നു ക്രൂരമായ കൊലപാതകം. ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന വള്ളിക്കുന്നം സ്വദേശി സൗമ്യയെ ആദ്യം പ്രതി കാറിടിപ്പിച്ച് വീഴ്ത്തി. സൗമ്യ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന അജാസ് വടിവാളുകൊണ്ട് വെട്ടുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. പോലീസുകാരിയുടെ കൊലപാതകം കേരളത്തെയാകെ ഞെട്ടിച്ച സംഭവമായി. സൗമ്യയെ തീ കൊളുത്തുന്നതിനിടെ 60 ശതമാനത്തിലധികം പൊള്ളലേറ്റ അജാസ് പിന്നീട് ചികിത്സയ്ക്കിടെ മരിച്ചു.
കമിതാക്കളുടെ ജീവനെടുത്ത് ദുരഭിമാനവും
ദുരഭിമാനക്കൊലകൾ കേരളത്തിന് അത്ര പരിചിതമായ ഒന്നായിരുന്നില്ല. എന്നാല്‍ 2018 മാര്‍ച്ച് 22ന് മലപ്പുറം അരീക്കോട്ടെ ആതിരയെന്ന 21 കാരിയുടെ കൊലപാതകവും 2018 മേയ് 27ന് കോട്ടയംകാരനായ കെവിന് എന്ന ചെറുപ്പക്കാരന്റെ കൊലപാതകവും ദുരഭിമാനക്കൊലകളുടെ അപമാനം കേരളത്തിനു മേലും ചാർത്തി.
23 കാരനായ കെവിനെ പ്രണയിനിയായ നീനുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചശേഷം പുഴയില്‍ മുക്കിക്കൊല്ലുകയായിരുന്നു. മകളെ അന്യജാതിക്കാരൻ പ്രണയിച്ചതാണ് പ്രകോപനമായത്. കെവിന്റെ ഭാര്യാ സഹോദരന് ഷാനു ചാക്കോയുടെ നേതൃത്വത്തില്‍ ഒരുസംഘം യുവാക്കളാണ് കെവിനെയും ബന്ധുവായ അനീഷിനെയും തട്ടിക്കൊണ്ടുപോയത്. അനീഷിനെ പിന്നീട് വിട്ടയച്ചു. കെവിനെ ക്രൂരമായി മര്‍ദിച്ചശേഷം പുഴയില്‍ മുക്കിക്കൊന്നു. ഈ കേസിൽ പത്ത് പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. കെവിനൊപ്പം ജീവിക്കാൻ ആഗ്രഹിച്ച നീനുവിന്റെ ഉറച്ച നിലപാടിനെ തുടര്‍ന്നാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.
ദുരഭിമാനത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ട അരീക്കോട്ടെ ആതിരയുടെ മരണത്തിൽ സ്വന്തം അച്ഛന്തന്നെയാണ് അറസ്റ്റിലായത്. മകള്‍ ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ വിവാഹം കഴിക്കുന്നതു മൂലം കുടുംബത്തിനുണ്ടാകുന്ന അപമാനം ഭയന്നു അച്ഛൻ രാജൻ കൊലപാതകം നടത്തിയെന്നാണ് കേസ്. കൊയിലാണ്ടി സ്വദേശി ബ്രിജേഷുമായുള്ള പ്രണയത്തില്‍നിന്ന് ഒഴിഞ്ഞു മാറണമെന്ന് മകളോട് രാജന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആതിര തയാറായിരുന്നില്ല. ഒടുവിൽ മറ്റു മാര്‍ഗമില്ലാതെ പോലീസിന്റെ സാന്നിധ്യത്തില്‍ രാജന് മകളുടെ ഇഷ്ടവിവാഹത്തിന് സമ്മതിക്കേണ്ടി വന്നു.
എന്നാൽ വിവാഹത്തിന്റെ തലേദിവസം രാജൻ മദ്യലഹരിയില്‍ ആതിരയുടെ വിവാഹവസ്ത്രങ്ങള്‍ കത്തിച്ചു. തൊട്ടടുത്ത വീട്ടിൽ അഭയം തേടിയ ആതിരയെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കയറി വലിച്ചിഴച്ച് പുറത്തെത്തിച്ചു കുത്തുകയായിരുന്നുവെന്നു പറയുന്നു. നെഞ്ചിലേറ്റ മുറിവ് ആതിരയെ മരണത്തിലേക്ക് നയിച്ചു. എന്നാല്‍ അമ്മയടക്കമുള്ള പ്രധാന സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് പ്രതിയായ രാജനെ കോടതി വെറുതെ വിട്ടു.
മധുരിക്കാത്ത പ്രണയം
കേരളത്തില്‍ പ്രണയത്തിന് മാധുര്യം നഷ്ടപ്പെട്ടിരിക്കുന്നു. 2017 മുതല്‍ 2020 വരെയുള്ള നാലു വര്‍ഷത്തിനിടെ പ്രണയത്തിന്റെ പേരില്‍ ജീവൻ നഷ്ടപ്പെട്ടത് 350 സ്ത്രീകള്‍ക്കാണ്. ഇതില്‍ 10 പേര് കൊല്ലപ്പെടുകയായിരുന്നു. മറ്റുള്ളവർ സ്വയം ജീവനൊടുക്കി. എം.കെ. മുനീര്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി വീണാ ജോര്‍ജ് നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പി. ജയകൃഷ്ണന്