പാതാളത്തിലേക്കുള്ള പ്രവേശന കവാടം ഇന്ത്യയിൽ?
Thursday, October 20, 2022 2:59 PM IST
ആരെയും അത്ഭുതപ്പെടുത്തുന്ന ഒറ്റപ്പെട്ട താഴ് വര
സ്വര്‍ഗവും നരകവും പാതാളവുമൊക്കെ ഉണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? കൊച്ചിയില്‍ പാതാളവും കോട്ടയത്ത് ദേവലോകവുമുണ്ട്. പറഞ്ഞുവരുന്നത് ഭൂനിരപ്പിൽനിന്ന് ഏകദേശം 3,000 അടി താഴ്ചയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തെക്കുറിച്ചാണ്. ആ അപൂര്‍വ ഗ്രാമത്തിന്റെ പേര് - പാതാള്‍കോട്ട്- എന്നാണ്, സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശിൽ.
ചിന്ത് വാരയില്നിന്ന് 78 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരുപാടു പ്രത്യേകതകളുള്ള താഴ് വരയാണിത്. വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ഈ പ്രദേശത്തിനു പുറംലോകവുമായി ബന്ധവുമുണ്ടായിരുന്നില്ല. ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ ഒറ്റപ്പെട്ടു കിടന്ന ഒരു ഭൂപ്രദേശം.
വിവിധങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം നിലനില്‍ക്കുന്ന ഗോത്രവിഭാഗക്കാരാണ് ഇവിടെ താമസിക്കുന്നത്. ഔദ്യോഗിക കണക്കുപ്രകാരം 21 ഗ്രാമങ്ങളാണ് പാതാള്‍കോട്ടിലുള്ളത്. എന്നാൽ, 12 ഗ്രാമങ്ങളില്‍ മാത്രമാണ് താമസക്കാരുള്ളത്. 79 ചതുരശ്ര കിലോമീറ്റർ വിസ്തീര്‍ണമുള്ള പാതാള്‍കോട്ട് ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമാണ്. ബാരിയ, ഗോണ്ട് തുടങ്ങിയ ഗോത്ര വിഭാഗക്കാരാണ് ഇവിടെയുള്ളത്.
പ്രാദേശികമായ നിരവധി വിശ്വാസങ്ങള്‍ ഇവിടെ നിലനില്ക്കുന്നു. അതിലേറെ ആരെയും അമ്പരിപ്പിക്കുന്ന നിഗൂഢതകളും. മുഴുവന്‍ സമയവും ഇരുണ്ടുമൂടിക്കിടക്കുന്ന ഒരു പ്രദേശം. വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തുനിന്ന് ആരും ഇങ്ങോട്ടേക്കു വരാറുപോലുമുണ്ടായിരുന്നില്ല. പാതാള്‍കോട്ട് സന്ദര്‍ശനം മറക്കാനാകാത്ത അനുഭവമാണെന്ന് സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്താറുണ്ട്.
പതാള് എന്ന സംസ്കൃതപദത്തില്‍നിന്നാണ് ഈ പ്രദേശത്തിന് പാതാള്‍കോട്ട് എന്നു പേരു ലഭിക്കുന്നത്. ആഴമേറിയത് എന്നാണ് അതിന്റെ അര്‍ഥം. മറ്റൊരു ഐതിഹ്യവും പാതാള്കോട്ടിനെക്കുറിച്ചു പറയുന്നു.
ലങ്കയുടെ രാജാവായിരുന്ന രാവണന്റെ മകന് മേഘനാദന് ഭഗവാന് ശിവനെ പ്രാര്‍ഥിച്ചശേഷം പാതാളത്തിലേക്കു പോയത് ഈ പ്രദേശത്തു കൂടിയാണെന്നാണു വിശ്വാസം. പാതാളത്തിലേക്കു പോകാനുള്ള ഏക മാര്‍ഗവും പാതാള്കോട്ടിലൂടെയാണെന്ന് ഇപ്പോഴും ആളുകള്‍ വിശ്വസിക്കുന്നു. 18-ാം നൂറ്റാണ്ടില്‍ പാതാള്‍കോട്ട് ഭോന്സലേ രാജവംശത്തിന്റെ കഴിലായിരുന്നു. പിന്നീട് ബ്രിട്ടീഷുകാര്‍ ഈ ദേശം പിടിച്ചടക്കുകയായിരുന്നു.
അടുത്തിടെ സര്‍ക്കാര്‍ പാതാള്കോട്ടിനെ ഇക്കോ-ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികള്‍ ആരംഭിച്ചു. ഇന്ന് മികച്ച ഇക്കോ-ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് പാതാള്‍കോട്ട്. ജൈവവൈവിധ്യങ്ങളും ആദിവാസി സംസ്കാരവും അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാതാള്‍കോട്ട് സന്ദര്‍ശനം മികച്ച അനുഭവമായിരിക്കും.