രണാങ്കണത്തിലെ ചെന്താരകത്തിന് നൂറിന്റെ മാറ്റ്
എം. പ്രേംകുമാർ
Thursday, October 20, 2022 12:19 PM IST
കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിൽ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും ഇണങ്ങിയും പിണങ്ങിയും കലഹിച്ചും മുന്നോട്ടു പോയ വി.എസ്. അച്യുതാനന്ദൻ ഇന്ന് (ഒക്ടോബർ 20) നൂറാം വയസിലേക്ക്. ജനകീയ സമരങ്ങളുടെയും അവകാശപ്പോരാട്ടങ്ങളുടെയും ആൾരൂപമാണ് വിഎസ്. ആ ആദർശശുദ്ധിയാണ് ഇക്കാലമത്രയും ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തിത്വമായി അദ്ദേഹത്തെ ഉയർത്തിനിർത്തിയത്.
ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ കമ്യൂണിസ്റ്റ് നേതാവിന്റെ ത്യാഗപൂർണമായ രാഷ്ട്രീയജീവിതം എട്ടു പതിറ്റാണ്ടിലേറെ നീണ്ടതാണ്. ഒരുപക്ഷേ രാജ്യത്ത് ഒരു നേതാവിനും അവകാശപ്പെടാനില്ലാത്ത രാഷ്ട്രീയ പാരന്പര്യം. 83-ാം വയസിൽ കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലെത്തി 88-ാം വയസിൽ പദവിയൊഴിഞ്ഞു വീണ്ടും അഞ്ചുവർഷം കൂടി കരുത്തനായ പ്രതിപക്ഷ നേതാവായി നിറഞ്ഞുനിന്ന വി.എസ് കേരള രാഷ്ട്രീയത്തിലെ നിത്യവിസ്മയം തന്നെ.
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി ഒഴിഞ്ഞ ശേഷം പരിപൂർണ വിശ്രമത്തിലേക്കു പ്രവേശിച്ച വി.എസ്, ഇന്നു രാഷ്ട്രീയത്തിലെ വിവാദങ്ങളിൽനിന്നും കോലാഹലങ്ങളിൽനിന്നുമെല്ലാം അകന്നു കഴിയുന്നു. ബാർട്ടണ് ഹില്ലിലെ മകന്റെ വീട്ടിൽ പൂർണവിശ്രമത്തിലാണ് അദ്ദേഹം. നൂറാം വയസിലേക്കു കടക്കുന്പോഴും ജന്മദിനാഘോഷം തികച്ചും കുടുംബകാര്യമായിരിക്കും.
ബാല്യകാലം മുതൽ പ്രയാസങ്ങളും അവശതകളും അദ്ദേഹത്തിന്റെ കൂടെപ്പിറപ്പുകളായിരുന്നു. മാതാപിതാക്കളെ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു. ആലപ്പുഴയിൽ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചും അവർക്കുവേണ്ടി സമരം ചെയ്തും ജയിൽവാസം അനുഭവിച്ചും വി.എസ് മെല്ലെ തൊഴിലാളികളുടെ നേതാവായി വളർന്നു.
രാഷ്ട്രീയമായി കൂടെ നിന്നവരിൽ ബഹുഭൂരിപക്ഷവും കണ്ണടച്ചു വിമർശിച്ചപ്പോഴും കാപ്പിറ്റൽ പണിഷ്മെന്റ് നൽകണമെന്നു വരെ പറഞ്ഞപ്പോഴും വി.എസ് ചിരിച്ചതേയുള്ളൂ. എന്നാൽ, മറുപടിക്ക് അവസരം കിട്ടിയപ്പോഴെല്ലാം കണക്കിനു പ്രഹരിക്കാനും അദ്ദേഹം മടി കാണിച്ചില്ല.
വി.എസും ഒത്തുതീർപ്പില്ലാത്ത സമരവും
രാഷ്ട്രീയമായും അല്ലാതെയും എതിർക്കുന്നവർ പോലും ഒളിഞ്ഞും തെളിഞ്ഞും പറയാറുണ്ട് വി.എസ് എന്ന വാക്ക് സമരമാണെന്ന്. പുന്നപ്ര- വയലാർ സമരത്തിലൂടെയാണ് അച്യുതാനന്ദൻ സമരഭൂമിയിൽ ആളിക്കത്തിയത്. ഒന്നാം ഇ.എം.എസ്. സർക്കാരിനെതിരേ വിമോചനസമരം കത്തിപ്പടർന്ന കാലഘട്ടത്തിൽ ആലപ്പുഴയിലെ കമ്യുണിസ്റ്റ് പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായിരുന്നു വി.എസ്. അവിടെ തുടങ്ങിയതാണു വി.എസ് എന്ന രാഷ്ട്രീയക്കാരനിലെ സമരനായകത്വം.
വി.എസ്. പ്രതിപക്ഷ നേതാവായിരുന്ന കാലങ്ങളിലൊക്കെ രാഷ്ട്രീയകേരളം ആ നേതൃത്വത്തിന്റെ ചൂട് നന്നായി അറിഞ്ഞു. മതികെട്ടാൻ ചോലയിലും മൂന്നാർ കൈയേറ്റ പ്രദേശങ്ങളിലും മുല്ലപ്പെരിയാറിലുമൊക്കെ അദ്ദേഹം ഓടിയെത്തി. സിപിഎം ഭരിക്കുന്ന കാലയളവിൽ വെട്ടിനിരത്തൽ പോലെയുള്ള സമരമുറകൾ വിവാദമായ ചരിത്രവുമുണ്ട്.
കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ വി.എസ് മുൻനിരയിൽ നിന്നപ്പോൾ കേരളം വിപ്ലവകാരിയായ ഭരണത്തലവനെ കണ്ടു. സിപിഎമ്മിലെ ഒരു വിഭാഗത്തിനു തീർത്തും അനഭിമതനായി മാറിയ വി.എസിനെ സ്ഥാനാർഥിയാക്കാൻ 2005-ൽ പാർട്ടി സംസ്ഥാന നേതൃത്വം തയാറായില്ല. എങ്ങും വി.എസ് അനുകൂല പ്രകടനങ്ങളും പ്രതിഷേധങ്ങളും ഉണ്ടായി. ഒടുവിൽ വി.എസ് സ്ഥാനാർഥിയായി, കേരളത്തിന്റെ മുഖ്യമന്ത്രിയായി.
ഭരണത്തിന്റെ ആദ്യനാളുകളിൽ തന്നെ മൂന്നാർ ഓപ്പറേഷൻ തുടങ്ങി. കോടതിയും സർക്കാരിനൊപ്പമായി. പക്ഷേ ഇടുക്കി സിപിഎമ്മിലെ മേലാളന്മാർ വി.എസിനെതിരെ കലിതുള്ളി. പിന്നീടു പാർട്ടി നിർദേശ പ്രകാരം വി.എസിനു തന്റെ മൂന്നാർ ദൗത്യം മനസില്ലാമനസോടെ അവസാനിപ്പിക്കേണ്ടിവന്നെങ്കിലും കൈയേറ്റക്കാരിൽനിന്ന് അദ്ദേഹം ഒഴിപ്പിച്ച പതിനായിരത്തിലേറെ ഹെക്ടർ വരുന്ന ഭൂമി ഇപ്പോഴും സർക്കാരിന്റെ കൈവശമുണ്ട്.
വി.എസിനു പിന്നിലെ ആരവം
സിപിഎമ്മിലെ ഒരു നേതാവിനും ലഭിക്കാത്ത ജനപിന്തുണയും സ്നേഹവുമാണ് വി.എസിനു ലഭിച്ചിരുന്നത്. അതിപ്പോഴും നിലകൊള്ളുന്നു എന്നതാണു രാഷ്ട്രീയസത്യവും. വി.എസിന്റെ നീട്ടിവലിച്ചുള്ള, എതിരാളികളെ പരിഹസിക്കുന്ന വാക്കുകൾക്കു കാതോർക്കാൻ മരങ്ങളുടെ മുകളിൽ വരെ സാഹസികമായി ഇരിപ്പിടമുറപ്പിച്ചിരുന്ന ശ്രോതാക്കളെ സംസ്ഥാനത്തുടനീളം കണ്ടതാണ്.
വിദേശത്തുനിന്നു പോലും ആളുകൾ വി.എസിനെ പഠിക്കാനും കാണാനും കേരളത്തിൽ എത്തുമായിരുന്നു. വി.എസിന്റെ ഈ ജനകീയത സിപിഎം സംസ്ഥാന നേതൃത്വത്തിന് ഒട്ടും സുഖിച്ചിരുന്നില്ല. വി.എസും പാർട്ടിയും രണ്ടാണെന്നു തോന്നിപ്പിക്കുന്നതായിരുന്നു അന്നു നടന്ന സംഭവങ്ങൾ.
മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കാത്ത പാർട്ടി നേതൃത്വമെന്ന അപഖ്യാതിയായിരുന്നു പിണറായി വിജയനും പാർട്ടിക്കുമുണ്ടായിരുന്നത്. വി.എസും ഒരർഥത്തിൽ ഇതു നന്നായി ആസ്വദിച്ചു. അച്ചടക്കലംഘനം പലകുറി ആവർത്തിച്ചപ്പോഴും വി.എസിനെ തൊടാൻ സിപിഎം കേന്ദ്ര നേതൃത്വം പോലും മടിച്ചു.
ആലപ്പുഴ സമ്മേളനത്തിൽനിന്ന് അദ്ദേഹം ഇറങ്ങിപ്പോയിട്ടുപോലും ആരും വി.എസിനെ തൊട്ടില്ല. അപ്പോഴും വി.എസിനു പുറകിലായിരുന്നു കേന്ദ്ര നേതാക്കളെല്ലാം. ഒടുവിൽ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ അധികാരത്തിലെത്തിക്കുന്നതിനും വി.എസിന്റെ സാന്നിധ്യം പാർട്ടിക്ക് അത്യന്താപേക്ഷിതമായിരുന്നു.
വി.എസ് രാഷ്ട്രീയ പാഠപുസ്തകം
സിപിഎം നേതാക്കൾ വലിയ ആവേശത്തോടെ പറയുന്ന ഒന്നാണു താൻ വി.എസിന്റെ രാഷ്ട്രീയ പള്ളിക്കൂടത്തിലാണു മാർക്സിസം-ലെനിനിസം അഭ്യസിച്ചതെന്ന്. വി.എസിനൊപ്പം നിന്നവർക്കും പിന്നീട് അദ്ദേഹത്തെ തള്ളിപ്പറഞ്ഞു മറുചേരിയിൽ പക്ഷം പിടിച്ചവർക്കും ഇക്കാര്യത്തിൽ ഏകാഭിപ്രായമാണ്. ഒരു കേഡർ എങ്ങനെ രൂപപ്പെടണമെന്നതിൽ വി.എസിന് അപാരമായ അറിവുണ്ടായിരുന്നു എന്നാണു പഴയ നേതാക്കളുടെ ഭാഷ്യം.
അതുകൊണ്ടാണു കേരളത്തിൽ മികച്ച ഒരു പാർട്ടിയെ കെട്ടിപ്പടുക്കാനായതെന്നാണ് അവരുടെ നിലപാട്. വി.എസിനെ നിലനിൽപ്പിന്റെ പേരിൽ തള്ളിപ്പറഞ്ഞവരെല്ലാം പാർട്ടിയുടെ പുതിയ നയവ്യതിയാനങ്ങളെ ഇപ്പോൾ വിമർശിക്കുകയാണ്. ഇവിടെയാണു വി.എസ് എന്ന പാർട്ടി പള്ളിക്കൂടത്തിലെ അധ്യാപകന്റെ പ്രസക്തി. പാർട്ടിയിൽ ഉണ്ടാകുന്ന എല്ലാത്തരം നയവൈകല്യങ്ങളെയും വി.എസ് കാലാകാലങ്ങളിൽ എതിർത്തിട്ടുണ്ട്. ചിലതൊക്കെ എതിർത്തു തോൽപ്പിച്ചിട്ടുമുണ്ട്.
മുൻകാലങ്ങളിൽ പാർട്ടി എതിർത്തിരുന്ന പലതിനെയും ഇപ്പോൾ അനുകൂലിക്കുന്പോൾ സർക്കാരിന്റെ പല പദ്ധതികൾക്കും നടപടികൾക്കുമെതിരേ ജനരോഷം ഉയരുന്പോൾ സമരം ജീവിതമാക്കിയ വി.എസിന് ശാരീരികാവശതകൾ മൂലം പ്രതികരിക്കാനാകുന്നില്ല. പക്ഷേ എല്ലാവരും സമ്മതിക്കുന്നു, വി.എസ് ഒരു രാഷ്ട്രീയ പാഠപുസ്തകമാണ്.
പ്രേംകുമാർ