ലഹരിയിലേക്കുള്ള വഴികൾ
Saturday, October 15, 2022 4:44 PM IST
ഒരാളെ ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ജീവിതത്തെപ്പറ്റിയുള്ള അവ്യക്തമായ കാഴ്ചപ്പാടും ഉറയ്ക്കാത്ത നിലപാടുകളുമുള്ള കൗമാരക്കാർക്കു മുന്നില്‍ പ്രലോഭനങ്ങളുമായി സുഹൃത്തുക്കളും സഹപാഠികളും മുതൽ ലഹരിമാഫിയവരെ ക്യൂ നിൽക്കുന്നു. അടുത്ത സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി മദ്യവും പുകയില ഉത്പന്നങ്ങളും മയക്കുമരുന്നും ഉപയോഗിച്ചു തുടങ്ങുന്നവരാണ് ഏറെയും.
മദ്യവും മയക്കുമരുന്നും അനുഭൂതിദായകമാണെന്ന തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ പലരും ലഹരിവസ്തുക്കള്‍ പരീക്ഷിച്ചുനോക്കാറുണ്ട്. കൂട്ടുകാരുടെ ഇടയില്‍ ന്ധഹീറോ’ പരിവേഷം കിട്ടാനുള്ള കുറുക്കുവഴിയായും ലഹരിവസ്തുക്കളെ ചിലർ കാണുന്നു. വീടുകളില്‍ മുതിര്‍ന്നവര്‍ കൂടിയിരുന്ന് മദ്യപിക്കുന്നതും പുകവലിക്കുന്നതും കാണുന്ന കുട്ടികൾ ക്രമേണ അവരെ അനുകരിച്ചു തുടങ്ങും.
നാട്ടിലും വീട്ടിലും അവഗണിക്കപ്പെടുന്നവരും പലവിധ പ്രശ്നങ്ങളില്‍പ്പെട്ട് ഉഴലുന്നവരും ലഹരിയെ അഭയകേന്ദ്രമായി കാണുന്നു.
സിനിമ, സീരിയല്‍ തുടങ്ങിയ ബഹുജനമാധ്യമങ്ങളില്‍ തങ്ങളുടെ ആരാധനാപാത്രങ്ങളായവർ ലഹരി ഉപയോഗിക്കുന്നത് കാണുന്നതും കുട്ടികളെ പെട്ടെന്ന് ലഹരിക്ക് അടിമപ്പെടുത്തും. ഒരുതവണത്തെ ഉപയോഗംകൊണ്ടുപോലും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നീരാളിപ്പിടിത്തത്തില്‍ പലരം പെട്ടുപോകുന്നു. മദ്യാസക്തിയില്പ്പെട്ടുപോയാല് തിരിച്ചുവരവ് അത്ര എളുപ്പമല്ല.
നിയമം കർശനമായതും പ്രശ്നം
ലഹരി ഉപഭോഗവും വിതരണവും തടയാൻ കർശനമായ നിയമങ്ങളാണുള്ളത്. നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റാന്ഡ്സ് ആക്ട് (എന്‍ഡിപിഎസ് ) വഴിയാണ് ഇന്ത്യയില്‍ ലഹരിയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നത്. 1986 ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമാണത്. ലോകത്ത് ലഹരിക്കെതിരേയുള്ള ഏറ്റവും ശക്തമായ നിയമങ്ങളിലൊന്നാണിത്. ഇതുവഴി വധശിക്ഷ വരെ ഉറപ്പാക്കാന്‍ കഴിയും.
നിരപരാധികൾ ഇരയാക്കപ്പെടരുതെന്ന മുന്‍ധാരണയോടെയാണ് ഇത് പാസാക്കപ്പെട്ടിരിക്കുന്നത്. സാക്ഷി ദുര്‍ബലമാണെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ കേസ് തിരിച്ചുകുത്തും. പ്രതി ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ അന്വേഷിച്ച ഉദ്യോഗസ്ഥന് കുടുങ്ങുന്ന സ്ഥിതിയാണുണ്ടാവുക. അതിനാല്‍ ഇത്തരം കേസുകളില്‍ റിസ്ക്കെടുക്കാന് ഉദ്യോഗസ്ഥരും മടിക്കുന്നു. ഇവയൊക്കെ മയക്കുമരുന്ന് കച്ചവടക്കാര്‍ നന്നായി മുതലാക്കുന്നുമുണ്ട്.
വീടുകളില്‍ തുടങ്ങണം തിരുത്തല്‍
യുവതലമുറയെ പറഞ്ഞു മനസിലാക്കുന്നതിനുള്ള സംവിധാനമാണ് ആദ്യം ഉണ്ടാകേണ്ടത്. വീടുകളില്‍നിന്നുതന്നെയാണ് തിരുത്തല്‍ പ്രക്രിയ തുടങ്ങേണ്ടത്. കുട്ടികളുടെ കാര്യങ്ങള്‍ സൂക്ഷ്മതയോടെ നോക്കുകയും അവരെ പരിഗണിക്കുകയും മനസിലാക്കുകയും അവര്‍ക്ക് വേണ്ടത് തിരിച്ചറിയുകയും ചെയ്യുന്ന അന്തരീക്ഷം വീടുകളിലുണ്ടാകണം. സ്കൂളുകളില്‍ അധ്യാപകര്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനുണ്ട്.
കുട്ടികളുമായി നന്നായി ഇടപഴകുകയും അവരെ നന്നായി മനസിലാക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കുടുംബങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അന്തരീക്ഷം മാറേണ്ടതുണ്ട്. ലഹരിയുടെ വഴികളിലേക്ക് പോയ കുട്ടികളെ എത്രയും പെട്ടെന്ന് കണ്ടെത്തി അവര്‍ക്ക് സഹായവും പിന്തുണയും കൗണ്‍സിലിംഗും ആവശ്യമെങ്കില്‍ മികച്ച ചികിത്സയും നല്‍കണം.
അണുകുടുംബം അപകടകരം
കേരളത്തില്‍ 13 വര്‍ഷത്തിനുള്ളിലാണ് കുട്ടികളില്‍ ഇത്രയേറെ ലഹരിയുടെ ഉപയോഗം പടര്‍ന്നു പിടിച്ചത്. അണുകുടുംബ സംവിധാനമാണ് ഈ സ്ഥിതിവിശേഷത്തിലെത്തിച്ചത്. മാതാപിതാക്കള്‍ക്ക് ജോലിയും തിരക്കുമായതോടെ കുട്ടികളെ വേണ്ടപോലെ ശ്രദ്ധിക്കാനാളില്ലാതായി. കുട്ടികള്‍ എന്ത് ചെയ്യുന്നുവെന്ന് അവരാരും അറിയുന്നില്ല. ആരുമായൊക്കെയാണ് അവരുടെ കൂട്ടെന്നുപോലും രക്ഷിതാക്കള്‍ അറിയാതെ പോകുന്നു.
(അവസാനിച്ചു)