ലഹരി വിൽക്കാൻ ഡോക്ടറും
Wednesday, October 12, 2022 3:54 PM IST
എംഡിഎംഎ അടക്കം മാരകമയക്കുമരുന്നുമായി തൃശൂരില്‍ ഡോക്ടര്‍ പിടിയിലായത് ഈവര്‍ഷം ജനുവരിയിൽ. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഹൗസ് സര്ജന് അഖില്‍ മുഹമ്മദ് ഹുസൈന് ആണ് പിടിയിലായത്. എംഡിഎംഎ ഉള്‍പ്പെടെയുള്ള സിന്തറ്റിക് ലഹരി മരുന്നുകളാണ് കക്ഷിയുടെ കൈവശം ഉണ്ടായിരുന്നത്. ഇയാള്‍ ലഹരി ഉപയോഗം മാത്രമല്ല വില്‍പ്പനയും നടത്തിയിരുന്നതായി മെഡിക്കല്‍ കോളജ് പോലീസ് വ്യക്തമാക്കി.
മെഡിക്കല്‍ കോളജിന് സമീപത്തുള്ള ഒരു സ്വകാര്യ ഹോസ്റ്റലിലായിരുന്നു ഡോക്ടറുടെ താമസം. ഇവിടെ നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും ഉള്‍പ്പെടെ പിടിച്ചെടുത്തത്.
ബംഗളൂരുവില്‍നിന്നാണ് ഇവ എത്തിച്ചതെന്നായിരുന്നു കണ്ടെത്തല്‍. ഹാഷിഷ് ഓയില്‍ കൊണ്ടുവന്നിരുന്നത് വിശാഖപട്ടണത്തുനിന്നും. ഇയാളില്‍നിന്ന് 15 ഡോക്ടര്‍മാര്‍ സ്ഥിരമായി ലഹരിമരുന്നുകള്‍ വാങ്ങി ഉപയോഗിച്ചിരുന്നെന്നു കണ്ടെത്തി. അഖിലിനെ കസ്റ്റഡിയില്‍ എടുത്ത സമയത്ത് നിരവധിപ്പേര്‍ ലഹരിമരുന്ന് ആവശ്യപ്പെട്ട് ഇയാളുടെ ഫോണിലേക്ക് വിളിച്ചിരുന്നു.
കിറുങ്ങി "കിളിപോയ' നിലയിൽ താരങ്ങൾ
സിനിമാമേഖലയില്‍ ലഹരിമരുന്നുകൾ പിടിമുറുക്കിയെന്ന ആരോപണങ്ങള്‍ ശക്തമാണ്. മോളിവുഡോ കോളിവുഡോ ബോളിവുഡോ ഇതില്‍നിന്ന് വ്യത്യസ്തമല്ലെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ പങ്കുവച്ച ഒരു വീഡിയോ ഇതിന് അടിവരയിടുന്നു.
ബോളിവുഡ് താരങ്ങള്‍ ലഹരി നുണഞ്ഞ് കിറുങ്ങി കിളിപോയ നിലയിലാണ് വീഡിയോയില്‍. കരണ്‍ ജോഹര്‍ തന്റെ സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ പാര്‍ട്ടിയിലെ രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂര്‍, മലൈക അറോറ, വരുണ്‍ ധവാന്, വിക്കി കൗശല്‍, ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍, അര്ജുന് കപൂര്‍ തുടങ്ങിയ താരങ്ങളാണ് വിരുന്നിനെത്തിയത്.
ഏറ്റവും കൂടുതല്‍ ലഹരി വിറ്റഴിക്കപ്പെടുന്ന മേഖലയായി സിനിമാ മേഖല മാറുകയാണ് എന്ന ആശങ്കയ്ക്ക് ശക്തി പകരുന്നതായിരുന്നു തിരുവനന്തപുരം പൂവാര്‍ സംഭവം. പൂവാറിലെ കാരക്കാട്ടെ റിസോര്‍ട്ട് സ്ഥിരമായി ലഹരിമരുന്ന് പാര്‍ട്ടി നടക്കുന്ന വേദിയാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
ആറുമാസത്തിനിടെ മാത്രം ഇവിടെ 17 ലഹരിപ്പാര്‍ട്ടികള്‍ നടന്നത്രെ. സിനിമാതാരങ്ങളുടെ സ്ഥിരം കേന്ദ്രമാണ് ഈ റിസോർട്ട്. തലസ്ഥാനത്തെ പ്രമുഖ സിനിമാ നടിയും മോഡലുമായ ഒരു യുവതിക്ക് പാര്‍ട്ടി നടത്തിപ്പുമായി ബന്ധമുള്ളതായി സൂചനയുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
ഭീകരന് എല്‍എസ്ഡി
മയക്കുമരുന്നുകളുടെ കൂട്ടത്തിലെ ഭീകരനാണ് എല്‍എസ്ഡി. മറ്റു മയക്കുമരുന്നുകളേക്കാള്‍ നാലായിരം ഇരട്ടിയാണ് ഇതിന്റെ തീവ്രത. ലൈസര്‍ജിക് ആസിഡ് ഡൈ ഈതൈലമൈഡ് എന്നാണ് എല്‍എസ്ഡിയുടെ പൂര്‍ണരൂപം. സാധാരണ മനുഷ്യന്റെ തലച്ചോറ് പ്രവര്‍ത്തിക്കുന്നതിന്റെ പത്തിരട്ടി വേഗത്തിലായിരിക്കും എല്‍എസ്ഡി ഉപയോഗിക്കുന്ന ആളുടെ അവസ്ഥ.
സാധ്യമല്ലാത്ത എന്തും ചെയ്യാനാകുമെന്ന അവസ്ഥ സൃഷ്ടിക്കപ്പെടും. കെട്ടുപാടുകളും നിയന്ത്രണവുമെല്ലാം നഷ്ടപ്പെടും. കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്ക് പറന്നിറങ്ങാന്‍ കഴിയുമെന്നൊക്കെ തോന്നും. തലച്ചോറ് അപ്പാടെ മാറ്റിവച്ചതുപോലെയുള്ള ഒരനുഭവം.
പി. ജയകൃഷ്ണന്