പിടിവിട്ട് കുട്ടികൾ
പി. ജയകൃഷ്ണന്
കേരളത്തില്‍ ഇപ്പോൾ വളരുന്നത് വ്യവസായവും തൊഴിലും ഒന്നുമല്ല. ഇവിടെ പൂത്തുലയുന്നത് ലഹരിയാണ്. മയക്കുമരുന്നിന്റെ പിടിയിലാണ് പുതുതലമുറ. സ്കൂളുകളിലും കോളജ് കാമ്പസുകളിലും മയക്കുമരുന്നിന്റെ വ്യാപനം ഭയാനകമായ തോതിലേക്ക് കുതിക്കുകയാണ്. ഈ യാഥാർഥ്യം രക്ഷിതാക്കളെ മാത്രമല്ല, ലഹരിവിരുദ്ധ പ്രവര്‍ത്തകരെയും നിയമപാലകരെയും മനഃശാസ്ത്രവിദഗ്ധരെയുമെല്ലാം ഭയപ്പെടുത്തുന്നു.
ഭൂരിഭാഗം രക്ഷിതാക്കളും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കിടയിലാണ്. മക്കളുടെ മദ്യ-മയക്കുമരുന്ന് ഉപയോഗം മൂലം ജന്മംതന്നെ പാഴായിപോയെന്ന് വിലപിക്കുന്നവർ ഏറെ. സന്ധ്യകഴിയുന്നതോടെ പല വീടുകളും മരണവീടുപോലെ മൗനത്തിലേക്ക് വീഴുന്നു. ഒരു വീട്ടിലുള്ളവര്‍ പരസ്പരം സംസാരിക്കാത്ത അവസ്ഥ. ചില വീടുകളാകട്ടെ സംഘര്‍ഷഭരിതവും.
ഭാവിതലമുറ മാരകവിപത്തിലേക്ക് എടുത്തെറിയപ്പെടുമ്പോഴും ഖജനാവ് നിറയ്ക്കുന്നതിലും അധികാരം ഉറപ്പിക്കുന്നതിലും മാത്രമാണ് ഭരണാധികാരികളുടെ ശ്രദ്ധ. ഇത് അവസരമായി കണ്ട് ലഹരിമാഫിയകളും ഗുണ്ടാമാഫിയകളും അഴിഞ്ഞാടുന്നു. നാട്ടിൽ അക്രമങ്ങളും അതിക്രമങ്ങളും അരങ്ങു വാഴുന്നു. ജീവഭയം മൂലം പ്രതികരിക്കാൻ ആളുകൾ മടിക്കുന്നു.
സ്കൂളുകളിലും ട്യൂഷന് സെന്ററുകളിലും പുകയില ഉത്പന്നങ്ങള്‍ മുതല്‍ മയക്കുമരുന്നുകള്‍ വരെ യഥേഷ്ടം എത്തുന്നു. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ മയക്കുമരുന്ന് ഉപയോഗം വളരെവേഗം വർധിച്ചുവരികയാണ്. ഇടവേളകളിൽ ക്ലാസിന് പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളെ കാത്ത് ലഹരിവിൽപനക്കാർ വിദ്യാലയ പരിസരങ്ങളിൽ തന്പടിക്കുന്നു.
നഗരമേഖലകളിൽ വിദ്യാര്‍ഥിനികളുടെ മയക്കുമരുന്ന് ഉപയോഗവും സാധാരണമായി കഴിഞ്ഞു. ബര്‍ത്ത്ഡേ പോലുള്ള ആഘോഷ പരിപാടികളില്‍ അനാരോഗ്യപരമായ ചില പ്രവണതകളും വിദ്യാര്‍ഥികളില്‍ കണ്ടുവരുന്നുണ്ട്. അധ്യാപകരും മറ്റും ഇക്കാര്യങ്ങളൊക്കെ അറിയുന്നുണ്ടെങ്കിലും വിദ്യാര്‍ഥികളെ ശാസിച്ചാലുള്ള ഭവിഷ്യത്തുകൾ അവരെ നിശബ്ദരാക്കുന്നു.
പതിനാല് വയസിനകം മയക്കുമരുന്നിലേക്ക്
കേരളത്തില്‍ മദ്യം രുചിച്ചു തുടങ്ങുന്ന ആണ്‍കുട്ടികളുടെ ശരാശരിപ്രായം മുൻപ് 18 വയസായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ചില പഠനങ്ങളിൽ 14 വയസിനകം മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. മലയാളി പണ്ട് മദ്യപിച്ചിരുന്നത് രഹസ്യമായിട്ടായിരുന്നെങ്കില്‍ ഇന്ന് ഒത്തുചേരലുകളില്‍ മദ്യം ഒഴിവാക്കാനാവാത്ത ഒരിനമായി മാറിക്കഴിഞ്ഞു. ചെറിയതോതില്‍ മദ്യപിച്ചു തുടങ്ങുന്ന യുവാക്കളില്‍ പലരും അധികം വൈകാതെ മദ്യം കിട്ടാതെ പറ്റില്ലെന്ന അവസ്ഥയിലേക്ക് മാറുന്നു.
മദ്യം രഹസ്യമായി വാങ്ങാനും സൂക്ഷിക്കാനും ഉപയോഗിക്കാനുമുള്ള ബുദ്ധിമുട്ട് കാരണം എളുപ്പവഴി എന്ന നിലയിൽ യുവാക്കള്‍ മയക്കുമരുന്നിലേക്കും തിരിയുന്നു. കൗതുകത്താലോ നിര്‍ബന്ധത്തിന് വഴങ്ങിയോ ലഹരിവസ്തുക്കള്‍ രുചിച്ചുനോക്കുന്ന ഓരോ അഞ്ചുപേരിലും ഒരാള്‍ പില്ക്കാലത്ത് മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നതായാണ് കണക്ക്.
ലഹരിവസ്തുക്കളില്‍നിന്ന് കര്‍ശനമായ അകലം പാലിക്കുകയാണ് ഈ ചതിക്കുഴിയിൽ വീഴാതിരിക്കാനുള്ള പ്രധാനമാർഗം.
ലഹരിക്കേസുകൾ കുതിക്കുന്നു
കേരളത്തില്‍ ലഹരിമരുന്നു കേസുകളില്‍ അടുത്തകാലത്ത് വന്‍വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ മൂന്നിരട്ടിയോളം കേസുകളാണ് ഈവര്‍ഷം ഓഗസ്റ്റ് വരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2020 ല്‍ 4,650 ഉം 2021 ല്‍ 5,334 ഉം കേസുകൾ രജിസ്റ്റര്‍ ചെയ്തപ്പോൾ ഈവര്‍ഷം ഓഗസ്റ്റ് വരെ രജിസ്റ്റര്‍ ചെയ്തത് 16,170 കേസുകൾ. 2020 ല്‍ 5,674 പേരെയും 2021 ല്‍ 6,704 പേരെയും അറസ്റ്റ് ചെയ്തിരുന്നു.
2022 ല്‍ ഓഗസ്റ്റു വരെ 17,834 പേരാണ് അറസ്റ്റിലായത്. വിൽപനയ്ക്കായി എത്തിച്ച 1,340 കിലോഗ്രാം കഞ്ചാവും 6.7 കിലോഗ്രാം എംഡിഎംഎയും 23.4 കിലോഗ്രാം ഹാഷിഷ് ഓയിലും ഈവര്‍ഷം ഓഗസ്റ്റ് വരെ പിടിച്ചെടുത്തു.