വയലിൻ വിജയഗാഥ
Thursday, September 29, 2022 2:52 PM IST
കൗതുകത്തിനായാണ് കാഞ്ഞിരമറ്റം സ്വദേശികളായ സജി കരുണാകരനും, അഷറഫ് കലാഭവനും വയലിൻ നിർമിച്ചു തുടങ്ങിയത്. ജോലി സമയത്തെ ഇടവേളകളിൽ ആരംഭിച്ച നിർമാണം പ്രാരംഭത്തിൽ ഫലം കാണാതെ വന്നെങ്കിലും ഇപ്പോൾ ഇവർ നിർമിച്ച വയലിൻ വിദേശ നിർമിത വയലിനുകളോട് കിടപിടിക്കുന്ന "റോയൽ മാക്സ്' എന്ന ബ്രാൻഡിൽ സംഗീത ഉപകരണ വില്പനശാലകളിലും ഓൺലൈൻ സൈറ്റുകളിലും വിറ്റഴിക്കുന്നു.
സംഗീതത്തോടുള്ള താത്പര്യം
സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് രണ്ടു പേരെയും വയലിൻ നിർമാണത്തിലേക്ക് എത്തിച്ചത്. തങ്ങളുടെ തന്നെ വെൽഡിംഗ് വർക്ക്ഷോപ്പിലാണ് വയലിൻ നിർമാണം. ആദ്യമാദ്യം നിർമിച്ചവ പരാജയമായെങ്കിലും ഇന്ന് എറണാകുളത്തും കോഴിക്കോടുമുള്ള സംഗീത ഉപകരണ വില്പനശാലകളിലും വിപണി കണ്ടെത്താനും ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിൽ വിപണനം നടത്താനും സാധിക്കുന്നു. വടക്കേ ഇന്ത്യയിൽനിന്നും അന്വേഷണങ്ങൾ എത്തുന്നതിനാൽ മധ്യപ്രദേശിൽ ഒരു വിപണന ശാലയുണ്ട്.
മൂന്ന് വർഷം
രണ്ടു പേരും ചേർന്ന് ഒരു വയലിൻ അതിന്റെ പൂർണതയിൽ നിർമിക്കാൻ ഒരാഴ്ചയോളം സമയമെടുക്കുമെന്ന് ഇവർ പറയുന്നു. നിർമാണത്തിന്റെ ആദ്യ നാളുകളിൽ നിരവധി തവണ പരാജയപ്പെട്ടെങ്കിലും രണ്ടു പേരും പരിശ്രമം ഉപേക്ഷിച്ചില്ല. കൃത്യമായ നാദം പൊഴിക്കുന്ന വയലിൻ അതിന്റെ പൂർണതയിൽ നിർമിക്കുവാൻ മൂന്നു വർഷത്തോളമെടുത്തു. കഴിഞ്ഞ എട്ടുവർഷമായി വയലിൽ നിർമാണ മേഖലയിൽ ഉണ്ട്.
കോവിഡ് കാലം പ്രഫഷണൽ പ്രോഗ്രാമുകൾ ഇല്ലാതായത് തങ്ങളെയും പ്രതികൂലമായി ബാധിച്ചു എന്ന് സജി കരുണാകരൻ പറഞ്ഞു. കലാകാരൻമാർക്ക് പ്രോഗ്രാമുകൾ ഉണ്ടായാൽ മാത്രമാണ് വയലിനുകൾ മാർക്കറ്റിൽ ചിലവാകൂ. ഇപ്പാൾ ആഘോഷങ്ങൾ പഴയപടിയാകുന്നത് പ്രതീക്ഷ നൽകുന്നുണ്ട് എന്ന് ഈ സുഹൃത്തുക്കൾ പറയുന്നു.