"വീട്ടിലെ ആശുപത്രി'
Tuesday, September 13, 2022 4:01 PM IST
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാട് പേരുടെ സ്വപ്നങ്ങളായി മാറിയ സംഭവമാണ് പയ്യന്നൂരിൽ കാണുന്നത്. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ പിആര്‍ഒ ജാക്സണ് ഏഴിമലയും ഭാര്യ നഴ്സിംഗ് ഓഫീസര്‍ ജീനിയയും ഏഴിമല നരിമടയില്‍ നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശനം ഏറെ ചർച്ചയായി കഴിഞ്ഞു.
"സ്നേഹക്കൂട്' എന്ന പേരിട്ട ഈ വീടിന്റെ ഗൃഹപ്രവേശനത്തിന്റെ സവിശേഷതകളാണ് ഇതിന് കാരണം. ഈ വീടിന്റെ സവിശേഷതകള്‍ക്കൊപ്പം തങ്ങളുടെ കര്‍മപഥത്തിലെ പ്രവര്‍ത്തനങ്ങളെ ഈ ദമ്പതികള്‍ നെഞ്ചോട് ചേര്‍ത്തപ്പോള്‍ സ്നേഹക്കൂടിന്റെ ഗൃഹപ്രവേശനം നാടേറ്റെടുത്ത് ഉത്സവമാക്കുകയായിരുന്നു എന്നതായിരുന്നു വലിയ പ്രത്യേകത. ആദര്‍ശങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തി സമൂഹത്തിന് പുതിയ മാതൃകയും ദിശാബോധവും പകര്‍ന്നതാണ് "സ്നേഹക്കൂടിന്റെ' ഗൃഹപ്രവേശനത്തെ ശ്രദ്ധേയമാക്കിയത്.
സാന്ത്വന പരിചരണത്തിനാണ് മുന്‍തൂക്കം
നിര്‍മാണം പൂര്‍ത്തിയാക്കിയ സ്വന്തം വീട്ടിലെ താമസത്തോടൊപ്പം സൗജന്യ സാന്ത്വന പരിചരണത്തിന് മുന്‍തൂക്കം നല്‍കിയുള്ള പദ്ധതികള്ക്കുകൂടിയാണ് ഇവര്‍ തുടക്കം കുറിച്ചത്. വീടിനോടനുബന്ധിച്ച് പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഒരുമുറിയില്‍ ടെലഫോണിക് സൂയിസൈഡ് പ്രിവഷന് സെന്റര്‍, കൗണ്‍സിലിംഗ് സെന്റര്‍, പാലിയേറ്റീവ് സപ്പോര്‍ട്ടിംഗ് യൂണിറ്റ് എന്നിവ കൂടിയാണ് ഈ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയിരിക്കുന്നത്.
" തങ്ങളെ കേള്‍ക്കാനും ഉള്‍ക്കൊള്ളാനും ആരുമില്ല എന്ന ചിന്തയില്‍നിന്നാണ് ആത്മഹത്യാ പ്രേരണയുണ്ടാകുന്നതെന്നും ഇത്തരം ചിന്തയില്‍നിന്നും തുടര്‍ന്നുള്ള ആത്മഹത്യയില്‍നിന്നും ഇത്തരക്കാരെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നും ജാക്സണ് പറയുന്നു. ഇത്തരം ആവശ്യങ്ങള്‍ക്കായി വീടിനോടനുബന്ധിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ മാനസിക ചികിത്സാ സൗകര്യങ്ങള്‍ക്കായി കേരളത്തിലെവിടെനിന്നും 8848939095 നമ്പറില്‍ വിളിച്ചാല്‍ കൗണ്‍സിലിംഗ് സേവനം ലഭ്യമാകും.
വരാന്തയോടനുബന്ധിച്ചുള്ള മറ്റൊരു മുറി വിശ്രമം അത്യവശ്യമായി വരുന്ന രോഗികള്‍ക്ക് കിടക്കാനുള്ള സൗകര്യത്തോടെ നിര്‍മിച്ചതാണ്. രണ്ടുമുറികള്‍ കിടപ്പുമുറികളായി ഉപയോഗിക്കുമ്പോള്‍ മറ്റു രണ്ടു മുറികള്‍ സാന്ത്വന പരിചരണത്തിനായി മാറ്റിവയ്ക്കുകയായിരുന്നു. വീല്‍ചെയറില്‍ രോഗികളായവരെ മുറിയിലെത്തിക്കാന്‍ റാമ്പും ഒരുക്കിയിട്ടുണ്ട്. മരങ്ങള്‍ക്കിടയിലെ കുളിര്മയുള്ള അന്തരീക്ഷത്തിന് കൂടുതല്‍ ആസ്വാദ്യത പകരുന്നതിനായി ചെറിയ പൂന്തോട്ടവുമുണ്ടെന്ന പ്രത്യേകതയുമുണ്ട്.
വിവിധയിനം കോഴികള്‍ മുതല്‍ ഗപ്പി വരെ
ജാക്സന്റെ മക്കളായ ആദിയും ആരോണും സംരക്ഷിച്ചുവരുന്ന അമേരിക്കന്‍ സില്‍ക്കി, പോളിഷ് ക്യാപ്, കൊളമ്പിയന്‍ ബ്രഹ്മ, നാടന്‍ കോഴി, കരിങ്കോഴി തുടങ്ങി വിവിധയിനം കോഴികള്‍,നാടന്‍ താറാവ്, വിഗോവ, കുട്ടനാടന്‍ താറാവ് എന്നിങ്ങനെ വിവിധയിനം താറാവുകള്‍, ഇവയുടെയെല്ലാം കാവലാളായ ജൂലിയെന്ന വളര്ത്തുനായക്കുള്ള കൂട്, താറാവിന് കുളിക്കാനായുള്ള സൗകര്യം, കോഴിത്തീറ്റയും മറ്റും സൂക്ഷിക്കാനുള്ള സ്റ്റോര്‍ റൂം, വളമാക്കി മാറ്റുന്നതിനുള്ള കമ്പോസ്റ്റ് കുഴി എന്നിവയും വീടിനോടനുബന്ധിച്ചുണ്ടെന്ന പ്രത്യേകതയുമുണ്ട്.
കൊതുകുകളെ നശിപ്പിക്കാനായി ഗപ്പി മത്സ്യങ്ങളേയും വളര്‍ത്തുന്നുണ്ട്. കഴിഞ്ഞ കൊറോണക്കാലത്ത് ഇവരുടെ കോഴികളെ ജനകീയ ലേലം നടത്തി അറുപതിനായിരത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്ത ചരിത്രവുമുണ്ട് "സ്നേഹക്കൂടിന്.
ഗൃഹപ്രവേശനവും സാന്ത്വന പ്രവര്‍ത്തന ഉദ്ഘാടനവും
കുടുംബജീവിതത്തോടൊപ്പം നന്മകള് പുഷ്പിക്കുന്ന സന്ദേശം നിത്യ ജീവിതത്തിന്റെ ഭാഗമാക്കിയ ഈ ദമ്പതികളുടെ ഗൃഹപ്രവേശവും സൗജന്യ ശാരീരിക-മാനസിക ചികിത്സാ സൗകര്യങ്ങളുടെ ഉദ്ഘാടനവും മുന്‍ ആരോഗ്യ മന്ത്രി പി.കെ. ശ്രീമതിയാണ് നിര്‍വഹിച്ചത്. ഒട്ടേറെ തിരക്കുണ്ടായിട്ടും ഉദ്ഘാടനം നിര്‍വഹിച്ച് ഒരുമണിക്കൂറോളം ഇവിടെ ചെലവഴിച്ച് ഈ ദമ്പതികള്‍ ഏറ്റെടുത്ത ദൗത്യത്തെപ്പറ്റി മനസിലാക്കുകയും അഭിനന്ദിക്കുകയും ചെയ്ത ശേഷമാണ് ശ്രീമതി മടങ്ങിയത്.
മുന്‍ എംഎല്‍എമാരായ ടി.വി. രാജേഷ്, സി. കൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. ലളിത, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ. അനില്‍കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
വിശിഷ്ടാതിഥികളായത് അന്തേവാസികള്‍
ജ്യേഷ്ഠന് ചാള്സണ് ഏഴിമല നിര്‍മിച്ച വീടിന്റെ കഴിഞ്ഞ വര്‍ഷം നടന്ന ഗൃഹപ്രവേശനത്തോടെയാണ് വിശേഷ ദിവസങ്ങളില്‍ പാലിയേറ്റീവ് പരിചരണത്തിലുള്ളവര്‍ക്ക് ഭക്ഷണ വിതരണം ആരംഭിച്ചത്.ഇതേപാത പിന്തുടരുന്ന ജാക്സണ് സ്നേഹക്കൂടിന്റെ ഗൃഹപ്രവേശനത്തോടൊപ്പം രോഗികള്‍ക്കുള്ള ഭക്ഷണ വിതരണത്തിനും മുന്‍തൂക്കം നല്കി.
നിരാശ്രയരുടെ സംരക്ഷണ കേന്ദ്രമായി മാറിയ പഴയങ്ങാടി പൊടിത്തടത്തെ ഗാര്ഡിയന് ഏഞ്ചല്‍സിലെ അറുപതോളം വരുന്ന അന്തേവാസികളായിരുന്നു ഗൃഹപ്രവേശന ചടങ്ങിലെ വിശിഷ്ടാതിഥികള്‍ എന്നത് മറ്റൊരു പ്രത്യേകതയായി. ഇവര്‍ക്കായി സാന്ത്വന സംഗീതം പരിപാടിയുമുണ്ടായി. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ സഹപ്രവര്ത്തകന് ആദര്‍ശാണ് സാന്ത്വന സംഗീതം പരിപാടി അവതരിപ്പിച്ചത്. തുടര്‍ന്നു മെഡിക്കല്‍ ക്യാമ്പും കൗണ്‍സിലിംഗ് ക്യാമ്പും നടത്തി. ഇതിനെല്ലാം മുമ്പായി ഇരുപതോളം പേര് രക്തദാനവും നടത്തുകയുമുണ്ടായി.
ജാക്സന്റേത് പ്രത്യേകതകളുള്ള കുടുംബം
മത്സ്യത്തൊഴിലാളി കുടുംബാംഗവും എംഎസ്ഡബ്ല്യു, എം ഫില്‍ ബിരുദവുമുള്ള ജാക്സണ് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകനായി എത്തിയിട്ട് പതിമൂന്നു വര്‍ഷമായി. പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ പിആര്‍ഒ ആയാണ് തുടക്കം.
പിന്നീട്, പഴയങ്ങാടി താലൂക്ക് ആശുപത്രി പിആര്‍ഒ അയിരിക്കെ പയ്യന്നൂര്‍ മുത്തത്തിയിലെ പകല്‍വീടിന്റെ സൂപ്പര്‍വൈസറായി. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പിആര്‍ഒ ആയിട്ട് മൂന്നുവര്ഷവുമായി. കെസിവൈഎം പ്രവര്‍ത്തകനായി പൊതുരംഗത്തെത്തിയ ജാക്സണ് ഇപ്പോള്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും ഏഴിമല ബ്രാഞ്ച് സെക്രട്ടറിയുമാണ്.
ബിഎസ്സി നഴ്സായ ജാക്സന്റെ ഭാര്യ ജീനിയ ആറുവര്‍ഷമായി മുത്തത്തി പകല്‍വീട്ടിലെ നഴ്സിംഗ് ഓഫീസറായി ജോലി ചെയ്യുന്നു. നെരുവമ്പ്രം ജെടക്നിക്കല് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ആദിയും, കുന്നരു യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ആരോണുമാണ് മക്കള്‍.
നീന്തലിലെ ലോക റെക്കോര്‍ഡ് ജേതാവും ടൂറിസം ലൈഫ് ഗാര്‍ഡും നീന്തല്‍ പരിശീലകനുമായ ചാള്സണ് ഏഴിമല സഹോദരനാണ്. ഇവരുടെ കൂടുംബത്തിലെ അഞ്ചു വനിതകള്‍ അറബിക് ടീച്ചറായി സേവനം ചെയ്യുന്ന അത്യപൂര്‍വത നേരത്തെ രാഷ്ട്രദീപിക പ്രസിദ്ധീകരിച്ചിരുന്നു.
പിതാവ് പീറ്റര്‍ നേരത്തെ വിടപറഞ്ഞിരുന്നു. പിന്നീട് വിവരണാതീതമായ കഷ്ടതകള്‍ക്ക് നടുവില്‍ ഇവരെ വളര്‍ത്തിയ അമ്മ റീത്താമ്മയാണ് ജാക്സണുള്പ്പെടുന്ന നാലാണ്മക്കള്ക്കും രണ്ടുപെണ്മക്കള്ക്കും തുണയായി കൂടെയുള്ളത്.
പീറ്റർ ഏഴിമല