കൊന്നുമുറിച്ച് റോഡരികില്‍ തള്ളിയത് 3 സ്ത്രീകളെ
Tuesday, August 23, 2022 12:16 PM IST
കനാലിനു സമീപം റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട വലിയ ബാഗിനുള്ളില്‍ ഒരു സ്ത്രീയുടെ തലയില്ലാത്ത മൃതദേഹ ഭാഗങ്ങള്‍. കഴിഞ്ഞ ജൂണ്‍ ഏഴിന് ഒന്നല്ല, രണ്ടിടങ്ങളിലാണ് ഇത്തരം കാഴ്ച കണ്ട് കര്‍ണാടക ഞെട്ടിത്തരിച്ചത്. ഒന്ന് മാണ്ഡ്യ ജില്ലയിലെ അരെക്കേരയില്. മറ്റൊന്ന് 25 കിലോമീറ്റർ അകലെ തുംകൂര്‍ ജില്ലയിലെ ബെട്ടനഹള്ളിയില്.
സിനിമകളില്‍പോലും കാണാത്ത തരത്തിലുള്ള ദുരൂഹ കൊലപാതകങ്ങള്‍ തെളിയിച്ചിട്ടുള്ള കര്‍ണാടക പോലീസിന് കടുത്ത വെല്ലുവിളിയായിരുന്നു ഈ സംഭവങ്ങൾ. കൊല്ലപ്പെട്ട രണ്ടുപേരും മധ്യവയസില്‍ താഴെയുള്ള സ്ത്രീകളാണെന്ന് മൃതദേഹ പരിശോധനയില്‍ വ്യക്തമായി. രണ്ടുപേരെയും കൊലപ്പെടുത്തുന്നതിനു തൊട്ടുമുമ്പ് ലൈംഗികമായോ മറ്റേതെങ്കിലും രീതിയിലോ പീഡിപ്പിക്കുകയോ മുറിവേൽപിക്കുകയോ ഉണ്ടായിട്ടില്ലെന്നും വ്യക്തമായി. വിഷമോ മറ്റോ അകത്തുചെന്നതിന്റെ ലക്ഷണങ്ങളും മൃതദേഹങ്ങളില്‍ കണ്ടില്ല.
കൊലപാതകത്തിനു പിന്നിൽ സൈക്കോ കില്ലറോ ?
സയനൈഡ് മോഹന്‍ നടത്തിയ കൊലപാതക പരമ്പരകള്‍ മറക്കാറായിട്ടില്ലാത്തതിനാല്‍ അതുപോലൊരു സൈക്കോ കില്ലര്‍ ആയേക്കാമെന്ന വഴിക്കാണ് പോലീസിന്റെ ചിന്ത പോയത്.
തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള കാര്യമായ തെളിവുകളൊന്നും മൃതദേഹങ്ങളില്‍ അവശേഷിച്ചിരുന്നില്ലെന്നതും വെല്ലുവിളിയായി. ഉള്ള ലക്ഷണങ്ങള്‍ വച്ച് ആരും മരിച്ചവരെ അന്വേഷിച്ചെത്തിയതുമില്ല. സ്വന്തമായി വീടോ കുടുംബമോ ഇല്ലാത്ത സ്ത്രീകളായിരിക്കുമോ എന്ന വഴിക്കായി പോലീസിന്റെ അന്വേഷണം.
അന്വേഷണത്തിന് അഞ്ച് സംഘം
ഈ ദുരൂഹമരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒന്‍പതു വീതം പോലീസ് ഉദ്യോഗസ്ഥരടങ്ങിയ അഞ്ച് സംഘങ്ങളെ നിയോഗിച്ചു. മരിച്ചവരെ തിരിച്ചറിയുകയായിരുന്നു ഇവരുടെ ആദ്യലക്ഷ്യം. അടുത്തിടെ കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ തേടി ഇവര്‍ കര്‍ണാടകയിലെ എല്ലാ ജില്ലകളിലെയും കേരളമുള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലെയും രേഖകള്‍ അരിച്ചുപെറുക്കി.
ഏറെ പണിപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവില്‍ മേയ് 30ന് ചാമരാജ്നഗറില്നിന്നു കാണാതായ സിദ്ധമ്മ എന്ന സ്ത്രീയുടെ തിരിച്ചറിയല്‍ രേഖകള്‍ മൃതദേഹങ്ങളില്‍ ഒന്നുമായി യോജിക്കുന്നുണ്ടെന്ന് കണ്ടെത്തി.
സിദ്ധമ്മയെ തേടി അന്വേഷണസംഘം
ലൈംഗിക തൊഴിലാളിയായിരുന്ന സിദ്ധമ്മയ്ക്ക് അടുത്ത ബന്ധുക്കളോ കുടുംബാംഗങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടായിരുന്നു ഇവരെ കാണാതായിട്ടും പോലീസിന്റെ അടുത്ത് പരാതിപോലും എത്താതിരുന്നത്.
സിദ്ധമ്മയുടെ മൊബൈല്‍ രേഖകള്‍ പരിശോധിക്കുകയായിരുന്നു അടുത്ത പടി. ഇവര്‍ അവസാനമായി പലവട്ടം വിളിച്ചത് മുമ്പ് ഇവര്‍ക്കൊപ്പം ലൈംഗിക തൊഴില്‍ ചെയ്തിരുന്ന ചന്ദ്രകല എന്ന യുവതിയുടെ നമ്പറിലേക്കാണെന്ന് കണ്ടെത്തി. മൊബൈല്‍ഫോണിന്റെ അവസാന ലൊക്കേഷന്‍ മൈസൂരായിരുന്നു. ചന്ദ്രകല ഇപ്പോള്‍ ലൈംഗിക തൊഴില്‍ ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം മൈസൂരുവില്‍ താമസിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
ചന്ദ്രകലയെ കാണാൻ പോയ സിദ്ധമ്മ തിരിച്ചെത്തിയില്ല
സിദ്ധമ്മ ചന്ദ്രകലയെ കാണാന്‍ മൈസൂരുവിലേക്ക് പോയിരുന്നുവെന്നും അവിടെനിന്നും ജീവനോടെ മടങ്ങിയില്ലെന്നുമുള്ള കാര്യം പോലീസിന് ഏറെക്കുറെ വ്യക്തമായി. ഒരുപക്ഷേ പഴയ കാര്യങ്ങള്‍ വച്ച് യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമം നടത്തിയതും ചന്ദ്രകല മറ്റാരെയെങ്കിലും കൊണ്ട് ഇവരെ കൊല്ലിച്ചതും ആകാമെന്ന സംശയമാണ് ആദ്യം ഉയര്‍ന്നത്.
പക്ഷേ സമാന രീതിയില്‍ കൊല്ലപ്പെട്ട രണ്ടാമത്തെ സ്ത്രീ ആരാണെന്ന സംശയം പിന്നെയും ഉയര്‍ന്നു. എന്തായാലും വിവരമറിഞ്ഞ് പെട്ടെന്ന് സ്ഥലംവിടാതിരിക്കാന്‍ അന്വേഷണസംഘം ചന്ദ്രകലയെ പിടികൂടാനായി മൈസൂരുവിലേക്ക് കുതിച്ചു.
(തുടരും)