പിള്ളേരോണം: കര്‍ക്കടകത്തിലെ തിരുവോണം
Thursday, August 11, 2022 3:22 PM IST
ലോകത്തിന്റെ ഏതു കോണിലായാലും ചിങ്ങമാസത്തിലെ തിരുവോണം മലയാളികൾക്ക് ഗൃഹാതുരതകള്‍ സമ്മാനിക്കുന്നതാണ്. ചിങ്ങത്തിലെ തിരുവോണത്തിന് മുന്നേ ഒരു ഓണം ഉണ്ട്. ഓണത്തിന് 27 ദിവസം മുന്നേ വരുന്ന കര്‍ക്കടകത്തിലെ തിരുവോണം.
തിരുവോണംപോലെ തന്നെ മലയാളിക്ക് പ്രിയപ്പെട്ട ഒന്നായിരുന്നു കര്‍ക്കടക മാസത്തിലെ തിരുവോണവും. ഇത് പിള്ളേരോണമായാണ് ആഘോഷിക്കുന്നത്. പേരുപോലെതന്നെ പിള്ളേരുടെ ഓണം. കര്‍ക്കടകത്തിലെ ആ തിരുവോണം ഇന്നാണ്. ഓണത്തുന്പികളുടെയും ഓാണപ്പാട്ടുകളുടെയും ഓർമകളുണർത്തുന്ന പിള്ളേരോണം.
പിള്ളേരോണ ദിനത്തിന് വളരെയധികം പ്രത്യേകതകള്‍ ഉണ്ട്. കുട്ടികള്‍ക്കു വേണ്ടിയാണ് ഈ ദിനത്തില്‍ ഓണം ആഘോഷിക്കുന്നത്. സാധാരണ ഓണം എന്ന പോലെതന്നെ കോടിയുടുത്ത് സദ്യയൊക്കെ ഒരുക്കിത്തന്നെയാണ് ഈ കുഞ്ഞോണവും ആഘോഷിക്കുന്നത്. തെക്കൻ കേരളത്തിലാണ് പിള്ളേരോണം കൂടുതലായി ആഘോഷിച്ചിരുന്നത്.
വാമനനും പിള്ളേരോണവും
പണ്ടൊക്കെ ഓണത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പിള്ളേരോണം മുതല്‍ ആരംഭിക്കുമായിരുന്നു. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കില്‍ കര്‍ക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്ന് ഒരു പക്ഷമുണ്ട്. വാമനനും പിള്ളേരോണവും തമ്മില്‍ ബന്ധമുണ്ട്. വാമനനുവേണ്ടിയാണ് പിള്ളേരോണം ആഘോഷിക്കുന്നത് എന്നൊരു വിശ്വാസമുണ്ട്. തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തിലെ ഓണാഘോഷങ്ങളുടെ തുടക്കമെന്നു പറയുന്നതുതന്നെ പിള്ളേരോണത്തിനു തുടങ്ങി 28 ദിവസമായിരുന്നു.
ചിങ്ങത്തിലെ അത്തം മുതൽ ഓരോ ദിവസവും ഓരോ പ്രത്യേകതകളോടെയാണ് നാം ഓണം ആഘോഷിക്കുന്നത്. അതുപോലെതന്നെ കര്‍ക്കടക മാസത്തില്‍ വളരെ പ്രധാനപ്പെട്ട ദിവസമാണ് പിള്ളേരോണവും. കുഞ്ഞുങ്ങളുടെ ആവേശം കണ്ട് മാതാപിതാക്കളും ഉണരും. ഓണത്തിനായി നാടുണരും.
കര്‍ക്കടക മാസത്തിലെ വറുതിയിലും ഓണം എന്നത് എല്ലാവര്ക്കും പ്രിയപ്പെട്ടതുതന്നെയാണ്. അതിന്റെ ഉദാഹരണമാണ് കര്‍ക്കടക മാസത്തില്‍ ആഘോഷിക്കുന്ന പിള്ളേരോണം. ഇന്ന് തിരുവോണം എന്നതുപോലും നമ്മുടെ പുതുതലമുറയ്ക്ക് അപരിചിതമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ പിള്ളേരോണത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് വാസ്തവം.
ഇന്നത്തെക്കാലത്ത് ഒരു വഴിപാട് മാത്രമായി മാറിയിരിക്കുകയാണ് പിള്ളേരോണം. (ഓണംപോലും) തിരുവോണത്തിനുള്ള പോലെ വലിയ ആഘോഷങ്ങള്‍ ഒന്നും ഇല്ലെങ്കിലും മുറ്റത്തു പൂക്കളമില്ലെങ്കിലും (ചിലയിടങ്ങളിൽ ചെറിയ പൂക്കളം ഒരുക്കിയിരുന്നു) പരിപ്പും പപ്പടവും ഒക്കെയുള്ള സദ്യ ഉണ്ടാക്കിയും പിള്ളേരോണം ആഘോഷിക്കാറുണ്ടായിരുന്നു.
പണ്ടുകാലങ്ങളില്‍ കുട്ടികള്‍ക്ക് ഏറ്റവും പ്രിങ്കരമായ ഉണ്ണിയപ്പം ഈ ദിനങ്ങളില്‍ അമ്മമാര്‍ തയാറാക്കിയിരുന്നു. ചിലയിടങ്ങളില്‍ കുട്ടികള്‍ കൈകളില്‍ മഞ്ഞളും മൈലാഞ്ചിയും ചേര്‍ത്തരച്ച് അണിയുന്ന പതിവും ഉണ്ടായിരുന്നു. അത്തപ്പൂക്കളമുണ്ടാവില്ലെങ്കിലും ബാക്കിയെല്ലാം പൊന്നോണംപോലെതന്നെ. കുഞ്ഞുങ്ങളെ രാവിലെ കുളിപ്പിച്ച് ചന്ദനക്കുറി അണിയിക്കും.
പെൺകുട്ടികളെ പട്ടുകുപ്പായവും ആൺകുട്ടികളെ കസവുമുണ്ടും അണിയിക്കും. പിന്നെ ആട്ടവും പാട്ടും ഊഞ്ഞാലാട്ടവും ഒക്കെയായി ആഘോഷമാണ്. ഉച്ചയ്ക്ക് തൂശനിലയിട്ടു തുമ്പപ്പൂച്ചോറ് വിളമ്പുന്ന സദ്യയടക്കം എല്ലാം ഉണ്ടാവും. നിലവിളക്ക് കത്തിച്ചു വച്ച് തൂശനിലയിലാണ് കുട്ടികൾക്ക് സദ്യ വിളന്പിയിരുന്നത്.
സദ്യ കഴിഞ്ഞ് മുത്തശിമാരും കാരമവന്മാരും കുട്ടികളെ അരികിലിരുത്തി മഹാബലിയുടെയും വാമനന്റെയും മറ്റ് ഐതീഹ്യകഥകളും പുരാണങ്ങളും പറഞ്ഞു കൊടുക്കുമായിരുന്നു.ഊഞ്ഞാലാട്ടവും പലതരം കളികളും ഒക്കെയായി പിള്ളേർ പിന്നെയും ഉഷാറാവും. അവരുടെ ഓണക്കാലം അന്നുമുതല്‍ തുടങ്ങും. പിള്ളേരോണത്തിന്റെ സദ്യയുടെ ഇല മടക്കി കഴിഞ്ഞാല്‍ പിന്നെ അന്നുമുതല്‍ പൊന്നോണത്തിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയായി.
മാമാങ്കവും പിള്ളേരോണവും
മാമാങ്കവും പിള്ളേരോണവും തമ്മില്‍ വളരെയടുത്ത ബന്ധമാണ് ഉള്ളതെന്നും പറയപ്പെടുന്നു. സാമൂതിരി രാജാവിന്റെ ഭരണകാലത്ത് തിരുനാവായയില്‍ ആണ് മാമാങ്കം അരങ്ങേറിയിരുന്നത്. കര്‍ക്കടക മാസത്തിലെ പിള്ളേരോണം മുതലായിരുന്നു മാമാങ്കത്തിന് തുടക്കം കുറിച്ചിരുന്നത്. വലിയ ആഘോഷങ്ങളൊന്നും ഇല്ലെങ്കില്‍കൂടി ഓണത്തിന്റെ പ്രതീതിയില്‍ തന്നെയായിരുന്നു പിള്ളേരോണവും ആഘോഷിച്ചിരുന്നത്. ഓണത്തിനു നല്കുന്ന എല്ലാ പ്രാധാന്യവും പിള്ളേരോണത്തിനും നല്‍കിയിരുന്നു.
ആവണിയവിട്ടം
കുട്ടികളുടെ ഓണമായ കർക്കടകത്തിലെ പിള്ളേരോണം ആവണിയവിട്ടം എന്നും അറിയപ്പെടുന്നു . ഈ ദിവസമാണ് ആചാരവിധി പ്രകാരം ബ്രാഹ്മണർ പൂണൂൽ മാറ്റുന്നത്. ബ്രാഹ്മണ മഠങ്ങളിലും ക്ഷേത്രങ്ങളിലും അന്നേദിവസം പൂണൂൽമാറ്റ ചടങ്ങുകളുണ്ടാവും. ഒരു സംവത്സരത്തിന്റെ പാപദോഷങ്ങൾ പൂണൂലിനൊപ്പം ജലത്തിൽ നിമജ്ജനം ചെയ്യുന്നു എന്നാണ് വിശ്വാസം. പുതിയ കർമങ്ങളിലേക്കുള്ള പ്രവേശനത്തിന്റെ പ്രതീകമാണ് പുതിയ പൂണൂൽ ധരിക്കൽ.
തൃക്കാക്കരയപ്പനും പിള്ളേരോണവും
വാമന പ്രതിഷ്ഠയുള്ള തൃക്കാക്കര ക്ഷേത്രത്തിലെ ഓണാഘോഷങ്ങൾ കർക്കടകത്തിലെ തിരുവോണത്തിനു തുടങ്ങി 28 ദിവസമായിരുന്നു. ഇവിടെ ക്ഷേത്രോൽസവത്തിൽ പങ്കുകൊള്ളാത്തവർ പിന്നീടു വരുന്ന അത്തം മുതല്‍ പത്തു ദിവസം തൃക്കാക്കരയപ്പനെവച്ച് ആഘോഷം നടത്തണമെന്നായിരുന്നു രാജാവായിരുന്ന പെരുമാളുടെ കൽപന.
തൃക്കാക്കരയപ്പന്റെ തിരുനാളായി തിരുവോണം കൊണ്ടാടാനും ആവശ്യപ്പെട്ടു. തിരുവോണത്തിന് 28 ദിവസം മുൻപുള്ള പിള്ളേരോണവും 28 ദിവസത്തിനു ശേഷമുള്ള ഓണവുമൊക്കെ മലയാളിക്ക് ഒരുകാലത്ത് വലിയ ആഘോഷമായിരുന്നു.
പിള്ളയോണം
ദുരിതവും പട്ടിണിയും നിറഞ്ഞ കർക്കടകത്തിന്റെ കറുത്ത നാളുകൾ ഒരു കാലത്ത് മലയാളിക്കുണ്ടായിരുന്നു. വിശപ്പടക്കി കർക്കടക മഴയെയും ശപിച്ച് ഉറങ്ങുന്ന ബാല്യങ്ങൾ കാത്തിരുന്നത് പിള്ളേരോണമായിരുന്നു. വരാനിരിക്കുന്ന സമൃദ്ധിക്കുവേണ്ടി അണിഞ്ഞൊരുങ്ങാൻ ഒരു ദിനം. പിള്ളയോണം എന്നും വിളിച്ചിരുന്ന ഈ ദിവസമായിരുന്നു വയറു നിറയെ ചോറും കറികളും വിളമ്പിയിരുന്നത്.
പഞ്ഞം നിറഞ്ഞ ദിവസങ്ങളിലൊന്നിൽ (പിള്ളോരോണ ദിവസം) ഒട്ടിക്കിടന്ന വയറുകള്‍ ഒന്ന് ഉഷാറാകും. പിന്നെ ആ രുചി നാവിൻതുമ്പിൽനിന്നു ചോരാതെ കാത്തിരിക്കും; തിരുവോണത്തിനായി. കുഞ്ഞുങ്ങളുടെ ആവേശം കണ്ട് മാതാപിതാക്കളും ഉണരും. ഓണത്തിനായി ഒരുങ്ങും. കാണം വിറ്റും ഓണം ഉണ്ണണം എന്നൊരു ചൊല്ലുണ്ടായിരുന്നു അന്ന്.
ഓണം ആഷോഷിക്കാൻ കൈയിൽ പണമില്ലെങ്കിൽ വസ്തു വിറ്റും അത് ആഘോഷിക്കണമെന്നാണ് ഈ ചൊല്ലിനു പിന്നിൽ. അത്രയ്ക്ക് ആവേശത്തോടെയാണ് ഒരുകാലത്ത് മലയാളികൾ ഓണം ആഘോഷിച്ചിരുന്നത്. കുട്ടികൾക്കു വേണ്ടിയുള്ള പിള്ളോരോണവും അങ്ങനെ തന്നെയാണ് മുതിർന്നവർ പിള്ളയോണവും ആഘോഷിച്ചിരുന്നത്.
കർക്കടക മാസത്തിലെ തിരുവോണ നാളിൽ പഴമക്കാർ കുട്ടികൾക്കായി അണിയിച്ചൊരുക്കിയതാണ് പിള്ളേരോണം. വരാനിരിക്കുന്ന തിരുവോണത്തിന്റെ അറിയിപ്പുമായി എത്തുന്ന പിള്ളേരോണം. കര്‍ക്കടകം തീരാറായി, കര്‍ക്കടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു എന്നാണു പഴമക്കാര്‍ പറയാറുള്ളത്.
ഇനി വരാനിരിക്കുന്നത് ഓണക്കാലമാണ്.സമൃദ്ധിയുടെ കാലം. ഓരോ മലയാളിയും മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് ഓണം ആഘോഷിക്കും. കാലം മാറി ഓണാഘോഷം ചടങ്ങായെങ്കിലും ഓണക്കാലം മലയാളിക്ക് ഗൃഹാതുരത്വമൂറുന്ന ഓര്‍മകളും അതു പകരുന്ന സന്തോഷവും ഒന്നു വേറെതന്നെയാണ്.
പ്രദീപ് ഗോപി