സൈക്കിളിൽ ഇന്ത്യ ചുറ്റി ആഷിക്കും അശ്വിനും
Wednesday, August 10, 2022 3:30 PM IST
യാത്രകളോടുള്ള അടങ്ങാത്ത ആവേശം മൂലമാണ് സുഹൃത്തുക്കളായ ആഷിക്കും അശ്വിനും രാജ്യം ചുറ്റാനിറങ്ങിയത്. ബസുകളിലും ടെയിനിലുമൊക്കെയായി യാത്ര പ്ലാൻ ചെയ്തുവെങ്കിലും പിന്നെയത് സൈക്കിളിലാക്കി.
പുതുവർഷപ്പുലരിയിൽ പിറവത്തിനടുത്ത് പാന്പാക്കുടയിൽ നിന്നു യാത്രതിരിച്ച ഈ 21കാർ എട്ടു മാസം കൊണ്ട് 5,900 കിലോമീറ്റർ പിന്നിട്ട് ഉത്തരാഖണ്ഡിൽ എത്തിയിരിക്കുകയാണ്. ഒന്നര വർഷം കൊണ്ട് അവസാനിക്കുമെന്നു കരുതിയ യാത്ര, മൂന്നു വർഷമെങ്കിലും നീട്ടേണ്ടിവരുമെന്നാണ് ആഷിക്ക് പറയുന്നത്.
600 രൂപയുമായി ഇന്ത്യ ചുറ്റിക്കാണാനിറങ്ങിയവർ
പിറവത്ത് ചെറിയൊരു ഹോട്ടൽ നടത്തുന്ന പാന്പാക്കുട ആക്കപ്പാറയിൽ റെജിയുടെയും ബീനയുടെയും മകനാണ് ആഷിക്. ഓട്ടോമൊബൈൽ എൻജിനിയറിംഗ് പഠനം കഴിഞ്ഞ് നിൽക്കുന്നു. ആഷിക്കിന് യാത്രകളോട് അടങ്ങാത്ത ആവേശമാണ്. അതുകൊണ്ടുതന്നെ കാസർഗോട്ടുനിന്ന് കന്യകുമാരിവരെ ഒരു പൈസ പോലും കൈയിൽ കരുതാതെ കാണുന്ന വാഹനങ്ങൾക്ക് കൈകാണിച്ച് കയറി യാത്ര ചെയ്തിട്ടുണ്ട്. ഇതിൽനിന്നുള്ള പ്രചോദനമാണ് രാജ്യം ഒട്ടുക്കും സഞ്ചരിക്കാൻ തീരുമാനിച്ചത്.
തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിൽ ഒപ്പം പഠിച്ച അശ്വിനോട് ഇക്കാര്യം ചർച്ച ചെയ്തു. സൈക്കിൾ യാത്രകളോടു ഹരമുളള അശ്വിന്റെ നിർദേശപ്രകാരം, സൈക്കിളിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. കണ്ണൂർ ഇരട്ടിയിൽ ഡ്രൈവറായ പരിയാരത്ത് വീട്ടിൽ മനോജിന്റെയും പ്രിയയുടെയും മകനാണ് അശ്വിൻ. പ്ലസ്ടു കഴിഞ്ഞ ശേഷം ഡൽഹിയിൽ കേരള ഹൗസിലെ റെസ്റ്റോറന്റിൽ കുറച്ചുനാൾ ജോലിചെയ്തു.
ഇരുവർക്കും പാന്പാക്കുടയിൽനിന്ന് പഞ്ചായത്തിന്റെയും മറ്റു സംഘടനകളുടേയും നേതൃത്വത്തിൽ വലിയ യാത്രയയപ്പാണ് നൽകിയത്. പക്ഷേ ഇന്ത്യ കറങ്ങാനുളള യാത്രയിൽ ഇരുവരുടേയും കൈയിൽ പണമായി ഉണ്ടായിരുന്നത് വെറും 600 രൂപ. ഇത് അവിടെയെത്തിയ ആരും അറിഞ്ഞിരുന്നുമില്ല. ഇന്ത്യയിൽ സഞ്ചരിക്കുന്നതിന് പണം എന്തിനെന്നാണ് ഇരുവരും ചോദിക്കുന്നത്. ഇന്ത്യക്കാരുടെ സാഹോദര്യം ഇതുവരെയുള്ള നാളുകൾകൊണ്ട് മനസിലാക്കിയെന്ന് അവർ പറയുന്നു.
ഓരോ സംസ്ഥാനങ്ങളും വിവിധ ഭാഷകളും രസകരമാണ്
മലയാളവും ഇംഗ്ലീഷുമാണ് തനിക്കറിമായിരുന്നതെന്ന് ആഷിക് പറയുന്നു. പക്ഷേ പിന്നിട്ട ഓരോ സംസ്ഥാനങ്ങളിലെയും ഭാഷകൾ ഇതിനകം സംസാരിക്കാൻ പഠിച്ചു. ഹിന്ദി കേട്ടാൽ അൽപമൊക്കൊ മനസിലാകും. സംസാരിക്കാൻ അറിയില്ല. എട്ടുമാസം കൊണ്ട് ഹിന്ദി നന്നായിട്ട് സംസാരിക്കാമെന്നായി. കൂടാതെ തമിഴ്, കന്നട, മറാഠി എന്നിവയും കുറേയെറെ പഠിച്ചു.
ഓരോ സംസ്ഥാനങ്ങളിലെ ഭാഷയും അവരുടെ സാംസ്കാരികതയുമെല്ലാം വളരെ ശ്രദ്ധാപൂർവം നിരീക്ഷിച്ചാണ് പോകുന്നത്. അവരുടെ ജീവിത രീതികൾ പോലും വിഭിന്നമാണ്. വസ്ത്രധാരണത്തിലും, ഭക്ഷണത്തിലുമെല്ലാം ഓരോ സംസ്ഥാനങ്ങളും വളരെയധികം വ്യത്യസ്ഥത പുലർത്തുന്നു. ഇതുകൊണ്ട് ഇവരുടെ ജീവിത രീതികളിൽ ജീവിച്ച് ഒരാഴ്ചവരെ ചില സ്ഥലങ്ങളിൽ തങ്ങിയുണ്ട്. തങ്ങളുടെ യാത്രാ ഉദ്ദേശ്യം വെളിപ്പെടുത്തുന്പോൾ ഭക്ഷണവും താമസ സൗകര്യവുമെല്ലാം സൗജന്യം.
യാത്രയ്ക്കിടയിലെ ഏക തിക്താനുഭവം വഡോദരയിൽ
ഇതു വരെയുള്ള യാത്രയ്ക്കിടയിൽ വലിയൊരു തിക്താനുഭവമായി തോന്നിയിരിക്കുന്നത് മഹാരാഷ്ട്രയിൽ വഡോദരയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിലുണ്ടായതാണ്. കൊടും ചൂടിൽ വിജനമായ വഴിയിലൂടെ സൈക്കിൾ ചവിട്ടിയപ്പോൾ ആകെ ക്ഷീണിച്ചിരുന്നു. ഇരുവരുടെയും കൈയിൽ കരുതിയിരുന്ന വെള്ളവും തീർന്നു. അവിടെ പഴക്കം ചെന്ന പൂട്ടിക്കിടന്ന കെട്ടിടത്തിന്റെ തറയിൽ വിശ്രമിക്കാനായി ഇരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ ഒരാൾ വന്ന് ഇവിടെ നിന്ന് എഴുന്നേറ്റു പോകാൻ ആവശ്യപ്പെട്ടു.
കൊടും വെയിലത്ത് സൈക്കിൾ ചവിട്ടാൻ സാധിക്കുന്നില്ലെന്നും അൽപ്പനേരം വിശ്രമിക്കാൻ അനുവദിക്കണമെന്നും ഇരുവരും യാചിച്ചു. എന്നാൽ അയാൾ യാതൊരു ദാക്ഷ്യണ്യവും കാണിക്കാതെ ഇറക്കി വിട്ടു. പിന്നീട് അവശ നിലയിൽ നാലു കിലോമീറ്ററോളം സൈക്കിൾ ചവിട്ടിയ ശേഷമാണ് കുടിവെള്ളമെങ്കിലും ലഭിച്ചത്. ഇതുപോലെ ചുരുക്കം ചില സ്ഥലങ്ങളിൽ രാത്രിയിൽ കിടക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് ഇറക്കി വിട്ടുണ്ട്. ഭക്ഷണം ചോദിച്ചാലും തരില്ലെന്ന് ഇരുവരും പറഞ്ഞു.
രാത്രിയിൽ കിടക്കാൻ വീടൊരുക്കി പോലീസുകാരൻ
ഗുജറാത്തിലെ ഒരു ഗ്രാമ പ്രദേശത്തുകൂടി രാത്രിയിൽ പോവുകയായിരുന്നു. അന്തിയുറങ്ങാൻ യാതൊരു സൗകര്യങ്ങളും പ്രദേശത്തില്ലായിരുന്നു. അന്വേഷിച്ചിട്ട് പെട്രോൾ പന്പുപോലുമില്ല. മുന്നോട്ടു പോകുന്നതിനിടെ ഒരു പോലീസുകാരൻ തടഞ്ഞു നിർത്തി കാര്യമന്വേഷിച്ചു.
തങ്ങളുടെ യാത്രയുടെ ഉദ്ദേശ്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഏറെ സന്തോഷം തോന്നി. ഉടനെ ഒരു സുഹൃത്തിനെ വിളിച്ചു വരുത്തി, ഇരുവരെയും അയാൾക്കൊപ്പം വിട്ടു. ഒറ്റയ്ക്കു താമസിച്ചിരുന്ന പോലീസുകാരന്റെ വീട് അന്ന് അന്തിയുറങ്ങാനായി തുറന്നു തന്നു. പിറ്റേദിവസം രാവിലെ അദ്ദേഹം എത്തിയപ്പോൾ ഇരുവരും നന്ദി പറഞ്ഞ് യാത്രയായി.
ഭക്ഷണവും താമസവുമൊരുക്കാൻ മത്സരിച്ച് ചിലർ
സൈക്കിൾ ചവിട്ടി പോകുന്പോൾ ചിലർ തടഞ്ഞു നിർത്തി വിവരമന്വേഷിക്കും. വീണ്ടും മുന്നോട്ടു പോയി രണ്ടു കിലോമീറ്റർ പിന്നിടുന്പോഴേക്കും, ആദ്യം കണ്ടവർ ബൈക്കുകളിലെത്തി ഭക്ഷണ പൊതികളും വെള്ളവുമെല്ലാം നൽകും. എന്നിട്ട് അവർ പറയും, തങ്ങൾക്കും ഇങ്ങനെ യാത്ര നടത്തുന്നതിന് ആഗ്രഹമുണ്ട്. പക്ഷെ സാധിച്ചിട്ടില്ലെന്ന്. നിങ്ങൾ സന്തോഷമായി യാത്ര തിരിക്കാൻ പറയും. പലയിടങ്ങളിൽ വച്ചും ഇങ്ങനെ ഭക്ഷണം ലഭിച്ചിട്ടുണ്ട്.
നൂറുക്കണക്കിന് ക്ഷേത്രങ്ങളുള്ള കർണാടക ഹന്പിയിലെത്തിയപ്പോൾ വളരെ നല്ല അനുഭവമായിരുന്നു ഇവർക്ക് ലഭിച്ചത്. ഇവിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള 11 നിലകളിൽ നിർമിച്ചിരിക്കുന്ന ശ്രീ വീരുപക്ഷ ക്ഷേത്രം ദർശിച്ച ശേഷം മടങ്ങാൻ ആഷിക്കും അശ്വിനും തീരുമാനിച്ചു.
അപ്പോഴാണ് തദ്ദേശീയനായ ഒരാളെത്തി കാര്യമന്വേഷിച്ചത്. ഉടനെ കൂട്ടിക്കൊണ്ടു പോയി അവിടത്തുകാരായ ആളുകളെ പരിചയപ്പെടുത്തി. അവർ ഓരോരുത്തരും അവിടത്തെ കാര്യങ്ങളെല്ലാം പറഞ്ഞു തന്ന് ഭക്ഷണമൊക്കെ നൽകി അവിടെ താമസിപ്പിച്ചു. പിന്നീട് ആറു ദിവസം കഴിഞ്ഞാണ് ഇവിടെ നിന്നും മടങ്ങിയത്.
ഇനി ഹിമാചലിലേക്ക്
ഉത്തരാഖണ്ഡിലെ ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിലെ സന്ദർശനം ഇവർ പൂർത്തിയാക്കി. ബദരീനാഥ് 19,000 അടി ഉയരത്തിലാണ്. കേദാർനാഥ് 7, 000 അടിയും. ഇവിടങ്ങളിലെല്ലാം സൈക്കിളുകളുമായി ട്രക്കിംഗ് നടത്തിയും തലയിൽ ചുമന്നുമൊക്കൊയാണ് പോയത്.
ഹിമാചലിലേക്ക് ഇവിടെ നിന്നും 400 കിലോമീറ്ററോളമുണ്ട്. 20 ദിവസത്തിനുള്ളിൽ എത്തിച്ചേരാനാണ് പ്ലാൻ. പോകുന്ന വഴി ഋഷികേശിൽ കയറുന്നുണ്ട്. ഇവിടെ ദിവസവും നടക്കുന്ന പൂജ കാണുകയാണ് ലക്ഷ്യം.
ഇതിനു ശേഷം സ്ഥലങ്ങൾ കാണുന്നതിന് ഡറാഡൂണിൽ നാലു ദിവസം തങ്ങും. പിന്നീട് ഹിമാചലിലേക്ക് തിരിക്കും. സൈക്കിൾ യാത്രയ്ക്ക് തങ്ങളുടെ വീട്ടുകാർ നല്ല പ്രോത്സാഹനമാണ് നൽകുന്നതെന്ന് ഇരുവരും പറയുന്നു. ദിവസവും മാതാപിതാക്കളുമായി വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് സ്ഥലങ്ങൾ കാണിച്ചു കൊടുക്കുന്നുണ്ട്.
ജോമോൻ പിറവം