ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
Tuesday, August 9, 2022 5:04 PM IST
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്ന ബർലിൻ. ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമൊക്കെ നേടി പത്രപ്രവർത്തന മേഖലയിൽ സജീവമായവർക്കു കൂടി സാധ്യമാകാത്ത അസൂയാവഹമായ പ്രവർത്തന ശൈലിയാണ് മാധ്യമ പ്രവർത്തനത്തിലൂടെ ബർലിൻ കാട്ടിത്തന്നത്. ബ്ലിറ്റ്സ് വാരികയിലൂടെയാണ് ബർലിന്റെ മികച്ച അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തുവന്നത്.
പ്രധാന മന്ത്രി രാജീവ് ഗാന്ധിയെ രണ്ടു തവണ മരണത്തിന്റെ വക്കിൽ നിന്നും ബർലിൻ തന്റെ എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ വഴി രക്ഷപ്പെടുത്തിയിട്ടുണ്ട്. 1985 മാർച്ച് ഒൻപതിന്റെ ബ്ലിറ്റ്സ് വാരിക യൂറോപ്യൻ ലേഖകനായ കുഞ്ഞനന്തൻ നായരുടെ കവർ സ്റ്റോറിയോടെ പുറത്തിറങ്ങിയപ്പോൾ ലോകം മുഴുവൻ ഞെട്ടി. ""പ്ലോട്ട് ടു പിഎം ഇൻ പാരിസ് '' എന്ന പേരിലുള്ള ഒരു ഗൂഢാലോചനയുടെ കവർ സ്റ്റോറിയായുമായാണ് ആ ലക്കം ബ്ലിറ്റ്സ് പുറത്തിറങ്ങിയത്. രാജീവ് ഗാന്ധിയെ പാരിസിൽ വധിക്കാൻ ഖലിസ്ഥാൻ വാദികൾ പദ്ധതി തയാറാക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണാത്മക റിപ്പോർട്ട് ഇതിലൂടെ പുറത്തുവന്നതു കൊണ്ട് മാത്രമാണ് രാജീവ് ഗാന്ധി പിന്നീടും കുറച്ചുകാലം കൂടി ജീവിച്ചത്.
പാരിസിൽ ഇന്ത്യൻ സാസ്കാരികോത്സവം ഉദ്ഘാടനം ചെയ്യാനായി രാജീവ് എത്തുന്പോൾ സമ്മേളന വേദിയായ ഈഫൽ ടവറിൽ വച്ച് വധിക്കാനുള്ള ഭീകരരുടെ തീരുമാനമാണ് കുഞ്ഞനന്തൻ നായർക്കു ചോർന്നു കിട്ടിയത്. വാർത്ത പുറത്തുവന്നതോടെ ഫ്രഞ്ച് സർക്കാർ വേദി മാറ്റുകയും അന്വേഷണത്തിൽ രണ്ടു സിഖുകാർ ഉൾപ്പെടെയുള്ള മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
രാജീവ് ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനാ നീക്കത്തിന്റെ വിവരം കിട്ടിയിട്ടും ഇന്ത്യയിലെ ഒരു രഹസ്യാന്വേഷണ ഏജൻസി പൂഴ്ത്തിവച്ചതായിരുന്നു മറ്റൊരിക്കലുള്ള സ്കൂപ്പ്. ഈ റിപ്പോർട്ടാകട്ടെ പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവയ്ക്കുകയും ചെയ്തു.
1987ൽ നടന്ന മറ്റൊരു രാജീവ് ഗാന്ധി വധശ്രമ ഗൂഢാലോചനയും പുറം ലോകത്തെ അറിയിച്ചത് ബർലിൻ തന്നെയായിരുന്നു. സോണിയാ ഗാന്ധിയുടെ പിതാവിന്റെ മരണാനന്തര ചടങ്ങിന് പോകുകയായിരുന്ന രാജീവിനെ വധിക്കാനുള്ള അമേരിക്കൻ ചാരസംഘടനയായ സിഐഎ യുടെ ശ്രമമായിരുന്നു ബ്ലിറ്റ്സിലൂടെ തകർത്തെറിഞ്ഞത്.
റോം ഇന്റർ നാഷണൽ എയർപോർട്ടിൽ പ്രത്യേക വിമാനത്തിൽ എത്തി മിലാനിലേക്കുള്ള വിമാനത്തിൽ മാറിക്കയറാൻ നടന്നു പോകുന്നതിനിടെ വിമാനത്താവളത്തിൽ വച്ച് രാജീവിനെ ട്രക്കിടിച്ചു വധിക്കാനായിരുന്നു സിഐഎ നീക്കം. ഇതിനായി പാക്കിസ്ഥാൻ പൗരനായ ഒരു ഡ്രൈവറെയും ചുമതലപ്പെടുത്തി. റിപ്പോർട്ടു പുറത്തു വന്നതോടെ സുരക്ഷ കർശനമാക്കിയതിനാലായിരുന്നു രാജീവ് രക്ഷപെട്ടത്.

എയർ ഇന്ത്യയുടെ "കനിഷ്ക' വിമാനം കാനഡയിൽനിന്നും ഡൽഹിയിലേക്കുള്ള പറക്കലിനിടെ അറ്റ്ലാന്റികിൽ തകർന്നു വീണതിന്റെ ചുരുളഴിച്ചതിന്റെ ക്രെഡിറ്റും ബർലിനവകാശപ്പെട്ടതാണ്. രാജീവിനെ പാരീസിൽ വച്ചു വധിക്കാനാകാത്തതിന്റെ തീവ്രവാദികളുടെ പ്രതികാരമാണ് വിമാനാപകടത്തിനു പിന്നിലെന്നായിരുന്നു കണ്ടെത്തൽ. ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ പേരു വിവരങ്ങൾ ഉൾപെടെയാണ് റിപ്പോർട്ടു പ്രസിദ്ധീകരിച്ചത്. പിന്നീട് വിമാനാപകടത്തെക്കുറിച്ച് അന്വേഷണ ഏജൻസി നടത്തി സമർപ്പിച്ച റിപ്പോർട്ടും ബർലിന്റെ സ്കൂപ്പിന് സമാനമായിരുന്നു.
1961ൽ കമ്യൂണിസ്റ്റു പാർട്ടിയുടെ നിർദേശാനുസരണം പാർട്ടി പ്രസിദ്ധീകരണങ്ങളുടെ ലേഖകനായി ബർലിനിലെത്തിയ കുഞ്ഞനന്തൻ നായർ 1964ൽ പാർട്ടി പിളർന്നതോടെ സിപിഎമ്മിനൊപ്പം നിന്നു.ഇതോടെ സിപിഐയിൽ നിന്നും പുറത്താക്കിയതായി സിപിഐ ഇന്ത്യാ ഘടകം ബർലിനിലെ അധികൃതരെ അറിയിക്കുകയും അതുവരെ പ്രവർത്തിച്ചിരുന്ന "ന്യൂ ഏജ്’ പത്രത്തിന്റെ അക്രഡിറ്റേഷൻ കുഞ്ഞനന്തൻ നായർക്ക് നിഷേധിക്കുകയും ചെയ്തു.
നാട്ടിലേക്കു തിരിക്കാൻ ആലോചിക്കുന്നതിനിടെ ജ്യോതിബസുവും ഇഎംഎസും ഒപ്പിട്ട പുതിയ അക്രഡിറ്റേഷൻ കുഞ്ഞനന്തൻ നായർക്കു ലഭിച്ചതിനെ തുടർന്നാണ് വീണ്ടും ബർലിനിൽ തങ്ങിയത്. ഈ സമയത്താണ് ബ്ലിറ്റ്സ് വാരികയുടെ പത്രാധിപർ ആർ.കെ കരിഞ്ചിയ ബർലിനിലെത്തി വാരികയുടെ യൂറോപ്യൻ ലേഖകന്റെയും വിദേശകാര്യ വിഭാഗത്തിന്റെ തലവനായുമുള്ള ചുമതല വഹിച്ചത്.
1961 മുതൽ 94 വരെ ബർലിനിൽ പത്രപ്രവർത്തകനായിരുന്ന കാലത്ത് ലോകത്തിലെ നിരവധി ഇടതുപക്ഷ പ്രസിദ്ധീകരണങ്ങൾക്കു വാർത്തകളും ലേഖനങ്ങളും നല്കുന്നതിൽ പ്രധാന പങ്കുവഹിച്ച ബർലിൻ അന്താരാഷ്ട്ര തലത്തിൽ ബന്ധങ്ങളുള്ള അപൂർവം പത്രപ്രവർത്തകരിൽ ഒരാളായിരുന്നു.
അന്താരാഷ്ട്രതലത്തിൽ ചർച്ച ചെയ്യപ്പെട്ട പുസ്തകങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. അമേരിക്കൻ സാമ്രാജ്യത്വം സിഐഎയെ ഉപയോഗിച്ചു നടത്തുന്ന ഗൂഢാലോചനകളും അട്ടിമറികളെയും കുറിച്ചു പ്രതിപാദിക്കുന്ന ""ഡെവിൾ ആൻഡ് ഹിസ് ഡാർട്ട്’ എന്ന പുസ്തകം ഇതിൽ പ്രധാനമാണ്. നിരവധി ഭാഷകളിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
ഇതിന്റെ റോയൽറ്റിയായി പത്തു ലക്ഷത്തോളം രൂപ ലഭിച്ചിരുന്നു. എന്നാൽ, തനിക്കവകാശപ്പെട്ട റോയൽറ്റി തുക സ്വന്തമാവശ്യത്തിന് ഉപയോഗപ്പെടുത്തുന്നതിന് പകരം ഫിദൽ കാസ്ട്രോയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച സാമ്രാജ്യത്വ വിരുദ്ധ സാർവദേശീയ നിധിക്ക് സംഭാവന ചെയ്യുകയായിരുന്നു ഈ കമ്യൂണിസ്റ്റുകാരൻ. "എണ്പതു തികഞ്ഞ ഇഎംഎസ് ’ എന്ന പുസ്തകത്തിന്റെ റോയൽറ്റി സിപിഎമ്മിനും സംഭാവനചെയ്തു
പാർട്ടിക്കു സംഭവിക്കുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ പാർട്ടി അവസാന കാലഘട്ടത്തിൽ തന്നെ അവിശ്വസിച്ചതിൽ ഏറെ ദുഃഖിതനായിരുന്നു. സിപിഎമ്മിൽ വിഭാഗീയത കത്തി നിന്നപ്പോൾ വി.എസ്. അച്യതാനന്ദനൊപ്പം നിലയറുപ്പിക്കുകയും പൊളിച്ചെഴുത്ത് എന്ന ആത്മകഥയുടെ ഒന്നാം പതിപ്പിൽ പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചെങ്കിലും പിന്നീടുള്ള പതിപ്പുകളിൽ നിന്ന് ഈ വിമർശനം നീക്കം ചെയ്തു.
ഘടനയ്ക്ക്കത്തും പുറത്തും ചിലപ്പോഴൊക്കെ വിമത സ്വരം ഉയർത്തിയിരുന്നെങ്കിലും കമ്യൂണിസ്റ്റ ആശയത്തെയും വിശ്വാസ പ്രമാണങ്ങളെയും ഒരിക്കൽ പോലും തള്ളിപ്പറയാത്ത കമ്യൂണിസ്റ്റായിരുന്നു ബർലിൻ.
നിശാന്ത് ഘോഷ്