സുകുമാറിന്റെ ഹാസ്യ ‘കഷായം’
Wednesday, July 13, 2022 3:14 PM IST
ഇക്കഴിഞ്ഞ ജൂലൈ ഒന്പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാക്കനാടുള്ള ‘സാവിത്രിയിൽ' സുകുമാറിന്റെ (സുകുമാരൻ പോറ്റി) നവതി ആഘോഷം നടക്കുകയാണ്.
ബന്ധുക്കളും രാഷ്ട്രീയ പ്രമുഖരും സുഹൃത്തുക്കളും മാധ്യമപ്രവർത്തകരുമെല്ലാം നവതിയാശംസകൾ നേരാൻ അവിടെയുണ്ടായിരുന്നു. ഇതിനിടയിൽ ഒരു മാധ്യമപ്രവർത്തകൻ പതിവു ശൈലിയിൽ ചോദിച്ചു. തൊണ്ണൂറാം പിറന്നാൾ ദിനത്തിൽ നിന്നു പിന്നിലേക്ക് തിരിഞ്ഞ് നോക്കുന്പോൾ എന്ത് തോന്നുന്നു ? ഉത്തരം നൽകാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല സുകുമാറിന് “പഴയപോലെ ഇപ്പോൾ പിന്നിലേക്ക് തിരിഞ്ഞു നോക്കുവാൻ ഒന്നും വയ്യ. ബാലൻസ് പോയി താഴെ വീഴും. കാലുകൾക്കും പണ്ടത്തെ ബലമില്ല ’’. ഇതാണ് സുകുമാരൻ പോറ്റി എന്ന സുകുമാർ.
പതിറ്റാണ്ടുകളായി മലയാളികളെ ചിരിപ്പിച്ച് കൊണ്ടെയിരിക്കുകയാണ് സുകുമാർ. വരകളിലൂടെയും വാക്കുകളിലൂടെയും നീണ്ട ഹാസ്യത്തിന് ഇന്നും നിറയൗവനം തന്നെയാണ്. തിരുവനന്തപുരത്ത് മരുതൻകുഴിയിലെ വീട്ടിൽ നിന്ന് എറണാകുളത്ത് മകൾ സുമംഗലയ്ക്കൊപ്പം എത്തിയത് മൂന്നരവർഷം മുന്പാണ്. കേൾവിക്കുറവ്, നടക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങി ശാരീരികമായ വിഷമതകളേറെയുണ്ട്. സഹധർമിണി സാവിത്രിയുടെ വിയോഗവും വലിയ വേദനയാണ്.
പഴയതുപോലെ എഴുതുവാനും വരയ്ക്കാനും കഴിയാറില്ല. എങ്കിലും സുകുമാർ ചിരിക്കുന്നു; ജനങ്ങളെ ചിരിപ്പിക്കുന്നു. ക്രൂരമായ ലോകത്തിൽപ്പെട്ടുപോയ മുനുഷ്യരെ ചിരിപ്പിക്കുക,അവരുടെ സമ്മർദങ്ങൾ കുറയ്ക്കുക, രോഗാതുരമായൊരു സമൂഹത്തിനു ചിരി മരുന്ന് നൽകുക. ഇതൊക്കെ തന്റെ ജന്മദൗത്യമായി കാണുന്നു സുകുമാർ.
"കരഞ്ഞുകൊണ്ടാകിലും
ചിരിച്ചുകൊണ്ടാകിലും
ചിരിപ്പിക്കുന്നതേ
വിദൂഷക ധർമം' സഞ്ജയന്റെ ഈ വരികൾ ചൊല്ലി സുകുമാർ ചിലപ്പോൾ ചിരിക്കാറുണ്ട്. പിന്നെ പറയും “ഉത്തമ ഫലിതത്തിന്റെ ആഴങ്ങളിൽ അഗാധദുഃഖത്തിന്റെ സ്ഫുരണങ്ങൾ കാണാമെന്ന് പല നിരൂപകരന്മാരും പറഞ്ഞിട്ടുണ്ട്.”
മുത്തച്ഛൻ കല്ലൂർ രാമകൃഷ്ണൻ പോറ്റിയിൽ നിന്നു ലഭിച്ച നർമവാസന, പിന്നെ സ്വന്തം പ്രതിഭാ വിലാസം അങ്ങനെയുള്ള ഈടുവയ്പ്പുകളുണ്ട് സുകുമാറിന്. പ്രത്യേകമായ സംഭാഷണ ശൈലിയും പൊട്ടിച്ചിരിയും ഈ നർമ സാഹിത്യകാരന്റെ സവിശേഷതകളാണ്.
ഇക്കാലഘട്ടത്തിലെ മനുഷ്യരെ വേട്ടയാടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നായ പിരിമുറുക്കത്തിനു പ്രതിവിധിയായി സുകുമാർ നൽകുന്ന ഔഷധമാണ് ‘ജീവകം എച്ച് ' അതായത് ഹ്യൂമർ ജീവകം. സമ്മർദങ്ങളിൽ നിന്നു മോചനവും അഞ്ച് വർഷം എക്സ്ട്രാ ആയുസും അതാണ് ഈ ജീവകത്തിന്റെ സംഭാവന.
എല്ലാം മറന്ന് ചിരിക്കാനും സുകുമാർ കേരളത്തോട് പറയും. ഹാസ്യം സമൂഹത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കും ഉയർച്ചയ്ക്കും വേണ്ടിയെന്നും സുകുമാറിന്റെ വാക്കുകൾ.
സുകുമാർ ഫലിതങ്ങൾ മൊബൈലും പിന്നെ ഞാനും
മൊബൈൽ ഫോണിന്റെ അതിപ്രസരം തുടങ്ങിയ കാലം മുതൽ മൊബൈൽ ഫോണിൽ നിന്നു ഞാൻ ഒഴിഞ്ഞു നിൽക്കുന്നു. കൈയിലും പോക്കറ്റിലും മൊബൈൽ കാണാത്തത് കൊണ്ട് തന്നെ പലർക്കും വലിയ സഹതാപം. പാവം സ്വന്തമായി ഒരു മൊബൈൽ ഫോൺ പോലും കൈയിലില്ല!. ഒരിക്കൽ ഒരു കലാസംഘടനയുടെ ചടങ്ങിൽ എന്നെ ക്ഷണിച്ചിരുന്നു. പ്രസംഗം കഴിഞ്ഞ് മടങ്ങാൻ നേരം ഒരു സംഘാടകൻ കൈയ്ക്കുള്ളിൽ ഭദ്രമായി എന്തോ വച്ചു തന്നു. കൈതുറന്ന് നോക്കിയപ്പോൾ ഒരു മൊബൈൽ ഫോൺ. " ദൈവത്തെ ഓർത്ത് ഉപദ്രവിക്കല്ലേ ' സംഘാടകർ നൽകിയ "ബോംബ് ' ഞാൻ സ്നേഹപൂർവം മടക്കി ഏൽപ്പിച്ചു.
പവർക്കട്ട് കാലം
തിരുവനന്തപുരത്തെ മരുതൻകുഴിയിലെ വീട്ടിലെ പവർക്കട്ട് കാലത്ത് മെഴുകുതിരി വെളിച്ചത്തിൽ ഞാനും എന്റെ ശ്രീമതിയും ചേർന്ന് കർണാടക സംഗീത കൃതികൾ ആലപിക്കാറുണ്ട്. സംഗീതത്തിൽ നല്ല ജ്ഞാനമുണ്ട് ശ്രീമതിക്ക്. വീണയും മീട്ടാറുണ്ട്. ഏതെങ്കിലുമൊരു രാഗം തുടങ്ങി കിട്ടിയാൽ പിന്നെ ഞാൻ വിടില്ല. നിർത്താതെ പാടും.പോറ്റി സാറിന്റെ " ശ്രീരാഗവും കാനഡയും ആനന്ദഭൈരവിയുമൊക്കെ കേട്ട് കേട്ട് പാവം അയൽക്കാർ മനംനൊന്ത് പ്രാർഥിച്ചു. " ഈ പവർക്കട്ട് കാലം ഒന്ന് വേഗം കഴിയണേ '.
സുകുമാറിന്റെ കൈയിൽ കിട്ടിയ നായനാർ
അമേരിക്കൻ പര്യടനത്തിനു ശേഷം മുഖ്യമന്ത്രി നായനാർ പാരിസിൽ ഇറങ്ങി. ഐഫൽഗോപുരം കാണുകയായിരുന്നു ലക്ഷ്യം. ഐഫൽ ടവർ എങ്ങനെയുണ്ട് എന്ന് അവിടെ എത്തിയ മലയാളികളായ പത്രപ്രവർത്തകർ ചോദിച്ചു. ഉടനെ നായനാർ “ഗംഭീരമെന്ന് പറഞ്ഞു, കേട്ടത് ശരി തന്നെ കണ്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായി പോയേനെ”. ഇതൊക്കെ കേട്ട് നിന്ന ഐഫൽ ഗോപുരവും തിരിച്ച് ഇത് തന്നെ നായനാരെ കുറിച്ചു പറഞ്ഞു. “അതേ കണ്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായി പോയേനെ...” നർമ കൈരളിയുടെ " ചിരിയരങ്ങിൽ സുകുമാർ പറഞ്ഞ ഈ നർമം അടുത്തദിവസം പത്രത്തിൽ അടിച്ചു വന്നപ്പോൾ നായനാർ തന്റെ പിഎയോട് പറഞ്ഞു - "കലക്കി'.
ചലച്ചിത്ര സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ "റോസസ് ഡേ ' യുടെ ഉദ്ഘാടന വേളയിൽ സ്പീക്കർ എം. വിജയകുമാർ ഒരുപാട്ട് പാടി. "ഇല്ലിമുളം കാടുകളിൽ ലല്ലലല്ലം പാടിവരും തെന്നലേ... തെന്നലേ...' സദസിന്റെ മുൻനിരയിൽ ഇരുന്ന നായനാർ തൊട്ടടുത്തിരുന്ന ആഭ്യന്തരമന്ത്രി ടി.കെ. രാമകൃഷ്ണനോട് ഒരു ചോദ്യം.
“ഈ വിജയകുമാറെന്തിനാ ആ തെന്നലയെ ഇങ്ങനെ പുകഴ്ത്തുന്നത് ”. നായനാർക്കു രസിച്ച ഒരു സുകുമാർ ഫലിതമായിരുന്നു ഇതും.
ലീഡറിന്റെ സ്വന്തം സുകുമാർ
തലസ്ഥാനത്ത് വലിയൊരു സമ്മേളനം. മുഖ്യാതിഥി നമ്മുടെ കോൺഗ്രസ് പ്രമുഖൻ തന്നെ. പതിവുപോലെ റോഡിലൂടെ ജനങ്ങളെയൊക്കെ പായിച്ചു കൊണ്ട് പ്രമുഖന്റെ കാർ ചീറി പാഞ്ഞു. സമ്മേളന വേദിയിൽ സാഹസപ്പെട്ട് നേതാവ് എത്തിയപ്പോൾ സദസിൽ നാലും മൂന്നും ഏഴുപേർ! സദസ് കണ്ട് രോഷാകുലനായ നേതാവ് സംഘാടകരോട് ഒരു ചോദ്യം. “ഞാൻ പ്രസംഗിക്കുവാൻ വരുന്ന കാര്യം ജനങ്ങളെ അറിയിച്ചില്ലേ ? സംഘാടകർ ദൈന്യമായി പറഞ്ഞു.
"" ഞങ്ങളാരോടും പറഞ്ഞില്ല.പക്ഷേ ജനം എങ്ങനെയോ നേതാവ് വരുന്നുണ്ടെന്ന് അറിഞ്ഞു...'' ഇങ്ങനെ മുനയുള്ള പ്രയോഗങ്ങൾ കൊണ്ട് എത്രയോ തവണ ലീഡർ കെ.കരുണാകരനെ സുകുമാർ പ്രഹരിച്ചിട്ടുണ്ട്. സുകുമാറിന്റെ നർമ കൂരന്പുകൾ ഏറ്റവും നേരിട്ട രാഷ്ട്രീയ പ്രമുഖനും ലീഡർ തന്നെയായിരുന്നു. ഈ സുകുമാര ഫലിതമെല്ലാം കേട്ട് പൊട്ടി ചിരിച്ചിരുന്ന കരുണാകരൻ സുകുമാറിനെ എന്നും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
എസ്.മഞ്ജുളാദേവി