ഡോക്ടർമാർ തിരക്കിലാണ്
Thursday, June 23, 2022 2:51 PM IST
നീണ്ടു പോകുന്ന ഒപി, എമർജൻസി സർജറികൾ, ലേബർ റൂമിൽ നിന്നുള്ള ഫോൺ കോളുകളും നൈറ്റ് ഡ്യൂട്ടിയും... ഇങ്ങനെ തിരക്ക് പിടിച്ച ഓട്ടത്തിലാണ് ഡോക്ടർമാർ. എന്നാൽ, ആതുരസേവനത്തിന്റെ ആത്മസമർപ്പണത്തിനൊപ്പം കുറച്ച് സമയം സമൂഹത്തിന് വേണ്ടിയും മാറ്റി വച്ചിരിക്കുകയാണ് കണ്ണൂരിലെ ഒരു കൂട്ടം ഗൈനക്കോളജിസ്റ്റ് ഡോക്ടർമാർ. ഇവർ രൂപീകരിച്ച "കണ്ണൂർ ഗൈനക്കോളജി സൊസൈറ്റി ' ചരിത്രം രചിച്ചിരിക്കുകയാണ്. ന്യൂജെൻ പിള്ളേർക്ക് പ്രസവിക്കാൻ പേടിയാണ്... പ്രസവിക്കുന്നവരാകട്ടെ പ്രസവശേഷം ഡിപ്രഷനിലും...
അന്ധവിശ്വാസങ്ങളിലും തെറ്റിദ്ധാരണകളിലും കുടുങ്ങിപ്പോവാതെ, ആരോഗ്യസംബന്ധമായ കാര്യങ്ങളെക്കുറിച്ച് ശരിയായ ധാരണയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് തിരക്കിനിടയിലും ഇവർ. സമയമില്ലായ്മ എന്ന ഒഴിവുകഴിവ് പറയാൻ ഇവർക്ക് താത്പര്യമില്ല. കുറച്ച് സമയം കണ്ടെത്തി സ്കൂളുകളിലും സ്ത്രീ കൂട്ടായ്മകളിലും പോയി ബോധവത്കരണ പരിപാടികളും ഹെൽത്ത് ക്യാമ്പുകളും ഡോക്ടർമാർ നടത്തുന്നുണ്ട്.
ജനങ്ങളെ ബോധവത്കരിക്കാൻ...
"സാക്ഷരതയുടെ കാര്യത്തിൽ ഇത്രയേറെ മുന്നേറിയിട്ടും അന്ധവിശ്വാസങ്ങളും ആരോഗ്യ കാര്യങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണകളും നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നില നിൽക്കുന്നുണ്ട്.
ഈ വിഷയങ്ങളെക്കുറിച്ച് ശാസ്ത്രീയമായ ധാരണയുള്ള ഡോക്ടർമാരും, ആരോഗ്യപ്രവർത്തകരും ഈ രംഗത്തിറങ്ങി പ്രവർത്തിച്ചാൽ മാത്രമേ ശരിയായ ധാരണ ജനങ്ങളിലെത്തുവെന്ന് മനസിലായതോടെയാണ് ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കണ്ണൂർ ഗൈനക്കോളജി സൊസൈറ്റിയെ പ്രേരിപ്പിച്ചതെന്ന് സൊസൈറ്റി പ്രസിഡന്റ് ഡോ. പി. ഷൈജസ് പറയുന്നു.
പ്രസിഡന്റ് ഡോ.പി. ഷൈജസും സെക്രട്ടറിയായ ഡോ. സിമി കുര്യനും ട്രഷററായ ഡോ. ഡി.ജി. സംഗീതയും കൂടിചേർന്ന താരതമ്യേനെ ചെറുപ്പക്കാരായ നേതൃനിരയാണ് ഇപ്പോൾ ഈ കൂട്ടായ്മക്കുള്ളത്. എന്നാൽ, ഏറ്റവും സീനിയർ ഗൈനക്കോളജിസ്റ്റായ ഡോ.മുഹമ്മദ് അലിയും ഡോ. സഫിയ ഷായും ഇവർക്ക് പിന്തുണയുമായി ഒപ്പം ഉണ്ട്.
കൗമാരക്കാർക്കായി "തളിർ'
കൗമാരപ്രായക്കാർക്കായി ഡോക്ടർമാർ രൂപീകരിച്ച കൂട്ടായ്മയാണ് "തളിർ' പദ്ധതി. കൗമാരക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തികൊടുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നിച്ചും വേറിട്ടുമുള്ള സെക്ഷനുകൾ, അവരുടെ മാതാപിതാക്കൾക്കും ടീച്ചർമാർക്കുമായി സ്പെഷൽ സെക്ഷനുകൾ എന്നീ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
സാധാരണനിലയിൽ സംസാരിക്കാൻ മടിക്കുന്ന ആർത്തവം പോലെയുള്ള വിഷയങ്ങളെക്കുറിച്ച് ആൺകുട്ടിയും പെൺകുട്ടിയും പങ്കെടുക്കുന്ന തുറന്ന ചർച്ചകൾ അടങ്ങിയ "ലെറ്റ്സ് ടോക്ക് മെൻസസ്' എന്ന ഭാഗം ഈ സെക്ഷനുകളെ വ്യത്യസ്തമാക്കുന്നു.
സ്ത്രീയിലും പുരുഷനിലും സ്വകാര്യഭാഗങ്ങളിൽ കണ്ടുവരുന്ന അണുബാധകൾ ഭാവിയിലെ പ്രത്യുല്പാദന ശേഷിയെ എങ്ങനെ ബാധിക്കുന്നു, അത് തടയാനുള്ള വഴികൾ എന്തെല്ലാം എന്നുള്ളതെല്ലാം തളിർ പദ്ധതിയുടെ ഭാഗമായി ഡോക്ടർമാർ പറഞ്ഞ് കൊടുക്കുന്നുണ്ട്. കൗമാര പ്രായത്തിലെ പെൺകുട്ടിയും ആൺകുട്ടിയും മുതൽ, മധ്യവയസ്കരായ സ്ത്രീ-പുരുഷൻമാർവരെ അറിഞ്ഞിരിക്കേണ്ട വിഷയങ്ങൾ ആണിവ.
കാൻസർ ബോധവത്കരണം
സ്തനങ്ങളെയും ഗർഭാശയമുഖത്തെയും ബാധിക്കുന്ന കാൻസറാണ് ഇന്ന് സ്ത്രീകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്നത്. ഇതിൽ വാക്സിൻ കൊണ്ടും പാപ് സ്മിയർ /എച്ച്പിവി ടെസ്റ്റിംഗ് കൊണ്ടും തടയാൻ സാധിക്കുന്ന കാൻസറാണ് " സർവിക്കൽ' അഥവാ "ഗർഭാശയമുഖ കാൻസർ'. ഈ രണ്ട് കാൻസറുകൾക്കെതിരേയുള്ള പോരാട്ടത്തിൽ കണ്ണൂർ ഗൈനക്കോളജി കൈകോർത്തത് എൻജിഒയായ മലബാർ കാൻസർ കെയർ സൊസൈറ്റിയുമായാണ്. ദേശീയശ്രദ്ധ വരെ ആകർഷിച്ച രണ്ട് പദ്ധതികൾക്കാണ് ഈ കൂട്ടായ്മ തുടക്കമിട്ടത്.
ലക്ഷകണക്കിന് സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഉപകാരപ്രദമായ ബ്രെസ്റ്റ് കാൻസർ ബ്രിഗേഡ് പദ്ധതിയും "മെയ്ക്ക് ഹെർ സർവിക്സ് അവേർ'പദ്ധതിയും. ഡോ. സുചിത്ര സുധീർ, ഡോ.മിനി ബാലകൃഷ്ണൻ, ഡോ. കെ. ബീന, ഡോ. ഗീത മേക്കൊത്ത് എന്നിവർ നേതൃത്വതം നൽകുന്ന ഒരു ടീമാണ് ഇതിനായി പ്രവർത്തിക്കുന്നത്.ഗർഭാശയമുഖ കാൻസറിനെ തടയാനുള്ള വാക്സിൻ സ്വന്തം മക്കൾക്ക് നൽകികൊണ്ട് ഇവർ നടത്തിയ യജ്ഞം കുത്തിവെപ്പിനെക്കുറിച്ചുള്ള ആശങ്കകൾ അകറ്റാൻ സഹായിച്ചു.
‘മൈൻഡ് യുവർ മൈൻഡ്'
പ്രായമേതുമാകട്ടെ ശരീരികമായ ആരോഗ്യം മാത്രമല്ല, മാനസിക ആരോഗ്യവും പരമ പ്രധാനമാണ് എന്ന സന്ദേശമാണ് 'മൈൻഡ് യുവർ മൈൻഡ്' പദ്ധതിയിലൂടെ ഈ ഡോക്ടർമാർ ജനങ്ങളിലെത്തിച്ചത്. സംസ്ഥാന ഘടകം പ്രസിഡന്റ് കൂടിയായ ഡോ. എസ്. അജിത്താണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
കൗമാരപ്രായക്കാരിലും ഗർഭിണികളിലും പ്രസവാനന്തര സമയത്തും, മധ്യവയസ്കരിലും വാർധക്യത്തിലുമെല്ലാം മാനസിക ആരോഗ്യം വിലയിരുത്തപ്പെടണം എന്നും ആവശ്യമെങ്കിൽ കൗൺസിലിംഗും ചികിത്സയും വരെ സ്വീകരിക്കണം എന്നുമുള്ള സന്ദേശം എത്തിക്കാൻ പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്തു.
കൂടാതെ, മുലയൂട്ടലിന്റെ പ്രാധാന്യം , അനീമിയ അഥവാ രക്തക്കുറവ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ, സ്വയസ്തന പരിശോധനയുടെ പ്രാധാന്യം എന്നീ വിഷയങ്ങളിൽ ഡോ. ഷൈജസിന്റെ സംവിധാനത്തിൽ ഹ്രസ്വചിത്രങ്ങൾ നിർമിച്ചിരുന്നു.
ബോധവത്കരണത്തിനായി ഡാൻസ്
ബോധവത്കരണത്തിനായി വ്യത്യസ്തമായ രീതികളാണ് ഈ ഡോക്ടർമാർ തെരഞ്ഞെടുക്കുന്നത്. ജീവിതചര്യ രോഗങ്ങളെ തടയാനുള്ള സന്ദേശവുമായി പയ്യാമ്പലം ബീച്ചിൽ ഡോക്ടർമാർ സംഘടിപ്പിച്ച 'ഡാൻസ് ടു ഡിഫീറ്റ് ദി ഡിസീസ്' ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. കൂടാതെ ക്ലാസുകളും ക്യാന്പുകളും നടത്തുന്നുണ്ട്.
അനുമോൾ ജോയ്