റഷീദിനെ പിന്തുടർന്ന സംഘങ്ങൾ
Tuesday, May 17, 2022 2:18 PM IST
ഓഗസ്റ്റ് 16. രാവിലെ എട്ടുമണി. ബംഗളൂരുവിലെ രേണുകാചാര്യ കോളജിനു മുന്നില്‍ എന്‍സിസി കാഡറ്റുകള്‍ പതിവ് പരിശീലനത്തിലായിരുന്നു. ലുങ്കിയും ഷര്‍ട്ടും മാത്രം ധരിച്ച ഒരു മനുഷ്യന് തീര്‍ത്തും പരവശനായ നിലയില്‍ അവര്‍ക്കു മുന്നില്‍ ഓടിയെത്തി.
കിതച്ചുകൊണ്ട് മുറി ഇംഗ്ലീഷില്‍ സഹായമഭ്യര്‍ഥിച്ചു. തന്നെ കൊല്ലാനായി ഗുണ്ടാസംഘങ്ങള്‍ പിന്നാലെയുണ്ടെന്നു പറഞ്ഞു. അത് അഡ്വ. എം.എ. റഷീദായിരുന്നു. കോളജിലെ വാച്ച്മാന് രാമാനുജം ആ മനുഷ്യനെ സമാധാനിപ്പിച്ചു. പിന്നെ ഓട്ടോറിക്ഷയില്‍ കയറ്റി അടുത്തുള്ള ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതിനിടയിലും ആരെങ്കിലും തന്നെ പിന്തുടരുന്നുണ്ടോയെന്ന് അയാള്‍ പേടിച്ചുവിറച്ചുകൊണ്ട് ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.
അന്ന് വൈകിട്ടുവരെ അയാള്‍ പോലീസ് സ്റ്റേഷനില്‍ തന്നെ കഴിഞ്ഞിരുന്നതായും വൈകിട്ട് അഞ്ചരയോടെ പോലീസ് അയാളെ അടുത്തുള്ള ലോഡ്ജില്‍ എത്തിച്ചിരുന്നതായുമാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. താന്‍ താമസിച്ചിരുന്ന സന്ധ്യ ലോഡ്ജിലേക്ക് തിരിച്ചുപോകാന്‍ റഷീദ് ഭയപ്പെട്ടിരുന്നു.
രാത്രി എട്ടരയോടെ ഇയാള്‍ വീണ്ടും റിസപ്ഷനിലെത്തുകയും താന്‍ മുറി ഒഴിയുകയാണെന്നും ഇന്നുതന്നെ കേരളത്തിലേക്ക് തിരിച്ചുപോവുകയാണെന്നും പറഞ്ഞതായും ഈ ലോഡ്ജിലെ ജീവനക്കാര്‍ പിന്നീട് മൊഴിനല്‍കി. ഇതിനുശേഷം ടിവിഎസിലെത്തി ബ്രീഫ്കേസ് തിരികെ വാങ്ങുകയും കേരളത്തിലേക്ക് യാത്ര പുറപ്പെടുകയും ചെയ്തതായാണ് പറയപ്പെടുന്നത്.
എന്നാല്‍, പോലീസിന്റെ ഭാഗത്തുനിന്നുള്ള ഈ കഥയില്‍ വിശ്വാസ്യതയുടെ അംശം വളരെ കുറവാണ്. ഇന്നത്തെപ്പോലെ സിസിടിവി കാമറകളോ മൊബൈല്‍ ലൊക്കേഷന്‍ പോലുള്ള തെളിവുകളോ ഇല്ലാത്ത കാലത്ത് കഥകള്‍ മെനഞ്ഞുണ്ടാക്കി വ്യാജ സാക്ഷികളെ ഉണ്ടാക്കാന്‍ പോലീസിന് എളുപ്പമായിരുന്നു.
രേണുകാചാര്യ കോളജിനു മുന്നിലേക്ക് റഷീദ് ഓടിയെത്തിയെന്നു പറയുന്നതിനു പോലും പോലീസിന്റെ ഭാഗത്തുനിന്നുള്ള സാക്ഷികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. റഷീദിനെ രക്ഷിച്ചുകൊണ്ടുപോയെന്നു പറയുന്ന ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പിന്നീട് റഷീദിന്റെ വധവുമായി ബന്ധപ്പെട്ട സിബിഐ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതെന്നും ശ്രദ്ധേയമാണ്.
രണ്ടുദിവസം കഴിഞ്ഞ് ഓഗസ്റ്റ് 18 നാണ് തമിഴ്നാട്ടില്‍ സേലത്തിനു സമീപം ധനുഷ്പേട്ട് റെയില്‍വേ സ്റ്റേഷനില്‍നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ റെയില്‍വേ ട്രാക്കില്‍ റഷീദിന്റെ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മുഖം അടിച്ചുതകര്‍ക്കുകയും രണ്ടു വിരലുകള്‍ ഛേദിക്കപ്പെടുകയും ചെയ്ത നിലയിലായിരുന്നു. മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടതാണെന്ന കാര്യം വ്യക്തമായിരുന്നു. ബ്രീഫ്കേസ് ഒപ്പമുണ്ടായിരുന്നില്ല. ലോഡ്ജില്‍ നിന്നുള്ള രസീതുകളും ഫോണ്‍ നമ്പറുകള്‍ എഴുതിയ ഒരു ചെറിയ പോക്കറ്റ് ഡയറിയും മാത്രമാണ് മൃതദേഹത്തോടൊപ്പം ഉണ്ടായിരുന്നത്.
റഷീദിന്റെ ബ്രീഫ് കെയ്സിൽ എന്ത് ?
ജീവിച്ചിരിക്കുമ്പോള്‍ ആരില്‍നിന്നും സഹായംകിട്ടാതെ ഗുണ്ടാസംഘങ്ങള്‍ക്കും പോലീസിനുമിടയില്പെട്ട് ബംഗളൂര് നഗരത്തില്‍ ഒറ്റപ്പെട്ടുപോയ റഷീദിനെ മരണശേഷം ഏറ്റെടുക്കാന്‍ എല്ലാവരും മത്സരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. റഷീദിന് നീതി ലഭ്യമാക്കുന്നതിനായി അഭിഭാഷക സംഘടനകള്‍ തെരുവിലിറങ്ങി.
ആഭ്യന്തരമന്ത്രി ജാലപ്പയുടെ താത്പര്യപ്രകാരം കസ്റ്റഡിയിലെടുക്കപ്പെട്ട റഷീദ് പോലീസിന്റെ മര്‍ദനമേറ്റു മരിച്ചതാണെന്നും തെളിവ് നശിപ്പിക്കാന്‍ തമിഴ്നാട്ടിലേക്കു കൊണ്ടുപോയി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചതാണെന്നും ആരോപണമുയര്‍ന്നു. ജാലപ്പയുമായി ബന്ധമുള്ള ലോബിയുടെ വിദ്യാഭ്യാസ കച്ചവടത്തിന്റെ തെളിവുകളാണ് റഷീദിന്റെ ബ്രീഫ്കേസില് ഉണ്ടായിരുന്നതെന്നും അത് കൈക്കലാക്കാനാണ് ഗുണ്ടാസംഘങ്ങളും പോലീസും ചേര്‍ന്ന് റഷീദിനെ വേട്ടയാടിയതെന്നും അവര്‍ പറഞ്ഞു. അഭിഭാഷകനായ റഷീദ് അവ നിയമപരമായി ഉപയോഗപ്പെടുത്തുമെന്ന ഭയവും എതിര്‍കക്ഷികള്‍ക്ക് ഉണ്ടായിരുന്നിരിക്കണം.
കര്‍ണാടകയിലെ ജനതാസര്ക്കാരിനെതിരേ വീണുകിട്ടിയ ആയുധവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസും സജീവമായി രംഗത്തിറങ്ങി. രണ്ടു മലയാളികള്‍ ഉള്‍പ്പെട്ട സംഭവമായതിനാല്‍ റഷീദിന്റെ കൊലയാളികളെ എത്രയും വേഗം കണ്ടെത്തണമെന്ന ആവശ്യവുമായി കേരളത്തിലും പ്രക്ഷോഭങ്ങള്‍ നടന്നു.
റഷീദിന്റെ മൃതദേഹം കണ്ടെത്തിയത് തമിഴ്നാട്ടിലായതിനാല്‍ തമിഴ്നാട് പോലീസാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കര്‍ണാടക പോലീസ് തെളിവുകള്‍ തേച്ചുമായ്ച്ചുകളയാന്‍ ശ്രമിക്കുമെന്നും മൂന്നു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കേസായതിനാല്‍ അടിയന്തിരമായി അത് സിബിഐയെ ഏൽപിക്കണമെന്ന ആവശ്യം ശക്തമായി.
ഒടുവില്‍ ആദര്‍ശധീരനായ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡെ ജാലപ്പയെ കൈവിടാന്‍ നിര്‍ബന്ധിതനായി. കേസ് സിബിഐക്ക് വിടാന്‍ സെപ്റ്റംബര്‍ ഏഴിന് കര്‍ണാടക സര്‍ക്കാര്‍ തന്നെ ശിപാര്‍ശ ചെയ്തതോടെ ജാലപ്പ മന്ത്രിസ്ഥാനം രാജിവച്ചു.
കര്‍ണാടകയിലെ ജനതാപാര്‍ട്ടിയില്‍ ഹെഗ്ഡെ- ദേവഗൗഡ ദ്വന്ദ്വങ്ങള്‍ക്കിടയില്‍ ശക്തനായ പിന്നോക്ക നേതാവായി വളര്‍ന്നുവന്ന ജാലപ്പയ്ക്ക് രാഷ്ട്രീയമായും അത് പടിയിറക്കമായി. കഷ്ടിച്ച് ഒരു വര്‍ഷത്തിനകം ഹെഗ്ഡെ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ ദേവഗൗഡയെ തഴയുന്നതിനായി ഹെഗ്ഡെ പക്ഷം നിര്ദേശിക്കുമായിരുന്ന പേര് ഒരുപക്ഷേ ജാലപ്പയുടേതാകുമായിരുന്നു. പകരം ഇപ്പോഴത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പിതാവ് എസ്.ആര്. ബൊമ്മെയ്ക്കാണ് അന്ന് മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിച്ചത്.
റഷീദിന്റെ തിരോധാനവും മരണവുമായി ബന്ധപ്പെട്ട് പോലീസ് വിശദീകരിച്ച കഥകളില്‍ നിരവധി പൊരുത്തക്കേടുകളുണ്ടെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. സദാശിവന്റെ കൈയില്‍നിന്നും കോളജിന്റെ നിയന്ത്രണം കൈയടക്കാനായി ജാലപ്പയുടെ ഒത്താശയോടെ പ്രവര്‍ത്തിച്ച ലോബിയുടെ ഗുണ്ടാസംഘങ്ങളും പോലീസും രണ്ടുവശത്തുനിന്നും റഷീദിനെ വേട്ടയാടുകയായിരുന്നു.
കാര്യങ്ങളുടെ നിയന്ത്രണം സദാശിവന്റെ കൈയില്‍നിന്നും ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. റഷീദിനെ കൊലപ്പെടുത്തി അത് സദാശിവന്റെ തലയില്‍ കെട്ടിവച്ച് സദാശിവന്റെ ബംഗളൂരുവിലെ പ്രവര്‍ത്തനങ്ങളെ എന്നന്നേക്കും ഇല്ലാതാക്കുന്നതിനുള്ള ശ്രമമാണ് എതിര്‍പക്ഷം നടത്തിയതെന്നും സംശയിക്കാവുന്ന തെളിവുകളുണ്ടായിരുന്നു.
ഓഗസ്റ്റ് 16 ന് സന്ധ്യാ ലോഡ്ജില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട റഷീദ് പിന്നീട് പോലീസ് കസ്റ്റഡിയില്‍ മരിക്കുകയായിരുന്നുവെന്നും, മൃതദേഹം പോലീസിന്റെ ഒത്താശയോടെ തമിഴ്നാട്ടിലെത്തിച്ച് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് പോകുമ്പോള്‍ റഷീദ് ട്രെയിനില്‍ നിന്നും വീണുമരിച്ചതാണെന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു ഇത്.
അന്നത്തെ ബംഗളൂരു സെന്‍ട്രല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണറായിരുന്ന കെ. നാരായണ്‍, ഹൈ ഗ്രൗണ്ട്സ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ എം.ബി. ഉത്തപ്പ, എഎസ്ഐ മലയാളിയായ പി. കൃഷ്ണന്‍കുട്ടി നായര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍. നാരായണപ്പ, കോണ്‍സ്റ്റബിള്‍മാരായ എ. മോഹന്‍, പ്രസന്ന, എം. നാഗരാജ് എന്നിവരെയാണ് സിബിഐ കേസില്‍ പ്രതിചേര്‍ത്തത്.
പ്രത്യേക സിബിഐ കോടതി ഇവരെ കുറ്റക്കാരെന്നു കണ്ടെത്തുകയും വിവിധ വകുപ്പുകളിലായി തടവിനും പിഴയ്ക്കും ശിക്ഷിക്കുകയും ചെയ്തു. ജാലപ്പയെ കേസില്‍ നേരിട്ട് ഉള്‍പ്പെടുത്താന്‍ തെളിവുകളില്ലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.
എന്നാല്‍, ഇതിനെതിരായി പ്രതികള്‍ നല്കിയ അപ്പീലില്‍ കാര്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞു. സിബിഐയുടെ കണ്ടെത്തലുകളില്‍ പിഴവുകളുണ്ടെന്നും പോലീസുദ്യോഗസ്ഥരാണ് കുറ്റകൃത്യം ചെയ്തതെന്ന് സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിലയിരുത്തല്‍.
പോലീസിനേക്കാളധികം സംശയിക്കാവുന്നത് കര്‍ണാടകയിലെ വിദ്യാഭ്യാസ ലോബിയുമായി ബന്ധപ്പെട്ട ക്രിമിനല്‍ സംഘങ്ങളെയാണെന്നും ഈ ദിശയില്‍ അധികമൊന്നും മുന്നോട്ടുപോകാന്‍ സിബിഐ അന്വേഷണത്തിന് കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ഇതോടെ ഒരു വ്യാഴവട്ടത്തിലധികം നീണ്ട നിയമയുദ്ധത്തിനുശേഷം 2002 ജൂണ്‍ 24 ന് എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. അധികം താമസിയാതെ ഇവരെയെല്ലാം സര്‍വീസില്‍ തിരിച്ചെടുക്കുകയും ചെയ്തു.
സിബിഐ കേസില്‍ പ്രതിചേര്ക്കാതിരുന്നതോടെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിയ ജാലപ്പ 1996 ല്‍ ചിക്കബല്ലാപൂരില്‍ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ദേവഗൗഡയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരില്‍ ടെക്സ്റ്റൈല്‍സ് മന്ത്രിയാവുകയും ചെയ്തു. അടുത്തവര്‍ഷം വന്ന ഐ.കെ. ഗുജ്റാള്‍ മന്ത്രിസഭയിലും അദ്ദേഹം മന്ത്രിയായി തുടര്‍ന്നു.
ആ സര്‍ക്കാരിന്റെ പതനത്തോടെ ജനതാദള്‍ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നീട് 2009 വരെ കോണ്‍ഗ്രസിന്റെ ലോക്സഭാംഗമായിരുന്നു. സദാശിവനുമായുള്ള തര്‍ക്കത്തിന്റെ കേന്ദ്രബിന്ദുവായ കോലാറിലെ ദേവരാജ് അരശ് മെഡിക്കല്‍ കോളജിന്റെ ചെയര്‍മാനായി മരണംവരെ തുടര്‍ന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ജാലപ്പയുടെ പേരിലും ആശുപത്രികളും വിദ്യാഭ്യാസസ്ഥാപനങ്ങളും വന്നു. കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന മകന് ജെ. നരസിംഹ സ്വാമി ഇപ്പോള്‍ ബിജെപിയിലാണ്.
ഇടക്കാലത്തെ ക്ഷീണത്തിനുശേഷം കര്‍ണാടകയിലെ വിദ്യാഭ്യാസമേഖലയില്‍ ശക്തനായി തിരിച്ചുവന്ന പി. സദാശിവന് 1992 ല്‍ രാജീവ്ഗാന്ധി കോളജ് ഓഫ് ഡെന്റല്‍ സയന്‍സിന് തുടക്കമിട്ടു. 2001 ല്‍ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും 2005 ല്‍ കമല കോളജ് ഓഫ് നഴ്സിംഗും 2015 ല്‍ രാജീവ്ഗാന്ധി മെഡിക്കല്‍ ഹോസ്പിറ്റലും തുടങ്ങി.
ആദ്യം സ്ഥാപിച്ച സര്. എം. വിശ്വേശ്വരയ്യ എഡ്യുക്കേഷന്‍ ട്രസ്റ്റിനു കീഴില്‍ തന്നെയാണ് ഈ സ്ഥാപനങ്ങളെല്ലാം തുടങ്ങിയത്. സദാശിവന്റെ നാല് മക്കളാണ് ഇപ്പോള്‍ സ്ഥാപനങ്ങളെല്ലാം നോക്കിനടത്തുന്നത്. പ്രായാധിക്യത്തെ തുടര്‍ന്ന് കൊല്ലത്തേക്ക് മടങ്ങിയെങ്കിലും സ്ഥാപനങ്ങളുടെ കാര്യം അന്വേഷിക്കാന്‍ അടുത്തകാലം വരെ മാസത്തിലൊരിക്കലെങ്കിലും സദാശിവന് ബംഗളൂരുവില്‍ എത്തുമായിരുന്നു.
കാലപ്രവാഹത്തില്‍ തെളിവുകളില്ലാതെ മറഞ്ഞുപോയത് അഡ്വ. എം.എ. റഷീദ് മാത്രമാണ്.
ഒരുപക്ഷേ എല്ലാ ഇരകളെയും പോലെ. ഒരു കാലഘട്ടത്തില്‍ ഏതാനും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം കൈക്കലാക്കുന്നതിനായി സദാശിവനും ജാലപ്പയ്ക്കുമിടയില് നടന്ന മത്സരത്തിന്റെ ഇടയില്‍ പെട്ടുപോവുകയായിരുന്നു റഷീദ് എന്നു മാത്രമാണ് ഇപ്പോള്‍ പറയാവുന്നത്. അത് അദ്ദേഹത്തിന്റെ മാത്രം നിര്‍ഭാഗ്യമായിരുന്നു. ആ ജോലിക്ക് അദ്ദേഹത്തെ ചുമതലപ്പെടുത്തിയ സദാശിവനു പോലും അനിവാര്യഘട്ടത്തില്‍ അദ്ദേഹത്തെ രക്ഷിക്കാനായില്ല.
ഇപ്പോഴും ഇതരസംസ്ഥാനങ്ങളിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്രിമിനല്‍ സംഘങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന കച്ചവടസ്ഥാപനങ്ങളായി മാറുകയും അതിന് ജിഷ്ണു പ്രണോയിയെ പോലെ പുതിയ ഇരകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഒരുപക്ഷേ അതിന്റെ ആദ്യത്തെ ഇരയായ റഷീദിനെ മലയാളികള്‍ക്കെങ്കിലും ഒരിക്കലും മറക്കാനാവില്ല.
(അവസാനിച്ചു)