സാജുവിന്റെ സൈക്കിള്‍ യാത്ര തുടരുകയാണ്
Tuesday, May 3, 2022 2:29 PM IST
കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വ്യായാമത്തിനായി തുടങ്ങിയ സൈക്കിള്‍ സവാരി പോലീസ് ഉദ്യോഗസ്ഥനായ സാജു പൗലോസിന് ഇന്ന് ഒരു ലഹരിയാണ്. ഇതുവരെ 329 സൈക്കിള്‍ റൈഡുകളിലായി ഇദ്ദേഹം പിന്നിട്ടത് 35,810 കിലോമീറ്റർ ദൂരമാണ്.
സാക്പ്രോയുടെ ആഭിമുഖ്യത്തില്‍ മേയ് ഒന്നു മുതല്‍ 31 വരെ ഇന്ത്യയില്‍ എവിടെയും പരമാവധി കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടാവുന്ന സാക്പ്രോ സമ്മര്‍ സ്കോച്ച് 2022 ചലഞ്ചിനുള്ള ഒരുക്കത്തിലാണ് സാജു ഇപ്പോള്‍.
കൂടാതെ ഈ മാസം 30-ന് കോട്ടയം സൈക്കിള്‍ ക്ലബിന്റെ നേതൃത്വത്തില്‍ നടക്കുന്ന കോട്ടയം-തേക്കടി 160 കിലോ മീറ്റര്‍ സൈക്കിള്‍ ചലഞ്ചിലാണ് ഇദേഹം ഇനി പങ്കെടുക്കുക.
വ്യായാമത്തിനായി തുടങ്ങിയത്
കുട്ടിക്കാലം മുതല്‍ സൈക്കിള്‍ ചവിട്ടാന്‍ സാജുവിന് ഇഷ്ടമായിരുന്നു. എങ്കിലും അതിനെ അത്ര ഗൗരവത്തില്‍ എടുത്തിരുന്നില്ല. 2020 ജൂലൈയില്‍ ലോക് ഡൗണ്‍ കാലത്താണ് സാജു സൈക്കിള്‍ ചവിട്ടി തുടങ്ങിയത്.
വ്യായാമമെന്ന രീതിയിലായിരുന്നു തുടക്കം. ആദ്യ ദിനങ്ങളില്‍ 50 കിലോമീറ്ററായിരുന്നു സൈക്കിള്‍ യാത്ര. ചാലക്കുടി മുരിങ്ങൂരിലെ വീട്ടില്‍നിന്ന് പാലിയേക്കരവരെയായിരുന്നു ആദ്യ ദിനങ്ങള്‍.
ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ അത് നൂറു കിലോമീറ്ററായി. മണ്ണൂത്തിയും തൃശൂരും പിന്നിട്ട് എറണാകുളത്തേക്കുള്ള ആ യാത്രയില്‍ സുഹൃത്തുക്കളും കൂടെ ചവിട്ടി. ഹൈബ്രിഡ് സൈക്കിളാണ് ഉപയോഗിച്ചിരുന്നത്.
സൈക്കിള്‍ ചലഞ്ചുകള്‍ ഇങ്ങനെ
പറവൂര്‍ മുസിരിസ് സൈക്കിള്‍ ക്ലബ്, മാള ബൈക്കേഴ്സ് ക്ലബ്, എറണാകുളം ക്യൂന്‍സ് വേ റൈഡേഴ്സ് ക്ലബ്, ചാലക്കുടി കെഎല്‍ 64 ക്ലബ് എന്നീ സൈക്കിള്‍ ക്ലബുകളിലെല്ലാം അംഗമായ സാജു പൗലോസ് സൈക്കിളിംഗില്‍ നിരവധി ബഹുമതികളും നേടിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെ തുടര്‍ച്ചയായി 111 ദിവസംകൊണ്ട് പ്രതിദിനം 100 കിലോ മീറ്ററിനു മുകളില്‍ സൈക്കിള്‍ ചവിട്ടി എന്ന ബഹുമതിയും സാജുവിന് സ്വന്തമാണ്. ഇദ്ദേഹം നടത്തിയ ദൈര്‍ഘ്യമേറിയ റൈഡ് 600 കിലോ മീറ്ററിനു മുകളിലാണ്.
2020-21 കാലഘട്ടത്തില്‍ ഒഡാക്സ് ഇന്ത്യ ഏര്‍പ്പെടുത്തിയ ബ്രിവെറ്റ്സ് ഡി റാണ്ടനേഴ്സ് മോണ്ടിക്സ് (ബിആര്‍എം) ചലഞ്ച് 200 കിലോ മീറ്റര്‍, 300 കിലോ മീറ്റര്‍, 400 കിലോ മീറ്റര്‍, 600 കിലോ മീറ്റര്‍ ബ്രെവേ ആയിരുന്നു. ഇതു രണ്ടു തവണ ചെയ്ത് ഡബിള്‍ സൂപ്പര്‍ റാണ്ടനര് പദവിക്ക് സാജു അര്‍ഹനായി. സൈക്കിളില്‍ നടത്തിയ കേരള പര്യടനമായിരുന്നു അടുത്തത്. ചാലക്കുടിയില്‍നിന്ന് നാലര ദിവസം കൊണ്ട് തിരുവനന്തപുരം-കാസര്‍ഗോഡ് വഴി തിരിച്ച് ചാലക്കുടിയില്‍ എത്തിയാണ് 1300 കിലോമീറ്ററിലുള്ള ആ ചലഞ്ച് സാജു പൂര്‍ത്തിയാക്കിയത്.
സുഹൃത്തുക്കളായ നിതിന്‍ ശാന്തകുമാറിനും വി.പി. അനീഷിനുമൊപ്പമായിരുന്നു ഇദ്ദേഹം അന്ന് സൈക്കിളില്‍ ദൂരം താണ്ടിയത്. കണ്ണൂര്‍ സൈക്കിള്‍ ക്ലബിന്റെ വിന്റര്‍ ചലഞ്ചിലും ഡക്കാത്തലണിന്റെ പല ചലഞ്ചുകളിലും പങ്കെടുത്തിട്ടുണ്ട്. കാലിക്കറ്റ് പെഡലേഴ്സ് നടത്തിയ വെലോ എ ഊട്ടി ചലഞ്ചിലും സാജു വിജയിയായി.
എറണാകുളത്തെ ബി പോസിറ്റീവ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ ചലഞ്ചില്‍ രണ്ട് തവണ വിജയം സാജുവിനെ തേടിയെത്തി. ഇങ്ങനെ 329 സൈക്കിള്‍ റൈഡുകള്‍ നടത്തി 35,810 കിലോ മീറ്ററുകളാണ് സാജു സൈക്കിളില്‍ താണ്ടിയത്. റോഡ് ബൈക്കാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. സൈക്കിള്‍ ചലഞ്ചിലൂടെ ഒത്തിരി സുഹൃത്തുക്കളെ ലഭിച്ചതായി സാജു പറയുന്നു. സാജുവിന്റെ സൈക്കിള്‍ യാത്ര കണ്ട് ആകൃഷ്ടരായി സൈക്കിള്‍ ചവിട്ടുന്ന പലരും നാട്ടിലുണ്ട്.
ജോലിയെ ബാധിക്കാതെ
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥനായ സാജു പൗലോസ് ജോലിയെ ബാധിക്കാതെയാണ് സൈക്കിള്‍ ചലഞ്ച് നടത്തുന്നത്. പുലര്‍ച്ചെ നാലിന് സൈക്കിള്‍ റേസിനിറങ്ങി എട്ടിന് തിരിച്ചെത്തുന്ന രീതിയിലാണ് ഇദേഹത്തിന്റെ യാത്രകള്‍. വൈകുന്നേരങ്ങളും അവധി ദിവസങ്ങളുമാണ് പലപ്പോഴും കൂടുതല്‍ ദൂരം സൈക്കിള്‍ റൈഡിനായി തെരഞ്ഞെടുക്കാറുള്ളത്.
ഓഫീസില്‍നിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഇദേഹം പറയുന്നു. വിവിധ സംസ്ഥാനങ്ങള്‍ പിന്നിട്ടുള്ള ദീര്‍ഘ ദൂര സൈക്കിള്‍ യാത്ര എന്നൊരു മോഹം മനസിലുണ്ടെന്ന് സാജു പൗലോസ് പറഞ്ഞു. സൈക്കിള്‍ ചവിട്ടുന്നതിലൂടെ 100 ദിവസം കൊണ്ട് 18 കിലോയോളം ശരീര ഭാരം കുറയ്ക്കാനായി എന്നും കായികതാരമായ ഇദേഹം പറയുന്നു.
കുടുംബത്തിന്റെ പിന്തുണ
മാതാപിതാക്കളായ പൗലോസും റോസിലിയും തൃശൂര്‍ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റായ ഭാര്യ സിമിയും മക്കളായ ജോണ്‍പോളും ലിയ റോസും പൂര്‍ണ പിന്തുണയുമായി എപ്പോഴും കൂടെയുണ്ടെന്ന് സാജു പറഞ്ഞു. ലിയയും പിതാവിനൊപ്പം സൈക്കിള്‍ റേസിനു പോകാറുണ്ട്.