മധുരവസന്തത്തിന്റെ നാദം
Thursday, March 31, 2022 3:01 PM IST
മലയാള സിനിമാ ലോകത്ത് മറ്റ് ഗായികമാരുമായിച്ചേര്ന്ന് യുഗ്മഗാനങ്ങള്‍ പാടി അനശ്വരമാക്കിയ ഒരു പ്രതിഭയുണ്ട് ബി.വസന്തയാണ് ഈ അനുഗ്രഹീത ഗായിക. യവനസുന്ദരിയും...., കുടമുല്ലപ്പൂവും.... മലയാളത്തിനു സമ്മാനിച്ച ബി. വസന്തയുടെ ഫീമെയില്‍ ഡ്യൂയറ്റുകളും എന്നും ഹിറ്റുകള്‍ തന്നെയാണ്.
കൂട്ടുകുടുംബം എന്ന സിനിമയില്‍ പി.സുശീലയുമൊന്നിച്ചുള്ള സ്വപ്നസഞ്ചാരിണി നിന്റെ മനോരഥം, തുലാഭാരത്തിലെ ഭൂമിദേവി പുഷ്പിണിയായി തുടങ്ങിയ ഗാനങ്ങള്‍ എങ്ങനെ മറക്കുവാനാണ്. എസ്.ജാനകിയുമൊത്ത് പാടിയിട്ടുള്ള പാവനമാം ആട്ടിടയാ..., കണ്ണില്മീനാടും പെരിയാര്‍... തുടങ്ങിയ ഗാനങ്ങളും മറക്കുവാന്‍ കഴിയാത്തവ തന്നെ.
മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും, തമിഴിലും ഫീമെയില്‍ ഡ്യൂയറ്റിലൂടെ ചരിത്രം സൃഷ്ടിച്ച ഗായികയാണ് വസന്ത. മെലഡി ക്വീന്‍, ഹമ്മിംഗ് റാണി അങ്ങനെ പല വിശേഷണങ്ങളും ബി.വസന്തയ്ക്കു അസ്വാദകര്‍ നല്‍കിയിട്ടുണ്ട്.
മേലെ മാനത്തെ നീലിപ്പുലയിക്കു
മഴപെയ്താല്‍ ചോരുന്ന വീട്...,
കാര്‍ത്തിക വിളക്ക് കണ്ട് പോരുമ്പോള്‍ ...
എന്നിങ്ങനെ നെഞ്ചില്‍ തൊടുന്ന ഒരു പിടി ഗാനങ്ങള്‍. ഹമ്മിംഗിലൂടെ ഒരു പുതിയ അനുഭൂതി പ്രപഞ്ചം തീര്‍ക്കുകയും ചെയ്തിട്ടുണ്ട് ബി.വസന്ത.
തുള്ളി തുള്ളി നടക്കും കള്ളിപ്പെണ്ണേ....
സുഖമൊരു ബിന്ദു.... എന്നിങ്ങനെ ഹമ്മിംഗ് മാത്രമായി വസന്ത തീര്‍ത്ത രാഗഭാവം അന്യാദൃശ്യമാണ്. കണ്ണദാസന്- എം.എസ്.വി കൂട്ടുകെട്ടില്‍ പിറന്ന വീണൈ പേശും എന്ന ഗാനം ഉള്‍പ്പെടെയുള്ള തമിഴ് ഗാനങ്ങളിലെ ഹമ്മിംഗാണ് ബി വസന്തയ്ക്ക് ഹമ്മിംഗ് റാണി എന്ന പേര് നല്‍കുന്നത്.
ചന്ദ്രനുദിക്കുന്ന ദിക്കില്‍...
പുഷ്പഗന്ധി.... സ്വപ്നഗന്ധി....
അങ്ങനെ എത്രയെത്ര ഗാനങ്ങളിലെ ഹമ്മിംഗിന്റെ സൗന്ദര്യം വസന്തയിലൂടെ മലയാളം അറിഞ്ഞതാണ്.
ആന്ധ്രയിലെ മസലീപട്ടത്ത് ജനിച്ച ബി.വസന്ത ഇന്നലെ 78-ാം പിറന്നാള്‍ ആഘോഷിച്ചു. ഇടക്കാലത്ത് തിരുവനന്തപുരത്ത് ഗാനസന്ധ്യയ്ക്കു എത്തിയപ്പോള്‍ ബി.വസന്ത പങ്ക് വച്ച ഓര്‍മ്മകള്‍, വിശേഷങ്ങള്‍....
മലയാള ചലച്ചിത്ര ഗാനലോകമാണല്ലോ സുന്ദര മെലഡികള്‍ സമ്മാനിച്ചത്?
അതെ. ഏറ്റവും കൂടുതല്‍ മെലഡികള്‍ എനിക്ക് സമ്മാനിച്ചത് മലയാള ഗാനലോകമാണ്. എന്റെ ഇഷ്ടഗാനങ്ങളില് ഏറെയും ഈ മനോഹര ഗാനങ്ങളാണ്. വധുവരന്മാരോ പ്രിയ വധുവരന്മാരേ..., കര്പ്പൂരദീപത്തിന് കാന്തിയില്‍..., നീര് വഞ്ഞികള് പൂത്തു നീര്‍മാതളം പൂത്തു...
വീട്ടിലിരിക്കുമ്പോള്‍ ഞാന്‍ പാടി നടക്കുന്ന പാട്ടുകളാണിവ. വല്ലാത്തൊരു ആത്മനിര്‍വൃതിയാണ് ഈ ഗാനങ്ങള്‍ പാടുമ്പോള്‍ ലഭിക്കുന്നത്. നീര്‍വഞ്ഞികള്‍ പൂത്തു... എന്ന ഗാനം പാടുമ്പോള്‍ ഞാനൊരു പക്ഷിയെ പോലെ ചിറകു വിടര്‍ത്തി ആകാശത്തിലേക്കു ഉയരുന്ന ഒരനുഭവമാണ്.
ബി.വസന്തയുടെ ഹിറ്റ് ഗാനങ്ങളില്‍ ചിലത് മറ്റ് ഗായികമാരുടെ പേരില്‍ അറിയപ്പെടുന്നുണ്ടല്ലോ?
സത്യമാണ്. വളരെ അധ്വാനിച്ചും അര്‍പ്പണം ചെയ്തും നമ്മള് പാടിയ പാട്ടുകള്‍ മറ്റൊരു ഗായികയുടേെതാണെന്നു ജനങ്ങള്‍ ധരിക്കുക. വലിയ വിഷമം ഉണ്ടാക്കുന്ന അനുഭവമാണ്.
പലരും എന്നോട് പറയാറുണ്ട് ചേച്ചിയാണ് ഈഗാനം പാടിയതെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും പി.സുശീലയാണ് ഈ ഗാനം പാടിയതെന്നു കരുതിയിരുന്നു എന്നും ചില പാട്ടുകളെ ചൂണ്ടി ആസ്വാദകര്‍ പറയുമ്പോള്‍ ഞാന്‍ തമാശയായി പറയും. മലയാളത്തില്‍ ധാരാളം ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള നല്ലൊരു ഗായികയല്ലേ സുശീലാമ്മ. എന്റെ പാട്ടുകള്ക്കൂടി സുശീലാമ്മയ്ക്കു കൊടുക്കണോ? എന്ന്.
തെലുങ്ക് മാതൃഭാഷയായ ബി.വസന്ത എങ്ങനെയാണ് മലയാളഗാനങ്ങളെ ഇങ്ങനെ സ്വന്തമാക്കിയത്? പ്രത്യേകിച്ചും ഇന്നത്തെ പോലെയുള്ള സാങ്കേതിക സൗകര്യങ്ങളോ ട്രാക്ക് സംഗീതമോ സൗണ്ട് എൻജിനിയറിംഗ് ഒന്നുമില്ലാത്ത കാലത്ത്?
ഈശ്വരാധീനം എന്നു പറയാം. തെക്കും കൂറടിയാത്തി കതിരു പുള്ളോത്തി എന്ന ഗാനമൊക്കെ വിജയിപ്പിക്കുവാന്‍ വലിയ പ്രയാസമുണ്ടായിരുന്നു. അന്യഭാഷയിലെ ഗായികമാര്‍ക്കു ഇതിലെ വാക്കുകള്‍ കടുപ്പമുള്ളതാണ്. ആലാപനവും എളുപ്പമല്ല. ഇടയ്ക്കു ശ്വാസമെടുക്കുവാനുള്ള ഇടമില്ലാതെ ഒറ്റ ശ്വാസത്തില്‍ പാടേണ്ട ഗാനമാണ്.
ഈ ഗാനം രണ്ടാമത്തെ ടേക്കില്‍ സംഗീതത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത ജി.ദേവരാദന് മാസ്റ്റര്‍ സ്വീകരിച്ചു എന്നു പറയുമ്പോള്‍ അതിനന്റെ പിന്നിലെ എഫര്‍ട്ട് ഊഹിക്കാമല്ലോ. നേരത്തെ പറഞ്ഞത് പോലെ ഈശ്വരാധീനം കൊണ്ടാകും. പാട്ടു റിക്കാര്‍ഡിംഗില്‍ തെറ്റുകളോ, പിഴവുകളോ സംഗീത സംവിധായകന്മാര് ചൂണ്ടികാണിച്ചിട്ടില്ല.
ജി.ദേവരാജന്‍, വി.ദക്ഷിണാമൂര്‍ത്തി, കെ.രാഘവന്, ബാബുരാജ്, എം.കെ.അര്ജ്ജുനന് തുടങ്ങി മലയാളത്തിലെ പ്രഗത്ഭ സംഗീത സംവിധായകന്മാരുടെ എല്ലാം കീഴില്‍ പാടിയിട്ടുള്ള ഗായിക കൂടിയാണ് ബി.വസന്ത. ജി.ദേവരാജനെപോലെ കര്‍ക്കശനായ സംഗീതസംവിധായ കനൊപ്പം പാടി വിജയിപ്പിക്കുക എളുപ്പമല്ലല്ലോ?
അതെ. ദേവരാജന്‍ മാസ്റ്റര്‍ ഒരു പെര്‍ഫക്ഷനിസ്റ്റാണ്. പരിപൂര്ണതയാഗ്രഹിക്കുന്ന സംഗീതസംവിധായകന്. അതുകൊണ്ട് തന്നെ സംഗീത കാര്യത്തില്‍ വളരെ കാര്‍ക്കശ്യമുണ്ട്. മാസ്റ്ററുടെ മനസില്‍ എന്താണെന്നു നമ്മുക്കു അറിയുവാന്‍ കഴിയില്ല. നമ്മുടെ ആലാപനം മാസ്റ്റര്‍ക്കു ഇഷ്ടമായാലും പുറമെ പ്രകടിപ്പിക്കില്ല. "നന്നായി' തുടങ്ങി വികാരപരമായ അഭിനന്ദനങ്ങള്‍ പറയുന്ന പ്രകൃതവുമില്ല. പതിനഞ്ച് വര്‍ഷക്കാലം അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തില്‍ പാടിയിട്ടുണ്ട്. എന്റെ ആലാപനത്തില്‍ ഒരു തെറ്റും അദ്ദേഹം പറഞ്ഞിട്ടില്ല.
എന്നാല്‍ മലയാളം എഴുതുവാനും, വായിക്കുവാനും പഠിക്കാത്തതിനാല്‍ തുടര്‍ന്ന് ഗാനങ്ങള്‍ നല്കുവാന് മാസ്റ്റര്‍ വിസമ്മതിച്ചു. അതെന്നോട് തുറന്നുപറയുകയും ചെയ്തു. അന്നു വലിയ വിഷമം തോന്നിയിരുന്നു. എങ്കിലും ഒരു ഗായിക എന്ന നിലയില്‍ മാസ്റ്റര്‍ക്കു എന്നോട് മതിപ്പുണ്ടായിരുന്നു എന്നു ഞാന്‍ പില്ക്കാലത്ത് മനസിലാക്കി. മാസ്റ്ററുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സിനിമാസംഗീതത്തിന്റെ അമ്പത് വര്‍ഷം ആഘോഷിച്ച വേളയില്‍ മാസ്റ്റര്‍ എന്നെ ഫോണില്‍ വിളിച്ചു.
"വസന്ത നീ വന്നു പാടണം' എന്ന മാസ്റ്ററുടെ സ്നേഹപൂര്വമായുള്ള വാക്കുകള്‍ എന്നെ വല്ലാതെ സ്പര്‍ശിച്ചു. "തീര്‍ച്ചയായും ഞാന്‍ വരും' എന്നു ഞാന്‍ മറുപടിയും നല്കി. തൊട്ടടുത്ത ദിവസം ചെന്നൈയിലെ എന്റെ വീട്ടില്‍ വന്നു നേരിട്ട് ക്ഷണിച്ചു. എനിക്ക് അദ്ഭുതം തോന്നി. ആഘോഷച്ചടങ്ങില്‍ മാസ്റ്റര്‍ എന്നെ പഠിപ്പിച്ച തെക്കും കുറടിയാത്തിയും ഗാനഗന്ധര്വ്വന് യേശുദാസുമായി ചേര്‍ന്നുള്ള യവന സുന്ദരിയും... ആണ് ഞാന്‍ പാടിയത്. കെ.രാഘവന്, ബാബുരാജ്, എം.കെ.അര്ജുനന് എന്നീ സംഗീതസംവിധായകന്മാര് ഗായകര്‍ക്ക് കുറച്ചു കൂടി സ്വാതന്ത്ര്യം അനുവദിച്ചവരാണ്.
ദക്ഷിണാമൂര്‍ത്തി സ്വാമി കുറച്ച് ഗൗരവപ്രകൃതമാണ്. എന്നാല്‍ സംഗീതത്തിന്റെ കാര്യത്തില്‍ ഇവരെല്ലാവരും സമാനമനസ്കരാണ്. ഗായകരുടെ ഭാഗത്ത് നിന്നും പൂര്‍ണ അര്‍പ്പണം അവര്‍ ആഗ്രഹിക്കുന്നുണ്ട്. അവരുടെ സംഗീതം, ജനലക്ഷങ്ങളിലെത്തുന്നത് ഗായകരുടെ ശബ്ദത്തിലൂടെയല്ലേ. അതിനാല്‍ അവര്‍ ഞങ്ങളില്‍ നിന്നും ഏറ്റവും നല്ല റിസല്‍റ്റ് ഉണ്ടാക്കുവാന്‍ ശ്രമിക്കും.
പഴയകാല ഗായകരുടെ അദ്ധ്വാനവും, അര്‍പ്പണവും കഠിനമായിരുന്നുവല്ലോ?
അതെ, ഇന്നത്തെ കാലത്ത് ആലോചിക്കുവാന്‍ പോലും കഴിയാത്ത വിധമായിരുന്നു അന്നത്തെ റിക്കാർഡിംഗ്. ഒരു വാക്കോ, ഉച്ചാരണമോ, ഈണമോ, താളമോ പിഴച്ചു പോയാല്‍ വീണ്ടും ആദ്യം മുതല്‍ റിക്കാര്‍ഡ് ചെയ്യുമായിരുന്നു. പശ്ചാത്തല കലാകാരന്മാരുടെ താളം ഒന്നു പിഴച്ചാല്‍ പോലും റീടേക്ക് എടുക്കേണ്ടി വരും.
പതിറ്റാണ്ടുകള്‍ക്കുശേഷവും മലയാള ഗാനങ്ങള്‍ ഹൃദയത്തില്‍ നിറയുന്നത് ഇത് കൊണ്ടും കൂടിയല്ലേ ?
സത്യമാണ്. പിന്നെ മലയാളഗാനങ്ങള്‍ എനിക്കു കുറെ സംതൃപ്തി നല്കിയ ഗാനങ്ങളാണ്. എങ്ങനെ മറക്കുവാനാണ് ആ സുവര്‍ണ്ണകാലം.
എസ്. മഞ്ജുളാദേവി