ത്രെഡ് ആർട്ടിൽ വിരിയുന്ന മലയാളത്തിന്റെ സ്വന്തം നിത്യഹരിതനായകൻ
Tuesday, January 25, 2022 4:52 PM IST
ചങ്ങനാശേരി: മലയാള സിനിമയിലെ നിത്യഹരിത നായകനും പൂർവവിദ്യാർഥിയുമായ പ്രേം നസീറിന്റെ മുഖചിത്രം എസ്ബി കോളജ് കാന്പസിൽ മെനഞ്ഞെടുക്കുന്നു.
ത്രെഡ് ആർട്ടിൽ വിദഗ്ധനായ കൊടുങ്ങല്ലൂർ സ്വദേശി മനോജ് ആണ് പ്രേം നസീറിന്റെ മുഖശ്രീ നൈലോണ്‍ നൂലിൽ ഇഴചേർത്ത് നെയ്യുന്നത്. സയൻസ് ബിൽഡിംഗിലെ പ്രശസ്തമായ ടവറിനു മുന്പിലെ മൈതാനത്താണ് അത്യാകർഷകമായ രീതിയിലുള്ള ഈ കലാരൂപം സജ്ജമാക്കുന്നത്.
മുന്നൂറ് കന്പികൾ നിലത്ത് കുത്തിനിർത്തി അതിൽ നൈലോണ്‍ ത്രഡ് പാകിയാണ് നസീറിന്റെ രൂപം തയാറാക്കുന്നത്. 25000 മീറ്റർ നൂലാണ് ഇതിനു വേണ്ടിവരുന്നതെന്നും പത്തുദിവസംകൊണ്ടാണ് ആവിഷ്കരണം പൂർത്തിയാകുന്നതെന്നും കലാകാരനായ മനോജ് പറഞ്ഞു.
പെൻസിൽ, ഡിജിറ്റൽ, മൈക്രോ ആർട്ടുകൾ അഭ്യസിച്ചിട്ടുള്ള മനോജ് സമൂഹമാധ്യമങ്ങളിൽ നിന്നും സ്വയം ആർജിച്ചെടുത്ത കരവിരുതിലാണ് ത്രെഡ് ആർട്ട് സജ്ജമാക്കുന്നത്. 30 അടി വിസ്തീർണത്തിലാണ് നസീറിന്റെ മുഖചിത്രം തരപ്പെടുത്തുന്നത്.
നേരത്തെ മോഹൻലാലിന്റെ മുഖചിത്രം മനോജ് ത്രെഡ് ആർട്ടിൽ തയാറാക്കി ലാലിന് നേരിട്ടു സമർപ്പിച്ചിരുന്നു. 31 അടി വിസ്തീർണത്തിൽ ചാച്ചാ നെഹ്റുവിന്റെ ത്രെഡ് ആർട്ടും സജ്ജമാക്കിയിരുന്നു.
കോളജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോളജിലെ പൂർവവിദ്യാർഥിയായ പ്രേം നസീറിനെ അനുസ്മരിക്കുന്നതിനും ആദരിക്കുന്നതിനുമാണ് ഇത്തരം ഒരു കലാരൂപം കോളജ് കാന്പസിൽ സജ്ജമാക്കുന്നതെന്ന് പ്രിൻസിപ്പൽ ഫാ.റെജി പ്ലാത്തോട്ടം പറഞ്ഞു.