കാൽനടയായി ഭാരത്യപര്യടനം നടത്തുന്ന ദന്പതികൾ
Saturday, January 1, 2022 9:30 AM IST
പിന്നിട്ട ദൂരങ്ങള്‍ കണക്കാക്കാതെ മഹത്തായ ലക്ഷ്യവുമായി മുന്നോട്ടുള്ള ചുവടുവയ്പിലാണ് കോട്ടയത്തെ ഈ ദമ്പതികള്‍. ചെറുപ്പക്കാരുടെ ജീവന്‍പോലും അപഹരിക്കുന്ന അവസ്ഥയിലേക്ക് ഹൃദ്രോഗ വ്യാപനമുണ്ടാകുമ്പോള്‍ അതിനെതിരേയുള്ള ജാഗ്രതാസന്ദേശവുമായാണ് ഇവരുടെ കാല്‍നട യാത്ര.
കോട്ടയം പള്ളിക്കത്തോട് സ്വദേശികളായ കൊട്ടാരത്തില്‍ ബെന്നി-മോളി ദമ്പതികളാണ് തങ്ങളുടെ എട്ടുമാസത്തോളം നീളുന്ന കാല്നടയാത്രയിലൂടെ താരങ്ങളായി മാറിയത്.
ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളില്‍ 25 വര്‍ഷത്തോളം അധ്യാപകനായിരുന്ന ബെന്നിയും18 വര്‍ഷം അധ്യാപികയായിരുന്ന മോളിയും ഡിസംബര്‍ ഒന്നിനാണ് കന്യാകുമാരിയില്‍നിന്നു കാല്‍നടയാത്ര ആരംഭിച്ചത്.
രാജ്യത്തെ പടിഞ്ഞാറന്‍ തീരംവഴി കാഷ്മീരിലെത്തി അവിടെനിന്ന് കിഴക്കന്‍ തീരംവഴി തിരിച്ച് കന്യാകുമാരിയിൽ എത്തിച്ചേരാനുള്ള യാത്രയ്ക്കിടയിലാണ് ഇവരെ പയ്യന്നൂരില്‍ കാണാനിടയായത്. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഈ കാല്‍നടയാത്രയ്ക്കു പ്രേരിപ്പിച്ച ഘടകമെന്തെന്ന ചോദ്യത്തിന് ഇവര്‍ വിശദമായിതന്നെ മറുപടിയും നല്കി.
54കാരനായ ബെന്നിയും 45കാരിയായ മോളിയും വിവാഹിതരായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവരുടെ ദാമ്പത്യജീവിതത്തില്‍ മക്കളില്ലാത്ത ദുഃഖമാണ് അവശേഷിക്കുന്നത്. ഇതില്‍ പരസ്പരം പഴിചാരാതെയും അകലാതെയും വെറുക്കാതെയും സുഖവും ദുഃഖവും ഒന്നിച്ചു പങ്കിടുകയെന്ന നിലപാടാണ് ഇവര്‍ക്കുള്ളത്. കോവിഡ് ലോക് ഡൗണിനെത്തുടർന്ന് രണ്ടുവര്‍ഷം മുമ്പ് ജോലി നഷ്ടമായതോടെ നാട്ടിലെത്തിയ ബെന്നിക്ക് ആശുപത്രിയിലെ അറ്റൻഡർ ജോലിയാണു ലഭിച്ചത്.
കാറില്‍നിന്നും ഇരുചക്ര വാഹനങ്ങളില്‍നിന്നും കാല് മണ്ണില്‍ ചവിട്ടാന്‍ മടിക്കുന്ന യുവാക്കള്‍ ചെറുപ്രായത്തില്‍ത്തന്നെ ഹൃദ്രോഗത്തിനിരയാകുന്ന കാഴ്ചയാണ് ഈ ജോലിക്കിടയില്‍ ബെന്നി കണ്ടത്. കാറില്‍ ആശുപത്രിയിലെത്തിയ മൂന്നു ചെറുപ്പക്കാരെ ഡോക്ടറുടെ അടുത്തെത്തിക്കാന്‍ വീല്‍ചെയറുമായി ചെന്നപ്പോള്‍ വേണ്ടെന്ന് പറയുകയും മൂന്നു മണിക്കൂറിനുള്ളില്‍ അവരുടെ മൃതദേഹം കാണാനുമിടയായതാണ് കാല്‍നടയായി രാജ്യത്തെ വലംവച്ച് നടത്തത്തിന്റെ പ്രധാന്യം ലോകത്തെ വിളിച്ചറിയിക്കാന്‍ ഈ ദമ്പതികളെ പ്രേരിപ്പിച്ചത്. ഇതോടെയാണ് "നടത്തം ശീലമാക്കൂ, ഹൃദ്രോഗത്തെ അകറ്റൂ" എന്ന സന്ദേശവുമായുള്ള യാത്ര ആരംഭിച്ചത്.
സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയും ചിലത് വിറ്റുമാണ് ചെലവിനുള്ള പണം കണ്ടെത്തിയത്. മുപ്പതും മുപ്പത്തഞ്ചും കിലോമീറ്ററോളം ദൂരമാണ് ഒരുദിവസം നടന്നുതീർക്കുന്നത്. പുലർച്ചെ തുടങ്ങി ഉച്ചയാകുമ്പോള്‍ ചൂടില്‍നിന്നു രക്ഷനേടാനുള്ള വിശ്രമവും തുടര്‍ന്നുള്ള യാത്രയും അവസാനിക്കുന്നത് പെട്രോള്‍ പമ്പിലോ അന്പലത്തിലോ പള്ളിയിലോ കടത്തിണ്ണയിലോ ആയിരിക്കും.
പരമാവധി ചെലവ് ചുരുക്കുന്നതിനുവേണ്ടിയാണ് രാത്രി വിശ്രമത്തിന് ഇത്തരം സ്ഥലങ്ങളില്‍ തങ്ങുന്നത്. 38 വയസിന് മുകളിലുള്ള ആരും ഇത്തരത്തിലുള്ള കാല്‍നടയാത്ര നടത്തിയിട്ടില്ല എന്നതും ദമ്പതികളൊരുമിച്ചാണ് ഈ യാത്രയെന്നതും ഏറെ പ്രധാന്യമർഹിക്കുന്നു. ഓരോ ദിവസത്തെയും യാത്രാവിവരണങ്ങള്‍ walking indian couple എന്ന യൂട്യൂബ് ചാനലിലൂടെ ഇവര്‍ പങ്കുവയ്ക്കുന്നുമുണ്ട്.
ഹൃദ്രോഗത്തെ അകറ്റുന്നതിന് സൈക്കിളിംഗ് ഉത്തമമാണെന്ന സന്ദേശവുമായി സൈക്കിളില്‍ കാഷ്മീരിലേക്ക് 58 ദിവസം നീണ്ടുനിന്ന യാത്ര നടത്തിയിരുന്നതായും ഇവര്‍ പറഞ്ഞു.
13 സംസ്ഥാനങ്ങളിലൂടെയാണ് അന്ന് കാഷ്മീര്‍ യാത്ര നടത്തിയത്. പിന്നീട് 68 ദിവസം നീണ്ടുനില്‍ക്കുന്ന ഇന്ത്യ-നേപ്പാള്‍- ഭൂട്ടാന് സൈക്കിള്‍ യാത്രയും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.