കുരുക്കായി ഡ്രൈവറുടെ മൊഴി
Tuesday, December 21, 2021 12:09 PM IST
അക്കാലത്തു പീറ്റർ സ്റ്റാർ ഇന്ത്യയുടെ സിഇഒ സ്ഥാനം രാജിവച്ച് ഐഎൻഎക്സ് മീഡിയ എന്നൊരു സ്ഥാപനം തുടങ്ങി. പീറ്റർ മുഖർജി ചെയർമാൻ. ഇന്ദ്രാണിക്ക് ടോപ്പ് എക്സിക്യൂട്ടീവ് സ്ഥാനങ്ങളിൽ ഒന്നും.
ആദ്യറൗണ്ടിൽത്തന്നെ 17 കോടി ഡോളറാണ് അവർക്ക് വിദേശ നിക്ഷേപമായി കിട്ടിയത്. ഈ നിക്ഷേപമാണ് അന്നത്തെ മന്ത്രി ചിദംബരത്തിന്റെ അറസ്റ്റിലേക്കുവരെ എത്തിച്ച സിബിഐ കേസിനു കാരണമായത്. ചിദംബരത്തിന്റെ മകൻ കാർത്തിയുടെ ഒരു സുഹൃത്തായിരുന്നു അന്ന് ഐഎൻഎക്സ് മീഡിയയുടെ ഓഡിറ്റർ ആയി ജോലി ചെയ്തിരുന്നത്.
ചിദംബരവും കുരുങ്ങി
ഇവർക്കു കിട്ടിയ വിദേശ നിക്ഷേപത്തെ ഡൗൺ സ്ട്രീം ചെയ്ത് ഇവരുടെ തന്നെ സ്ഥാപനമായ ഐഎൻഎക്സ് ന്യൂസിലേക്കു നിക്ഷേപിച്ച പ്രക്രിയയിൽ ഗുരുതരമായ നിയമ ലംഘനങ്ങൾ ഉണ്ടായി. അതുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന നിയമനടപടികളും വൻപിഴകളും ഒഴിവാക്കാൻ കാർത്തി വഴി അന്നു ധനമന്ത്രി ആയിരുന്ന ചിദംബരത്തെ സ്വാധീനിച്ചു എന്നും ചിദംബരം വേണ്ട വിട്ടുവീഴ്ചകൾ ചെയ്തുകൊടുത്തുവെന്നുമാണ് സിബിഐ കേസ്. അതിന്റെ നടപടികൾക്കൊടുവിലാണ് ചിദംബരം അറസ്റ്റിലായത്.
ഐഎൻഎക്സ് മീഡിയ താമസിയാതെ നിരവധി വിവാദങ്ങൾക്കു നടുവിലായി. ചാനലിൽനിന്നു നിരവധിപേർ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ രാജിവച്ചുപോയി. സ്ഥാപനത്തിലെ സമ്മർദങ്ങൾ താങ്ങാനാവാതെ ഒടുവിൽ മുഖർജി ദമ്പതികൾ രാജിവച്ചു. അവർ ഇംഗ്ലണ്ടിലേക്കു താമസം മാറ്റി.
സ്പെയിനിൽ ഒരു ആഡംബരവില്ല വാങ്ങി അവിടെ അവധിക്കാലം ചെലവിട്ടു. ഒടുവിൽ വർഷങ്ങൾ നീണ്ട വിദേശവാസം അവസാനിപ്പിച്ച അവർ വീണ്ടും മുംബൈയിലേക്കു തിരിച്ചുവന്നു.
യാദൃച്ഛികമായി
പിന്നീടുള്ള കുറച്ചുകാലം മുഖർജി ദമ്പതികളുടെ ജീവിതത്തിൽ പലതും നടന്നു. പക്ഷേ, 2015 ഓഗസ്റ്റ് 25ന് മുംബൈ പോലീസ് ഇന്ദ്രാണി മുഖർജിയെ അറസ്റ്റ് ചെയ്യുന്നതുവരെ കാക്കേണ്ടിവന്നു അതെല്ലാം പുറംലോകമറിയാൻ. ഷീനാ ബോറ കൊല്ലപ്പെട്ടിരിക്കുന്നു എന്ന വാർത്ത പുറത്തുവന്നു. തികച്ചും യാദൃച്ഛികമായിട്ടാണ് മുംബൈ പോലീസ് ആ കൊലപാതകത്തെപ്പറ്റി അറിയാനിടയാകുന്നത്.
ഏതോ പെറ്റിക്കേസുമായി ബന്ധപ്പെട്ടു പോലീസ് അറസ്റ്റ് ചെയ്ത ഇന്ദ്രാണി മുഖർജിയുടെ ഡ്രൈവർ ശ്യാംവർ റായി പോലീസിന്റെ ചോദ്യംചെയ്യലിനിടെ പ്രതീക്ഷിക്കാതിരുന്ന ഒരു കുറ്റം കൂടി ഏറ്റുപറഞ്ഞു.
ഇന്ദ്രാണി മുഖർജിയും അവരുടെ ആദ്യ ഭർത്താവും മകൾ വിദ്ധിയുടെ അച്ഛനുമായ സഞ്ജീവ് ഖന്നയും ചേർന്ന് ഷീനാ ബോറയെ ശ്വാസം മുട്ടിച്ചു കൊന്നെന്നും ശവം റായ്ഗഡിനടുത്തുള്ള ഏതോ കാട്ടിനുള്ളിൽ കൊണ്ടിട്ടു കത്തിച്ചുകളയാൻ താൻ സഹായം ചെയ്തു എന്നുമായിരുന്നു ഡ്രൈവറുടെ മൊഴി.
അനിയത്തി ഒടുവിൽ മകളായി
ഈ കേസുമായി ബന്ധപ്പെട്ടാണ് ഹെട്വാനെയിലെ പാട്ടീലിനു മുംബൈ പോലീസിന്റെ വിളി ചെല്ലുന്നതും ഷീനയുടെ മൃതദേഹാവശിഷ്ടങ്ങൾ കാട്ടിനുളിൽനിന്നു കണ്ടെടുക്കപ്പെടുന്നതും. ഇന്ദ്രാണിയെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്ത പോലീസുകാർക്ക് അമ്പരപ്പിക്കുന്ന ഒരു രഹസ്യം കൂടി അറിയാൻ കഴിഞ്ഞു. ഷീന ബോറ, ഇന്ദ്രാണിയുടെ വകയിലൊരു അനുജത്തിയാണ് എന്ന് പറഞ്ഞിരുന്നതു കള്ളമായിരുന്നു.
അവർക്കു സഞ്ജീവ് ഖന്നയുമായുള്ള ആദ്യ വിവാഹത്തിനു മുമ്പ്, കാമുകനായ സിദ്ധാർഥ് ദാസിൽ ജനിച്ച മകളാണ് ഷീന. മുംബൈയിലേക്കു കരിയർ ശ്രദ്ധിക്കാനായി പറിച്ചുനട്ടപ്പോൾ മകളെ അവളുടെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്തു വിട്ടിട്ടാണ് ഇന്ദ്രാണി പോയത്. പിന്നീട് പീറ്ററിനെ വിവാഹം കഴിച്ച ശേഷമാണ് സഹോദരി എന്നു പരിചയപ്പെടുത്തിക്കൊണ്ടു തന്റെ മകളെ അവർ ഒപ്പം കൂട്ടുന്നത്.
അംഗീകരിക്കാത ഇന്ദ്രാണി
ഷീന ബോറയെ തന്റെ മകളായി ഇന്ദ്രാണി ഒരിക്കലും പരസ്യമായി അംഗീകരിച്ചിരുന്നില്ല. ഷീനയും അമ്മയുടെ സമ്പത്തിന്റെ തിളക്കത്തിൽനിന്നു കഴിയുന്നത്ര ദൂരെ മാറിനിന്നു. മുംബൈ മെട്രോ വണ്ണിൽ എച്ച്ആർ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തിരുന്ന ഷീന ഒരൊറ്റ തെറ്റു മാത്രമേ ചെയ്തുള്ളൂ. പീറ്റർ മുഖർജിയുടെ ആദ്യ വിവാഹത്തിലെ മകൻ രാഹുലിനെ പ്രണയിച്ചു. അവനോടൊപ്പം ഒരു വിവാഹജീവിതം ആഗ്രഹിച്ചു. അതിനെതിരായിരുന്നു ഇന്ദ്രാണി.
ഷീനയെ രാഹുലുമായുള്ള പ്രണയത്തിൽനിന്നു പിന്തിരിപ്പിക്കാൻ ഇന്ദ്രാണി പരമാവധി ശ്രമിച്ചെങ്കിലും അവൾ വഴങ്ങിയില്ല. രാഹുൽ മുറയ്ക്ക് ഇന്ദ്രാണിക്കു മരുമകനായി വരും. അതുകൊണ്ടുതന്നെ അങ്ങനെയൊരു ബന്ധം ഇന്ദ്രാണിക്കു സമ്മതമായിരുന്നില്ല.
മാത്രവുമല്ല, ഷീന, പീറ്ററിന്റെ മകൻ രാഹുലിനെ വിവാഹം കഴിച്ചാൽ പീറ്ററിൽനിന്നു തനിക്കു കിട്ടാനിരിക്കുന്ന സ്വത്തു മുഴുവൻ രാഹുലും ഷീനയും സ്വന്തമാക്കിക്കളയുമോ എന്ന ഭയവും ഇന്ദ്രാണിക്കുണ്ടായിരുന്നു. (തുടരും)
തയാറാക്കിയത്: പ്രദീപ് ഗോപി