കാഴ്ചയുടെ വസന്തമൊരുക്കി മണിമുല്ല
Thursday, December 16, 2021 5:25 PM IST
കാഴ്ചയുടെ വസന്തമൊരുക്കി വഴിയന്പലത്ത് മണിമുല്ല പൂത്തു. ചിത്രകാരനായ വഴിയന്പലം കോനൂപ്പറന്പിൽ അനിമേഷ് സേവ്യറിന്റെ വീട്ടുമുറ്റത്താണ് അപൂർമായി മാത്രം കാണപ്പെടുന്ന മണിമുല്ല നിറഞ്ഞ് പൂത്തിട്ടുള്ളത്.
ഈയിനം ചെടി സാധാരണയായി ഡിസംബറിലാണ് പൂക്കുന്നത്. വള്ളികളായ പടരുന്ന ഈ ചെടിക്ക് നാഗവള്ളി മുല്ല എന്നും പേരുണ്ട്.
വള്ളികളിലാകെ നൂറുകണക്കിനു വിരിയുന്ന പൂക്കൾ നിരവധി പൂന്പാറ്റകളേയും വണ്ടുകളേയും തേനീച്ചകളേയും ആകർഷിക്കുന്നുണ്ട്. അപൂർവമായി മാത്രം കാണുന്ന മണിമുല്ലച്ചെടി ചീരാച്ചിയിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് രണ്ടുവർഷം മുന്പ് അനിമേഷ് സേവ്യർ കൊടകരയിലെ തന്റെ വീട്ടുമുറ്റത്ത് കൊണ്ടുവന്നു നട്ടുപിടിപ്പിച്ചത്.
കഴിഞ്ഞ വർഷം മണിമുല്ല പൂത്തെങ്കിലും ഇത്രവ്യാപകമായി പൂവുകൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ നിറഞ്ഞു പൂത്തിരിക്കുകയാണ്. രണ്ടോ മൂന്നോ ദിവസം മാത്രമേ മണിമുല്ല പൂവുകൾ വിരിഞ്ഞുനിൽക്കാറുള്ളൂ. അതുകഴിഞ്ഞാൽ കൊഴിഞ്ഞുപോകും.