ജയനെ മറക്കാൻ എങ്ങനെ കഴിയും ?
Wednesday, December 8, 2021 3:35 PM IST
1980 നവംബർ 16ന് മലയാള സിനിമയെ കണ്ണീരിലാഴ്ത്തി ജയൻ എന്ന അതുല്യപ്രതിഭ കളമൊഴിഞ്ഞു. കാലമെത്ര കഴിഞ്ഞിട്ടും ജയൻ ഇന്നും സിനിമാപ്രേക്ഷകരുടെ ഇഷ്ടനായകൻ തന്നെയാണ്. ഹെലികോപ്ടർ അപകടത്തിൽ ഈ ലോകത്തോട് വിടപറഞ്ഞിട്ടും മലയാള സിനിമയിലെ ധീരനായ നായകനായി ഇന്നും പ്രേക്ഷക മനസിൽ ജയൻ ജീവിക്കുന്നു.
ആ ദുരന്തത്തെക്കുറിച്ച് ഓർക്കുന്പോൾ ഇന്നും വല്ലാത്തൊരു ഞെട്ടലാണ്. ജയനെ നേരിട്ട് അറിയുന്നവർക്കും ആ കാലത്തിലൂടെ കടന്നുവന്നവർക്കും ഇതേ അനുഭവം തന്നെയാണ് ഉണ്ടാവുക.
കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ജയൻ ഈ ലോകത്തോട് വിട പറഞ്ഞുപോയത്.
സിനിമയുടെ പേര് പോലെ തന്നെ വല്ലാത്തൊരു "കോളിളക്കം’ ആയിരുന്നു ആ സംഭവം. മദ്രാസിനടുത്ത് (ഇന്നത്തെ ചെന്നൈ) ഷോളാവാരത്ത് വച്ചാണ് ജയൻ അപകടത്തിൽ മരിച്ചത്. അവിശ്വനീയം എന്ന് നമ്മൾ പല ദുരന്തങ്ങളെക്കുറിച്ചും പറയാറുണ്ടെങ്കിലും മലയാള സിനിമയിൽ ആ പദം ഇത്രമേൽ അർഥവത്തായത് ജയന്റെ മരണത്തിലൂടെയാണെന്ന് പറയാം.
മദ്രാസിലെ ജനറൽ ഹോസ്പിറ്റലിൽ നിന്നും പോസ്റ്റ്മോർട്ടം കഴിഞ്ഞ് പുറത്തേയ്ക്ക് കൊണ്ടുവന്ന ജയന്റെ മൃതദേഹത്തിലേയ്ക്ക് ഒരുപ്രാവശ്യമേ നോക്കിനിൽക്കാൻ ആരാധകർക്കും ജയെ ന സ്നേഹിക്കുന്നവർക്കും ആകുമായിരുന്നുള്ളൂ. അഭിനയിച്ച സിനിമകളിൽ ഉടനീളം മരണത്തെ വെല്ലുവിളിക്കുകയും മരണം വഴിമാറിപ്പോവുകയും ചെയ്തുവന്ന ജയനെയും മരണം പിടികൂടിയിരിക്കുന്നു.
പൂർണതയ്ക്കുവേണ്ടി എത്ര റിസ്ക്കെടുത്ത് അഭിനയിക്കാനും തയ്യാറായ നടനായിരുന്നു ജയൻ. ഈ സ്വഭാവം ഒടുവിൽ ജയന്റെ ജീവിതാഭിനയത്തിന് തന്നെ തിരശ്ശീലയിടുമെന്ന് ആരും കരുതിയില്ല. മരിച്ച് 41 വർഷം പിന്നിടുന്പോഴും മറ്റൊരു നടനും കിട്ടാത്ത ആദരവാണ് ജയന് പ്രേക്ഷകർ നൽകിയത്.
ജയന്റെ മരണം മലയാളികൾക്ക് ഇന്നും തീരാ നൊന്പരമാണ്. മലയാള സിനിമയിൽ അതുവരെയുണ്ടായിരുന്ന നായക കഥാപാത്രങ്ങളെ മാറ്റി എഴുതി കൊണ്ടായിരുന്നു ജയന്റെ വരവ്. മലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ ഹീറോ എന്നു ജയനെ വിളിക്കാം. സിനിമയിൽ ജയന്റെ വളർച്ച വേഗത്തിലായിരുന്നു ഒടുക്കവും. ജയന്റെ മരണത്തെ ചുറ്റിപ്പറ്റി നിരവധി കഥകൾ അക്കാലത്ത് പ്രചരിച്ചിരുന്നു.
സിനിമയിൽ എത്തുന്നതിനു മുന്പ് നേവൽ ഓഫിസറായി ജോലി ചെയ്യുകയായിരുന്നു ജയൻ. അതിനാൽതന്നെ സിനിമയിൽ എന്തു റിസ്ക് എടുക്കാനും തയാറുളള നടനായിരുന്നു ജയൻ. പക്ഷേ നിർമാതാക്കൾ ഒരിക്കലും അതിന് തയാറായിരുന്നില്ല. അവർ ഡ്യൂപ്പിനെ വച്ചാണ് റിസ്ക് രംഗങ്ങളെല്ലാം ചിത്രീകരിക്കാറുളളത്. ഷോളാവാരത്ത് കോളിളക്കത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയായിരുന്നു.
വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ബാലൻ കെ.നായർ ഹെലികോപ്റ്ററിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്പോൾ ജയൻ സഹോദരനായി അഭിനയിച്ച സുകുമാരന്റെ ബൈക്കിൽ കയറി നിന്ന് ബാലൻ കെ.നായരെ താഴെ ഇറക്കുന്ന രംഗമാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ ഒന്നായിരുന്നു ഇത്.
ജയൻ ഹെലികോപ്റ്ററിൽ പിടിച്ചു കയറിയാൽ പെട്ടെന്ന് തന്നെ കൈ വിടണം. ഇതായിരുന്നു ഷോട്ട്. ചെറിയ ഉയരത്തിലാണ് ഇത് ചിത്രീകരിച്ചത്. അതിനാൽ തന്നെ ജയന് കൈ വിട്ടാൽ താഴെ ചാടി നിൽക്കാൻ പറ്റും. ജയൻ കൈ വിട്ടാൽ ബക്കി ഭാഗം ഡ്യൂപ്പിനെ വച്ച് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്.
എന്നാൽ ജയൻ ഹെലികോപ്റ്ററിൽ കയറി പിടിച്ച ശേഷം ഹെലികോപ്റ്ററിന്റെ റോഡിൽ കാലുപയോഗിച്ച് ലോക്ക് ചെയ്തു. ആ സമയത്ത് ബാലൻ കെ.നായരും ജയനും ഹെലികോപ്റ്ററിന്റെ ഒരേ ഭാഗത്തായി.
ജയൻ നല്ല വെയ്റ്റ് ഉള്ള ആളാണ്. അപ്പോൾ ഹെലികോപ്റ്ററിന്റെ ബാലൻസിന് പ്രശ്നമുണ്ടായി. പൈലറ്റ് ഹെലികോപ്റ്റർ താഴെ ഇറക്കാൻ ശ്രമിച്ചു. ആ സമയത്ത് ഹെലികോപ്റ്ററിന്റെ ഒരു ചിറക് തറയിൽ ആദ്യം തട്ടി. രണ്ടാമതും തട്ടി. അപ്പോഴേക്കും ബാലൻസ് നഷ്ടമായി ഹെലികോപ്റ്റർ താഴെ ഇരുന്നു. ജയന് കാലെടുക്കാൻ പറ്റിയില്ല. ജയന്റെ തലയുടെ പിൻഭാഗം തറയിൽ തട്ടി. പൈലറ്റ് രക്ഷപ്പെട്ടു. ബാലൻ കെ.നായർക്ക് കാലിനു പരുക്കേറ്റു. ഉടനെ രണ്ടുപേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. എല്ലാവരെയും മാറ്റിയ ഉടൻ ഹെലികോപ്റ്റർ പൂർണമായും കത്തിപ്പോയി.
അപകടം ഉണ്ടായി അൽപ്പ സമയത്തിനകം ചെന്നൈയിൽ വെളളപ്പൊക്കം ഉണ്ടായി. കാറുകൾക്കൊന്നും പോകാൻ പറ്റാത്ത അവസ്ഥ. ഇതുമൂലം ജയനെ ആശുപത്രിയിൽ എത്തിക്കാൻ വൈകി. ഇതു അദ്ദേഹത്തിന്റെ ജീവൻ നഷ്ടമാകാൻ കാരണമായി. ആശുപത്രിയിൽ എത്തിക്കുന്പോൾ ജയന് ചെറിയ അനക്കം ഉണ്ടായിരുന്നു. ഡോക്ടർമാർ ഏറെ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. രക്തം ഒരുപാട് വാർന്നുപോയതാണ് മരത്തിന് ഇടയാക്കിയത്.
ക്രെയിൻ വഴിയും ദുരന്തം
കമൽഹാസന്റെ പുതിയ ചിത്രമായ ഇന്ത്യൻ 2ന്റെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ അപകടത്തിൽ മൂന്നുപേരാണ് മരിച്ചത്. സംവിധാന സഹായികളായ മധു (29), കൃഷ്ണ (34), നൃത്ത സഹ സംവിധായകൻ ചന്ദ്രൻ(60) എന്നിവരാണ് മരിച്ചത്. പതിനൊന്നോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയിൽ ആണ് അപകടം നടന്നത്. ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി സെറ്റ് ഇടുന്ന ജോലി നടന്നുവരികയായിരുന്നു. ഇതിനിടെ ക്രെയിനിന്റെ മുകളിൽ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകൾ ചെരിഞ്ഞു വീണതാണ് അപകടത്തിനിടയാക്കിയത്.
ക്രെയിനിന്റെ അടിയിൽപ്പെട്ട മൂന്നുപേർ തൽക്ഷണം മരിച്ചു. അപകടത്തെത്തുടർന്ന് ഷൂട്ടിംഗ് നിർത്തിവെച്ചു. സംഭവ സമയത്ത് നടൻ കമൽഹാസനും സെറ്റിൽ ഉണ്ടായിരുന്നു.
ഏതാനും മാസങ്ങൾക്കു മുന്പ് നടൻ വിജയ് അഭിനയിച്ച ബിഗിൽ സിനിമയുടെ സെറ്റിലും ഇത്തരത്തിൽ ക്രെയിൻ മറിഞ്ഞ് അപകടം നടന്നിരുന്നു.
(അവസാനിച്ചു)
തയാറാക്കിയത് എൻ.എം