വിതുന്പിയും വിറങ്ങലിച്ചും തലമുറകൾ
Thursday, October 28, 2021 12:21 PM IST
കോഡംബേളൂർ ചുള്ളിക്കര അയറോത്ത് മണികണ്ഠൻ എട്ടാം ക്ലാസിലെത്തിയതോടെയാണ് കാഴ്ച മങ്ങിത്തുടങ്ങിയത്. കളിച്ചു വളർന്ന ബാല്യം അതോടെ ഇരുളിലമർന്നു. രാത്രി നിലാവെളിച്ചത്തിറങ്ങിയാൽ കണ്ണിൽ കനത്ത ഇരുട്ട് മൂടുന്ന അവസ്ഥ വന്നതോടെ നടത്തിയ പരിശോധനയിലാണ് കാഴ്ച അതിവേഗത്തിൽ മങ്ങുകയാണെന്ന് തിരിച്ചറിയുന്നത്. അങ്ങനെ എൻഡോസൾഫാന്റെ ഇരകളുടെ നിരയിൽ മണികണ്ഠനും എണ്ണപ്പെട്ടു. അഞ്ചു ശതമാനം മാത്രമാണ് ഇന്ന് മണികണ്ഠന്റെ കാഴ്ച.
മണികണ്ഠന്റെ ഏകസഹോദരി മഞ്ജുമോൾ ജന്മനാ വൃക്ക രോഗിയായിരുന്നു. കാലങ്ങളോളം മണിപ്പാലിൽ ഡയാലിസും ചികിത്സകളുമായി കഴിയുന്പോഴാണ് കോവിഡിന്റെ കടന്നേറ്റം. കർണാടകത്തിലേക്കുള്ള അതിർത്തി അടച്ചതോടെ ചികിത്സ നിലച്ചു. പരിയാരം മെഡിക്കൽ കോളജിൽ മഞ്ജുവിനെ എത്തിച്ചെങ്കിലും ആയുസിന്റെ അവസാനമാത്തെയിരുന്നു. മരണം വരെ ഡയാലിസിന് വിധേയയായി ചികിത്സ ഫലിക്കാതെ മഞ്ജു കഴിഞ്ഞ വർഷം മരണമടഞ്ഞു.
ദുരിതങ്ങൾ മാത്രം ബാക്കി
അച്ഛൻ ബാലനും അമ്മ ബേബിക്കും ജീവിതം ദുരിതങ്ങൾ മാത്രമാണ് സമ്മാനിച്ചത്. രണ്ടു മക്കളും രോഗികൾ. എട്ടാം ക്ലാസ് മുതൽ അന്ധവിദ്യാലയത്തിൽ പഠനം തുടർന്ന് എംഎയും ബിഎഡും ബ്രെയിലി സഹായത്തിൽ പൂർത്തിയാക്കിയ മണികണ്ഠൻ ജോലിക്കായി കാത്തിരിക്കുകയാണ്. പെരിയ ഹയർ സെക്കൻഡറി സ്കൂളിൽ താൽക്കാലിക അധ്യാപകനായും ഓണ്ലൈൻ ട്യൂഷൻമാസ്റ്ററായും കുറെക്കാലം കഴിഞ്ഞു.
പിഎസ്സി അധ്യാപക പരീക്ഷ എഴുതി ഭിന്നശേഷി ലിസ്റ്റിൽ ഇടം നേടിയ മണികണ്ഠൻ സർക്കാർ നിയമനം വൈകില്ലെന്ന പ്രതീക്ഷയിലാണ്. കുംബ്ലയിലെ അബ്ദുള്ളയും പെരിയയിലെ ശാന്തി യും എൻമഗെജെയിലെ കിരണും ഇങ്ങനെ കാഴ്ചയിൽ നീറ്റലുളവാക്കുന്ന ദുരിതങ്ങൾ മാത്രമേയുള്ളു ഇവിടുത്തെ മനുഷ്യർക്ക്. ഇവരുടെ ഉറ്റവരുടെയും ഉടയവരുടെയും ദുരിതങ്ങളും നൊന്പരങ്ങളും ഇതിനേക്കാൾ സങ്കടകരം.
ആശ്വാസമാകാത്ത സഹായങ്ങൾ
പ്ലാന്റേഷൻ കോർപറേഷന്റെ 12,000 ഏക്കർ കശുമാവുകൃഷിയിടത്തിൽ പ്രാണികളെ തുരത്താൻ നടത്തിയ വിഷപ്രയോഗമാണ് ഇവിടുത്തെ മനുഷ്യരുടെ ജീവിതത്തെ തല്ലിക്കൊഴിച്ചത്. 2017ലെ കണക്കെടുപ്പിൽ 6727 പേരാണ് എൻഡോസൾഫാൻ ബാധിതരായി സർക്കാർ കണക്കിലുള്ളത്. കണക്കിൽപ്പെടാത്ത രണ്ടായിരത്തോളം പേരെങ്കിലും വീടുകളിൽ രോഗവേദനകളുമായി കഴിയുന്നുണ്ടെന്നതാണ് വസ്തുത. പതിറ്റാണ്ടുകളിലെ വിഷപ്രയോഗത്തിൽ രോഗാതുരമായ മണ്ണിലാണ് ഇവിടെ ജനവും ജീവിതവും മരണവും.
എക്കാലത്തും കടുത്ത അവഗണനയും ക്രൂരതയുമാണ് ഇവർക്കുമേൽ ഭരണകൂടങ്ങൾ ചൊരിഞ്ഞുകൊണ്ടിരിക്കുന്നത്. 2011 ലാണ് ദുരിത ബാധിതർക്ക് ആശ്വാസ പെൻഷൻ അനുവദിച്ചുതുടങ്ങിയത്. അന്ധർക്കും തളർച്ച ബാധിച്ചവർക്കും കിടപ്പുകാർക്കും 2000 രൂപയും ഇതര വൈകല്യങ്ങളും രോഗങ്ങളും ബാധിച്ചവർക്ക് 1200 രൂപയുമായിരുന്നു നിശ്ചയിച്ചത്. 2014 ൽ 200 രൂപ കൂടി സഹായം വർധിപ്പിച്ചു. 2015ൽ യാതൊരു കാരണവുമില്ലാതെ 2200 രൂപയിൽ നിന്ന് 500 രൂപ വീതം വെട്ടിക്കുറച്ചതോടെ 1700 രൂപയാണ് പരമാവധി സഹായം.
ഇരുട്ടിലായ പദ്ധതികൾ
ഇത്രയേറെ നരകയാതന അനുഭവിക്കുന്ന കാസർഗോട്ട് മെഡിക്കൽ കോളജോ, സൂപ്പർ സെപ്ഷാലിറ്റി ആശുപത്രിയോ ഒരു ന്യൂറോ വിദഗ്ധനോയില്ല. ആകെ ആശ്രയം പരിമിതികളിൽ വീർപ്പുമുട്ടുന്ന ജില്ലാ ആശുപത്രി മാത്രം. സങ്കീർണമായ രോഗങ്ങളിൽ വലയുന്നവർക്ക് ആശ്രയം കർണാടകത്തിലെ സ്വകാര്യ ചികിത്സാലയങ്ങൾ മാത്രം.
കൊട്ടിഘോഷിച്ചുതുടങ്ങിയ ബഡ്സ് സ്കൂളുകളെല്ലാം അടഞ്ഞുപോയി. ഇവിടെ നിയമിതരായവരൊക്കെ മറ്റു ജോലി തേടിപ്പോയി. ഫിസിയോതെറാപ്പിയും സ്പീച്ച് തെറാപ്പിയും പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. പാവപ്പെട്ട രോഗികൾക്ക് അനുവദിച്ച 11 ആംബുലുൻസുകളിൽ ആറെണ്ണം കട്ടപ്പുറത്താണ്. രണ്ടു പഞ്ചായത്തുകൾ ആംബുലൻസുകൾ ഏറ്റെടുക്കാൻ തയാറായതുമില്ല.
കിടപ്പിലായവരെ പരിചരിക്കുന്നവർക്ക് സ്പെഷൽ ആശ്വാസകിരണ് പദ്ധതിയിൽ മാസം 700 രൂപയും ഓണത്തിന് ആയിരം രൂപ പ്രത്യേക സഹായവും അനുവദിച്ചിരുന്നു. ഇവയൊക്കെ പ്രഖ്യാപനങ്ങളിൽ മാത്രമേയുള്ളുവെന്ന് രോഗികളും ബന്ധുക്കളും പറയുന്നു.
എൻഡോസൾഫാൻ തളിക്കൽ നിറുത്തിവെച്ച 2001 മുതൽ വിവിധ ഏജൻസികളും കമ്മിറ്റികളും ഡോക്ടർമാരും പഠനങ്ങൾ നടത്തി എൻഡോസൾഫാൻ മാരക വിഷമാണെന്നും പലതരം രോഗങ്ങൾക്കു കാരണമാകുമെന്നും ദുരിതബാധിതരുടെ ശരീരത്തിൽ എൻഡോസൾഫാൻ അംശമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശമനുസരിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപ്പേഷണൽ ഹെൽത്ത്, സുനിതാ നാരായണന്റെ നേതൃത്വത്തിൽ ഡൽഹി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേണ്മെന്റ്, സംസ്ഥാന സർക്കാർ നിയോഗിച്ച അച്യുതൻ കമ്മിറ്റി, ഐ.എം.എ, മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റി തുടങ്ങിയവരുടെ ശാസ്ത്രീയ പഠനങ്ങളെല്ലാം ഇത് ശരിവച്ചിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗബാധിതരെ നിർണ്ണയിച്ചു ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇത്തരം പഠനങ്ങളുടെ പിൻബലത്തിലാണ് കോടതികളിൽനിന്ന് അനുകൂല വിധി എൻഡോസൾഫാൻ ബാധിതർക്കു ലഭിച്ചതും.
എൻഡോസൾഫാൻ ഇരകൾക്ക് ആജീവനാന്ത ചികിത്സയ്ക്കായി അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു 2017-ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരം ഏറെപ്പേർക്കും കിട്ടാത്ത സാഹചര്യത്തിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയിലെ അമ്മമാർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു നഷ്ടപരിഹാരത്തിന് ഇവർ അർഹരാണെന്നും രണ്ടുമാസത്തിനകം അഞ്ചുലക്ഷം രൂപ സംസ്ഥാന സർക്കാർ ഇവർക്കു നൽകണം എന്നുമാണ് വിധി.
ജീവിതവിധിയെപ്പഴിച്ച് അന്ധതയും ബധിരതയുടെയും ദുരിതവട്ടങ്ങളിൽ ജീവിക്കുന്ന ഈ ഇരകൾക്ക് കേവലം അഞ്ചു ലക്ഷം രൂപമാത്രമല്ല ആയുഷ്കാല പുനരധിവാസത്തിനുള്ള പദ്ധതിയാണ് മനുഷ്യത്വപരമായ നീതി. രക്ഷിതാക്കൾ മരിച്ചാൽ രോഗികളും അന്ധരും അഗതികളുമായ ഈ മക്കളെ ആരു പോറ്റും എന്ന ചോദ്യത്തിനാണ് ഇരകൾ ഉത്തരം തേടുന്നത്.
(അവസാനിച്ചു).