കണ്ടെത്തൽ
Wednesday, November 13, 2024 5:20 PM IST
ഇനിയും കടൽ കരയും
നാവുണങ്ങും
വരണ്ട ചുണ്ടിൽ
രക്തപ്പാടുകൾ കാണാം.
മുറിവുണങ്ങിയ തിരുനെറ്റിയിൽ,
ചൂടുപാകിയ കവിൾത്തടത്തിൽ,
പകുതിയറ്റ വിരൽത്തുമ്പിൽ,
രക്തച്ചിത്രമെഴുതിയ
വർണ്ണനകൾ
കാണാം.
ജന്മം കഴിച്ചു തീർത്ത
എച്ചിൽ കൂനകളിൽ
മരണം പരതുന്നത്
കാണാം.
ദൂരമുണ്ട്.
രണ്ടറ്റങ്ങൾ തമ്മിലുള്ള
അകലമുണ്ട്.
രണ്ടു തൂവലുകൾ തമ്മിലുള്ള
ചേർച്ചയുണ്ട്.
രണ്ടു മിഴികൾ തമ്മിലുള്ള
മതിലുണ്ട്.
മരിച്ചതിനു ശേഷം
ജീവിച്ച ഒരുവന്‍റെ
കണ്ടെത്തുലുകളെന്നു
പറഞ്ഞു തീർക്കരുത്.
നിഥിൻകുമാർ ജെ. പത്തനാപുരം