ഒക്ടോബർ ഒന്ന് ലോക വയോജന ദിനം: പ്രായമായവരുടെ അവകാശ സംരക്ഷണം തലമുറകളിലൂടെ
ചുണ്ണാമ്പിനായി വെന്തുനീറിയ കക്കാപോലെ, വിരുന്നൊരുക്കാന്‍ എരിഞ്ഞു കത്തിയ വിറകുപോലെ ഒരു മനുഷ്യായുസുമുഴുവന് അപരനും അവനവനുമായി ഓടിത്തളര്‍ന്ന് വാർധക്യത്തിന്റെ പടവുകള്ക്കു മുമ്പില്‍ കയറാനാകാതെ കിതച്ചുനില്‍ക്കുന്ന വയോജനങ്ങള്‍ ലോകത്തെവിടെയും കൂടികൂടിവരുമ്പോള്, അതീവശ്രദ്ധയോടെ സമൂഹം നേരിടേണ്ടതും അവഗണിക്കാതെ ഏറ്റെടുക്കേണ്ടതുമായ വലിയ വെല്ലുവിളിയാണ് പ്രായമായവരുടെ ഭാവി ജീവിതം.
വയോജനങ്ങളുടെ സങ്കീര്‍ണവും വിഷമകരമായതും എന്നാല്‍ ഏറെ ശ്രദ്ധാര്‍ഹമായ പരിചരണം ആവശ്യമുള്ളതുമായ ജീവിതം അതീവ പ്രാധാന്യത്തോടെ നാം കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു.
60 വയസിനുശേഷം വിവിധ തലങ്ങളിലുള്ള മാറ്റങ്ങള്‍ക്ക് മനുഷ്യന് വിധേയമാക്കപ്പെടുമ്പോള്‍, സ്വന്തം ജീവിതകുടുംബ സാഹചര്യങ്ങളിലെ അനുദിന ആവശ്യങ്ങള്‍, ഭാവിജീവിതം എന്നീ തലങ്ങളില്‍ നേരിടേണ്ടിവരുന്നത് നിരവധി വെല്ലുവിളികളും പ്രശ്നങ്ങളുമാണ്.
ഇത് അവരുടെ ശാരീരിക, മാനസിക ആരോഗ്യ, സാമ്പത്തിക, സാമൂഹ്യമേഖലകളില്‍ ഏറെ നിര്‍ണായകവുമാണ്. നമ്മുടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 41ല്‍ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം ലക്ഷ്യം വയ്ക്കുമ്പോള്‍, രാജ്യം അതിന്റെ സാമ്പത്തിക ശേഷിയുടെയും വികസന പരിധിയുടെയും ഉള്ളില്‍ നിന്നുകൊണ്ട് വാർധ്യക്യത്തിലുള്ളവരുടെ ആവശ്യങ്ങളും അവകാശങ്ങളും ഉറപ്പുവരുത്തുണ്ടന്നതിനുവേണ്ടി ഫലപ്രദമായ നിയമങ്ങളും വ്യവസ്ഥകളും ഉണ്ടാക്കണമെന്ന് സൂചിപ്പിക്കുന്നു.
ഈ ലക്ഷ്യത്തെ മുൻ നിര്‍ത്തി ഐക്യരാഷ്ട്ര സംഘടന ഓരോ വര്‍ഷവും ഒക്ടോബര്‍ ഒന്ന് വയോജന ദിനമായി ആചരിക്കുന്നു. 2050ാം മാണ്ടോട് കൂടി ലോക ജനസംഖ്യ 10 ബില്യണോട് അടുക്കുമ്പോള്‍ 1.6 ബില്യണ്‍ ആളുകള്‍ 60 വയസിനുമുകളിലുള്ളവരായിരിക്കുമെന്നും ലോക ജനസംഖ്യയുടെ 15 ശതമാനം പേര് ഇന്ത്യയില്‍ ആയിരിക്കുമെന്നും ഇന്ത്യയിലെ പ്രായമായവരില്‍ ഏറ്റവും കൂടുതല്‍പേര്‍ കേരളത്തിലാകുമെന്നും അതിലേറെപേരും തനിയെ താമസിക്കേണ്ടി വരുമെന്നും 2011ലെ സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
അരങ്ങും ആരവുമൊഴിഞ്ഞ് വിജനമായിടം പോലെ സ്വന്തം ഭവനത്തിലോ വൃദ്ധസദനത്തിലോ ഒറ്റപ്പെട്ടവരായി, കുട്ടികളോ, ജീവിതപങ്കാളിയോ ഇല്ലാതായവരും മക്കള്‍ വിദേശത്തോ ദൂരെയോ ആയിട്ടുള്ളവരും ഉപേക്ഷിക്കപ്പെടവരും ആണ് ഏറെ ബുദ്ധിമുട്ടുന്നത്.
ജോലി ചെയ്യാനാവാതെയും വരുമാനമില്ലാതെയും വയോജനങ്ങള്‍ ഇന്നേറെ പ്രയാസങ്ങള്‍
അനുഭവിക്കുന്നു. രോഗപീഡകള്‍, സ്ഥിരംമരുന്നുകള് വേണ്ടവരുടെ അവസ്ഥ, ശാരീരികമാനസിക പീഡനങ്ങള്‍, ഒറ്റപ്പെടല്‍, ഉത്കണ്ഠ, വിഷാദം, പാര്‍പ്പിട പ്രശ്നങ്ങള്‍, പരിചരണത്തിന്റെയും സാമിപ്യത്തിന്റെയും സ്നേഹബന്ധത്തിന്റെയും അഭാവം, പ്രായമായവരുടെ സ്വഭാവത്തിലെ പ്രത്യേകതകള്‍, ഇതരചൂഷണങ്ങളും കബളിപ്പിക്കലും, അവഗണന, സാമ്പത്തിക വിഷമത, ഇവ വാര്ദ്ദിക്യത്തിലെത്തുന്നവര് നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ തന്നെയാണ്.
ഘടനാപരമായും അല്ലാതെയും മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന ശാരീരിക മാനസികസ്ഥിതി ഇവരുടെ ആരോഗ്യത്തിലും മനോഭാവത്തിലും പെരുമാറ്റത്തിലും അനുദിന ഇടപെടലുകളിലും ദൃശ്യമാകുകയും അത് അവരവര്‍ക്കും, സഹജീവികള്‍ക്കും ഗുണകരമല്ലാതായിതീരുകയും ചെയ്യുന്നു.
ഇഷ്ടാനിഷ്ടങ്ങള്‍ ഹനിക്കപ്പെടുന്നതും സഹജീവികളുടെ ചൂഷണവും ജീവിതസാഹചര്യങ്ങള്‍, സ്വതന്ത്രവും വയോജന സൗഹൃദവും ചലനാത്മകവും, അല്ലാതായിതീരുമ്പോള് അവരുടെ ജീവിതം അസമാധാനം നിറഞ്ഞതും സന്തോഷം അസ്തമിച്ചതായും മാറുന്നു ഇത് സ്ഥിരരോഗങ്ങള്ക്ക് ഇടയാക്കുകയും കടുത്ത മാനസികവൃഥയ്ക്ക് കാരണമാകുകയും ആയുസ് കുറക്കുകയും ചെയ്യുന്നു.
പ്രായമായ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ലിംഗാധിഷ്ഠിത വിവേചനത്താല്‍ കൂടുതല്‍ വഷളാക്കപ്പെടുന്നുണ്ട് അവരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത് തൃപ്തികരമാക്കിമാറ്റുന്നതിനുള്ള ശേഷിയും അവര്‍ക്ക് കുറവാണ്.
മറ്റ് സ്വാധീനങ്ങളും അവരെ അതില്‍നിന്നും വിലക്കുന്നു പ്രായമായവര്‍ക്കുള്ള ശരിയായ വിനോദോപാധികളോ അതിനുള്ള സാഹചര്യങ്ങളോ കാര്യക്ഷമമായി നമ്മുടെ നാട്ടിലില്ല. വീട്ടുകാരും ഇക്കാര്യത്തില്‍ വേïത്ര ബോധവാന്മാരല്ല.
കൃത്യമായ ആരോഗ്യ ക്ഷേമ സേവനങ്ങള്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കാലതാമസം ഇവരുടെ സംരക്ഷണ മേഖലയിലെ ഏറിയ ചെലവുകള്‍, പരിചരണ കേന്ദ്രങ്ങളുടെയും കെയര്‍ടേക്കര്‍മാരുടെയും അഭാവം, ഇവ ഇന്നത്തെ ഇതര പ്രശ്നങ്ങളാണ്. പ്രായമായവര്‍ക്കുള്ള മനുഷ്യാവകാശങ്ങളുടെ ഐക്യരാഷ്ട്രസംഘടന പ്രഖ്യാപനത്തിലെ വാക്ദാനങ്ങള്‍ അതതു രാജ്യത്തിന്റെ സാഹചര്യങ്ങളില്‍ പൂര്‍ണമായും തലമുറകളോളം നിറവേറ്റപ്പെടണമെന്ന 2023 ലെ വിഷയം പ്രാവര്‍ത്തികമാക്കാന്‍ ഏവരും ഒന്നുചേര്‍ന്ന് പരിശ്രമിക്കേണ്ടതുണ്ട്.
ത്രിതല പഞ്ചായത്ത്, ജനകീയ സംഘടനകള്‍, സാമുദായിക പ്രസ്ഥാനങ്ങള്‍ ഇവയുടെ കൂട്ടായ പ്രവര്‍ത്തനം ഇവരുടെ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിന് പ്രധാനപ്പെട്ടതാണ്. സായംപ്രഭകേന്ദ്രം, പകല്‍വീട്, പാലിയേറ്റീവ് എന്നിവ ഏറെ നല്ലതാണെങ്കിലും വ്യാപകമല്ല.
എല്ലാ സഹായങ്ങളും വാതില്‍പ്പടി സേവനങ്ങളായി മാറ്റപ്പെടുകയും സ്വഭവനത്തില്‍ തന്നെ വാർധക്യകാലം പൂർണമാക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കുകയും ചെയ്യുന്നതാണ്. വയോജന സംരക്ഷണത്തിലെ നാഴികക്കല്ല് എന്ന് പറയാം.
സ്ഥാപനപരമായ പരിചരണം അവസാന ആശ്രയമാകട്ടെ. പ്രായമായി എന്നതുകൊണ്ട് മാറ്റിനിര്‍ത്തപ്പെടാതെ അവരുടെ കഴിവുകളും സാഹചര്യങ്ങളും ഉപയോഗപ്പെടുത്താനുള്ള അവസരം നല്കപ്പെടുന്നത് ആയുസു, ആരോഗ്യവും വർധിക്കാനാണുതകുക.
ഓർമകളിലെ ഇനിയും തോരാത്ത സങ്കടമഴകളും വിഷാദസ്മരണകളും മൂലം ഉള്ളിലെ വിങ്ങുന്ന പ്രശ്നങ്ങളില്‍ ഒരിറ്റുകണ്ണുനീര്‍പോലും ഒലിച്ചിറങ്ങാനുള്ള ശക്തി ഇല്ലാതെ മരണത്തിനു കീഴടങ്ങുന്നതിനു മുമ്പ് തന്നെ അവര്‍ക്കായി സസുഖം ആനന്ദത്തോടെ ജീവന് വിട്ടു പിരിയാനിടയാകും വിധം പരിചരിക്കുവാനും വേണ്ടത് ചെയ്തുനല്‍കുവാനും സമൂഹത്തിന് സാധിക്കട്ടെ....
ഡോ. ജോസ് ആന്റണി പടിഞ്ഞാറേപറന്പിൽ സിഎംഐ