ആളും താത്പര്യവും നോക്കി പരസ്യം
Friday, November 24, 2017 2:08 PM IST
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കടന്നുവരവ് പരസ്യ വ്യവസായമേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു കാരണമായിരിക്കുന്നു. ഇതു പരമ്പരാഗത ഔട്ട്ബൗണ്ട് സമീപനത്തെ മാറ്റിമറിക്കുകയാണ്. പ്രോഗ്രാമാറ്റിക് പരസ്യ സാങ്കേതികവിദ്യ എന്നറിയപ്പെടുന്ന ഈ നവീന തന്ത്രത്തിലൂടെ ഇന്റർനെറ്റ് ഉപഭോക്താക്കളുടെ താത്പര്യം, അവര്‍ ജീവിക്കുന്ന സ്ഥലം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ മാത്രം എത്തിക്കുന്നതിലൂടെ പരസ്യദാതാവിനു കൂടുതല്‍ നേട്ടം കൈവരിക്കാന്‍ കഴിയും എന്നതാണു പ്രധാന മേന്മ.
വ്യാഴാഴ്ചയുണ്ടായ ഗൂഗിള്‍ പ്രഖ്യാപനം ഇതുമായി ചേര്‍ത്തു വായിക്കാവുന്നതാണ്. മൊബൈൽ, വെബ് ഡെവലപ്മെന്റ്, മെഷീൻ ലേണിംഗ് ഓഗ്മെന്റഡ് ആൻഡ് വെർച്ച്വൽ റിയാലിറ്റി, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നീ സാങ്കേതിക തലങ്ങളില്‍ സ്കോളര്‍ഷിപ്പ് വഴി 1.3 ലക്ഷം ഇന്ത്യക്കാര്‍ക്ക് ആധുനിക സാങ്കേതികവിദ്യയില്‍ പരിശീലനം നല്കുന്നു എന്നായിരുന്നു അറിയിപ്പ്. പ്ലൂറല്സൈറ്റ് ടെക്നോളജി, ഉഡാസിറ്റി പ്ലാറ്റ്ഫോം എന്നിവയുമായി ചേര്‍ന്നg നല്കുന്ന പരിശീലന പരിപാടിയില്‍ 1,00,000 സ്കോളര്‍ഷിപ്പ് പ്ലൂറല്സൈറ്റ് ടെക്നോളജിവഴിയും 30,000 ഉഡാസിറ്റി വഴിയുമാണ് നടപ്പാക്കുന്നത്.
20 ലക്ഷം ഇന്ത്യക്കാരെ ആധുനിക സാങ്കേതികവിദ്യയില്‍ പ്രാപ്തരാക്കുക എന്ന ലഷ്യംവച്ചു നടപ്പാക്കുന്ന പരിപാടിയുടെ ഭാഗമാണ് ഇപ്പോള്‍ നടപ്പിലാക്കുന്ന പരിശീലന പദ്ധതി. ഇന്ന് വിവര സാങ്കേതിക വികസന മേഖലയില്‍ അമേരിക്കയ്ക്കു പിന്നിലായി രണ്ടാം സ്ഥാനത്ത് നിലകൊള്ളുന്ന ഇന്ത്യ 2021 ഓടെ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തുമെന്നുള്ള ഇന്ത്യയിലെ ഗൂഗിൾ ഡെവലപ്പർ പ്രോഡക്ട് ഗ്രൂപ്പ് ആന്‍ഡ് സ്കിലിംഗ് മേധാവി വില്യം ഫ്ലോറൻസന്റെ പ്രസ്താവന ഈ അവസരത്തില്‍ ശ്രദ്ധേയമാണ്.
നവീന തന്ത്രം
ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്സ് എന്നിവയുടെ സഹായത്തോടെ റിയൽ ടൈം ബിഡിംഗ് പ്രക്രിയയിലൂടെ യഥാര്‍ഥ പ്രേക്ഷകരെ അല്ലെങ്കില്‍ ഉപഭോക്താക്കളെ മാത്രം ലക്ഷ്യമിട്ടുള്ള പ്രോഗ്രാമാറ്റിക് പരസ്യ സാങ്കേതികവിദ്യഎന്ന തന്ത്രത്തിലൂടെ നല്കുന്ന പരസ്യങ്ങള്‍ പ്രധാനമായും ഓണ്‍ലൈന്‍ പത്രങ്ങളില്‍ ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുന്ന സ്ഥലങ്ങളില്‍ മാത്രം പ്രത്യക്ഷമാകുന്നു. ഉദാഹരണത്തിന് ഒരു കോഴ്സുമായി ബന്ധപ്പെട്ട് ഒരു സ്ഥാപനം നല്കുന്ന പരസ്യം, വിദ്യാഭ്യാസ സംബന്ധമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പേജുകളില്‍ മാത്രം പ്രത്യക്ഷപ്പെടുത്തുന്നതും പ്രോഗ്രാമാറ്റിക് പരസ്യ സാങ്കേതികവിദ്യയുടെ സവിശേഷതയില്‍പ്പെടുന്നു.
കൂടുതല്‍ വൈദഗ്ധ്യം ആവശ്യമായി വരുന്ന പ്രോഗ്രാമാറ്റിക് അഡ്വര്റ്റെസിംഗിന്റെ ഫലം സാങ്കേതികവിദ്യ, തെരഞ്ഞെടുക്കുന്ന പരസ്യതലം, പരസ്യകാലയളവ് എന്നിവയ്ക്ക് അനുസൃതമാണ്. അതുപോലെ തന്നെ മെഷീന് ലേണിംഗ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഡാറ്റാ അനലിറ്റിക്സ് എന്നിവയിലൂടെ പരസ്യദാതാവിനു കൂടുതല്‍ മെച്ചവും ഇത്തരം പരസ്യരീതി ഉറപ്പുവരുത്തുന്നു.
സാധാരണ പ്രിന്റ് മീഡിയയില്‍ ഒരു പരസ്യത്തിനുവേണ്ട സ്പേസിന് ഈടാക്കുന്ന സേവന തുകയ്ക്കു സമാനമായ രീതിയില്‍ ഓണ്‍ലൈനില്‍ ഒരു പരസ്യം ഒരു പ്രത്യേക പേജില്‍ എത്രതവണ വായനക്കാര്‍ക്കു ലഭ്യമാക്കി എന്നതിനനുസരിച്ചാണ് സേവന ഫീ ഈടാക്കുന്നത്. ഇവിടുത്തെ പ്രധാന മേന്മ പരസ്യത്തിന്റെ സ്വഭാവം അനുസരിച്ച് അതില്‍ താത്പര്യം ഉള്ളവരില്‍ മാത്രം എത്തിക്കുന്നു എന്നുള്ളതാണ്.
ഒരു പരസ്യദാതാവ് പരസ്യം പ്രസിദ്ധീകരിക്കാന്‍ പ്രസാധക വെബ്സൈറ്റുകളെ ആശ്രയിക്കുന്നതില്‍ തുടങ്ങുന്നു പ്രോഗ്രാമാറ്റിക് പരസ്യവിപണനത്തിന്റെ ആദ്യഘട്ടം. തുടര്‍ന്ന് പരസ്യദാതാവ് അയാളുടെ ആവശ്യങ്ങള്‍ ഡിമാന്‍ഡ് സൈഡ് എന്ന ഒരു പ്ലാറ്റ്ഫോറത്തിലേക്കു കൈമാറുന്നു, പ്രസാധകര് അതേസമയം സപ്ലൈ സൈഡ് എന്ന പ്ലാറ്റ്ഫോറം വഴി പ്രസാധക ഇടത്തിന്റെ വിവരങ്ങള്‍ ലഭ്യമാക്കുന്നു. ഇതില്‍ പ്രേക്ഷകര്‍ക്ക് പരസ്യം ലഭ്യമാക്കികൊടുക്കുന്നതിനുള്ള സേവന ഫീ, പരസ്യ കാലയളവ്, പരസ്യം ലഭ്യമാക്കുന്ന ആവൃത്തി എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
ഒന്നില്‍ക്കൂടുതല്‍ പരസ്യദാതാക്കള്‍ ഒരേ പ്രസാധക വെബ്സൈറ്റിന്റെ ഒരു പ്രത്യേക വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്ന ഇടത്തിനു വേണ്ടി ആവശ്യമുന്നയിക്കുമ്പോള്‍ ലേലത്തിനു സമാനമായ അവസ്ഥ സംജാതമാകയും ഏറ്റവും കൂടുതല്‍ തുകയ്ക്ക് ബിഡ് ഉറപ്പിക്കുന്ന പരസ്യദാതാവിന്റെ പരസ്യം തുടര്‍ന്നു പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ രീതി റിയല്‍ ടൈം ബിഡിംഗ് എന്ന് അറിയപ്പെടുന്നു.
പുതിയ പ്രോഗ്രാമാറ്റിക് തലങ്ങൾ
പ്രോഗ്രാമാറ്റിക് പരസ്യത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യകതയ്ക്ക് അനുസൃതമായി ഓണ്‍ലൈന്‍ പത്രം അതുപോലുള്ള പ്രസാധക സൈറ്റ്കള്ക്ക് വേണ്ടി ഗൂഗിള്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്ന ഒരു സാങ്കേതിക തലമാണു ഡബിൾ ക്ലിക്ക് ഫോർ പബ്ലീഷേഴ്സ് . അതുപോലെതന്നെ പ്രസാധകര്‍ക്കും പരസ്യദാതാവിനും വിപണനത്തിന് പൊതുവായി സഹായിക്കുന്ന ഡബിൾ ക്ലിക്ക് അഡ് എക്സ്ചേഞ്ച് എന്ന മറ്റൊരു പ്രോഗ്രാമാറ്റിക് തലവും ഇന്നു ലഭ്യമാണ്.
ജോണ്സണ് ആന്‍ഡ് ജോണ്‍സന്റെ ഫ്രാന്‍സിലെ ഡിജിറ്റൽ മാർക്കറ്റിംഗ് ഡയറക്ടർ പാസ്കൽ ലെ ക്ലെയിൻഷെയെ ഉദ്ധരിച്ചു പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഗൂഗിളിന്റെ ഡബിൾ ക്ലിക്ക് സെർച്ച് പ്രോഗ്രാമാറ്റിക് സാങ്കേതിക തലം പരസ്യമേഖലയിലെ തലതൊട്ടപ്പനായ ഐപിജി മീഡിയ ബ്രാൻഡിന്റെ സഹായത്തോടെ പ്രയോജനപ്പെടുത്തിയതിലൂടെ തങ്ങളുടെ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ഉള്ള ലെ പെറ്റിറ്റ് മാർസെല്യെ ബോഡിവാഷിന്റെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ബ്രാൻഡ് അനുഭവം നൽകി 19 ശതമാനം അധികം ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞതായി സാക്ഷ്യപ്പെടുത്തുന്നു. ഡബിൾ ക്ലിക്ക് സാങ്കേതികതലം പ്രയോജനപ്പെടുത്തുന്നതിലൂടെ കൂടുതല്‍ ഉപഭോകതാക്കളെ കുറഞ്ഞ പരസ്യചെലവിലൂടെ ആകര്‍ഷിക്കാന്‍ കഴിയുന്നതായി ഐപിജി പഠന റിപ്പോര്‍ട്ടുകള്‍ വെളിവാക്കുന്നു.
കെ. ജയകുമാർ
(ഡിജിറ്റൽ മാർക്കറ്റിംഗ് വിദഗ്ധനാണു ലേഖകൻ)