പുതിയ റബർ ബിൽ പറയുന്നതും പറയാത്തതും
Friday, February 11, 2022 2:05 AM IST
റബർ ബോർഡിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാനമായ നിലവിലുള്ള റബർ ആക്ട് (1947) റദ്ദുചെയ്തുകൊണ്ടുള്ള കരട് ബില്ലാണ് കേന്ദ്രസർക്കാരിന്റ സജീവ പരിഗണനയിൽ ഇപ്പോൾ ഇരിക്കുന്ന റബർ (പ്രമോഷൻ & ഡവലപ്മെന്റ്) ബിൽ 2022. കാലഹരണപ്പെട്ട പല വകുപ്പുകളും മാറ്റി കാലഘട്ടത്തിന് അനുയോജ്യമായവ കൂട്ടിച്ചേർക്കാനും റബർ കൃഷിക്കും വ്യവസായത്തിനും തുല്യപ്രാധാന്യം നൽകാനും പുതിയ ബിൽ ലക്ഷ്യമിടുന്നു. ഇതു തികച്ചും സ്വാഗതാർഹമാണ്. എന്നാൽ ബില്ലിനെക്കുറിച്ച് ഏറെ സന്ദേഹങ്ങൾ ഉയരുന്നുണ്ട്.
നിർവചനങ്ങളിലെ അപകടം
റബർ ആക്ടിൽ ഇല്ലാതിരുന്ന ചില നിർവചനങ്ങൾ റബർ ബില്ലിന്റെ കരടിൽ കടന്നുവന്നിട്ടുണ്ട്. റബർ വ്യവസായവും റബർ ഉത്പന്നങ്ങളും അവയിൽ പ്രധാനങ്ങളാണ്. റബറും റബർത്തടിയുമുൾപ്പെടെ റബർ കൃഷിയും തോട്ടങ്ങളും റബർ വ്യവസായത്തിന്റെ ഭാഗമായിട്ടാണ് ബില്ലിൽ നിർവചിച്ചിരിക്കുന്നത്. ഇതു കർഷകരെ പ്രതികൂലമായി ബാധിക്കുന്ന നിയമപ്രശ്നങ്ങൾക്കു വഴിതെളിച്ചേക്കാം. കരടു ബില്ലുപ്രകാരം റബർ തോട്ടങ്ങളുടെ നിയമപ്രകാരമുള്ള പദവി കൃഷിഭൂമി ആയിരിക്കുകയില്ല എന്നൊരു വലിയ ആശങ്ക കർഷകരിൽ ഉണ്ടാകാനിടയുണ്ട്.
റബർ വ്യവസായം പൂർണമായും കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിലായിരിക്കെ, റബർ കൃഷിയും തോട്ടങ്ങളും റബർ വ്യവസായത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തുന്നതുവഴി അവയും കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഭാവിയിൽ ഉൾപ്പെടുമോ എന്നും സംശയിക്കേണ്ടി വരും.
1947-ൽ റബർ ആക്ട് പ്രാബല്യത്തിൽ വരുന്പോൾ ഇന്ത്യയിൽ സിന്തറ്റിക് റബർ കാര്യമായി ഉണ്ടായിരുന്നില്ല. തന്മൂലം അന്ന് റബറിന്റെ നിർവചനം സ്വാഭാവിക റബറിൽ മാത്രം ഒതുങ്ങി. എന്നാൽ ഇന്നത്തെ അവസ്ഥ അതല്ല. ഇന്ത്യയിൽ ഇപ്പോൾ ഉപയോഗിക്കുന്ന ആകെ റബറിന്റെ 35 ശതമാനത്തിലേറെയും സിന്തറ്റിക് റബറാണ്. പുതിയ ബില്ലിലും റബറിന്റെ നിർവചനത്തിൽ സിന്തറ്റിക് റബർ ഉൾപ്പെടുന്നില്ല.
റബർ കൃഷിക്കും സംസ്കരണത്തിനും നിർമാണത്തിനും ആവശ്യമായ സാങ്കേതിക വിദ്യകൾ നൽകാൻ നിർദിഷ്ട ബിൽ വ്യവസ്ഥ ചെയ്യുന്നു. എന്നാൽ റബർ ഉത്പന്നങ്ങളുടെ നിർമാണവും കയറ്റുമതിയും അവയുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള വ്യവസ്ഥകളും റബർ ആക്ടിൽ എന്നതുപോലെ റബർ ബില്ലിലും പരാമർശിക്കുന്നില്ല. റബർ എസ്റ്റേറ്റിന് 1947-ലും 2022 ലും ഒരേ നിർവചനം കൊടുക്കുന്നതും ഇന്നത്തെ റബർ കൃഷിക്കാരെ എസ്റ്റേറ്റ് ഉടമകളായി കരടുബില്ലിൽ നിർവചിച്ചിരിക്കുന്നതും സമകാലിക യാഥാർഥ്യത്തിന് ഒട്ടും നിരക്കാത്തതാണ്.
റബർ ബോർഡ്
റബർ ബോർഡിന്റെ പ്രവർത്തനങ്ങളായി റബർ ആക്ടിന്റെ സെക്ഷൻ എട്ടിൽ കൊടുത്തിരിക്കുന്നവ മിക്കതും പുതിയ ബില്ലിന്റെ സെക്ഷൻ ഇരുപതിലും പറയുന്നുണ്ട്. കൂടാതെ പുതിയ പ്രവർത്തനങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്. പ്രത്യക്ഷത്തിൽ അവയെല്ലാംതന്നെ റബർ വ്യവസായരംഗത്തെ കൂടുതൽ സഹായിക്കുന്നതുമാണ്. സെക്ഷൻ 2(2)(j) പ്രകാരം ഇറക്കുമതി ചെയ്യുന്ന റബർ ഉൾപ്പെടെ എല്ലാ റബറിനും ഗുണനിലവാരം വേണം. എന്നാൽ തുടർന്നു സെക്ഷൻ 2(2) (k) യിൽനിന്നു മനസിലാകുന്നത് ഇറക്കുമതി ചെയ്യുന്ന റബറിന് ഇതു ബാധകമല്ല എന്നാണ്.
കപ്പ് ലംബ് ഇറക്കുമതി ചെയ്യുവാനുള്ള ചില കേന്ദ്രങ്ങളുടെ സമ്മർദം കൂടി ചേർത്തുവായിക്കുന്പോഴാണ് ഇതിൽ പതിയിരിക്കുന്ന അപകടം മനസിലാകുന്നത്. സെക്ഷൻ 33(2) (a a) പ്രകാരം ഗുണ നിലവാരം അനുസരിച്ച് റബർ ഗ്രേഡ് ചെയ്യുന്നതിനുള്ള നിയമങ്ങളും കേന്ദ്രസർക്കാർ കൊണ്ടുവരും. ഇറക്കുമതി ചെയ്യുന്ന റബറിന്റെ ഗുണനിലവാരം ഉറപ്പാക്കുവാൻ കൃത്യമായ വ്യവസ്ഥകൾ ബില്ലിൽ വേണ്ടിയിരിക്കുന്നു.
പുതിയ ബില്ലിന്റെ സെക്ഷൻ 2 (2) (o) യിൽ പറയുന്നത് റബർ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും റബർ ബോർഡിന് കേന്ദ്രസർക്കാരിനെ ഉപദേശിക്കാമെന്നാണ്. എന്നാൽ സെക്ഷൻ (28) പ്രകാരം കേന്ദ്രസർക്കാരിന് നയപരമായ കാര്യങ്ങളിൽ റബർ ബോർഡിനോട് അഭിപ്രായം ആരായേണ്ട കാര്യമില്ല. റബർ ആക്ടിൽ മറിച്ചായിരുന്നു വ്യവസ്ഥകൾ-റബർ ആക്ട് സെക്ഷൻ 8 B പ്രകാരം എല്ലാക്കാര്യങ്ങളിലും കേന്ദ്രസർക്കാർ റബർ ബോർഡുമായി കൂടിയാ ലോചിക്കണമെന്ന് പ്രത്യേകമായി വ്യവസ്ഥ ചെയ്തിരുന്നു. ഈ വ്യവസ്ഥ പുതിയ ബില്ലിൽനിന്നു പാടേ മാറ്റിയിട്ടുണ്ട്. മേൽപ്പറഞ്ഞ വൈരുദ്ധ്യങ്ങൾ കരടുബില്ലിൽ കടന്നുകൂടിയത് അദ്ഭുതപ്പെടുത്തുന്നു. പുതിയ ബില്ലിൽ റബർ ബോർഡിനെ അസാധുവാക്കാനും പുതിയ ബോർഡിനെ സൃഷ്ടിക്കാനും കേന്ദ്രസർക്കാരിന് അവകാശമുണ്ട്. ഇതെല്ലാം റബർ ബോർഡിന്റെ പ്രസക്തിതന്നെ നഷ്ടമാക്കുന്നു.
ഉയർന്ന വിലയും കുറഞ്ഞ വിലയും
റബറിന്റെ ഉയർന്ന വിലയും കുറഞ്ഞ വിലയും നിശ്ചയിക്കാനുള്ള അധികാരം പലരും ധരിച്ചിരിക്കുന്നതുപോലെ റബർ ബോർഡിൽനിന്നു കേന്ദ്ര സർക്കാർ പുതുതായി ഏറ്റെടുത്തിട്ടില്ല. റബർ ആക്ട് (1947) സെക്ഷൻ 13 പ്രകാരവും പുതിയ ബില്ലിന്റെ സെക്ഷൻ 3 പ്രകാരവും ഈ അധികാരം കേന്ദ്രസർക്കാരിൽ തന്നെയാണ്. എന്നാൽ നയപരമായ മറ്റു കാര്യങ്ങളിലെന്നപോലെ ഇക്കാര്യത്തിലും കേന്ദ്രസർക്കാരിന് റബർ ബോർഡുമായി കൂടിയാലോചിക്കേണ്ട വ്യവസ്ഥ പുതിയ ബില്ലിൽ ഇല്ലെന്നു മാത്രം.
കുറഞ്ഞ മിനിമം വില നിജപ്പെടുത്തുന്നത് അതിൽത്തന്നെ യുക്തിസഹമെന്നു പറയുക ബുദ്ധിമുട്ടാണ്. ഈ വില ന്യായവിലയേക്കാൾ വളരെ താഴെ ആകാനേ സാധാരണഗതിയിൽ ഇടയുള്ളൂ.
ഏറ്റവും ഒടുവിലായി കുറഞ്ഞ വില പ്രഖ്യാപിച്ചത് 2001 സെപ്റ്റംബറിലാണ് (കിലോയ്ക്ക് 32.09 രൂപ). എന്നാൽ ന്യായവില പ്രഖ്യാപിക്കുകയും ആ വിലയ്ക്ക് റബർ ബോർഡ് റബർ വാങ്ങുകയും കയറ്റുമതി ചെയ്യുകയും ആണെങ്കിൽ കർഷകർക്ക് പ്രയോജനം ഉണ്ടാകുമായിരുന്നു. പക്ഷേ, റബർ വാങ്ങാനും വിൽക്കാനും റബർ ആക്ട് (1947) സെക്ഷൻ 8ൽ വ്യവസ്ഥ ചെയ്തിരുന്നത് പുതിയ ബില്ലിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണ്. കുറഞ്ഞ വിലയല്ല ന്യായവിലയാണ് കർഷകർ പ്രതീക്ഷിക്കുന്നത്. ന്യായവും ആദാകയകരവുമായ വില കർഷകർക്കു ലഭിക്കണമെന്നു പറയുന്ന ബില്ലിൽ അവ നിശ്ചയിക്കുന്ന കാര്യവും കർഷകർക്ക് ഉറപ്പാക്കാനുള്ള വ്യവസ്ഥയും പറയുന്നില്ല. അതുകൊണ്ടുതന്നെ കർഷകർക്കു ന്യായവില ഉറപ്പാക്കുന്നുമില്ല.
ഉയർന്ന വില നിജപ്പെടുത്തുന്നത് പ്രത്യക്ഷത്തിൽത്തന്നെ കർഷക താത്പര്യത്തിന് എതിരാണ്. നിശ്ചയിച്ചതിനു മുകളിൽ വില കൂടാതിരിക്കാൻ ഇതിടയാക്കും. നിശ്ചിത വിലയ്ക്കു മുകളിൽ കച്ചവടം നടത്തിയാൽ ഒരു വർഷം വരെ തടവിന് കാരണവുമാകാം [സെക്ഷൻ 30 (3)]. കച്ചവടസംബന്ധമായ മറ്റേതെങ്കിലും വ്യവസ്ഥകൾ ലംഘിച്ചാൽ കേവലം പതിനായിരം രൂപ മാത്രം പിഴയൊടുക്കുവാനാണ് പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത് [സെക്ഷൻ 9 (4) (b)].
റബർ കൃഷിക്കും വ്യവസായത്തിനും തുല്യപ്രധാന്യമാണ് ലക്ഷ്യംവയ്ക്കുന്നത് എന്നു പറയുന്നുണ്ടെങ്കിലും പുതിയ റബർ ബില്ലിൽ കാണുന്ന കർഷകവിരുദ്ധ വ്യവസ്ഥകളെക്കുറിച്ച് കർഷകർക്ക് ഉണ്ടാകാവുന്ന ന്യായമായ ആശങ്കകൾ വ്യക്തമാണ്. ഈ ആശങ്കകൾ ഗൗരവപൂർവം പരിഗണിക്കേണ്ടത് റബർ കൃഷിയെ ഇവിടെ നിലനിർത്താനും പ്രോത്സാഹിപ്പിക്കാനും അതുവഴി ആഭ്യന്തര റബർ ഉത്പാദനത്തിലെ വർധിച്ചുവരുന്ന കമ്മി കുറയ്്ക്കാനും റബർ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്പോഴും റബർ കൃഷിക്ക് ദോഷം ഉണ്ടാകാതിരിക്കാൻ ദീർഘവീക്ഷണമുള്ള ഒരു പുതിയ റബർ നിയമത്തിൽ വ്യക്തമായ വ്യവസ്ഥകൾ വേണം.
എന്തുകൊണ്ട് റബർ കൃഷി പ്രോത്സാഹിപ്പിക്കണം?
സ്വാഭാവിക റബർകൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടതിന് സാന്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ കാരണങ്ങൾ പലതുണ്ട്.
കേരളത്തിന്റെ കാർഷിക സന്പത്തിന്റെ പ്രധാന പങ്ക് റബർ കൃഷിയിൽനിന്നുമാണ് ലഭിക്കുന്നത്. ഏകദേശം 13 ലക്ഷത്തോളം ചെറുകിട-നാമമാത്ര റബർ കർഷകരുടെ വരുമാനമാർഗമാണ് റബർ കൃഷി. വേറെയും 3-4 ലക്ഷം ആളുകൾ റബറുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ട തൊഴിലുകളിൽ വ്യാപൃതരാണ്.
രാജ്യത്തിനാവശ്യമായ സ്വാഭാവിക റബറിന്റെ 55-60 ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. സ്വാഭാവിക റബറിന്റെ ആഭ്യന്തര ഉപയോഗം വരുംകാലങ്ങളിൽ പല മടങ്ങു വർധിക്കുകയും ആഭ്യന്തര ഉത്പാദനത്തിലെ കമ്മി വർധിക്കുകയും ചെയ്യും. ഇത് സ്വാഭാവികമായും കൂടുതൽ റബർ ഇറക്കുമതിയിലേക്കു നയിക്കുകയും വിലപ്പെട്ട വിദേശനാണ്യം രാജ്യത്തിന് നഷ്ടപ്പെടുത്തുകയും ചെയ്യും. അല്ലാത്തപക്ഷം സിന്തറ്റിക് റബറിന്റെ ഉപയോഗം കൂടാൻ ഇടയാകും.
സിന്തറ്റിക് റബർ പെട്രോളിയം ഉത്പന്നമാകയാൽ ഇതിന്റെ ലഭ്യത പെട്രോളിയവുമായി ബന്ധപ്പെട്ട വിവിധ അന്താരാഷ്ട്ര സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. സിന്തറ്റിക് റബറിന്റെ ഉപയോഗം അന്തരീക്ഷത്തിലേക്ക് വലിയ അളവിൽ ഹരിതഗൃഹ വാതകമായ കാർബണ്ഡൈ ഓക്സൈഡ് പുറംതള്ളാൻ ഇടയാക്കുകയും അതുവഴി ആഗോളതാപന വർധനയ്്ക്ക് ഇടയാക്കുകയും ചെയ്യും.
ഒരുകിലോ സ്വാഭാവിക റബർ ഉത്പാദിപ്പിക്കുന്പോൾ അന്തരീക്ഷത്തിൽ നിന്ന് 10-12 കിലോ വരെ കാർബണ്ഡൈ ഓക്സൈഡ് റബർ തോട്ടം വലിച്ചെടുക്കുന്നു. ഒരു കിലോ സിന്തറ്റിക് റബർ ഉത്പാദിപ്പിക്കുന്പോൾ 10-15 കിലോ വരെ കാർബണ്ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്കു പുറംതള്ളുന്നു.
പ്രധാന മാറ്റങ്ങൾ
ഇപ്പോൾ കേന്ദ്രസർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന കരടു റബർ ബില്ലിൽ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട വ്യവസ്ഥകൾ നിയമമാകുന്പോൾ സംഭവിക്കുന്ന മാറ്റങ്ങൾ ഇവയാണ്.
റബർ വ്യവസായത്തിന് മുൻതൂക്കം ലഭിക്കുകയും കർഷക താത്പര്യങ്ങൾ സംരക്ഷിക്കപ്പെടാതിരിക്കുകയും ചെയ്യും.
റബർ കൃഷിയും തോട്ടങ്ങളും വ്യവസായമായി കണക്കാക്കുകയും അവ കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുകയും ചെയ്യും.
റബർ ബോർഡിന്റെ അംഗബലം നിലവിലുള്ള 26-ൽ നിന്നും 30 ആയി ഉയരും. എന്നാൽ റബർ ബോർഡിൽ കർഷകർക്കും കേരളത്തിനും തമിഴ്നാടിനും നിലവിൽ ഉറപ്പുണ്ടായിരുന്ന പ്രാതിനിധ്യം നഷ്ടപ്പെടും.
കേന്ദ്രസർക്കാർ റബർ ബോർഡുമായി സുപ്രധാന വിഷയങ്ങളിൽ കൂടിയാലോചന നടത്തണമെന്ന വ്യവസ്ഥ ഇല്ലാതാകും.
റബർ ബോർഡിനെ അസാധുവാക്കുവാനും പുതിയ ബോർഡ് പുനഃസംഘടിപ്പിക്കാനും അങ്ങനെ അനഭിമതരെ ബോർഡിൽനിന്ന് ഒഴിവാക്കാനും കേന്ദ്രസർക്കാരിന് അധികാരം കൈവരും.
റബർ ബോർഡിന്റെ അറിവ് കൂടാതെ റബർ കച്ചവടം ചെയ്യാൻ ഇഷ്ടമുള്ളവർക്ക് പ്രത്യേകം അനുമതി നൽകാൻ കേന്ദ്രസർക്കാരിന് അധികാരം ലഭിക്കും. ഇങ്ങനെ ഇറക്കുമതിക്കും വഴിതെളിയാം.
ഇറക്കുമതി ചെയ്യുന്ന റബറിന്റ ഗുണനിലവാരം ഉറപ്പാക്കുന്നതെക്കുറിച്ചുള്ള ആശയക്കുഴപ്പം തത്പരകക്ഷികൾ മുതലെടുക്കും.
വില കുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ കപ്പ് ലംബ് പോലുള്ള റബർ ഇറക്കുമതി ചെയ്യപ്പെടാനുള്ള സാധ്യത കൂടും.
കരടുബില്ലിന്റെ പരിഗണനയിൽ വരാതിരുന്ന പ്രധാന കാര്യങ്ങൾ
റബറിന് ന്യായവില ലഭിക്കാനുള്ള വ്യവസ്ഥകൾ.
സിന്തറ്റിക് റബറും റബർ ഉത്പന്നങ്ങളുടെ നിർമാണവും അവയുടെ കയറ്റുമതിയും ഗുണനിലവാരവും.
ഉത്പാദനശേഷി കുറഞ്ഞ റബർ തോട്ടങ്ങൾ സമയാധിഷ്ഠിതമായി പുതുകൃഷി ചെയ്യേണ്ടതിന്റെ പ്രാധാന്യവും അതിനുവേണ്ട ചട്ടക്കൂടും.
സ്വാഭാവിക റബറിന്റെ സാമൂഹിക-പരിസ്ഥിതി - സൗഹൃദ മേന്മകൾ പരിഗണിച്ച് റബർ കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള കൃത്യമായ വ്യവസ്ഥകൾ.
ജയിംസ് ജേക്കബ്
(ലേഖകൻ കോട്ടയത്തുള്ള ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിന്റെ മുൻഡയറക്ടറും ക്വാലാലംപുർ ആസ്ഥാനമായുള്ള അന്താരാഷ്ട്ര റബർ ഗവേഷണ-വികസന ബോർഡിന്റെ മുൻ ചെയർമാനുമാണ്)